ജോസഫ് ചിന്തകൾ 116
വിശ്വാസം പരസ്യമാക്കുന്ന രഹസ്യ ശിഷ്യൻ
ഈശോയുടെ സംസ്കാര ശുശ്രൂഷയിൽ പങ്കെടുത്ത അരമത്തിയാക്കാരൻ ജോസഫാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ വിഷയം. ഈശോയുടെ വളർത്തു പിതാവായ യൗസേപ്പിതാവിൻ്റെ സ്വഭാവസവിശേഷതകൾ ഈ ജോസഫിലുമുണ്ട്.
ഫ്രാൻസീസ് പാപ്പ “ഒരു അപ്പൻ്റെ ഹൃദയത്തോടെ ” Patris corde” (With a Father’s Heart) എന്ന അപ്പസ്തോലിക ലേഖനത്തിൽ വിശുദ്ധ യൗസേപ്പിതാവിനു നൽകുന്ന ഏഴു സംബോധനകളിൽ ഒന്നാണ് യൗസേപ്പിതാവ് ധൈര്യശാലിയായ പിതാവ് എന്നത്. ഈശോയുടെ ജനനാവസരത്തിൽ ധൈര്യശാലിയായ യൗസേപ്പിതാവ് കൂടെയുണ്ടായിരുന്നെങ്കിൽ സംസ്കാര സമയത്ത് അരമത്തിയാക്കാരൻ ജോസഫ് എന്ന ധൈര്യശാലിയായ മനുഷ്യൻ കൂടെയുണ്ടായിരുന്നു.
ലൂക്കാ സുവിശേഷം ഇരുപത്തിമൂന്നാം അധ്യായം അൻപതാം വാക്യത്തിൽ യഹൂദരുടെ ഒരു പട്ടണമായ അരിമത്തിയായിൽ നിന്നുള്ള ജോസഫ് എന്നു നാം കാണുന്നു. യേശുവിനെ കുരിശു മരണത്തിനു വിധിക്കാനായി പിലാത്തോസിന്റെ അടുത്തേക്കു അയക്കണമെന്ന യഹൂദ സെൻഹെദ്രിൻ സംഘത്തിന്റെ തീരുമാനത്തെ അംഗീകരിക്കാത്ത ആളായിരുന്നു അരിമത്തിയാക്കാരൻ ജോസഫ്.
മത്തായിയുടെ സുവിശേഷമനുസരിച്ച് ജോസഫ് ധനികനും ഈശോയുടെ ശിഷ്യനുമായിരുന്നു. (മത്താ 27: 57). യോഹന്നാന്റെ സുവിശേഷം ജോസഫിനെപ്പറ്റി പറയുന്നത്” യഹൂദരോടുള്ള ഭയം നിമിത്തം യേശുവിന്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്ന അരിമത്തിയാക്കാരൻ ജോസഫ് ” (യോഹ 19:38) എന്നാണ്. സാധാരണ ഗതിയിൽ റോമാക്കാർ ക്രൂശുമരണത്തിനു വിധിക്കപ്പെട്ടവരുടെ മൃതശരീരങ്ങൾ കുരിശിൽ തന്നെ അഴുകാൻ അനുവദിക്കുകയോ അല്ലങ്കിൽ കഴുകൻമാർക്കും നായ്ക്കൾക്കും ഭക്ഷണത്തിനായി ഉപേക്ഷിക്കുകയുമായിരുന്നു പതിവ്. എന്നാൽ ജോസഫ് പീലാത്തോസിന്റെ അടുക്കൽ ചെന്ന് യേശുവിന്റെ ശരീരം ചോദിക്കുന്നു. (23:52).
യേശുവിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ജോസഫ് തീരുമാനിക്കുന്നു. ഇതു ഒരു മൃതദ്ദേഹം അടക്കം ചെയ്യുവാനുള്ള ഒരു തീരുമാനം മാത്രമായിരുന്നില്ല മറിച്ച് രഹസ്യ ശിഷ്യനായ അരിമത്തിയക്കാരനായ ജോസഫ് താൻ യേശുവിന്റെ ശിഷ്യനാണന്നു പരസ്യമായി പ്രഖ്യാപിക്കുന്ന ഒരു വിശ്വാസ പ്രഖ്യാപനമായിരുന്നു. അതിനാൽ തന്റെ അധികാരം ഉപയോഗിച്ച് യേശുവിന്റെ ശരീരം വിട്ടുകിട്ടാനും മാന്യമായ രീതിയിൽ യേശുവിനു വിട നൽകുവാനും ജോസഫ് തയ്യാറെടുക്കുന്നു. മർക്കോസിന്റെ സുവിശേഷമനുസരിച്ച് വൈകുന്നേരമായപ്പോള്‍ അരിമത്തെയാക്കാരനായജോസഫ് ധൈര്യപൂര്‍വം… പീലാത്തോസിന്‍െറ അടു ത്തെത്തി യേശുവിന്‍െറ ശരീരം ചോദിച്ചു. (മര്‍ക്കോസ് 15:43. ) പീലാത്തോസ് യേശുവിന്റെ മരണം സ്ഥിരീകരിച്ച ശേഷം ജോസഫിനു യേശുവിന്റെ ശരീരം സംസ്കരിക്കാൻ വിട്ടു നൽക്കുന്നു.
യേശുവിന്റെ മരണസമയത്തും പിന്നീടുള്ള ശവസംസ്കാര ശുശ്രൂഷയിലും രഹസ്യ ശിഷ്യനായിരുന്ന ജോസഫ് യേശുവിലുള്ള വിശ്വാസം പരസ്യമായി ജീവിതം കൊണ്ട് ഏറ്റുപറയുന്നു. യേശുവിന്റെ പീഡാനുഭവങ്ങളിൽ നിന്നു ഔദ്യോഗിക ശിഷ്യന്മാർ ഓടിയൊളിക്കുമ്പോൾ മരണത്തിനപ്പുറം ഉത്ഥാനം കണ്ട് രഹസ്യ ശിഷ്യൻ രംഗ പ്രവേശനം ചെയ്യുന്നു. കുരിശിന്റെ മുമ്പിൽ പതറാത്ത ശിഷ്യൻ തന്റെ ഗുരുവിനു വേണ്ടി കല്ലറയൊരുക്കുന്നു. നീ ഇന്നും ക്രിസ്തുവിന്റെ രഹസ്യ ശിഷ്യനാണോ? യേശുവിന്റെ സംസ്കാരം ധ്യാന വിഷയമാക്കുന്ന ഈ ദിനം പരസ്യ ശിഷ്യനാകാനുള്ള / ശിഷ്യയാകാനുള്ള വലിയ അവസരമാണന്നു രണ്ടു ജോസഫുമാരും നമ്മെ ഓർമ്മിപ്പിക്കുന്നു.
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/
Categories: ജോസഫ് ചിന്തകൾ