ജോസഫ് കുഞ്ഞുങ്ങളുടെ മദ്ധ്യസ്ഥൻ

ജോസഫ് ചിന്തകൾ 111

ജോസഫ് കുഞ്ഞുങ്ങളുടെ മദ്ധ്യസ്ഥൻ

 
അതിരുകളില്ലാതെ ഉണ്ണീശോയെ സ്നേഹിച്ച യൗസേപ്പിതാവ് കുഞ്ഞുങ്ങളെ സ്നേഹിക്കാനും അവരെ നേർവഴിക്കു നയിക്കാനും ഏറ്റവും ഉത്തമ വ്യക്തിയാണ്. ഭൂമിയിൽ മനുഷ്യവതാരം ചെയ്ത ദൈവപുത്രനെ ശിശുവായിരുന്നപ്പോൾ തന്നെ സ്നേഹിച്ച യൗസേപ്പ് സ്വർഗ്ഗത്തിൽ അതിൽ എത്രയോ കൂടുതലായി നിർവ്വഹിക്കുന്നു.
 
ബാലനായ ഈശോയുടെ കുടക്കീഴിൽ അണിനിരക്കുന്ന കത്തോലിക്കാ ബാലികാ ബാലന്മാരുടെ അഖിലലോക സംഘടനയാണല്ലോ 1843 ൽ ഫ്രാൻസിൽ ആരംഭിച്ച തിരുബാല സഖ്യം. ഈ സംഘടനയുടെ രണ്ട് ഉപമദ്ധ്യസ്ഥരിൽ ഒരാൾ വിശുദ്ധ യൗസേപ്പിതാവാണ്.
 
ഈശോയെ അറിഞ്ഞ്, കൂടുതൽ സ്നേഹിച്ച് പ്രാർത്ഥിച്ച് നന്മ ചെയ്ത് വിശുദ്ധിയിൽ വളരുക എന്നതാണ് ഈ കൊച്ചു സംഘടനയുടെ ലക്ഷ്യം. ഈ ലക്ഷ്യം പൂർത്തിയാക്കാൻ കുഞ്ഞുങ്ങളെ ഏറ്റവും നല്ല രീതിയിൽ സഹായിക്കാൻ കഴിയുന്ന വ്യക്തിയാണ് വിശുദ്ധ യൗസേപ്പിതാവ്. ഈശോയെ പരിധികളില്ലാതെ സ്നേഹിച്ച യൗസേപ്പിതാവിൻ്റെ ഹൃദയം കുട്ടികളോടുള്ള വാത്സല്യത്താലും സ്നേഹത്താലും നിറഞ്ഞിരിക്കുന്നു. യൗസേപ്പിതാവ് കുഞ്ഞുങ്ങളെ സ്നേഹിക്കുന്നു കാരണം അവർ ഉണ്ണീശോയുടെ സഹോദരി സഹോദരന്മാരാണ്. അവരിൽ ഉണ്ണീശോയുടെ മുഖം കാണാൻ അവനു സാധിക്കുന്നു.
 
ശിശുക്കളോടു കേവലം സ്നേഹം പ്രകടിപ്പിക്കുക മാത്രം ചെയ്യുന്ന പിതാവല്ല യൗസേപ്പ്, അവരെ സഹായിക്കാനും ശുശ്രൂഷിക്കുവാനും അവൻ സദാ തൽപ്പരനാണ്. യൗസേപ്പിതാവ് കുട്ടികളുടെ സംരക്ഷകനാകയാൽ സ്വർഗ്ഗത്തിൽ നിന്നു അവിടുന്ന് ജാഗ്രതയോടെ അവരെ വീക്ഷിക്കുകയും തക്ക സമയത്ത് സഹായമായി വരുകയും ചെയ്യുന്നു.
 
യൗസേപ്പിതാവിനോടുള്ള കുഞ്ഞുങ്ങളുടെ ഒരു പ്രാർത്ഥനയോടെ ഇന്നത്തെ വിചിന്തനം അവസാനിപ്പിക്കാം.
 
വിശുദ്ധ യൗസേപ്പിതാവേ, ഉണ്ണീശോയെ കാത്തു പരിപാലിച്ചതു പോലെ എന്നെയും കാത്തു പാലിക്കുകയും സഹായിക്കുകയും ചെയ്യണമേ. ഈശോയെ അറിയുവാനും സ്നേഹിക്കുവാനും ദൈവത്തിൻ്റെയും മനുഷ്യരുടെയും പ്രീതിയിൽ വളരാനും എന്നെയും എൻ്റെ കൂട്ടുകാരെയും സഹായിക്കുകയും ചെയ്യണമേ. ആമ്മേൻ.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/

Leave a comment