Rev. Fr George Kuttiyil (1930-2005)

മൺമറഞ്ഞ മഹാരഥൻമാർ…

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ
ആചാര്യന്മാരെ അനുസ്മരിക്കുന്നു…

ആത്മശരീരങ്ങളുടെ വൈദ്യനായ ജോർജ് കുറ്റിയിലച്ചൻ…


യേശുമിശിഹായുടെ ശുശ്രൂഷാ പൗരോഹിത്യത്തിൽ പങ്കുപറ്റുന്ന ഓരോ വൈദികനും ആത്മാക്കളുടെ വൈദ്യനാണ്; ആത്മാക്കളെ നേടുക എന്നതിനൊപ്പം തന്നെ വിവിധങ്ങളായ ശാരീരിക രോഗങ്ങളാൽ ക്ളേശിച്ചിരുന്നവരെ സൗഖ്യപ്പെടുത്തിയിരുന്ന ദൈവാഭിഷേകമുള്ള വൈദ്യനായിരുന്നു ജോർജ് കുറ്റിയിലച്ചൻ. ആയുർവേദ വിധിപ്രകാരം ചികിത്സിച്ചിരുന്ന ‘A Class’ രജിസ്റ്റേർഡ് വൈദ്യനായിരുന്നതിനാൽ ‘വൈദ്യനച്ചൻ’ എന്ന പേരിലാണ് ആളുകളുടെ ഇടയിൽ അദ്ദേഹം അറിയപ്പെട്ടിരുന്നതും.

പുനരൈക്യപ്രസ്ഥാനത്തിന്റെ ആരംഭകാലങ്ങളിൽ ദൈവദാസൻ മാർ ഈവാനിയോസ് പിതാവിന്റെ സന്തത സഹചാരിയായി സഭയെ പടുത്തുയർത്തുവാൻ തെക്ക്- കിഴക്കൻ മേഖലകളിൽ അക്ഷീണം പ്രയത്നിച്ച കുറ്റിയിൽ ഉണ്ണൂണ്ണിച്ചന്റെയും (മാത്തൻ മാത്തൻ) ഏലിയാമ്മ പറമ്പിലിന്റെയും 8 മക്കളിൽ നാലാമനായി 1930 ആഗസ്റ്റ്‌ 31ന് ജോർജ്‌ ജനിച്ചു. വിശുദ്ധ ഗീവർഗീസ് സഹദായുടെ മാധ്യസ്ഥതയിലുള്ള തീർത്ഥാടന കേന്ദ്രമായ ചന്ദനപ്പള്ളി ഇടവകയുടെ മാമോദീസ രജിസ്റ്ററിൽ കാണുന്ന ആദ്യത്തെ പേര് ജോർജ്‌ കുറ്റിയിൽ അച്ചന്റെതാണ്. കത്തോലിക്കാ സഭാംഗങ്ങളാകുന്നവർ ഒറ്റപ്പെടലിലൂടെയും അവഹേളനങ്ങളിലൂടെയും കടന്നു പോയിരുന്ന ഒരു കാലഘട്ടത്തിൽ സ്വന്തം മകനെ ഐക്യത്തിന്റെ പ്രവാചകനായ മാർ ഈവാനിയോസ് പിതാവിന്റെ കരങ്ങളാൽ മാമോദീസ മുക്കി മറ്റുള്ളവർക്ക് മാതൃകയായ കുടുംബം. ദൈവത്തോട് ചേർത്ത് നിർത്തി മക്കളെ വളർത്തിയ മാതാപിതാക്കളുടെ വിശ്വാസദൃഢതയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് പെൺമക്കളിൽ ഒരാൾ സന്യസ്ത ജീവിതത്തിലേക്കും (സി.ക്ലയോപ്പ മേരി) ആൺ മക്കളിൽ ഒരാൾ വൈദിക ജീവിതത്തിലേക്കും കടന്നു വന്നു.

ചന്ദനപ്പള്ളി LP സ്കൂളിലും കൈപ്പട്ടൂർ UP സ്കൂളിലും തട്ട NSS ഹൈസ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി തന്റെ ജീവിത നിയോഗം തിരിച്ചറിഞ്ഞ് ജോർജ് വൈദിക ജീവിതം തെരഞ്ഞെടുത്തു. എറണാകുളം കർമ്മലീത്ത സന്യാസ ആശ്രമത്തിലാണ് പരിശീലനം ആരംഭിച്ചതെങ്കിലും സഭാശുശ്രൂഷക്കായി വൈദികർ തുലോം കുറവായിരുന്ന കാലത്ത് തന്റെ കർമ്മഭൂമി ഇടവക പൗരോഹിത്യമാണ് എന്ന് തിരിച്ചറിഞ്ഞ് പിന്നീട് പട്ടം സെന്റ് അലോഷ്യസ് സെമിനാരിയിൽ ചേർന്നു. തത്വശാസ്ത്ര- ദൈവശാസ്ത്ര പഠനങ്ങൾ മംഗലപ്പുഴ സെന്റ് ജോസഫ് സെമിനാരിയിൽ പൂർത്തിയാക്കി 1963 മാർച്ച് 17ന് തിരുവനന്തപുരം അതിരൂപതയുടെ മെത്രാപ്പൊലീത്ത ബനഡിക്ട് മാർ ഗ്രിഗോറിയോസ് പിതാവിൽ നിന്ന് പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ വെച്ച് വൈദിക പട്ടം സ്വീകരിച്ചു.

കാർമ്മല, അട്ടച്ചാക്കൽ, ചെങ്ങറ, ആവോലിക്കുഴി, തണ്ണിത്തോട്, കരിമാൻതോട്, മുളന്തറ, പുന്നമൂട്, കല്ലുമല, കുറത്തിയാട്, കല്ലേലി, കോന്നി, ഊട്ടുപാറ, കൊക്കാത്തോട്, ചെമ്പനരുവി, ളാക്കൂർ, മഞ്ഞക്കാല, പിടവൂർ, ആവണീശ്വരം, ഞാറക്കാട്, ആയൂർ, കമ്പംകോട്, ഇളമാട്, മലപ്പേരൂർ, ചെറുവക്കൽ, വേങ്ങൂർ, തട്ട, ആനന്ദപ്പള്ളി, പൊങ്ങലടി, മൈനാഗപ്പള്ളി, ശൂരനാട്, ശാസ്താംകോട്ട, അമ്പലത്തുംകാല, നീലേശ്വരം, അമ്പലപ്പുറം, കോന്നിത്താഴം, ഏറത്തുമ്പമൺ, കല്ലുമല, മുട്ടത്തുകോണം, പമ്പുമല, മാമ്പിലാലി തുമ്പമൺ, മുടിയൂർക്കോണം, പന്തളം, കലയപുരം, കുളക്കട തുടങ്ങി തിരുവനന്തപുരം അതിരൂപതയിലെ നിരവധി പള്ളികളിൽ ശുശ്രൂഷ ചെയ്തു. നടുത്തേരി പള്ളി ആരംഭിക്കുന്നത് അച്ചനാണ്.

ഘനഗംഭീരമാർന്ന ശബ്ദത്തിനുടമയായിരുന്ന അച്ചൻ മികച്ച സുവിശേഷ പ്രസംഗകൻ എന്ന നിലയിലും ഇടവക കൂട്ടായ്മകളെ ബലപ്പെടുത്താൻ അക്ഷീണം പരിശ്രമിച്ച ഇടയൻ എന്ന നിലയിലും ചെയ്ത കർമ്മോജ്വലമായ ശുശ്രൂഷകൾ എക്കാലവും സ്മരിക്കപ്പെടുന്നതാണ്. എല്ലാവരോടും വളരെ സൗഹാർദ്‌ദത്തോടും സ്നേഹത്തോടും കൂടെ ഇടപെടുന്ന അച്ചനെക്കുറിച്ചുള്ള ദീപ്തമായ സ്മരണയാണ് വികാരിയായിരുന്ന ഇടങ്ങളിലെയെല്ലാം വിശ്വാസസമൂഹം ഇന്നും അനുസ്മരിക്കുന്നത്.

രോഗികളെ സുഖപ്പെടുത്തുന്ന വൈദ്യൻ എന്നതിനൊപ്പം കിണറിന് സ്ഥാനം കണ്ടെത്തുന്നതിനും അച്ചന് സവിശേഷ സിദ്ധിവൈഭവമുണ്ടായിരുന്നു. ദൈവമാതൃ ഭക്തനായിരുന്ന അച്ചൻ പ്രാർത്ഥനാപൂർവ്വം ജപമാല ഉപയോഗിച്ച് ‘ഉറവ കണ്ണികൾ’ കണ്ടെത്തിയിരുന്നു. രണ്ടും മൂന്നും കിണറുകൾ കുഴിച്ച് വെള്ളം ലഭിക്കാതെ നിരാശപ്പെട്ടിരുന്നവർക്ക് ഉൾപ്പെടെ നൂറു കണക്കിന് കിണറുകൾക്ക് ഇപ്രകാരം അച്ചൻ സ്ഥാനം കണ്ടിട്ടുണ്ട്.

മാതാപിതാക്കളുടെ അനുഗ്രഹപ്രദമായ ജീവിതചര്യയുടെ നിയോഗത്താൽ പൗരോഹിത്യ ജീവിതത്തിലേക്ക് കടന്നു വന്ന കുറ്റിയിലച്ചൻ എക്കാലവും ദൈവവിളികളെ പ്രോത്സാഹിപ്പിച്ചിരുന്നു. അച്ചന്റെ ജീവിത മാതൃകയാൽ കുടുംബത്തിൽ നിന്ന് അനേകം പേർ സന്യസ്ത-വൈദിക ജീവിതത്തിലേക്ക് കടന്നു വന്നു. ബഥനി സന്യാസ സമൂഹാംഗമായ ഫാ.ഡോ. ഗീവർഗീസ് കുറ്റിയിൽ OIC സഹോദര പുത്രനും, ഫാ.ഡോ. തോമസ് കുളങ്ങര, ഫാ. ജേക്കബ് കുളങ്ങര(ഇരുവരും പാറശാല രൂപത), ഫാ. ജെയിംസ് മുളക്കവിള (ബത്തേരി രൂപത) എന്നിവർ സഹോദരി പുത്രന്മാരുമാണ്.

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് 2001ൽ വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ച അച്ചൻ 2005 ജൂലൈ 14ന് എഴുപത്തിയഞ്ചാം വയസിൽ നിത്യസമ്മാനത്തിനായി സ്വർഗീയ പിതാവിന്റെ സന്നിധിയിലേക്ക് യാത്രയായി. മാതൃദേവാലയമായ ചന്ദനപ്പള്ളി പള്ളിയിൽ ഇടവകയുടെ ‘ആദ്യ ജാതനെ’ സംസ്കരിച്ചു.

കടപ്പാട്: ഷിബു കെ ജോയി, കുറ്റിയിൽ (അച്ചന്റെ സഹോദര പുത്രൻ)


✍️ഏവർക്കും നന്മ
സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

Advertisements

Email: fr.sebastiankizhakkethil@gmail.com

Fr Sebastian John Kizhakkethil

Advertisements

2 thoughts on “Rev. Fr George Kuttiyil (1930-2005)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s