ദിവ്യബലി വായനകൾ Tuesday of the 2nd week of Eastertide

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ദിവ്യബലി വായനകൾ

13-Apr-2021, ചൊവ്വ

Tuesday of the 2nd week of Eastertide or Saint Martin I, Pope, Martyr 

Liturgical Colour: White.
____

ഒന്നാം വായന

അപ്പോ. പ്രവ. 4:32-37

വിശ്വാസികളുടെ സമൂഹം ഒരു ഹൃദയവും ഒരാത്മാവും ആയിരുന്നു.

വിശ്വാസികളുടെ സമൂഹം ഒരു ഹൃദയവും ഒരാത്മാവും ആയിരുന്നു. ആരും തങ്ങളുടെ വസ്തുക്കള്‍ സ്വന്തമെന്ന് അവകാശപ്പെട്ടില്ല. എല്ലാം പൊതുസ്വത്തായിരുന്നു. അപ്പോസ്തലന്മാര്‍, കര്‍ത്താവായ യേശുവിന്റെ പുനരുത്ഥാനത്തിനു വലിയ ശക്തിയോടെ സാക്ഷ്യം നല്‍കി. അവരെല്ലാവരുടെയും മേല്‍ കൃപാവരം സമൃദ്ധമായി ഉണ്ടായിരുന്നു. അവരുടെയിടയില്‍ ദാരിദ്ര്യമനുഭവിക്കുന്നവര്‍ ആരും ഉണ്ടായിരുന്നില്ല. കാരണം, പറമ്പും വീടും സ്വന്തമായി ഉണ്ടായിരുന്നവരെല്ലാം അവയത്രയും വിറ്റു കിട്ടിയ തുക അപ്പോസ്തലന്മാരുടെ കാല്‍ക്കലര്‍പ്പിച്ചു. അത് ഓരോരുത്തര്‍ക്കും ആവശ്യമനുസരിച്ച് വിതരണം ചെയ്യപ്പെട്ടു. ബാര്‍ണബാസ് എന്ന അപരനാമത്താല്‍ അപ്പോസ്തലന്മാര്‍ വിളിച്ചിരുന്നവനും – ഈ വാക്കിന്റെ അര്‍ഥം ആശ്വാസപുത്രന്‍ എന്നാണ് – സൈപ്രസ് സ്വദേശിയും ലേവായനുമായ ജോസഫ് തന്റെ വയല്‍ വിറ്റു കിട്ടിയ പണം അപ്പോസ്തലന്മാരുടെ കാല്‍ക്കലര്‍പ്പിച്ചു.

കർത്താവിന്റെ വചനം.
____

പ്രതിവചന സങ്കീര്‍ത്തനം

സങ്കീ 93:1ab,1cd-2,5

R. കര്‍ത്താവു വാഴുന്നു; അവിടുന്നു മഹിമയണിഞ്ഞിരിക്കുന്നു.

കര്‍ത്താവു വാഴുന്നു; അവിടുന്നു മഹിമയണിഞ്ഞിരിക്കുന്നു
. അവിടുന്നു ശക്തി കൊണ്ട്
അര മുറുക്കിയിരിക്കുന്നു.

R. കര്‍ത്താവു വാഴുന്നു; അവിടുന്നു മഹിമയണിഞ്ഞിരിക്കുന്നു.

ലോകം സുസ്ഥാപിതമായിരിക്കുന്നു; അതിന് ഇളക്കം തട്ടുകയില്ല. അങ്ങേ സിംഹാസനം പണ്ടു മുതലേ ഉറപ്പിക്കപ്പെട്ടിരിക്കുന്നു; അങ്ങ് അനാദിമുതലേ ഉള്ളവനാണ്.

R. കര്‍ത്താവു വാഴുന്നു; അവിടുന്നു മഹിമയണിഞ്ഞിരിക്കുന്നു.

അങ്ങേ കല്‍പന
വിശ്വാസ്യവും അലംഘനീയവുമാണ്; കര്‍ത്താവേ, പരിശുദ്ധി
അങ്ങേ ആലയത്തിന് എന്നേക്കും യോജിച്ചതാണ്.

R. കര്‍ത്താവു വാഴുന്നു; അവിടുന്നു മഹിമയണിഞ്ഞിരിക്കുന്നു.
____

സുവിശേഷ പ്രഘോഷണവാക്യം

cf. വെളി 1:5

അല്ലേലൂയാ, അല്ലേലൂയാ!

വിശ്വസ്തസാക്ഷിയും മൃതരില്‍ നിന്നുള്ള ആദ്യജാതനുമായ യേശുക്രിസ്തുവേ, നീ ഞങ്ങളെ സ്‌നേഹിക്കുകയും സ്വന്തം രക്തത്താല്‍ ഞങ്ങളുടെ പാപങ്ങള്‍ മോചിക്കുകയും ചെയ്തു.

അല്ലേലൂയാ!

Or:

യോഹ 3:15

അല്ലേലൂയാ, അല്ലേലൂയാ!

തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ടാകേണ്ടതിന്
മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു.

അല്ലേലൂയാ!

____

സുവിശേഷം

യോഹ 3:7-15

സ്വര്‍ഗത്തില്‍ നിന്നിറങ്ങി വന്ന മനുഷ്യപുത്രനല്ലാതെ മറ്റാരും ഇതു വരെ സ്വര്‍ഗത്തില്‍ കയറിയിട്ടില്ല.

യേശു നിക്കൊദേമോസിനോട് പറഞ്ഞു: നിങ്ങള്‍ വീണ്ടും ജനിക്കണം എന്നു ഞാന്‍ പറഞ്ഞതു കൊണ്ടു നീ വിസ്മയിക്കേണ്ടാ. കാറ്റ് അതിനിഷ്ടമുളളിടത്തേക്കു വീശുന്നു; അതിന്റെ ശബ്ദം നീ കേള്‍ക്കുന്നു. എന്നാല്‍, അത് എവിടെ നിന്നു വരുന്നെന്നോ എവിടേക്കു പോകുന്നെന്നോ നീ അറിയുന്നില്ല. ഇതുപോലെയാണ് ആത്മാവില്‍ നിന്നു ജനിക്കുന്ന ഏവനും. ഇതെല്ലാം എങ്ങനെ സംഭവിക്കും എന്നു നിക്കൊദേമോസ് ചോദിച്ചു. യേശു പറഞ്ഞു: നീ ഇസ്രായേലിലെ ഗുരുവല്ലേ? എന്നിട്ടും ഇക്കാര്യമൊന്നും മനസ്സിലാകുന്നില്ലേ? സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു: ഞങ്ങള്‍ അറിയുന്നവയെപ്പറ്റി സംസാരിക്കുന്നു; കണ്ടവയെപ്പറ്റി സാക്ഷ്യപ്പെടുത്തുന്നു. എന്നിട്ടും ഞങ്ങളുടെ സാക്ഷ്യം നിങ്ങള്‍ സ്വീകരിക്കുന്നില്ല. ഭൗമിക കാര്യങ്ങളെപ്പറ്റി ഞാന്‍ പറഞ്ഞത് നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ സ്വര്‍ഗീയ കാര്യങ്ങള്‍ പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കും? സ്വര്‍ഗത്തില്‍ നിന്നിറങ്ങി വന്ന മനുഷ്യപുത്രനല്ലാതെ മറ്റാരും ഇതുവരെ സ്വര്‍ഗത്തില്‍ കയറിയിട്ടില്ല. മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതു പോലെ, തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു. തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു.

കർത്താവിന്റെ സുവിശേഷം.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Leave a comment