പുലർവെട്ടം 464

{പുലർവെട്ടം 464}

 
ഒരു സൂഫി ആചാര്യൻ തന്റെ കൗമാരത്തെ ഓർമ്മിച്ചെടുക്കുകയായിരുന്നു. തന്റേതായ സവിശേഷതകൾ കൊണ്ട് കുട്ടി ആവശ്യത്തിലേറെ ആശങ്കകൾ മാതാപിതാക്കൾക്ക് നൽകിയിരുന്നു. അച്ഛൻ പറഞ്ഞു: ഒരു ആതുരാലയത്തിൽ പ്രവേശിപ്പിക്കാൻ മാത്രം രോഗമോ ചിത്തരോഗാശുപത്രിയിൽ എത്തിക്കാൻ മാത്രം ഉന്മാദമോ ഒരു മൊണാസ്ട്രിയിൽ എത്തുന്ന വിധത്തിൽ ഭക്തിയോ നിനക്കില്ല. നീ എന്ത് ചെയ്യും?
 
ഉത്തരമായി ഒരു കഥയാണ് അയാൾ പറഞ്ഞത്. കോഴിമുട്ട വിരിയുന്ന കൂട്ടത്തിൽ ഒരു താറാമുട്ടയും വിരിഞ്ഞു. അമ്മക്കോഴിയുടെ പുറകെ ചിക്കിയും ചികഞ്ഞും നടക്കുമ്പോൾ ഒരു കുഴപ്പവുമില്ലായിരുന്നു. എന്നാൽ ഒരു ദിവസം ഒരു കുഴപ്പം ഉണ്ടായി. ഒരു പുഴയോരത്തെത്തിയതായിരുന്നു തള്ളക്കോഴിയും കുഞ്ഞുങ്ങളും. ജലം താറാക്കുഞ്ഞിനെ ശക്തമായി വലിക്കുകയാണ്. അതിലേക്ക് ചാടിയിറങ്ങുമ്പോൾ കോഴിസഹോദരങ്ങൾ ഉറക്കെ നിലവിളിച്ചു, “അമ്മേ,അവൻ ആത്മഹത്യ ചെയ്യുകയാണ്!”
 
പന്ത്രണ്ട് വയസ്സുള്ള ഒരു കുട്ടി അച്ഛനമ്മമാരോടൊത്ത് പള്ളിപ്പെരുന്നാളിനെത്തി. ആ ഇടം തന്റേതാണെന്ന് അവന് ബോധമുണ്ടായി. മടങ്ങിപ്പോകാൻ കൂട്ടാക്കിയില്ല. അവരതറിഞ്ഞുമില്ല. മൂന്നു ദിവസങ്ങൾക്ക് ശേഷം അവനെ അവർ പള്ളിനടയിൽ വച്ച് കണ്ടെത്തി. ‘എന്തിനിത്ര ഞങ്ങളെ ബുദ്ധിമുട്ടിലാക്കി?’ എന്ന ചോദ്യത്തിന് ‘ഞാനെന്റെ അച്ഛന്റെ വീട്ടിലായിരിക്കേണ്ടതല്ലേ?’ എന്നായിരുന്നു മറുപടി. ഇതാണ് സുവിശേഷങ്ങൾ അടയാളപ്പെടുത്തുന്ന അവന്റെ ആദ്യത്തെ മൊഴി.
 
പന്ത്രണ്ട് വയസ്സ് Puberty age ആണ്. ശരീരം മുതിരുന്ന ആ പ്രായത്തിൽ അവന്റെ ആന്തരികതയും പാകപ്പെട്ടു. ആ ചൈതന്യത്തെ അച്ഛനെന്ന് തിരിച്ചറിയുന്നിടത്താണ് ആന്തരികയാത്രകളുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നത്. അവന്റെ അവസാനത്തെ മൊഴി എന്തായിരുന്നു, ‘അച്ഛാ മടങ്ങി വരികയാണ്.’
 
ദൈവം അച്ഛനാണെന്ന് പ്രകാശം കിട്ടിയാൽ പരിഹരിക്കപ്പെടാവുന്ന പ്രതിസന്ധികളേയുള്ളൂ ജീവിതത്തിൽ. കാട്ടിൽ ഒരാചാരത്തിന്റെ ഭാഗമായി ചെറിയ കുട്ടികളെ ഉപേക്ഷിച്ചു കളയുന്ന രീതിയുള്ള ചില ഗോത്രങ്ങളുണ്ട്. അതൊരു വല്ലാത്ത അനുഭവമാണ്. കാട്ടിൽ ഒരു തളിരില പോലെ ഭയന്ന ആ കുഞ്ഞ് പുലരിയ്ക്ക് വേണ്ടി പ്രാർത്ഥിക്കുകയാണ്. പുലരിയാകുമ്പോൾ കുട്ടിക്ക് ഒരു സദ്‌വാർത്തയുണ്ട്: കൈയെത്തും ദൂരത്ത് ഒരാൾ കൂനിപ്പിടിച്ച് ഉറ്റുനോക്കിയിരിക്കുന്നു, അച്ഛനാണത്.
ഇനി കുട്ടിക്ക് രാവിനെയോ കാടിനെയോ പേടിയില്ല. ആ ഒരാൾ – അച്ഛൻ.
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Advertisements

One thought on “പുലർവെട്ടം 464

Leave a comment