പുലർവെട്ടം 463

{പുലർവെട്ടം 463}

 
അച്ഛൻ എപ്പോഴും എല്ലാവർക്കും ഹൃദ്യമായ ഒരു ഓർമ്മയാവണമെന്നില്ല. ജോജി എന്ന ചിത്രം കണ്ടുകൊണ്ടിരിക്കുമ്പോൾ കാഫ്ക അച്ഛനെഴുതിയ കത്ത് വെറുതെ ഓർത്തു. തങ്ങൾക്കിടയിലെ അകലത്തെ കുറുകെ കടക്കാൻ അയാൾ കണ്ടെത്തിയ വഴിയായിരുന്നു നൂറ്റി മൂന്ന് താളുകളിലായി എഴുതിത്തീർത്ത ആ നീണ്ട കത്ത്. അത് നേരിട്ട് കൊടുക്കാൻ ധൈര്യമില്ലാത്തതുകൊണ്ട് അമ്മയെ ഏല്പിച്ചു. അമ്മയാവട്ടെ അത് വായിച്ചശേഷം മകന് തിരിച്ചു നൽകി എന്നാണ്  അയാളുടെ അപ്രകാശിത രചനകൾ വായനക്കാരിലേക്ക് എത്തിച്ച മാക്സ് ബ്രോഡിന്റെ അനുമാനം. ഭയപ്പെടുവാൻ തനിക്ക് കാരണങ്ങളുണ്ടെന്ന് പറഞ്ഞാണ് അയാൾ കത്ത് ആരംഭിക്കുന്നത്.
 
“You asked me recently why I maintain that I am afraid of you. As usual, I was unable to think of any answer to your question, partly for the very reason that I am afraid of you, and partly because an explanation of the grounds for this fear would mean going into far more details than I could even approximately keep in mind while talking. And if I now try to give you an answer in writing, it will still be very incomplete, because, even in writing, this fear and its consequences hamper me in relation to you and because the magnitude of the subject goes far beyond the scope of my memory and power of reasoning.”
 
സ്നേഹത്തെക്കാളേറെ ഭയം കൈമാറിയും അതിന്റെ ഉപോല്പന്നമായ വെറുപ്പ് ഭക്ഷിച്ചും കുറെയധികം അപ്പന്മാരും മക്കളും ഈ വാഴ്വിലൂടെ കടന്നുപോയിട്ടുണ്ട്. ആൺകോയ്മയുള്ള എല്ലാ സംസ്കാരത്തിലും ഏറ്റക്കുറച്ചിലുകളോടു കൂടി അത് അങ്ങനെതന്നെയായിരുന്നു. അത്തരം മനുഷ്യരും പരിസരവും യേശുവിന് അപരിചിതമായിരുന്നില്ല. ദുഷ്ടരായ അപ്പന്മാർ എന്നൊരു പ്രയോഗം അവന്റെ സാരോപദേശങ്ങൾക്കിടയിൽ ഒരിടത്ത് മുഴച്ച് നിൽക്കുന്നുണ്ട്. അക്കാലത്തെ സ്റ്റീരിയോ ടൈപ്പ് പിതാക്കന്മാരിൽ നിന്ന് പല കാതങ്ങൾ അകന്നു നിൽക്കുന്ന, അതുകൊണ്ടുതന്നെ അമ്മയോട് ചേർന്ന് നിൽക്കുന്ന അച്ഛൻസങ്കല്പത്തെ ബോധപൂർവ്വം സൃഷ്ടിച്ചെടുത്തു. അങ്ങനെയാണ് അബ്രഹാത്തിന്റെ മടിത്തട്ടിൽ മയങ്ങുന്ന ലാസറിന്റെ വാങ്മയചിത്രം വരയ്ക്കുന്നത്. കഠിനനിഷ്ഠയും കാർക്കശ്യവുമുള്ള അച്ഛൻമാരുടെ ജനിതകത്തിൽ അളവില്ലാത്ത ഈസ്ട്രജൻ ഡിപ്പോസിറ്റ് ചെയ്ത് അമ്മയെപ്പോലെ ഒരച്ഛനെ കേൾവിക്കാരുടെ ബോധത്തിലേക്ക് ആലേഖനം ചെയ്യുകയായിരുന്നു. അലഞ്ഞലഞ്ഞ് കൊതി തീർന്ന് ഒടുവിൽ വെന്ത കാലുമായി മടങ്ങിയെത്തുന്ന മകനെ കുളിപ്പിച്ച്, പാദരക്ഷകളണിയിച്ച്, കോടിയുടുപ്പിച്ച്, മോതിരമണിയിച്ച്, വിരുന്നുമേശയിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന അയാൾ അച്ഛനെന്ന കരുത്തുള്ള മിത്തിനെ തിരുത്തിയെഴുതുകയായിരുന്നു.
 
പ്രാർത്ഥന പഠിപ്പിക്കുമ്പോൾ അച്ഛാ എന്ന സംബോധനയിൽ മറച്ചു വച്ച ആർദ്രതയെ തിരിച്ചറിയുന്നിടത്താണ് ആ പുരാതന പ്രാർത്ഥന ജൈവികമായ ഒരു മർമ്മരമായി മാറുന്നത്. മനുഷ്യരാശിയെ മുൻപോട്ടു കൊണ്ടുപോകുന്ന എല്ലാ ഭംഗികളുടെയും inclusive ആയ പദമായിട്ടതിനെ കണ്ടെത്തുകയാണ് പ്രധാനം.
 
വിവേകാനന്ദൻ മനസ്സിലാക്കിയതുപോലെ, ‘അബ്ബ’ എന്നൊരു പദമാണ് യേശു ഉപയോഗിക്കുന്നത്. അരമായ ഭാഷയാണത്. ഹീബ്രു എന്ന ക്ലാസിക്കൽ ഭാഷയുടെ ഗ്രാമീണബന്ധുവായി വരും. ‘അച്ഛാ’ എന്നോ, അല്ലെങ്കിൽ ‘അപ്പാ’ എന്നോ ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെടേണ്ട ആ പദത്തിന് ‘പിതാവ്’ എന്ന് ഭാഷാന്തരം സൃഷ്ടിച്ച അകലം ചെറുതല്ല.
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Advertisements

One thought on “പുലർവെട്ടം 463

Leave a comment