അനുദിനവിശുദ്ധർ

അനുദിനവിശുദ്ധർ – ഏപ്രിൽ 1

⚜️⚜️⚜️⚜️ April 01 ⚜️⚜️⚜️⚜️
വിശുദ്ധ ഹഗ്ഗ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

1053-ല്‍ ഡോഫൈനിലെ വലെന്‍സിലെ ഒരു ഭൂപ്രദേശമായ ചാഷ്യൂ-നിയൂഫിലായിരുന്നു വിശുദ്ധന്റെ ജനനം. വിശുദ്ധന്റെ പിതാവായിരുന്ന ഒഡീലോ തന്റെ രാജ്യത്തിന്റെ സൈന്യത്തിലെ ഒരുന്നത ഉദ്യോഗസ്ഥനായിരുന്നു. വളരെ ധീരതയോടും, വിശ്വസ്തതയോടും കൂടി അദ്ദേഹം തന്റെ ജോലി നിര്‍വഹിച്ചു വന്നു. പിന്നീട് തന്റെ മകനായ വിശുദ്ധ ഹഗ്ഗിന്റെ ഉപദേശപ്രകാരം ഒരു കാര്‍ത്തൂസിയന്‍ സന്യാസിയായി മാറുകയും എളിമയും ഭക്തിയും നിറഞ്ഞ ജീവിതം നയിക്കുകയും ചെയ്തു.

തന്റെ മകന്റെ ജീവിതരീതികളും ആദ്ധ്യാത്മികതയും സ്വീകരിച്ചുകൊണ്ട് നൂറു വര്‍ഷത്തോളം ജീവിച്ചതിനു ശേഷം അദ്ദേഹം സമാധാനപൂര്‍വ്വം കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. സ്വന്തം ഭവനത്തില്‍ പ്രാര്‍ത്ഥനയും, ദൈവ സ്തുതികളുമായി കഴിഞ്ഞിരുന്ന തന്റെ അമ്മയുടെ അവസാന നിമിഷങ്ങളില്‍ സമാധാന പൂര്‍ണ്ണമായ അന്ത്യത്തിനായി വിശുദ്ധന്‍ അവരേയും സഹായിച്ചു.

ശൈശവം മുതല്‍ക്കേ തന്നെ ദൈവാനുഗ്രഹം സിദ്ധിച്ചിരുന്ന ഒരു പയ്യനായിരുന്നു വിശുദ്ധനായ ഹഗ്ഗ്. വിശുദ്ധന്‍ തന്റെ പഠനങ്ങളിലും ഭക്തിയിലും ഒരുപോലെ മുന്നേറി. വലെന്‍സിലെ കത്രീഡലിലെ ഒരു പുരോഹിതാര്‍ത്ഥിയായി തീര്‍ന്ന വിശുദ്ധന്‍, തന്റെ വിശുദ്ധിയും, അസാധാരണമായ കഴിവുംകൊണ്ട് ആ കത്രീഡലിനെ ഒരു അലങ്കാരമാക്കി മാറ്റുകയും, തന്റെ സഹപ്രവര്‍ത്തകരുടെ സ്നേഹത്തിന് പാത്രമായി തീരുകയും ചെയ്തു .

ദൈയിലെ മെത്രാനായി തീര്‍ന്ന വിശുദ്ധന്‍, അധികം താമസിയാതെ ലിയോണ്‍സിലെ മെത്രാപ്പോലീത്തയായി മാറി. ഒരിക്കല്‍ വലെന്‍സില്‍ എത്തുവാനിടയായ പരിശുദ്ധ സഭയുടെ കര്‍ദ്ദിനാള്‍ പ്രതിനിധി വിശുദ്ധനെ കാണുവാനിടയാകുകയും അദ്ദേഹത്തിന്റെ മാന്യതയില്‍ ആകൃഷ്ടനായ അദ്ദേഹം വിശുദ്ധനെ പല പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങളും ഏല്‍പ്പിക്കുകയും ചെയ്തു. 1080-ല്‍ പാപ്പായുടെ പ്രതിനിധി അവിഗ്നോണില്‍ ഒരു സിനഡ്‌ വിളിച്ചുകൂട്ടുകയും ഗ്രനോബിളിലെ സഭയുടെ ശോച്യാവസ്ഥ കണക്കിലെടുത്തു കൊണ്ട് ഈ അവസ്ഥ പരിഹരിക്കാനും സഭയുടെ മുന്‍കാല മഹത്വം വീണ്ടെടുക്കുന്നതിനുള്ള ഉത്തരവാദിത്വം വിശുദ്ധനെ ഏല്‍പ്പിക്കുവാന്‍ തീരുമാനിച്ചു. എന്നാല്‍ തന്റെ ഉള്ളിലുള്ള ഭയം നിമിത്തം വിശുദ്ധന്‍ ഈ ഉത്തരവാദിത്വം ഏറ്റെടുക്കുവാന്‍ വിസമ്മതിച്ചു.

പക്ഷെ പരിശുദ്ധ പിതാവിന്‍റെ പ്രതിനിധിയുടേയും, സമിതിയുടേയും നിരന്തരമായ നിര്‍ബന്ധത്തിനു വഴങ്ങി വിശുദ്ധന്‍ മെത്രാനായി അഭിഷേകം ചെയ്യപ്പെടുന്നതിനായി പാപ്പാ പ്രതിനിധിയുടെ കൂടെ റോമിലേക്ക് യാത്രയായി. അന്നത്തെ പാപ്പയായിരിന്ന ഗ്രിഗറി ഏഴാമന്‍ പാപ്പായോട് വിശുദ്ധന്‍ തന്റെ ഉള്ളിലെ താല്പര്യകുറവിനെ കുറിച്ച് അറിയിച്ചു. എന്നാല്‍ അതെല്ലാം സാത്താന്റെ മാലാഖയുടെ പ്രേരണകള്‍ കൊണ്ടുണ്ടാവുന്ന പ്രലോഭനങ്ങള്‍ ആണെന്ന് വിവരിച്ചു കൊണ്ട് ഗ്രിഗറി ഏഴാമന്‍ പാപ്പ, വിശുദ്ധന് തന്റെ പുതിയ കുരിശു ചുമക്കുന്നതിനുള്ള ധൈര്യം നല്‍കി.

ദൈവഭക്തയായിരുന്ന മൌദ് പ്രഭ്വിയും വിശുദ്ധന്റെ അഭിഷേക ചടങ്ങില്‍ സന്നിഹിതയായിരുന്നു. മെത്രാനായി അഭിഷിക്തനായ ശേഷം തിരിച്ച് ഗ്രനോബിളില്‍ എത്തിയ വിശുദ്ധന് തന്റെ കണ്ണുനീര്‍ നിയന്ത്രിക്കുവാന്‍ സാധിച്ചില്ല, കാരണം ശത്രുക്കള്‍ വിതച്ച വിഷവിത്തുകള്‍ മൂലം ജനങ്ങളില്‍ ഭൂരിഭാഗവും മതപരമായ കര്‍ത്തവ്യങ്ങളില്‍ നിന്നും അകന്നു കഴിയുന്ന നിലയിലായിരുന്നു. ദൈവഭക്തിയില്‍ നിന്നും ധാര്‍മ്മികതയില്‍ നിന്നും വളരെയേറെ അധപതിച്ച നിലയിലായിരുന്നു അവര്‍. സഭയുടെ വരുമാനം മുഴുവന്‍ വ്യതിചലിക്കപ്പെട്ട നിലയിലായിരിന്നു.

തന്റെ വരവിനു ശേഷം വിശുദ്ധന്‍ അവിടുത്തെ ദുര്‍വൃത്തികളെ തടയുകയും, സഭയെ പുനരുദ്ധാരിപ്പിക്കുന്നതിനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. തന്റെ ഈ ദൗത്യത്തിനായി അദ്ദേഹം കഠിനമായി ഉപവസിക്കുകയും, തന്റെ അജഗണത്തിന്റെ മേല്‍ ദൈവീക കരുണയ്ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഈ ആദ്ധ്യാത്മികത് കൊണ്ട് തന്നെ വിശുദ്ധന്റെ രൂപതയുടെ മേലുണ്ടായ ദൈവകാരുണ്യം വളരെ വലുതായിരിന്നു. കുറച്ചു കാലങ്ങള്‍ക്കുള്ളില്‍ തന്നെ ആ പ്രദേശത്ത് വളരെ വലിയ മാറ്റങ്ങള്‍ കണ്ട് തുടങ്ങി. രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ വിശുദ്ധ ഹഗ്ഗ് മറ്റ് വിശുദ്ധരുടെ എളിമയെ അനുകരിച്ചു കൊണ്ട് തിരുസഭയുടെ അനുവാദത്തോടുകൂടി ആവര്‍ഗ്നെയിലെ ചയിസെ-ദിയൂ അല്ലെങ്കില്‍ കാസാ-ദേയി സന്യാസാശ്രമത്തില്‍ ഒരു സന്യാസാര്‍ത്ഥിയായി ചേര്‍ന്നു.

ഗ്രിഗറി ഏഴാമന്‍ പാപ്പാ വിശുദ്ധനോട് തിരികെ വന്നു തന്റെ മെത്രാന്‍ പദവിയില്‍ തുടരുവാന്‍ ആവശ്യപ്പെടുന്നത് വരെ വിശുദ്ധന്‍ അവിടെ സകലര്‍ക്കും മാതൃകയായി ജീവിച്ചു പോന്നു. തന്റെ ഏകാന്തവാസത്തില്‍ നിന്നും തിരികെ വന്ന വിശുദ്ധന്‍ മറ്റൊരു മോശയേപ്പോലെ പുതിയ ഉണര്‍വോട് കൂടി വളരെയേറെ വിജയകരമായി പുതിയ സഭാ നവീകരണങ്ങള്‍ നടപ്പിലാക്കി. ഒരു അസാധാരണമായ സുവിശേഷ പ്രഘോഷണ വരം ലഭിച്ചിട്ടുള്ള ആളായിരുന്നു വിശുദ്ധ ഹഗ്ഗെന്നു ചരിത്രകാരന്‍ നമ്മോടു പറയുന്നു.

വിശുദ്ധ ബ്രൂണോയും അദ്ദേഹത്തിന്റെ 6 സഹചാരികളും ലോകത്തിന്റെ ഭൗതികത ഉപേക്ഷിക്കുവാനുള്ള തങ്ങളുടെ തീരുമാനത്തില്‍ വിശുദ്ധന്റെ ഉപദേശം ആരാഞ്ഞു. അദ്ദേഹം അവരെ തന്റെ രൂപതയിലുള്ള ഒരു മരുഭൂമിയിലേക്ക് അയച്ചു. അവിടെയാണ് വിശുദ്ധ ബ്രൂണോയുടെ പ്രസിദ്ധമായ സന്യാസ സമൂഹം രൂപം കൊണ്ടത്‌. ആ ദൈവീകമനുഷ്യരുടെ സ്വാധീനം മൂലം വിശുദ്ധന്‍ നടന്നുകൊണ്ട് തന്റെ രൂപത സന്ദര്‍ശനം നടത്തുന്നതിനായി തന്റെ കുതിരകളെ വില്‍ക്കുവാന്‍ തീരുമാനിച്ചു. എന്നാല്‍ വിശുദ്ധന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്തു കൊണ്ട് വിശുദ്ധ ബ്രൂണോ വിശുദ്ധനെ അതില്‍ നിന്നും പിന്തിരിപ്പിച്ചു. വിശുദ്ധന്റെ അവസാന 40 വര്‍ഷക്കാലം നിരന്തരമായ തലവേദനയും വയറുവേദനയും അദ്ദേഹത്തെ കഷ്ടപ്പെടുത്തി.

നീണ്ട കുമ്പസാരങ്ങളും, കണ്ണുനീര്‍ ഒഴുക്കികൊണ്ടുള്ള പ്രാര്‍ത്ഥനകളും, അനുതാപ പ്രവര്‍ത്തികളും വിശുദ്ധന്‍ സന്തോഷപൂര്‍വ്വം നിര്‍വഹിച്ചു പോന്നു. തന്റെ മനസ്സിന്റെ ഏകാഗ്രത തെറ്റിക്കുവാന്‍ വിശുദ്ധന്‍ യാതൊന്നിനേയും അനുവദിച്ചില്ല. പുറത്തു നിന്നുള്ള വാര്‍ത്തകളെ വിശുദ്ധന്‍ ശ്രദ്ധിച്ചിരുന്നില്ല. സ്ത്രീകളുമായി വളരെയേറെ അകല്‍ച്ച വിശുദ്ധന്‍ പാലിച്ചിരുന്നു. ഇന്നസെന്റ്‌ രണ്ടാമന്‍ പാപ്പായോടു ഏകാന്ത ജീവിതം നയിക്കുന്നതിനായി തന്നെ മെത്രാന്‍ പദവിയില്‍ നിന്നും ഒഴിവാക്കി തരണമെന്നു വിശുദ്ധന്‍ അപേക്ഷിച്ചെങ്കിലും അപേക്ഷ സ്വീകരിക്കപ്പെട്ടില്ല. എന്നാല്‍ ദൈവം ഒരു രോഗം മൂലം വിശുദ്ധന്റെ ആതമാവ്‌ ശുദ്ധീകരിക്കുവാന്‍ തീരുമാനിച്ചു, വിശുദ്ധന്റെ ഓര്‍മ്മശക്തി പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. എന്നാല്‍ തന്റെ പ്രാര്‍ത്ഥനകളൊന്നും വിശുദ്ധന്‍ മറന്നിരുന്നില്ലതാനും.

1132 ഏപ്രില്‍ 1നു ഏതാണ്ട് 80 വയസ്സാകുവാന്‍ രണ്ടു മാസം ബാക്കിയുള്ളപ്പോള്‍ വിശുദ്ധന്‍ തന്റെ ജീവന്‍ കൈവെടിഞ്ഞ് കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. 1134-ല്‍ ഇന്നസെന്റ്‌ രണ്ടാമന്‍ പാപ്പാ മെത്രാനായിരുന്ന ഹഗ്ഗിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. നിരവധി അത്ഭുതങ്ങള്‍ വിശുദ്ധന്റെ പേരില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. ഐറിഷുകാരനായ കയിഡോക്കും ഫ്രിക്കോറും

2. ആര്‍മാഗിലെ ആര്‍ച്ചു ബിഷപ്പായ സെല്ലാക്ക്

3. ഫ്രാന്‍സിലെ വീയെന്‍ ബിഷപ്പായ ഡെഡോളിനൂസ്

4. സ്കോട്ടുലന്‍റുകാരനായ കായിത്ത്നെസ്സ ബിഷപ്പ് ഗില്‍ബെര്‍ട്ട്

5. ബൊണ്ണെ വാവിലെ ഹൂഗ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

🌻പ്രഭാത പ്രാർത്ഥന🌻

ഈ ലോകം വിട്ട് പിതാവിന്റെ സന്നിധിയിലേക്ക് പോകാനുള്ള സമയമായി എന്ന് പെസഹാത്തിരുന്നാളിന് മുൻപ് യേശു അറിഞ്ഞു.ലോകത്തിൽ തനിക്കു സ്വന്തമായുള്ളവരെ അവൻ സ്നേഹിച്ചു.. അവസാനം വരെ സ്നേഹിച്ചു..(യോഹന്നാൻ : 13/1)
എന്റെ രക്ഷകനായ ദൈവമേ..
സ്നേഹിതനു വേണ്ടി ജീവൻ ബലിയർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ലെന്നരുളിച്ചെയ്ത അങ്ങയുടെ സ്നേഹത്തിൽ പൂർണത പ്രാപിക്കുന്നതിനു വേണ്ടിയുള്ള അനുഗ്രഹം തേടി ഞങ്ങളും അങ്ങയുടെ സന്നിധിയിൽ അണഞ്ഞിരിക്കുന്നു. പലപ്പോഴും ഇനിയൊരു സൗഖ്യമുണ്ടാവില്ലെന്ന് ഉറപ്പിച്ച രോഗവും പേറി ജീവിക്കേണ്ടി വരുമ്പോൾ.. തീരാവ്യാധികളാൽ മരണത്തോളം ദുഃഖിതമായിരിക്കുമ്പോൾ ജീവിതത്തിൽ പോലും വെറുപ്പ് കലരുകയും എനിക്കു ചുറ്റുമുള്ളവരോട് ദേഷ്യം കലർന്ന ഒരു നിസംഗത തോന്നിത്തുടങ്ങുകയും ചെയ്യും. അവരുടെ സ്നേഹം എന്നിലെ മരണത്തെ ആഗ്രഹിക്കുന്നുണ്ടെന്നും അവർ എനിക്കു വേണ്ടി ചെയ്തു തരുന്നതെല്ലാം അതിന്റെ പ്രതിഫലനം മാത്രമാണെന്നും ഞാൻ വിശ്വസിക്കും..അവരുടെ പ്രാർത്ഥനകളിലും പ്രവർത്തികളിലുമൊക്കെ എന്നോടുള്ള സഹതാപം ഞാൻ ദർശിക്കും..അവരുടെ നോട്ടത്തിൽ പോലും നിരാശ കലർന്നൊരു ഭാവം ഞാൻ തിരയാൻ തുടങ്ങും.. പതിയേ എല്ലാവരിൽ നിന്നും,ദൈവത്തിൽ നിന്നു പോലും അകന്നിരിക്കാൻ ഞാൻ ശ്രമിക്കുകയും ചെയ്യും..
ഈശോയേ.. വിശ്വസിച്ചാൽ ഞാനും ദൈവമഹത്വം ദർശിക്കുക തന്നെ ചെയ്യും.. എന്റെ ജീവിതത്തിലും മരണസമയത്തും നിന്നെ മഹത്വപ്പെടുത്തുവാൻ എന്നെ സഹായിക്കേണമേ.. ജീവിതത്തിലുടനീളം അങ്ങ് എനിക്കു സ്വന്തമായി തന്നവരെ ചേർത്തു പിടിക്കാനും അവരുടെ സ്നേഹത്തിന്റെ നൈർമല്യം തിരിച്ചറിയാനും എന്നെയും പഠിപ്പിക്കേണമേ നാഥാ.. അപ്പോൾ കളങ്കമറ്റ സന്തോഷത്തോടെ ഏതവസ്ഥയിലും ഞങ്ങൾ ഹൃദയസമാധാനം കണ്ടെത്തുകയും..പ്രത്യാശയോടെ ആ സമാധാനത്തിൽ തന്നെ മരണം വരെ നയിക്കപ്പെടുകയും ചെയ്യും..
വിശുദ്ധ യൗസേപ്പിതാവേ.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ചപേക്ഷിക്കേണമേ. ആമേൻ

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s