ദിവ്യബലി വായനകൾ – 3rd Sunday of Easter 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ഞായർ, 18/4/2021


3rd Sunday of Easter 

Liturgical Colour: White.

പ്രവേശകപ്രഭണിതം

cf. സങ്കീ 66:1-2

സമസ്ത ഭൂവാസികളേ, ദൈവത്തിന് ആര്‍പ്പുവിളിക്കുവിന്‍,
അവിടത്തെ നാമം പ്രകീര്‍ത്തിക്കുവിന്‍,
സ്തുതികളാല്‍ അവിടത്തെ മഹത്ത്വപ്പെടുത്തുവിന്‍, അല്ലേലൂയാ.

സമിതിപ്രാര്‍ത്ഥന

ദൈവമേ, നവീകരണത്തിലൂടെ
മാനസികയുവത്വം പ്രാപിച്ച അങ്ങേ ജനം
എപ്പോഴും ആനന്ദിച്ചുല്ലസിക്കട്ടെ.
അങ്ങനെ, പുനരുദ്ധരിക്കപ്പെട്ട തങ്ങളില്‍
ദത്തെടുപ്പിന്റെ മഹത്ത്വം ഇപ്പോള്‍ ആസ്വദിക്കുന്ന ഇവര്‍,
ഉറച്ച പ്രത്യാശയോടെ ഉത്ഥാനദിനം
കൃതജ്ഞതാനിര്‍ഭരരായി പ്രതീക്ഷിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

അപ്പോ. പ്രവ. 3:13-15,17-19
ജീവന്റെ നാഥനെ നിങ്ങള്‍ വധിച്ചു. എന്നാല്‍, ദൈവം അവനെ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിച്ചു.

പത്രോസ് അവരോടു പറഞ്ഞു: അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, നമ്മുടെ പിതാക്കന്മാരുടെ ദൈവം, തന്റെ ദാസനായ യേശുവിനെ മഹത്വപ്പെടുത്തിയിരിക്കുന്നു. നിങ്ങള്‍ അവനെ ഏല്‍പിച്ചുകൊടുത്തു. പീലാത്തോസ് അവനെ വിട്ടയയ്ക്കാന്‍ തീരുമാനിച്ചിട്ടും അവന്റെ മുമ്പില്‍വച്ച് നിങ്ങള്‍ അവനെ തള്ളിപ്പറഞ്ഞു. പരിശുദ്ധനും നീതിമാനുമായ അവനെ നിങ്ങള്‍ നിരാകരിച്ചു. പകരം ഒരു കൊലപാതകിയെ വിട്ടുകിട്ടാന്‍ അപേക്ഷിച്ചു. ജീവന്റെ നാഥനെ നിങ്ങള്‍ വധിച്ചു. എന്നാല്‍, ദൈവം അവനെ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിച്ചു. അതിനു ഞങ്ങള്‍ സാക്ഷികളാണ്.
സഹോദരരേ, നിങ്ങളുടെ നേതാക്കളെപ്പോലെതന്നെ നിങ്ങളും അജ്ഞതമൂലമാണ് ഇങ്ങനെ പ്രവര്‍ത്തിച്ചതെന്ന് എനിക്കറിയാം. എന്നാല്‍, തന്റെ അഭിഷിക്തന്‍ ഇവയെല്ലാം സഹിക്കണമെന്നു പ്രവാചകന്മാര്‍വഴി ദൈവം മുന്‍കൂട്ടി അരുളിച്ചെയ്തത് അവിടുന്ന് ഇങ്ങനെ പൂര്‍ത്തിയാക്കി. അതിനാല്‍, നിങ്ങളുടെ പാപങ്ങള്‍ മായിച്ചുകളയാന്‍ പശ്ചാത്തപിച്ച് ദൈവത്തിലേക്കു തിരിയുവിന്‍.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 4:1,3,6-8

കര്‍ത്താവേ, അങ്ങേ മുഖകാന്തി ഞങ്ങളുടെമേല്‍ പ്രകാശിപ്പിക്കണമേ.
or
അല്ലേലൂയ!

എനിക്കു നീതി നടത്തിത്തരുന്ന ദൈവമേ,
ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ എനിക്ക് ഉത്തരമരുളണമേ!
ഞെരുക്കത്തില്‍ എനിക്ക് അങ്ങ് അഭയമരുളി,
കാരുണ്യപൂര്‍വം എന്റെ പ്രാര്‍ഥന കേള്‍ക്കണമേ!

കര്‍ത്താവേ, അങ്ങേ മുഖകാന്തി ഞങ്ങളുടെമേല്‍ പ്രകാശിപ്പിക്കണമേ.
or
അല്ലേലൂയ!

കര്‍ത്താവു നീതിമാന്മാരെ തനിക്കായി
തിരഞ്ഞെടുത്തിരിക്കുന്നുവെന്ന് അറിഞ്ഞുകൊള്ളുവിന്‍;
ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ അവിടുന്നു കേള്‍ക്കുന്നു.

കര്‍ത്താവേ, അങ്ങേ മുഖകാന്തി ഞങ്ങളുടെമേല്‍ പ്രകാശിപ്പിക്കണമേ.
or
അല്ലേലൂയ!

ആര് നമുക്കു നന്മ ചെയ്യും?
കര്‍ത്താവേ, അങ്ങേ മുഖകാന്തി
ഞങ്ങളുടെമേല്‍ പ്രകാശിപ്പിക്കണമേ എന്നു
പലരും പറയാറുണ്ട്.

കര്‍ത്താവേ, അങ്ങേ മുഖകാന്തി ഞങ്ങളുടെമേല്‍ പ്രകാശിപ്പിക്കണമേ.
or
അല്ലേലൂയ!

ഞാന്‍ പ്രശാന്തമായി കിടന്നുറങ്ങും;
എന്തെന്നാല്‍, കര്‍ത്താവേ, അങ്ങുതന്നെയാണ്
എനിക്കു സുരക്ഷിതത്വം നല്‍കുന്നത്.

കര്‍ത്താവേ, അങ്ങേ മുഖകാന്തി ഞങ്ങളുടെമേല്‍ പ്രകാശിപ്പിക്കണമേ.
or
അല്ലേലൂയ!

രണ്ടാം വായന

1 യോഹ 2:1a-5
യേശു ക്രിസ്തു നമ്മുടെ മാത്രമല്ല ലോകം മുഴുവന്റെയും പാപങ്ങള്‍ക്ക് പരിഹാരബലിയാണ്.


എന്റെ കുഞ്ഞുമക്കളേ,
നിങ്ങള്‍ പാപം ചെയ്യാതിരിക്കേണ്ടതിനാണ്
ഞാന്‍ ഇവ നിങ്ങള്‍ക്കെഴുതുന്നത്.
എന്നാല്‍, ആരെങ്കിലും പാപം ചെയ്യാനിടയായാല്‍ത്തന്നെ
പിതാവിന്റെ സന്നിധിയില്‍ നമുക്ക് ഒരു മധ്യസ്ഥനുണ്ട് – നീതിമാനായ യേശുക്രിസ്തു.
അവന്‍ നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയാണ്;
നമ്മുടെ മാത്രമല്ല ലോകം മുഴുവന്റെയും പാപങ്ങള്‍ക്ക്.

നാം അവന്റെ കല്‍പനകള്‍ പാലിച്ചാല്‍ അതില്‍ നിന്നു നാം
അവനെ അറിയുന്നുവെന്നു തീര്‍ച്ചയാക്കാം.
ഞാന്‍ അവനെ അറിയുന്നു എന്നു പറയുകയും
അവന്റെ കല്‍പനകള്‍ പാലിക്കാതിരിക്കുകയും ചെയ്യുന്നവന്‍ കള്ളം പറയുന്നു;
അവനില്‍ സത്യമില്ല.
എന്നാല്‍, അവന്റെ വചനം പാലിക്കുന്നവനില്‍
സത്യമായും ദൈവസ്‌നേഹം പൂര്‍ണത പ്രാപിച്ചിരിക്കുന്നു.
നാം അവനില്‍ വസിക്കുന്നെന്ന് ഇതില്‍ നിന്നു നാം അറിയുന്നു.
കർത്താവിന്റെ വചനം.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

ലൂക്കാ 24:35-48
ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: ക്രിസ്തു സഹിക്കുകയും മൂന്നാം ദിവസം മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യണം.

വഴിയില്‍വച്ചു സംഭവിച്ചതും അപ്പം മുറിക്കുമ്പോള്‍ തങ്ങള്‍ യേശുവിനെ തിരിച്ചറിഞ്ഞതും ശിഷ്യന്മാര്‍ വിവരിച്ചു.
അവര്‍ ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ യേശു അവരുടെ മധ്യേ പ്രത്യക്ഷനായി അവരോട് അരുളിച്ചെയ്തു: നിങ്ങള്‍ക്കു സമാധാനം! അവര്‍ ഭയന്നു വിറച്ചു. ഭൂതത്തെയാണ് കാണുന്നത് എന്ന് അവര്‍ വിചാരിച്ചു. അവന്‍ അവരോടു ചോദിച്ചു: നിങ്ങള്‍ അസ്വസ്ഥരാകുന്നതെന്തിന്? നിങ്ങളുടെ മനസ്സില്‍ ചോദ്യങ്ങള്‍ ഉയരുന്നതും എന്തിന്? എന്റെ കൈകളും കാലുകളും കണ്ട് ഇതു ഞാന്‍ തന്നെയാണെന്നു മനസ്സിലാക്കുവിന്‍. എന്നെ സ്പര്‍ശിച്ചുനോക്കുവിന്‍. എനിക്കുള്ളതുപോലെ മാംസവും അസ്ഥികളും ഭൂതത്തിന് ഇല്ലല്ലോ. എന്നിട്ടും അവര്‍ സന്തോഷാധിക്യത്താല്‍ അവിശ്വസിക്കുകയും അദ്ഭുതപ്പെടുകയും ചെയ്തപ്പോള്‍ അവന്‍ അവരോടു ചോദിച്ചു: ഇവിടെ ഭക്ഷിക്കാന്‍ എന്തെങ്കിലുമുണ്ടോ? ഒരു കഷണം വറുത്ത മീന്‍ അവര്‍ അവനു കൊടുത്തു. അവന്‍ അതെടുത്ത് അവരുടെ മുമ്പില്‍ വച്ചു ഭക്ഷിച്ചു.
അവന്‍ അവരോടു പറഞ്ഞു: മോശയുടെ നിയമത്തിലും പ്രവാചകന്മാരിലും സങ്കീര്‍ത്തനങ്ങളിലും എന്നെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നതെല്ലാം പൂര്‍ത്തിയാകേണ്ടിയിരിക്കുന്നു എന്നു ഞാന്‍ നിങ്ങളോടുകൂടെ ആയിരുന്നപ്പോള്‍ പറഞ്ഞിട്ടുണ്ടല്ലോ. വിശുദ്ധലിഖിതങ്ങള്‍ ഗ്രഹിക്കാന്‍ തക്കവിധം അവരുടെ മനസ്സ് അവന്‍ തുറന്നു. അവന്‍ പറഞ്ഞു: ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: ക്രിസ്തു സഹിക്കുകയും മൂന്നാം ദിവസം മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യണം; പാപമോചനത്തിനുള്ള അനുതാപം അവന്റെ നാമത്തില്‍ ജറുസലെമില്‍ ആരംഭിച്ച് എല്ലാ ജനതകളോടും പ്രഘോഷിക്കപ്പെടേണ്ടിയിരിക്കുന്നു. നിങ്ങള്‍ ഇവയ്ക്കു സാക്ഷികളാണ്.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന


കര്‍ത്താവേ, ആഹ്ളാദത്തിലാറാടുന്ന
സഭയുടെ കാണിക്കകള്‍ സ്വീകരിക്കുകയും
ഇത്രയേറെ സന്തോഷം അനുഭവിക്കാന്‍
അങ്ങ് ഇടയാക്കിയ സഭയ്ക്ക്
നിത്യാനന്ദത്തിന്റെ ഫലം പ്രദാനം ചെയ്യുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
ലൂക്കാ 24:35

കര്‍ത്താവായ യേശുവിനെ
അപ്പം മുറിക്കലില്‍ ശിഷ്യന്മാര്‍ തിരിച്ചറിഞ്ഞു,
അല്ലേലൂയാ.


Or:
ലൂക്കാ 24:46-47

ക്രിസ്തു പീഡ സഹിക്കുകയും മരിച്ചവരില്‍ നിന്ന്
മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേല്ക്കുകയും ചെയ്യേണ്ടിയിരുന്നു.
അവന്റെ നാമത്തില്‍ പാപമോചനത്തിനുളള മാനസാന്തരം
എല്ലാ ജനതകളോടും പ്രഘോഷിക്കപ്പെടേണ്ടിയിരിക്കുന്നു,
അല്ലേലൂയാ.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ജനത്തെ കരുണയോടെ കടാക്ഷിക്കുകയും
നിത്യമായ രഹസ്യങ്ങളാല്‍ നവീകരിക്കപ്പെടാന്‍
അങ്ങ് തിരുമനസ്സായ ഇവരെ
മഹത്ത്വപൂര്‍ണമായ ശരീരത്തിന്റെ
അക്ഷയമായ ഉത്ഥാനത്തിലേക്ക് എത്തിച്ചേരാന്‍
അനുഗ്രഹിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Leave a comment