പുലർവെട്ടം 458

{പുലർവെട്ടം 458}

 
Everything that you love, you will eventually loose, but in the end love will return in a different form”- Franz Kafka
താൻ പാടിയ രാഗം ഉറക്കെ മൂളിക്കൊണ്ടിരുന്ന ഒരു അന്ധബാലികയുടെ വീട്ടിലേക്ക് പ്രവേശിച്ച് അവൾക്കു വേണ്ടി പ്രിയരാഗങ്ങളൊക്കെ വായിച്ചു കൊടുത്ത ബീഥോവനെപ്പോലെ കാഫ്കയുടെ ജീവിതത്തിലുമുണ്ടായി സ്നേഹസാന്ദ്രമായ ഒരു നിമിഷം. മരണത്തിന് ഒരു വർഷം മുമ്പ് ബർലിനിലെ ഒരു പാർക്കിൽ വച്ച് തന്റെ പാവയെ നഷ്ടമായ ഒരു കുട്ടിയുടെ വിലാപം അയാൾ കേട്ടു.
 
നിന്റെ പാവക്കുട്ടി ഒരു യാത്രയ്ക്ക് പോയതാണെന്ന് പറഞ്ഞ് അവളെ ആശ്വസിപ്പിക്കാൻ അയാൾ ശ്രമിക്കുന്നുണ്ട്. എങ്ങനെ അതറിയാം എന്ന കുട്ടിയുടെ സംശയത്തിന് പാവ തനിക്ക് ഒരു കത്തെഴുതിയിട്ടുണ്ടെന്നും നാളെ വരുമ്പോൾ ആ കത്ത് കാട്ടിത്തരാമെന്നും അയാൾ വാക്ക് കൊടുത്തു. ആ രാത്രിയിൽ പാവയ്ക്കു വേണ്ടി അയാൾ കത്തെഴുതിത്തുടങ്ങി. പിറ്റേന്ന്, ഇനിയും അക്ഷരം പഠിച്ചിട്ടില്ലാത്ത കുട്ടിയ്ക്ക് അയാൾ അതുറക്കെ വായിച്ചു കൊടുക്കുകയും ചെയ്തു. ഒരേ സാഹചര്യത്തിൽ ഒരേ ആൾക്കാർക്കിടയിൽ പാർക്കുന്നതിന്റെ മടുപ്പ് താങ്ങാനാവാത്തതുകൊണ്ടാണ് ഈ യാത്ര പോകുന്നതെന്നും ചെറിയൊരു ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്താമെന്നും തങ്ങൾക്കിടയിലെ സ്നേഹത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ലെന്നും പാവ കത്തിൽ പറയുന്നുണ്ട്. ഓരോ ദിവസവും അവൾക്കു വേണ്ടി കത്തുകളെഴുതാമെന്ന് ഉറപ്പു കൊടുത്തു. തുടർച്ചയായ പതിമൂന്ന് ദിവസങ്ങൾ അയാൾ പാവയുടെ പോസ്റ്റ്മാനായി. പതുക്കെപ്പതുക്കെ പാവയുടെ കത്തുകളിൽ ആകൃഷ്ടയായ കുട്ടി തന്റെ ദുഃഖം മറന്നു തുടങ്ങി. ആ സങ്കല്പലോകത്തിൽ കുട്ടിയും സഞ്ചാരത്തിലേർപ്പെട്ടു. ഏറ്റവുമൊടുവിൽ മറ്റൊരു പാവയുമായാണ് കാഫ്ക കുട്ടിയെത്തേടി അവളുടെ അരികിൽ വരുന്നത്. അത് തന്റെ പാവയല്ല എന്ന് നിഷേധിച്ച കുട്ടിയ്ക്ക് വേണ്ടി ഒടുവിലത്തെ ഒരു കത്തുകൂടി ഉണ്ടായി: യാത്രകൾ എന്നെ ഇപ്രകാരം മാറ്റിയതാണ്. നമ്മൾ സ്നേഹിക്കുന്നതൊക്കെ കൈവിട്ടു പോകും. എന്നാലൊടുവിൽ മറ്റൊരു ഭാവത്തിൽ സ്നേഹം നമ്മളെത്തേടിയെത്തും.
 
ഈസ്റ്റർ ദിനങ്ങളിലാണ് ഈ കഥ വായിക്കുന്നത്. യഥാർത്ഥത്തിൽ നടന്ന ഒരു കാര്യത്തെ അതീവചാരുതയുള്ള കഥയായി രൂപപ്പെടുത്തിയത് സ്പാനിഷ് എഴുത്തുകാരനായ ജോർഡി സിയറ ആണ്.
 
ആ ദുഃഖവെള്ളിയിൽ എന്താണ് സംഭവിച്ചത്? സ്നേഹത്തിന്റെ ഒരു നഗരം കത്തിപ്പോയി. എന്നിട്ടും പല രൂപങ്ങളിലും ഭാഷ്യങ്ങളിലുമായി അതേ സ്നേഹം അവരെത്തേടിവന്നു. മറിയത്തിനരികിൽ അനുഭാവമുള്ള ഒരു തോട്ടക്കാരനായി, വലയെറിയുന്ന ശിഷ്യരുടെ തീരത്തിൽ അഭ്യുദയകാംക്ഷിയായ ഒരു ഗ്രാമീണനായി, ദീർഘയാത്രയ്ക്ക് പോകുന്ന രണ്ടുപേരുടെ കൂടെ പൊടിപുരണ്ട കൂട്ടുയാത്രക്കാരനായി… ഒക്കെ മറഞ്ഞുപോയ സ്നേഹത്തിന്റെ എത്തിനോട്ടങ്ങളായിരുന്നു.
സായന്തനങ്ങളിൽ നിങ്ങൾക്കുമത് ബോധ്യപ്പെടും, ചിതറിപ്പോയതെല്ലാം തിടുക്കത്തിൽ കൂടണയുകയാണ്.
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

One thought on “പുലർവെട്ടം 458

Leave a comment