അനുദിനവിശുദ്ധർ – ഏപ്രിൽ 26

⚜️⚜️⚜️⚜️ April 26 ⚜️⚜️⚜️⚜️
പാപ്പാമാരായ വിശുദ്ധ ക്ലീറ്റസ് ഒന്നാമനും, വിശുദ്ധ മാര്‍സെല്ലിനൂസും
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

⚜️ വിശുദ്ധ ക്ലീറ്റസ്

വിശുദ്ധ ക്ലീറ്റസ് ഒന്നാമനെ കുറിച്ചുള്ള വളരെ പരിമിതമായ കാര്യങ്ങള്‍ മാത്രമേ ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിട്ടുള്ളൂ. വിശുദ്ധ ക്ലീറ്റസ് തിരുസഭയുടെ നേതൃത്വം ഏല്‍ക്കുമ്പോള്‍ വെസ്പിയന്‍ ചക്രവര്‍ത്തിയായിരുന്നു റോം ഭരിച്ചിരുന്നത്. ഏകാധിപത്യ രീതിയിലുള്ള സഭാഭരണം അക്കാലത്ത് റോമില്‍ നിലവില്‍ വന്ന് തുടങ്ങിയിട്ടില്ലായിരുന്നു. ചില ചരിത്രകാരന്മാര്‍ വിശുദ്ധനെ അനാക്ലീറ്റസ്, അല്ലെങ്കില്‍ കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍ അനെന്‍ക്ലീറ്റസ് എന്ന് പരാമര്‍ശിച്ചിട്ടുള്ളതായി കാണാം. ഗ്രീക്ക് പദമായ ഈ പേരിനര്‍ത്ഥം ‘കുറ്റമറ്റവന്‍’ എന്നാണ്. എന്നിരുന്നാലും പുരാതന തിരുസഭാചട്ടങ്ങളിലും, വിശുദ്ധനെ മൂന്നാമത്തെ പിന്‍ഗാമിയായി പരിഗണിച്ചിട്ടുണ്ടെന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല.

ഐതിഹ്യമനുസരിച്ച് വിശുദ്ധന്‍ 25-ഓളം പുരോഹിതന്‍മാരെ റോമില്‍ നിയമിക്കുകയും വിശുദ്ധ പത്രോസിനെ കല്ലറയുടെയടുത്ത് ഒരു ദേവാലയം പണികഴിപ്പിക്കുകയും ചെയ്തു. വിശുദ്ധ ക്ലീറ്റസ് ഒന്നാമന്‍, ഡോമീഷിയന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്തിന്റെ പന്ത്രണ്ടാം വര്‍ഷത്തില്‍ ഒരു രക്തസാക്ഷിയായിട്ടാണ് മരണപ്പെട്ടതെന്നു പറയപ്പെടുന്നു. വത്തിക്കാന്‍ ഹില്ലിലാണ് വിശുദ്ധനെ അടക്കം ചെയ്തിരിക്കുന്നത്.

⚜️ വിശുദ്ധ മാര്‍സെല്ലിനൂസ്

പരിമിതമായ കാര്യങ്ങള്‍ മാത്രമേ വിശുദ്ധനെ പറ്റി സഭാപിതാക്കന്‍മാര്‍ക്ക് അറിവുള്ളൂ. 296-304 കാലയളവില്‍ ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ മതപീഡന കാലത്തായിരുന്നു വിശുദ്ധ മാര്‍സെല്ലിനൂസ് മാര്‍പാപ്പായായിരുന്നതെന്ന് പറയപ്പെടുന്നു. പഅധികാരം ലഭിച്ച ഉടനെ, മാര്‍സെല്ലിനൂസ് പാപ്പാ ശവകല്ലറകളോട് ചേര്‍ന്ന് ആരാധനാപരമായ ഉപയോഗങ്ങള്‍ക്കായി വലിയ മുറികള്‍ പണിയണമെന്ന് ഉത്തരവിട്ടു. ഇന്നും അവശേഷിക്കുന്ന കാല്ലിസ്റ്റസ് ശവകല്ലറകളിലെ മുറികള്‍, വിശുദ്ധന്റെ ആ പ്രവര്‍ത്തികളുടെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്നവയാണ്.

പുരാതനമായ ഒരു വിവരണമനുസരിച്ച്, സഭയെ അടിച്ചമര്‍ത്തി കൊണ്ടിരിന്ന കാലത്ത് മാര്‍സെല്ലിനൂസ് പാപ്പായെ പിടികൂടിയപ്പോള്‍ അദ്ദേഹം ദൈവങ്ങള്‍ക്ക് മുന്‍പില്‍ സുഗന്ധദ്രവ്യങ്ങള്‍ വിതറിയെന്നു പറയപ്പെടുന്നു. പക്ഷേ പിന്നീട് താന്‍ ചെയ്ത പാപത്തിന് ഒരു മഹത്വപൂര്‍ണ്ണമായ രക്തസാക്ഷിത്വം വഴി പ്രായശ്ചിത്തം ചെയ്യുകയും ചെയ്തു. റോമിലെ പ്രസില്ലാ സെമിത്തേരിയിലാണ് വിശുദ്ധനെ അടക്കം ചെയ്തിരിക്കുന്നത്, വിശുദ്ധന്റെ ശവകല്ലറ ഇന്നും ഏറെ ആദരിക്കപ്പെടുന്നു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. പോന്തൂസിലെ അമാസെയ ബിഷപ്പായ ബസിലേയൂസ്

2. വീയെന്‍ ബിഷപ്പായ ക്ലരെന്‍സിയൂസ്

3. ഫ്രാന്‍സിലെ എക്സുപെരാന്‍സിയാ

4. പിറ്റോളി മഠത്തിലെ ഫ്രാങ്കോ വിസാള്‍ട്ടാ

5. വെറോണാ ബിഷപ്പായ ലൂസിഡിയൂസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

ദുര്‍മോഹം ഗര്‍ഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു. പാപം പൂര്‍ണ വളര്‍ച്ചപ്രാപിക്കുമ്പോള്‍ മരണത്തെ ജനിപ്പിക്കുന്നു.
യാക്കോബ്‌ 1 : 15

കര്‍ത്താവു തന്റെ വിശുദ്‌ധ മന്‌ദിരത്തിലുണ്ട്‌;
അവിടുത്തെ സിംഹാസനംസ്വര്‍ഗത്തിലാണ്‌.
അവിടുത്തെ കണ്ണുകള്‍ മനുഷ്യമക്കളെ കാണുന്നു;
അവിടുന്ന്‌ അവരെ സൂക്‌ഷ്‌മമായി നിരീക്‌ഷിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 11 : 4

Advertisements

Leave a comment