പ്രഭാത പ്രാർത്ഥന.. 🙏
പിതാവേ.. അവരോടു ക്ഷമിക്കണമേ..അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല.. (ലൂക്കാ: 23/34)
ഈശോയേ..
ജീവിതത്തിൽ പലപ്പോഴും ഒട്ടും ആഗ്രഹിക്കാതെയാണെങ്കിലും ഞാനും കുരിശിന്റെ വഴിയെ സഞ്ചരിച്ചിട്ടുണ്ട്. ചിലപ്പോഴെല്ലാം നിണമുറഞ്ഞ നെടുവീർപ്പുകളോടെയും.. ചിലപ്പോഴെല്ലാം രക്തം ചിന്തിയ നോവുകളോടെയും.. ചിലപ്പോഴെല്ലാം പൂർണമായും ഹൃദയം മുറിഞ്ഞൊഴുകിയ മിഴിനീരോടെയും.. ജീവന്റെ പാതിയായി അഭിമാനത്തോടെ നെഞ്ചോടു ചേർത്തവരാൽ തന്നെ അപമാനിക്കപ്പെടുമ്പോഴും, സ്നേഹിതർ എന്നവകാശത്തോടു കൂടി ഉയിരിനോളം വലുതായി കരുതിയവരാൽ പരിത്യജിക്കപ്പെടുമ്പോഴും, എന്റെ ആശ്വാസമാണ് എന്നു വിശ്വസിച്ച മുഖങ്ങളിൽ നിന്നും അവഗണനയുടെ നിശ്വാസങ്ങൾ ഉതിർന്നു വീണപ്പോഴും, എന്റേത് എന്ന ഉറപ്പോടെ കൂടെയുണ്ടാവുമെന്ന് പറഞ്ഞവരാൽ തന്നെ ക്രൂശിക്കപ്പെട്ടപ്പോഴും.. എനിക്കു വേണ്ടി കവിഞ്ഞൊഴുകിയ മിഴികളെയോ, എന്റെ നൊമ്പരത്തുള്ളികളെ ഒപ്പിയെടുക്കാൻ പ്രതിബന്ധമറിയാത്ത സ്നേഹത്തൂവാലയോ, എന്റെ നോവുകളെ പകുത്തെടുക്കാൻ എന്നോടു കൂടെ ഉണർന്നിരുന്ന സ്നേഹിതരെയോ വെറുതെയെങ്കിലും ഞാനും ആഗ്രഹിച്ചിരുന്നു.. പക്ഷേ ശൂന്യമായ വഴിയിടങ്ങളിലൂടെയുള്ള എന്റെ യാത്ര എന്നും അവസാനിച്ചിരുന്നത് നിന്റെ കുരിശിൻ ചുവട്ടിലെ പാദപീഠത്തിൽ എന്റെ കവിളുകളെ നനച്ചൊഴുകിയ കണ്ണുനീരിൽ മാത്രമായിരുന്നു.
എന്റെ ഈശോയേ.. പരാതികളുടെയും പരിഭവങ്ങളുടെയും ഭാരമില്ലാതെ മരണത്തോളം നൊമ്പരപ്പെടുത്തുന്ന എന്റെ ഹൃദയവേദനകളുടെ കുരിശും വഹിച്ചു കൊണ്ട് ഞാൻ അങ്ങയെ അനുഗമിക്കുന്നു.. സ്വർഗത്തിലേക്കുള്ള എന്റെ ഞെരുക്കമുള്ള വഴികളെയും.. ഇടുങ്ങിയ വാതിലുകളെയും പ്രണയിച്ചു കൊണ്ട് ഞാനും നിന്നിലേക്കു മിഴികളുയർത്തി പ്രാർത്ഥിക്കുന്നു.. നിന്റെ കുരിശിന്റെ വിരിമാറിൽ തലചായ്ക്കുവാനും.. നിന്റെ പറുദീസയുടെ സ്നേഹത്തണലിൽ നിന്റെ ഓർമ്മകളിൽ എന്നും ചേർന്നിരിക്കാനും എന്നെയും അനുവദിക്കേണമേ..
വിശുദ്ധ കുരിശേ.. എന്റെ ഏകാഭയമേ.. സ്വസ്തി 🙏
“സൂര്യൻ ഗാഗുൽത്തായിൽ പ്രകാശിച്ച ശക്തനായ മറ്റേ സൂര്യനെ കണ്ടു. ഈ ദൃശ്യസൂര്യൻ അദൃശ്യസൂര്യനെ ചൂണ്ടിക്കാണിക്കുവാനായി, അവന്റെ കിരണങ്ങൾ തട്ടി, തന്നെത്തന്നെ മൂടി” – മാർ അപ്രേം
ഹാശാ (പീഡാനുഭവ) വെള്ളിയുടെ പ്രാർഥന നിർഭരമായ ആശംസകൾ
നോമ്പുകാല വിചിന്തനം-44
വി. ലൂക്ക 23 : 24 – 45
ദു:ഖവെള്ളി
നമ്മുടെ ഗുരുവും നാഥനുമായ ഈശോ സഹിച്ച കുരിശുമരണത്തിന്റെ ദു:ഖസ്മൃതികൾ ഓരോരുത്തരുടെയും ആത്മാവിന്റെ അന്തരാളങ്ങളിൽ പാപബോധവും പശ്ചാത്താപവും ജനിപ്പിക്കുന്ന അനുതാപാർദ്രമായ ദിനമാണല്ലോ ദു:ഖവെള്ളി. ദൈവപുത്രനായ യേശുക്രിസ്തുവിന്റെ മരണം രണ്ട് യാഥാർത്ഥ്യങ്ങൾ ചിന്താവിഷയമാക്കാൻ നമ്മെ പ്രേരിപ്പിക്കുന്നുണ്ട്. ഒന്ന്, പ്രവാചകധീരതയോടെ അവിടുന്ന് കൈക്കൊണ്ട പ്രവർത്തനശൈലികളും ഉദ്ബോധിപ്പിച്ച പ്രബോധനങ്ങളും യഹൂദ സമുദായത്തിൽ വലിയ ധ്രുവീകരണത്തിന് വഴിയൊരുക്കി എന്നതാണ്. രണ്ട്, വിട്ടുവീഴ്ചകൾക്ക് വഴിപ്പെടാതെ ദൈവരാജ്യ മൂല്യങ്ങൾ എപ്പോഴും ഉയർത്തിപ്പിടിച്ചുകൊണ്ട് കർശനമായ നിലപാടുകളെടുത്തു എന്നതാണ്. ഈ രണ്ട് യാഥാർത്ഥ്യങ്ങളെ സാധൂകരിക്കുന്ന സംഭവ വികാസങ്ങൾക്ക് യേശുവിന്റെ സമകാലിക സമൂഹം സാക്ഷികളായിട്ടുണ്ട്. മതനിയമങ്ങളുടെപേരിൽ ജനസാമാന്യത്തിന് നന്മ നിഷേധിക്കുന്നതിനോട് കടുത്ത വിയോജിപ്പാണ് യേശുവിനുണ്ടായിരുന്നത്. സാബത്ത് മനുഷ്യനുവേണ്ടിയാണെന്നും മനുഷ്യൻ സാബത്തിനു വേണ്ടിയല്ലെന്നുമുള്ള അവിടുത്തെ വിപ്ലവകരമായ പ്രബോധനം അക്കാലത്തെ യാഥാസ്ഥിതിക മതനേതൃത്വത്തിന് അംഗീകരിക്കാൻ കഴിഞ്ഞില്ല.. കൂടാതെ, യേശുവിന്റെ ജറുസലേമിക്കുള്ള രാജകീയപ്രവേശം , ആഹാരാദികളുടെ ശുദ്ധാശുദ്ധ വിവേചനങ്ങളെ യേശു കടുത്തഭാഷയിൽ വിമർശനവിധേയമാക്കിയതുമെല്ലാം ശക്തമായ എതിർപ്പിനെ ക്ഷണിച്ചു വരുത്തുകയാണുണ്ടായത്. ചരിത്രപരമായി ചിന്തിക്കുമ്പോൾ യേശുവിന്റെ മരണം മതനിയമലംഘനങ്ങൾക്കുള്ള ഒരു ശിക്ഷാവിധിയും ദൈവരാജ്യമൂല്യങ്ങളെ ഉയർത്തിപ്പിടിച്ചതിന്റെ പേരിൽ വരിച്ച ഒരു രക്തസാക്ഷിത്വവുമായിരുന്നു. അതേസമയം കുരിശിൽപ്പിടഞ്ഞ് ജീവൻ വെടിയുമ്പോഴും അവിടുന്നു ആരോടും ആരെക്കുറിച്ചും ഒരു പരാതിയോ പരിഭവമോ പറഞ്ഞില്ലെന്നു മാത്രമല്ല, തന്നെ ദ്രോഹിച്ചവരെയോർത്ത് പ്രാർത്ഥിക്കുകയാണുണ്ടായത്.” പിതാവേ, അവരോട് ക്ഷമിക്കണമേ. എന്തെന്നാൽ അവർ ചെയ്യുന്നതെന്താണെന്ന് അവർ അറിയുന്നില്ല” (വി. ലൂക്ക 23:34) ശത്രുക്കളെ സ്നേഹിക്കാനും ശപിക്കുന്നവരെ അനുഗ്രഹിക്കാനും അധിക്ഷേപിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കാനും ആഹ്വാനം ചെയ്ത യേശുവിന്റെ ക്ഷമിക്കുന്ന സ്നേഹം എന്തുകൊണ്ടും അത്യുദാത്ത മാതൃകയായി . യേശു സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കിയ ഈ ക്ഷമിക്കുന്ന സ്നേഹം തന്നെ വധിച്ചവരുടെ വ്യക്തിപരമായ ഉത്തരവാദിത്വത്തെ നീക്കിക്കളയുന്നില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അവർ ചെയ്ത ഏറ്റവും ഹീനമായ പ്രവൃത്തിയുടെ ഗൗരവ സ്വഭാവം അവർ മനസ്സിലാക്കാതെപോയി എന്നേ അർത്ഥമാക്കുന്നുള്ളൂ. ആർക്കും സംഭവിക്കാവുന്ന ഒരു ദുരന്തമാണിത്. വ്യത്യസ്ത മതവിശ്വാസങ്ങൾ പുലർത്തുന്നവരെ ദൈവത്തിന്റെ പേരിൽ ഇല്ലായ്മ ചെയ്യുന്നതും, നമ്മുടെ എതിർചേരിയിൽപ്പെട്ടവരെ അടിച്ചമർത്താൻ ഒരുമ്പെടുന്നതുമെല്ലാം കൊടിയ പാതകങ്ങൾ തന്നെയാണ്.. എന്നാൽ അവരുടെ അജ്ഞതയെ മുൻനിർത്തിയാണ് യേശു അവരോട് ക്ഷമിക്കുന്നത് യേശുവിന്റെ ഈ പ്രവൃത്തി നമുക്ക് പ്രത്യാശ നൽകുന്ന ഒന്നാണ്. നാം ശത്രുക്കളായി കരുതുന്നവരോട് അവരുടെ അറിവില്ലായ്മയെപ്രതി ക്ഷമിക്കുവാൻ നാം തയ്യാറാകുമ്പോൾ ക്രൈസ്തവികതയുടെ തനിമയാണ് പ്രകടിതമാകുന്നത്. ദു:ഖവെള്ളിയെ നല്ലവെള്ളി (Good Friday) യാക്കാൻ പറ്റുന്നത് അപ്രകാരമായിരിക്കട്ടെ.
* ഫാ.ആന്റണി പൂതവേലിൽ
Categories: Spirituality