ദിവ്യബലി വായനകൾ – Easter Sunday – ( ഈസ്റ്റർ ഞായർ) പ്രഭാതബലി

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ദിവ്യബലി വായനകൾ

04-Apr-2021, ഞായർ

Easter Sunday – ( ഈസ്റ്റർ ഞായർ)
പ്രഭാതബലി

Liturgical Colour: White.

____

ഒന്നാം വായന

അപ്പോ. പ്രവ. 10:34,37-43

ക്രിസ്തു മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റതിനു ശേഷം, ഞങ്ങള്‍ അവനോടുകൂടെ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്തു.

അക്കാലത്ത്, പത്രോസ് അവരോടു സംസാരിച്ചു തുടങ്ങി: യോഹന്നാന്‍ പ്രസംഗിച്ച സ്‌നാനത്തിനു ശേഷം ഗലീലിയില്‍ ആരംഭിച്ച്‌ യൂദയാ മുഴുവനിലും സംഭവിച്ച കാര്യങ്ങള്‍ നിങ്ങള്‍ക്ക് അറിവുള്ളതാണല്ലോ. നസറായനായ യേശുവിനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും ദൈവം എങ്ങനെ അഭിഷേകം ചെയ്തുവെന്നും അവന്‍ എപ്രകാരം നന്മ പ്രവര്‍ത്തിച്ചുകൊണ്ടും ലിന് jപിശാചിനാല്‍ പീഡിപ്പിക്കപ്പെട്ടവരെ സുഖപ്പെടുത്തിക്കൊണ്ടും ചുറ്റിbസഞ്ചരിച്ചുവെന്നും നിങ്ങള്‍ക്ക് അറിയാം. ദൈവം അവനോടുകൂടെയുണ്ടായിരുന്നു. യഹൂദന്മാരുടെ ദേശത്തും ജറുസലെമിലും അവന്‍ ചെയ്ത എല്ലാ കാര്യങ്ങള്‍ക്കും ഞങ്ങള്‍ സാക്ഷികളാണ്. അവര്‍ അവനെ മരത്തില്‍ തൂക്കിക്കൊന്നു. എന്നാല്‍, ദൈവം അവനെ മൂന്നാം ദിവസം ഉയിര്‍പ്പിക്കുകയും പ്രത്യക്ഷനാക്കുകയും ചെയ്തു. എല്ലാവര്‍ക്കുമല്ല, സാക്ഷികളായി ദൈവം മുന്‍കൂട്ടി തെരഞ്ഞെടുത്ത ഞങ്ങള്‍ക്കു മാത്രം. അവന്‍ മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റതിനു ശേഷം, അവനോടുകൂടെ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്തവരാണ് ഞങ്ങള്‍. ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും വിധികര്‍ത്താവായി ദൈവം നിയോഗിച്ചിരിക്കുന്നവന്‍ അവനാണ് എന്ന് ജനങ്ങളോടു പ്രസംഗിക്കാനും സാക്ഷ്യം വഹിക്കാനും ഞങ്ങള്‍ക്കു കല്‍പന നല്‍കി. അവനില്‍ വിശ്വസിക്കുന്ന എല്ലാവരും അവന്റെ നാമം വഴി പാപമോചനം നേടുമെന്നു പ്രവാചകന്മാര്‍ അവനെക്കുറിച്ചു സാക്ഷ്യപ്പെടുത്തുന്നു.

കർത്താവിന്റെ വചനം.
____

പ്രതിവചന സങ്കീര്‍ത്തനം

സങ്കീ 118:1-2,16-17,22-23

R. കര്‍ത്താവ് ഒരുക്കിയ ദിവസമാണിന്ന്. ഇന്ന് സന്തോഷിച്ചുല്ലസിക്കാം.

കര്‍ത്താവിനു കൃതജ്ഞത അര്‍പ്പിക്കുവിന്‍; അവിടുന്നു നല്ലവനാണ്;
അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു. അവിടുത്തെ കാരുണ്യം ശാശ്വതമാണെന്ന് ഇസ്രായേല്‍ പറയട്ടെ!

R. കര്‍ത്താവ് ഒരുക്കിയ ദിവസമാണിന്ന്. ഇന്ന് സന്തോഷിച്ചുല്ലസിക്കാം.

കര്‍ത്താവിന്റെ വലത്തുകൈ മഹത്വമാര്‍ജിച്ചിരിക്കുന്നു;കര്‍ത്താവിന്റെ വലത്തുകൈ കരുത്തു പ്രകടമാക്കി. ഞാന്‍ മരിക്കുകയില്ല, ജീവിക്കും; ഞാന്‍ കര്‍ത്താവിന്റെ പ്രവൃത്തികള്‍ പ്രഘോഷിക്കും.

R. കര്‍ത്താവ് ഒരുക്കിയ ദിവസമാണിന്ന്. ഇന്ന് സന്തോഷിച്ചുല്ലസിക്കാം.

പണിക്കാര്‍ ഉപേക്ഷിച്ചു കളഞ്ഞ കല്ല് മൂലക്കല്ലായിത്തീര്‍ന്നു. ഇതു കര്‍ത്താവിന്റെ പ്രവൃത്തിയാണ്; ഇതു നമ്മുടെ ദൃഷ്ടിയില്‍ വിസ്മയാവഹമായിരിക്കുന്നു.

R. കര്‍ത്താവ് ഒരുക്കിയ ദിവസമാണിന്ന്. ഇന്ന് സന്തോഷിച്ചുല്ലസിക്കാം.

____

EITHER: ——–

രണ്ടാം വായന

കൊളോ 3:1-4

ക്രിസ്തു വസിക്കുന്ന ഉന്നതത്തിലുള്ളവയെ അന്വേഷിക്കുവിന്‍.

സഹോദരരേ, ക്രിസ്തുവിനോടൊപ്പം നിങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടെങ്കില്‍ ദൈവത്തിന്റെ വലത്തു ഭാഗത്ത് ഉപവിഷ്ടനായിരിക്കുന്ന ക്രിസ്തു വസിക്കുന്ന ഉന്നതത്തിലുള്ളവയെ അന്വേഷിക്കുവിന്‍. ഭൂമിയിലുള്ള വസ്തുക്കളിലല്ല, പ്രത്യുത, ഉന്നതത്തിലുള്ളവയില്‍ ശ്രദ്ധിക്കുവിന്‍. എന്തെന്നാല്‍, നിങ്ങള്‍ മൃതരായിരിക്കുന്നു. നിങ്ങളുടെ ജീവന്‍ ക്രിസ്തുവിനോടൊപ്പം ദൈവത്തില്‍ നിഗൂഢമായി സ്ഥിതിചെയ്യുന്നു. നമ്മുടെ ജീവനായ ക്രിസ്തു പ്രത്യക്ഷനാകുമ്പോള്‍ അവനോടുകൂടെ നിങ്ങളും മഹത്വത്തില്‍ പ്രത്യക്ഷപ്പെടും.

OR

രണ്ടാം വായന

1 കോറി 5:6-8

നിങ്ങള്‍ പുളിപ്പില്ലാത്ത പുതിയ മാവ് ആകേണ്ടതിന് പഴയ പുളിപ്പ് നീക്കിക്കളയുവിന്‍.

സഹോദരരേ, അല്‍പം പുളിപ്പ് മുഴുവന്‍ മാവിനെയും പുളിപ്പിക്കുമെന്നു നിങ്ങള്‍ക്ക് അറിവുള്ളതല്ലേ? നിങ്ങള്‍ പുളിപ്പില്ലാത്ത പുതിയ മാവ് ആകേണ്ടതിന് പഴയ പുളിപ്പ് നീക്കിക്കളയുവിന്‍. നിങ്ങള്‍ പുളിപ്പില്ലാത്തവര്‍ ആയിരിക്കേണ്ടവരാണല്ലോ. എന്തെന്നാല്‍, നമ്മുടെ പെസഹാക്കുഞ്ഞാടായ ക്രിസ്തു ബലിയര്‍പ്പിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍, അശുദ്ധിയും തിന്മയുമാകുന്ന പഴയ പുളിപ്പു കൊണ്ടല്ല, ആത്മാര്‍ഥതയും സത്യവുമാകുന്ന പുളിപ്പില്ലാത്ത അപ്പം കൊണ്ട് നമുക്കു തിരുനാള്‍ ആഘോഷിക്കാം.

——–

കർത്താവിന്റെ വചനം.

____

അനുക്രമഗീതം

വഴിതെറ്റി നശിക്കാറായ ആടുകളെ കുഞ്ഞാട് വീണ്ടെടുത്തു;
പാപികളായ നമ്മെ നിഷ്കളങ്കനായ ക്രിസ്തു പിതാവുമായി രമ്യപ്പെടുത്തി.

മരണവും ജീവനും തമ്മില്‍ നടന്ന സമരം;
എത്ര വിചിത്രമായൊരു മല്ലയുദ്ധം

ജീവന്റെ നായകന്‍ മരിച്ചു,
മരണം കൊണ്ട് മരണത്തെ ജയിച്ചു;
ഇനിയെന്നും ജീവനോടെ വാഴുന്നു.

ഹാ മറിയമേ, നില്‍ക്കുക;
നീ പോകും വഴി എന്തു കണ്ടെന്നു പറയുക.

ജീവിച്ചിരിക്കുന്നവന്റെ കല്ലറ ഞാന്‍ കണ്ടു. ഉയിര്‍ത്തെഴുന്നെല്‍ക്കുന്ന
ക്രിസ്തുവിന്റെ കല്ലറ ഞാന്‍ കണ്ടു.

സാക്ഷ്യം വഹിക്കുന്ന മാലാഖമാരെ കണ്ടു; തിരുമുഖം മറച്ചയുറുമാലും
തിരുമേനി പൊതിഞ്ഞ ശീലയും ഞാന്‍ കണ്ടു.

ക്രിസ്തു ഉയിര്‍ത്തിരിക്കുന്നു;
എന്റെ പ്രത്യാശ ജീവിച്ചിരിക്കുന്നു; അവിടന്നു നിങ്ങള്‍ക്കു മുമ്പേ ഗലീലിക്കു പുറപ്പെട്ടു പോകും.

ക്രിസ്തു ഉയിര്‍ത്തുവെന്നു ഞങ്ങള്‍ക്കറിയാം; അവിടന്നു മരിച്ചവരില്‍ നിന്നുയിര്‍ത്തു
എന്നു ഞങ്ങള്‍ക്കറിയാം;

ഹാ! ജയശാലിയായ മഹാരാജന്‍!
ഞങ്ങളില്‍ കനിയുക.
ഞങ്ങളെ രക്ഷിക്കുക! ആമേന്‍.

____

സുവിശേഷ പ്രഘോഷണവാക്യം

1 കോറി 5:7-8

അല്ലേലൂയാ! അല്ലേലൂയാ!

നമ്മുടെ പെസഹാക്കുഞ്ഞാടായ ക്രിസ്തു ബലിയര്‍പ്പിക്കപ്പെട്ടിരിക്കുന്നു. ആകയാല്‍, പരമാര്‍ത്ഥതയും സത്യസന്ധ്യതയുമാകുന്ന
പുളിപ്പില്ലാത്ത മാവു കൊണ്ട് തിരുനാള്‍ ആഘോഷിക്കാം.

അല്ലേലൂയാ!

____

EITHER: ——–

സുവിശേഷം

യോഹ 20:1-9

അവന്‍ മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കേണ്ടിയിരിക്കുന്നു.

ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെ ഇരുട്ടായിരിക്കുമ്പോള്‍ത്തന്നെ മഗ്ദലേനമറിയം ശവകുടീരത്തിന്റെ സമീപത്തേക്കു വന്നു. ശവകുടീരത്തിന്റെ കല്ലു മാറ്റപ്പെട്ടിരിക്കുന്നതായി അവള്‍ കണ്ടു. അവള്‍ ഉടനെ ഓടി ശിമയോന്‍ പത്രോസിന്റെയും യേശു സ്‌നേഹിച്ചിരുന്ന മറ്റേ ശിഷ്യന്റെയും അടുത്തെത്തി പറഞ്ഞു: ‘‘കര്‍ത്താവിനെ അവര്‍ കല്ലറയില്‍ നിന്നു മാറ്റിയിരിക്കുന്നു. എന്നാല്‍, അവനെ അവര്‍ എവിടെ വച്ചുവെന്ന് ഞങ്ങള്‍ക്കറിഞ്ഞുകൂടാ.’’ പത്രോസ് ഉടനെ മറ്റേ ശിഷ്യനോടുകൂടെ കല്ലറയുടെ അടുത്തേക്കു പോയി. അവര്‍ ഇരുവരും ഒരുമിച്ച് ഓടി. എന്നാല്‍, മറ്റേ ശിഷ്യന്‍ പത്രോസിനെക്കാള്‍.കൂടുതല്‍ വേഗം ഓടി ആദ്യം കല്ലറയുടെ അടുത്തെത്തി. കുനിഞ്ഞു നോക്കിയപ്പോള്‍ കച്ച കിടക്കുന്നത് അവന്‍ കണ്ടു. എങ്കിലും അവന്‍ അകത്തു പ്രവേശിച്ചില്ല. അവന്റെ പിന്നാലെ വന്ന ശിമയോന്‍ പത്രോസ് കല്ലറയില്‍ പ്രവേശിച്ചു. കച്ച അവിടെ കിടക്കുന്നതും തലയില്‍ കെട്ടിയിരുന്ന തൂവാല കച്ചയോടുകൂടെയല്ലാതെ തനിച്ച് ഒരിടത്തു ചുരുട്ടിവച്ചിരിക്കുന്നതും അവന്‍ കണ്ടു. അപ്പോള്‍.കല്ലറയുടെ സമീപത്ത് ആദ്യം എത്തിയ മറ്റേ ശിഷ്യനും അകത്തു ❤പ്രവേശിച്ച് കണ്ടു വിശ്വസിച്ചു. അവന്‍ മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കേണ്ടിയിരിക്കുന്നു എന്ന തിരുവെഴുത്ത് അവര്‍ അതുവരെ മനസ്സിലാക്കിയിരുന്നില്ല. അനന്തരം ശിഷ്യന്മാര്‍ മടങ്ങിപ്പോയി.

OR: ——–

സുവിശേഷം

മാര്‍ക്കോ 16:1-8

കുരിശില്‍ തറയ്ക്കപ്പെട്ട നസറായനായ യേശു ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു.

സാബത്ത് കഴിഞ്ഞപ്പോള്‍ മഗ്ദലേന മറിയവും യാക്കോബിന്റെ അമ്മയായ മറിയവും സലോമിയും അവനെ അഭിഷേകം ചെയ്യുന്നതിനു
വേണ്ടി സുഗന്ധദ്രവ്യങ്ങള്‍ വാങ്ങി. ആഴ്ചയുടെ ആദ്യദിവസം അതിരാവിലെ, സൂര്യനുദിച്ചപ്പോള്‍ത്തന്നെ, അവര്‍ ശവകുടീരത്തിങ്കലേക്കു പോയി. അവര്‍ തമ്മില്‍ പറഞ്ഞു: ‘‘ആരാണ് നമുക്കു വേണ്ടി ശവകുടീരത്തിന്റെ വാതില്‍ക്കല്‍ നിന്ന് കല്ല് ഉരുട്ടിമാറ്റുക?’’ എന്നാല്‍, അവര്‍ നോക്കിയപ്പോള്‍ ആ കല്ല് ഉരുട്ടിമാറ്റിയിരിക്കുന്നു! അതു വളരെ വലുതായിരുന്നുതാനും. അവര്‍ ശവകുടീരത്തിനുള്ളില്‍ പ്രവേശിച്ചപ്പോള്‍ വെള്ളവസ്ത്രം ധരിച്ച ഒരു യുവാവ് വലത്തു ഭാഗത്തിരിക്കുന്നതു കണ്ടു. അവര്‍ വിസ്മയിച്ചുപോയി. അവന്‍ അവരോടു പറഞ്ഞു: ‘‘നിങ്ങള്‍ അത്ഭുതപ്പെടേണ്ടാ. കുരിശില്‍ തറയ്ക്കപ്പെട്ട നസറായനായ യേശുവിനെ നിങ്ങള്‍ അന്വേഷിക്കുന്നു. അവന്‍ ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്അവന്‍ ഇവിടെയില്ല. നോക്കൂ, അവര്‍ അവനെ സംസ്‌കരിച്ച സ്ഥലം. നിങ്ങള്‍ പോയി, അവന്റെ ശിഷ്യന്മാരോടും പത്രോസിനോടും പറയുക: അവന്‍ നിങ്ങള്‍ക്കു മുമ്പേ ഗലീലിയിലേക്കു പോകുന്നു. അവന്‍ നിങ്ങളോടു പറഞ്ഞിരുന്നതു പോലെ അവിടെ വച്ച് നിങ്ങള്‍ അവനെ കാണും.’’

OR: ——–

സുവിശേഷം

ലൂക്കാ 24:13-35

അവന്‍ അപ്പം എടുത്ത് ആശീര്‍വ്വദിച്ച് മുറിച്ച് അവര്‍ക്കു കൊടുത്തപ്പോള്‍ അവര്‍ അവനെ തിരിച്ചറിഞ്ഞു.

യേശു ഉയിര്‍ത്തെഴുന്നേറ്റ ആ ദിവസം തന്നെ അപ്പോസ്തലന്മാരില്‍ രണ്ടു പേര്‍ ജറുസലെമില്‍ നിന്ന് ഏകദേശം അറുപതു സ്താദിയോണ്‍ അകലെയുള്ള എമ്മാവൂസ് ഗ്രാമത്തിലേക്കു പോവുകയായിരുന്നു. ഈ സംഭവങ്ങളെക്കുറിച്ചെല്ലാം അവര്‍ സംസാരിച്ചു കൊണ്ടിരുന്നു. അവര്‍ സംസാരിക്കുകയും വാദിക്കുകയും ചെയ്തു കൊണ്ടുപോകുമ്പോള്‍nóയേശുവും അടുത്തെത്തി അവരോടൊപ്പം യാത്ര ചെയ്തു. എന്നാല്‍, അവനെ തിരിച്ചറിയാന്‍ കഴിയാത്ത വിധം അവരുടെ കണ്ണുകള്‍ മൂടപ്പെട്ടിരുന്നു. അവന്‍ അവരോടു ചോദിച്ചു: ‘‘എന്തിനെക്കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നത്?’’ അവര്‍ മ്‌ളാനവദനരായിനിന്നു. അവരില്‍ ക്ലെയോപാസ് എന്നു പേരായവന്‍ അവനോടു ചോദിച്ചു: ‘‘ഈ ദിവസങ്ങളില്‍ ജറുസലെമില്‍ നടന്ന സംഭവമൊന്നും അറിയാത്ത അപരിചിതനാണോ നീ?’’ അവന്‍ ചോദിച്ചു: ‘‘ഏതു കാര്യങ്ങള്‍?’’ അവര്‍ പറഞ്ഞു: ‘‘നസറായനായ. യേശുവിനെക്കുറിച്ചു തന്നെ. അവന്‍ ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പില്‍ വാക്കിലും പ്രവൃത്തിയിലും ശക്തനായ പ്രവാചകനായിരുന്നു. ഞങ്ങളുടെ പുരോഹിതപ്രമുഖന്മാരും നേതാക്കളും അവനെ മരണവിധിക്ക് ഏല്‍പിച്ചു കൊടുക്കുകയും ക്രൂശിക്കുകയും ചെയ്തു. ഇസ്രായേലിനെ മോചിപ്പിക്കാനുള്ളവന്‍ ഇവനാണ് എന്നു ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. ഇതൊക്കെ സംഭവിച്ചിട്ട് ഇതു മൂന്നാം ദിവസമാണ്. ഞങ്ങളുടെ കൂട്ടത്തിലുള്ള ചില സ്ത്രീകള്‍ ഞങ്ങളെ വിസ്മയിപ്പിച്ചു. ഇന്നു രാവിലെ അവര്‍ കല്ലറയിങ്കല്‍ പോയിരുന്നു. അവന്റെ ശരീരം അവര്‍ അവിടെ കണ്ടില്ല. അവര്‍ തിരിച്ചുവന്ന് തങ്ങള്‍ക്കു ദൂതന്മാരുടെ ദര്‍ശനമുണ്ടായെന്നും അവന്‍ ജീവിച്ചിരിക്കുന്നുവെന്ന് അറിയിച്ചുവെന്നും പറഞ്ഞു. ഞങ്ങളുടെ കൂടെയുണ്ടായിരുന്നവരില്‍ ചിലരും കല്ലറയിങ്കലേക്കു പോയി, സ്ത്രീകള്‍ പറഞ്ഞതു പോലെ തന്നെ കണ്ടു. എന്നാല്‍, അവനെ അവര്‍ കണ്ടില്ല.’’ അപ്പോള്‍ അവന്‍ അവരോടു പറഞ്ഞു: ‘‘ഭോഷന്മാരേ, പ്രവാചകന്മാര്‍ പറഞ്ഞിട്ടുള്ളതു വിശ്വസിക്കാന്‍ കഴിയാത്തവിധം ഹൃദയം മന്ദീഭവിച്ചവരേ, ക്രിസ്തു.ഇതെല്ലാം സഹിച്ചു മഹത്വത്തിലേക്കു പ്രവേശിക്കേണ്ടിയിരുന്നില്ലേ?’’ മോശ തുടങ്ങി എല്ലാ പ്രവാചകന്മാരും വിശുദ്ധ ലിഖിതങ്ങളില്‍ തന്നെപ്പറ്റി എഴുതിയിരുന്നവയെല്ലാം അവന്‍ അവര്‍ക്കു
വ്യാഖ്യാനിച്ചുകൊടുത്തു.
അവര്‍ എത്തേണ്ടിയിരുന്ന ഗ്രാമത്തോടടുത്തു. അവനാകട്ടെ യാത്ര തുടരുകയാണെന്നു ഭാവിച്ചു. അവര്‍ അവനെ നിര്‍ബന്ധിച്ചുകൊണ്ടു പറഞ്ഞു: ‘‘ഞങ്ങളോടു കൂടെ താമസിക്കുക. നേരം വൈകുന്നു; പകല്‍ അസ്തമിക്കാറായി.’’ അവന്‍ അവരോടു കൂടെ താമസിക്കുവാന്‍ കയറി. അവരോടൊപ്പം ഭക്ഷണത്തിനിരുന്നപ്പോള്‍, അവന്‍ അപ്പം എടുത്ത് ആശീര്‍വ്വദിച്ച് മുറിച്ച്. അവര്‍ക്കു കൊടുത്തു. അപ്പോള്‍ അവരുടെ കണ്ണു തുറക്കപ്പെട്ടു. അവര്‍ അവനെ തിരിച്ചറിഞ്ഞു. പക്‌ഷേ, അവന്‍ അവരുടെ മുമ്പില്‍ നിന്ന് അപ്രത്യക്ഷനായി. അവര്‍ പരസ്പരം പറഞ്ഞു: ‘‘വഴിയില്‍വച്ച് അവന്‍ വിശുദ്ധലിഖിതം വിശദീകരിച്ചുകൊണ്ട് നമ്മോടു സംസാരിച്ചപ്പോള്‍ നമ്മുടെ ഹൃദയം ജ്വലിച്ചിരുന്നില്ലേ?’’ അവര്‍ അപ്പോള്‍ത്തന്നെ എഴുന്നേറ്റ് ജറുസലെമിലേക്കു തിരിച്ചുപോയി; അവിടെ കൂടിയിരുന്ന പതിനൊന്നുപേരെയും അവരോടൊപ്പം ഉണ്ടായിരുന്നവരെയും കണ്ടു. കര്‍ത്താവു സത്യമായും ഉയിര്‍ത്തെഴുന്നേറ്റു; ശിമയോനു പ്രത്യക്ഷപ്പെട്ടു എന്ന് അവര്‍ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. വഴിയില്‍വച്ചു സംഭവിച്ചതും അപ്പം മുറിക്കുമ്പോള്‍ തങ്ങള്‍ അവനെ തിരിച്ചറിഞ്ഞതും അവരും വിവരിച്ചു.

——–

കർത്താവിന്റെ സുവിശേഷം.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Leave a comment