പുലർവെട്ടം 460

{പുലർവെട്ടം 460}

 
പ്രതിക്കൂട്ടിൽ നിൽക്കുന്ന മധ്യവയസ്കയായ ആ സ്ത്രീയെ കൗമാരക്കാരനായ നിയമവിദ്യാർത്ഥി തിരിച്ചറിഞ്ഞു. ജർമ്മനിയിലെ തടവറക്കാലത്തിന്റെ പശ്ചാത്തലത്തിലാണത്. ഒരു ക്യാമ്പിൽ നിന്ന് വേറൊരു ക്യാമ്പിലേക്ക് ഒരു സംഘം പെൺകുട്ടികളെ കൊണ്ടുപോകുന്നതിനിടയിൽ മുഴുവൻ പേരും ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു. ആ യാത്ര ആവശ്യപ്പെടുകയും അനുവദിക്കുകയും ചെയ്ത ആളെന്ന നിലയിലാണ് ആ സ്ത്രീയുടെ ഉത്തരവാദിത്വം. സ്വന്തം കൈപ്പടയിൽ അവരെഴുതിയ കുറിപ്പും ഹാജരാക്കിയിട്ടുണ്ട്. അത് അവരുടെ തന്നെ എന്നുറപ്പ് വരുത്താൻ കൈയക്ഷരം പരിശോധിക്കാനാണ് കോടതി തീരുമാനിക്കുന്നത്. എന്നാൽ അതിന് തയാറാവാതെ അവർ കുറ്റം സമ്മതിക്കുകയാണ്. ഇരുപത് വർഷത്തെ തടവിനാണ് വിധിക്കപ്പെട്ടത്.
 
അത് അവളുടേതല്ലെന്ന് ഉറപ്പുള്ള ലോകത്തെ ഒരേയൊരു മനുഷ്യൻ അവനായിരുന്നു. ഒരു കാലത്ത് അവർക്കിടയിൽ അഗാധമായ ഒരു സൗഹൃദമുണ്ടായിരുന്നു. എഴുത്തറിയാത്ത അവൾക്ക് വേണ്ടി പുസ്തകങ്ങൾ വായിച്ചു കൊടുത്തിരുന്നത് അവനായിരുന്നു. തനിക്ക് അക്ഷരമറിയില്ല എന്ന യാഥാർത്ഥ്യം കോടതി മുമ്പാകെ ഏറ്റുപറയാനുള്ള ലജ്ജയും അപകർഷതയുമാണ് അവളെ അതിൽ നിന്ന് പിന്തിരിപ്പിക്കുന്നതെന്ന് അയാൾക്കറിയാം. അതിനേക്കാൾ അഭികാമ്യമായി എണ്ണുന്നത് ഇപ്പോൾ ആ തടവറയാണ്. ബേൺഹാർഡ് സ്ലീങ്കിന്റെ ‘റീഡർ’ എന്ന അസാധാരണ ചാരുതയുള്ള പ്രണയപുസ്തകത്തിൽനിന്നാണ് ഈ വിശേഷം.
 
ഓർക്കുമ്പോൾ ബാലിശമെന്ന് തോന്നിയാലും അതിന്റെ പല ഭാഷ്യത്തിലുള്ള ആവർത്തനമാണ് എന്നും എവിടെയും സംഭവിച്ചിട്ടുള്ളത്. വസ്ത്രത്തെക്കാൾ പ്രധാനമാണ് ശരീരമെന്ന് രണ്ട് സഹസ്രാബ്ദം പഴക്കമുള്ള ഒരു മൊഴിയുണ്ട്. അഭിമാനം, സൽപ്പേര് തുടങ്ങിയ എത്രയെത്ര കടമ്പകളിൽ തട്ടിയാണ് ഇപ്പോഴും മനുഷ്യർക്ക് ചോര പൊടിയുന്നത്.
 
അമ്പലക്കുളത്തിൽ മുങ്ങിക്കൊണ്ടിരുന്ന കുട്ടിയെ നാട്ടുകാർ ചാടി രക്ഷിച്ച് ‘നീന്തലറിഞ്ഞിട്ടും നിനക്കിതെന്തു പറ്റി’ എന്നു ചോദിക്കുമ്പോൾ, ‘എന്റെ കുളിമുണ്ട് ഉരിഞ്ഞുപോയത് നിങ്ങൾ കണ്ടില്ലേ… പിന്നെങ്ങനെ കരയ്ക്കു കയറും?’ എന്നു മറുപടി പറഞ്ഞൊരു കുട്ടിയേക്കുറിച്ച് സി. രാധാകൃഷ്ണൻ എഴുതിയിട്ടുണ്ട്!
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Advertisements

One thought on “പുലർവെട്ടം 460

Leave a comment