Daily Readings

ദിവ്യബലി വായനകൾ – 5th Sunday of Easter 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ഞായർ, 2/5/2021

5th Sunday of Easter 

Liturgical Colour: White.

പ്രവേശകപ്രഭണിതം

cf. സങ്കീ 98:1-2

കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍.
എന്തെന്നാല്‍, കര്‍ത്താവ് അദ്ഭുതകൃത്യങ്ങള്‍ ചെയ്തിരിക്കുന്നു;
അവിടന്ന് തന്റെ നീതി ജനതകളുടെ മുമ്പില്‍ വെളിപ്പെടുത്തി,
അല്ലേലൂയാ.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,
ഞങ്ങളിലെന്നും പെസഹാരഹസ്യം നിറവേറ്റണമേ.
അങ്ങനെ, പരിശുദ്ധ ജ്ഞാനസ്‌നാനത്താല്‍ നവീകൃതരാകാന്‍
അങ്ങ് ഇടയാക്കിയ ഇവര്‍,
അങ്ങേ സംരക്ഷണത്തിന്റെ സഹായത്തിന്‍കീഴില്‍
സമൃദ്ധമായി ഫലം പുറപ്പെടുവിക്കാനും
നിത്യജീവിതത്തിന്റെ ആനന്ദത്തിലേക്ക്
എത്തിച്ചേരാനും അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

അപ്പോ. പ്രവ. 9:26-31
സാവൂള്‍ വഴിയില്‍ വച്ചു കര്‍ത്താവിനെ ദര്‍ശിച്ചത് ബാര്‍ണബാസ് അവരെ വിവരിച്ചു കേള്‍പ്പിച്ചു.

ജറുസലെമിലെത്തിയപ്പോള്‍ ശിഷ്യരുടെ സംഘത്തില്‍ ചേരാന്‍ സാവൂള്‍ പരിശ്രമിച്ചു. എന്നാല്‍, അവര്‍ക്കെല്ലാം അവനെ ഭയമായിരുന്നു. കാരണം, അവന്‍ ഒരു ശിഷ്യനാണെന്ന് അവര്‍ വിശ്വസിച്ചില്ല. ബാര്‍ണബാസ് അവനെ അപ്പോസ്തലന്മാരുടെ അടുക്കല്‍ കൂട്ടിക്കൊണ്ടുവന്നു. സാവൂള്‍ വഴിയില്‍ വച്ചു കര്‍ത്താവിനെ ദര്‍ശിച്ചതും അവിടുന്ന് അവനോടു സംസാരിച്ചതും ദമാസ്‌ക്കസില്‍ വച്ച് യേശുവിന്റെ നാമത്തില്‍ അവന്‍ ധൈര്യപൂര്‍വം പ്രസംഗിച്ചതും ബാര്‍ണബാസ് അവരെ വിവരിച്ചു കേള്‍പ്പിച്ചു. അനന്തരം, സാവൂള്‍ അവരോടൊപ്പം ജറുസലെമില്‍ ചുറ്റിസഞ്ചരിച്ചുകൊണ്ട് കര്‍ത്താവിന്റെ നാമത്തില്‍ ധൈര്യത്തോടെ പ്രസംഗിച്ചു. ഗ്രീക്കുകാരോടും അവന്‍ പ്രസംഗിക്കുകയും വാദപ്രതിവാദത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. അവരാകട്ടെ അവനെ വധിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാല്‍, ഈ വിവരമറിഞ്ഞ സഹോദരന്മാര്‍ അവനെ കേസറിയായില്‍ കൊണ്ടുവന്ന് താര്‍സോസിലേക്ക് അയച്ചു.
അങ്ങനെ യൂദയാ, ഗലീലി, സമരിയാ എന്നിവിടങ്ങളിലെ സഭയില്‍ സമാധാനമുളവായി. അതു ശക്തി പ്രാപിച്ച് ദൈവഭയത്തിലും പരിശുദ്ധാത്മാവു നല്‍കിയ സമാശ്വാസത്തിലും വളര്‍ന്നു വികസിച്ചു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം
സങ്കീ 22:25b-26ab,27,29,30-31

ദൈവമേ, മഹാസഭയില്‍ ഞാന്‍ അങ്ങയെ പുകഴ്ത്തും.
or
അല്ലേലൂയ!

കര്‍ത്താവിന്റെ ഭക്തരുടെ മുന്‍പില്‍
ഞാന്‍ എന്റെ നേര്‍ച്ചകള്‍ നിറവേറ്റും.
ദരിദ്രര്‍ ഭക്ഷിച്ചു തൃപ്തരാകും;
കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍
അവിടുത്തെ പ്രകീര്‍ത്തിക്കും.

ദൈവമേ, മഹാസഭയില്‍ ഞാന്‍ അങ്ങയെ പുകഴ്ത്തും.
or
അല്ലേലൂയ!

ഭൂമിയുടെ അതിര്‍ത്തികള്‍ കര്‍ത്താവിനെ അനുസ്മരിക്കുകയും
അവിടുത്തെ അടുത്തേക്കു തിരിയുകയും ചെയ്യും;
എല്ലാ ജനതകളും അവിടുത്തെ സന്നിധിയില്‍ ആരാധനയര്‍പ്പിക്കും.
ഭൂമിയിലെ അഹങ്കാരികള്‍ അവിടുത്തെ മുന്‍പില്‍ കുമ്പിടും,
ജീവന്‍ പിടിച്ചുനിറുത്താനാവാതെ പൊടിയിലേക്കു മടങ്ങുന്നവര്‍
അവിടുത്തെ മുന്‍പില്‍ പ്രണമിക്കും.

ദൈവമേ, മഹാസഭയില്‍ ഞാന്‍ അങ്ങയെ പുകഴ്ത്തും.
or
അല്ലേലൂയ!

പുരുഷാന്തരങ്ങള്‍ അവിടുത്തെ സേവിക്കും;
അവര്‍ ഭാവിതലമുറയോടു കര്‍ത്താവിനെപ്പറ്റി പറയും.
ജനിക്കാനിരിക്കുന്ന തലമുറയോടു
കര്‍ത്താവാണു മോചനം നേടിത്തന്നത്
എന്ന് അവര്‍ ഉദ്‌ഘോഷിക്കും.

ദൈവമേ, മഹാസഭയില്‍ ഞാന്‍ അങ്ങയെ പുകഴ്ത്തും.
or
അല്ലേലൂയ!

രണ്ടാം വായന

1 യോഹ 3:18-24
അവന്റെ കല്‍പനകള്‍ അനുസരിക്കുന്ന ഏവനും അവനില്‍ വസിക്കുന്നു.

കുഞ്ഞുമക്കളേ, വാക്കിലും സംസാരത്തിലുമല്ല നാം സ്‌നേഹിക്കേണ്ടത്;
പ്രവൃത്തിയിലും സത്യത്തിലുമാണ്.
ഇതുമൂലം നമ്മള്‍ സത്യത്തില്‍ നിന്നുള്ളവരാണെന്നു നാം അറിയുന്നു.
നമ്മുടെ ഹൃദയം നമ്മെ കുറ്റപ്പെടുത്തുന്നെങ്കില്‍ത്തന്നെ,
ദൈവം നമ്മുടെ ഹൃദയത്തേക്കാള്‍ വലിയവനും എല്ലാം അറിയുന്നവനുമാകയാല്‍,
അവിടുത്തെ സന്നിധിയില്‍ നാം സമാധാനം കണ്ടെത്തും.
പ്രിയപ്പെട്ടവരേ, ഹൃദയം നമ്മെ കുറ്റപ്പെടുത്തുന്നില്ലെങ്കില്‍,
ദൈവത്തിന്റെ മുമ്പില്‍ നമുക്ക് ആത്മധൈര്യമുണ്ട്.
നാം ആവശ്യപ്പെടുന്നതെന്തും അവിടുന്നു നമുക്കു നല്‍കുകയും ചെയ്യും.
കാരണം, നമ്മള്‍ അവിടുത്തെ കല്‍പനകള്‍ അനുസരിക്കുകയും
അവിടുത്തേക്കു പ്രീതിജനകമായതു പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
അവിടുത്തെ പുത്രനായ യേശുവിന്റെ നാമത്തില്‍ നാം വിശ്വസിക്കുകയും
അവന്‍ നമ്മോടു കല്‍പിച്ചതുപോലെ നാം പരസ്പരം സ്‌നേഹിക്കുകയും ചെയ്യണം;
ഇതാണ് അവന്റെ കല്‍പന.
അവന്റെ കല്‍പനകള്‍ അനുസരിക്കുന്ന ഏവനും അവനില്‍ വസിക്കുന്നു;
അവന്‍ കല്‍പനകള്‍ പാലിക്കുന്നവനിലും.
അവന്‍ നമുക്കു നല്‍കിയിരിക്കുന്ന ആത്മാവു മൂലം
അവന്‍ നമ്മില്‍ വസിക്കുന്നെന്നു നാമറിയുകയും ചെയ്യുന്നു.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

യോഹ 15:1-8
ആര് എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ അവന്‍ ഏറെ ഫലം പുറപ്പെടുവിക്കുന്നു.

യേശു പറഞ്ഞു: ഞാന്‍ സാക്ഷാല്‍ മുന്തിരിച്ചെടിയും എന്റെ പിതാവ് കൃഷിക്കാരനുമാണ്. എന്റെ ശാഖകളില്‍ ഫലം തരാത്തതിനെ അവിടുന്നു നീക്കിക്കളയുന്നു. എന്നാല്‍, ഫലം തരുന്നതിനെ കൂടുതല്‍ കായ്ക്കാനായി അവിടുന്നു വെട്ടിയൊരുക്കുകയും ചെയ്യുന്നു. ഞാന്‍ നിങ്ങളോടു പറഞ്ഞ വചനം നിമിത്തം നിങ്ങള്‍ ശുദ്ധിയുള്ളവരായിരിക്കുന്നു. നിങ്ങള്‍ എന്നില്‍ വസിക്കുവിന്‍; ഞാന്‍ നിങ്ങളിലും വസിക്കും. മുന്തിരിച്ചെടിയില്‍ നില്‍ക്കാതെ ശാഖയ്ക്ക് സ്വയമേവ ഫലം പുറപ്പെടുവിക്കാന്‍ സാധിക്കാത്തതുപോലെ, എന്നില്‍ വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്കും സാധിക്കുകയില്ല. ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്. ആര് എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ അവന്‍ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുകയില്ല. എന്നില്‍ വസിക്കാത്തവന്‍ മുറിച്ച ശാഖപോലെ പുറത്തെറിയപ്പെടുകയും ഉണങ്ങിപ്പോവുകയും ചെയ്യുന്നു. അത്തരം കമ്പുകള്‍ ശേഖരിച്ച് തീയിലിട്ടു കത്തിച്ചുകളയുന്നു. നിങ്ങള്‍ എന്നില്‍ വസിക്കുകയും എന്റെ വാക്കുകള്‍ നിങ്ങളില്‍ നിലനില്‍ക്കുകയും ചെയ്യുന്നെങ്കില്‍ ഇഷ്ടമുള്ളതു ചോദിച്ചുകൊള്ളുക; നിങ്ങള്‍ക്കു ലഭിക്കും. നിങ്ങള്‍ ധാരാളം ഫലം പുറപ്പെടുവിക്കുകയും അങ്ങനെ എന്റെ ശിഷ്യന്മാരായിരിക്കുകയും ചെയ്യുന്നതുവഴി പിതാവ് മഹത്വപ്പെടുന്നു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

ദൈവമേ, ഈ ബലിയുടെ ഭക്ത്യാദരങ്ങളോടെയുള്ള വിനിമയത്താല്‍
ഏകപരമോന്നത ദൈവപ്രകൃതിയില്‍
ഞങ്ങളെ പങ്കുകാരാക്കാന്‍ അങ്ങ് ഇടയാക്കിയല്ലോ.
അങ്ങനെ, അങ്ങേ സത്യം ഞങ്ങളറിയുന്നപോലെ തന്നെ,
അനുയുക്തമായ ജീവിതശൈലിയിലൂടെ
ഞങ്ങള്‍ പ്രാപിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
cf. യോഹ 15:1,5

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ സാക്ഷാല്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്.
ആര് എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ,
അവന്‍ ഏറെ ഫലം പുറപ്പെടുവിക്കുന്നു, അല്ലേലൂയാ.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, കാരുണ്യപൂര്‍വം
അങ്ങേ ജനത്തോടുകൂടെ ആയിരിക്കണമെന്നും
സ്വര്‍ഗീയ രഹസ്യങ്ങളാല്‍ അങ്ങ് പ്രചോദിപ്പിച്ച അവരെ,
പഴയ ജീവിതശൈലിയില്‍ നിന്ന് നവജീവിതത്തിലേക്ക്
കടന്നുവരാന്‍ അനുഗ്രഹിക്കണമെന്നും ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Categories: Daily Readings, Readings

Tagged as: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s