പുലർവെട്ടം

പുലർവെട്ടം 462

{പുലർവെട്ടം 462}

 
“Lord, teach us to pray.”
 
– Luke 11: 1
 
സ്നേഹം പോലെ പ്രാർത്ഥനയും ആവശ്യത്തിലേറെ ആശയക്കുഴപ്പം ഉണ്ടാക്കുന്ന പദമാണ്. സ്നേഹിക്കുന്നു എന്നാണ് എല്ലാവരും പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നിട്ടും നമ്മുടെ നേതി സങ്കല്പം പോലെ ഇതല്ല ഇതല്ല എന്ന മനസ്സിന്റെ മന്ത്രണം പോലെ അതും. എല്ലാവരും തന്നെ പ്രാർത്ഥിക്കുന്നു എന്ന് പറഞ്ഞുകൊണ്ടിരിക്കുമ്പോഴും ഇതല്ല ഇതല്ല പ്രാർത്ഥന എന്നൊരു നിഷേധം തെളിഞ്ഞും മറഞ്ഞും ഉള്ളിൽ നിന്ന് കേൾക്കുന്നുണ്ട്.
 
അഗർബത്തിയുടെ പരസ്യം പോലെ പ്രാർത്ഥിക്കാനായി അനവധി കാരണങ്ങൾ ഉണ്ടെന്ന് പറഞ്ഞ് വഴുതി മാറാനാവില്ല. ഒറ്റക്കാരണത്തിലേക്ക് ഏകാഗ്രമാകുമ്പോഴാണ് സ്നേഹം അതിന്റെ അഴകിനെ വീണ്ടെടുക്കുന്നു എന്ന് പറയുന്നത് പോലെ, നിരവധി കാരണങ്ങളിലൂടെ തുഴഞ്ഞ് ഒരാൾക്ക് ഏകാഗ്രതയുടെ പര്യായമായ പ്രാർത്ഥനയുടെ തുരുത്തിലെത്താനാവില്ല. ലേഡി ഗാഗയുടെ പാട്ടു പോലെ ആ ഒരു ശരിയായ കാരണമാണ് ഒരാൾ കണ്ടെത്തേണ്ടത്.
 
I’ve got a hundred million reasons to walk away
But, baby, I just need one good one to stay
 
ആ ഒരേയൊരു കാരണം കണ്ടെത്താൻ അവിടുന്നു തന്നെ എന്നെ സഹായിക്കണം. അവിടുത്തെ പാഠശാലയിൽ വിദ്യാർത്ഥിയായിരിക്കേണ്ട ബാധ്യതയുണ്ട്. എങ്ങനെ പ്രാർത്ഥിക്കുന്നു എന്നത് അത്ര പ്രധാനപ്പെട്ട കാര്യമല്ല .വൈവിധ്യങ്ങളുടെ ഈ ഭൂമിയിൽ പ്രാർത്ഥനയ്ക്കായി ഒരു മാനുവൽ ഉണ്ടാവുക എന്നതോളം ഒരു ഫലിതം ഉണ്ടാവില്ല. യഥാർത്ഥ പ്രശ്നം എന്തിന് പ്രാർത്ഥിക്കണം എന്നതുതന്നെയാണ്.
 
ഓഷ്വിറ്റ്സ് എന്ന ഭൂമിയുടെ ഏറ്റവും വലിയ ചാവുനിലത്തിൽ നിൽക്കുമ്പോൾ അതാണ് അലട്ടിയത്. വളരെ ദൈർഘ്യമുള്ള ഒരു മുറിയിൽ യഹൂദർ പ്രാർത്ഥനയ്ക്കായി ഉപയോഗിച്ചിരുന്ന നമസ്കാരപ്പായ കൂമ്പാരമായി കൂട്ടിയിട്ടിട്ടുണ്ട്. രണ്ടേരണ്ട് വഴികളിലേക്ക് ജീവിതം ചുരുങ്ങിപ്പോയ മനുഷ്യരായിരുന്നു അവിടെ- ആത്മഹത്യയും കൊലപാതകവും. എന്നിട്ടും ദിവസത്തിന്റെ ആ മൂന്ന് യാമങ്ങളിൽ – പുലരി, മധ്യാഹ്നം, അന്തി – അവരെന്തിനായിരിക്കാം പ്രാർത്ഥിച്ചിട്ടുണ്ടാവുക? ഏത് പ്രതിബന്ധങ്ങളുടെ കുന്നാണ് അതിനുശേഷം തിരയിളകാത്ത കടലിൽ പതിച്ചിട്ടുള്ളത്. നമുക്ക് പരിചയമില്ലാത്ത ആ ഒരു കാര്യത്തിന് മീതെയാണ് പ്രാർത്ഥനയുടെ നിലനില്പ്.. അതയാൾതന്നെ പഠിപ്പിക്കണം. അപരിഹാര്യമായ ഒരു ശിരോലിഖിതത്തിന്റെ തലേരാവിൽ ഉണർന്നിരുന്ന് പ്രാർത്ഥിച്ച ആ ഒരാൾ തന്നെ.
 
ബാക്കിയുള്ളതൊക്കെ ഒഴിവാക്കാവുന്ന കാരണങ്ങളാണ്. മനുഷ്യന്റെ നിസ്സഹായതയും ഭയവുമായി ബന്ധപ്പെട്ടാണ് പ്രാർത്ഥനയുടെ ചരിത്രാന്വേഷണങ്ങളൊക്കെ ആരംഭിക്കുന്നത്. അത്രമേൽ ഗുരുത്വം കുറഞ്ഞ ആ കാരണത്തിൻമേലാണ് ഇപ്പോഴും പ്രാർത്ഥനയ്ക്കുള്ള വാഴ്ത്തുകൾ. എത്ര കുടഞ്ഞാലും ബോധത്തിൽ നിന്ന് അകന്നു പോകാത്ത കീഴാള മുദ്രകൾ. അന്നവും വസ്ത്രവും മുടക്കി ജീവിതത്തെ ദുർഘടമാക്കുന്ന ഇത്തിരിപ്പോന്ന തമ്പുരാക്കന്മാരുടെ വരമ്പത്ത് അത് സദാ ഉറപ്പുവരുത്തുന്നൊരാൾ എന്ന രീതിയിൽ ആ ചൈതന്യത്തെ പരിചയപ്പെടുത്താൻ വെളിച്ചമുണ്ടായിരുന്ന ഗുരുവിന് നമുക്കിടയിൽ തുടർച്ചയുണ്ടായില്ല എന്നതും ഓർമ്മിക്കാവുന്നതാണ്.
 
ഉയർന്ന യുക്തിബോധവും തീക്ഷ്ണമായ രാഷ്ട്രീയ അവബോധവും പുലർത്തുന്ന സ്ത്രീയാണ് അവർ. അതിനു പൊതുവേ നിരക്കാത്ത മട്ടിലുള്ള അവരുടെ പ്രാർത്ഥനയേക്കുറിച്ച് ആരായുമ്പോൾ
മറുപടി കൃത്യമായിരുന്നു: “ആത്മാവിന് ചില അഭയസ്ഥാനങ്ങളാവശ്യമുണ്ട്.”
നിർഭയത്വമാണ് പ്രാർത്ഥനയുടെ കാതൽ. അതുകൊണ്ടയാൾ ഇങ്ങനെ പറഞ്ഞു തുടങ്ങി: “സ്വർഗ്ഗത്തിലെ അച്ഛാ….”
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Advertisements

1 reply »

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s