ദിവ്യബലി വായനകൾ – Friday of the 5th week of Eastertide 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 വെള്ളി, 7/5/2021

Friday of the 5th week of Eastertide 

Liturgical Colour: White.

പ്രവേശകപ്രഭണിതം

വെളി 5:12

കൊല്ലപ്പെട്ട കുഞ്ഞാട് ശക്തിയും ധനവും ജ്ഞാനവും
ആധിപത്യവും ബഹുമാനവും മഹത്ത്വവും സ്വീകരിക്കാന്‍ യോഗ്യനാണ്,
അല്ലേലൂയാ.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, പെസഹാരഹസ്യത്തോട് സമ്യക്കായി അനുരൂപപ്പെടാന്‍
ഞങ്ങളെ അനുഗ്രഹിക്കണമേ.
അങ്ങനെ, സന്തോഷത്തോടെ ഞങ്ങളനുഷ്ഠിക്കുന്നവ
നിരന്തര ശക്തിയാല്‍ ഞങ്ങളെ പരിപാലിക്കുകയും
രക്ഷിക്കുകയും ചെയ്യുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

അപ്പോ. പ്രവ. 15:22-31
അത്യാവശ്യ കാര്യങ്ങളെക്കാള്‍ കൂടുതലായി ഒരു ഭാരവും നിങ്ങളുടെമേല്‍ ചുമത്താതിരിക്കുന്നതാണു നല്ലതെന്നു പരിശുദ്ധാത്മാവിനും ഞങ്ങള്‍ക്കും തോന്നി.

തങ്ങളില്‍ നിന്നു ചിലരെ തെരഞ്ഞെടുത്ത് ബാര്‍ണബാസിനോടും പൗലോസിനോടുമൊപ്പം അന്ത്യോക്യായിലേക്ക് അയയ്ക്കുന്നതു നന്നായിരിക്കുമെന്ന് അപ്പോസ്തലന്മാര്‍ക്കും ശ്രേഷ്ഠന്മാര്‍ക്കും സഭയ്ക്കു മുഴുവനും തോന്നി. സഹോദരന്മാരില്‍ നേതാക്കന്മാരായിരുന്ന ബാര്‍സബാസ് എന്നു വിളിക്കുന്ന യൂദാസിനെയും സീലാസിനെയും ഒരു എഴുത്തുമായി അവര്‍ അയച്ചു. എഴുത്ത് ഇപ്രകാരമായിരുന്നു: അപ്പോസ്തലന്മാരും ശ്രേഷ്ഠന്മാരുമായ സഹോദരന്മാര്‍ അന്ത്യോക്യായിലെയും സിറിയായിലെയും കിലിക്യായിലെയും വിജാതീയരില്‍ നിന്നുള്ള സഹോദരരായ നിങ്ങള്‍ക്ക് അഭിവാദനമര്‍പ്പിക്കുന്നു. ഞങ്ങളില്‍ ചിലര്‍ പ്രസംഗങ്ങള്‍ മുഖേന നിങ്ങള്‍ക്കു മനശ്ചാഞ്ചല്യം വരുത്തിക്കൊണ്ടു നിങ്ങളെ ബുദ്ധിമുട്ടിച്ചുവെന്ന് ഞങ്ങള്‍കേട്ടു. ഞങ്ങള്‍ അവര്‍ക്കു യാതൊരു നിര്‍ദേശവും നല്‍കിയിരുന്നില്ല. അതുകൊണ്ട്, തെരഞ്ഞെടുക്കപ്പെട്ട ചിലരെ നമ്മുടെ പ്രിയപ്പെട്ട ബാര്‍ണബാസിനോടും പൗലോസിനോടുമൊപ്പം നിങ്ങളുടെ അടുക്കലേക്ക് അയയ്ക്കുന്നത് നന്നായിരിക്കുമെന്ന് ഞങ്ങള്‍ ഏകകണ്ഠമായി തീരുമാനിച്ചു. അവര്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ പ്രതി സ്വന്തം ജീവനെപ്പോലും പണയപ്പെടുത്തിയിരിക്കുന്നവരാണല്ലോ. അതുകൊണ്ട്, ഞങ്ങള്‍ യൂദാസിനെയും സീലാസിനെയും അയച്ചിരിക്കുന്നു. ഈ കാര്യങ്ങള്‍തന്നെ അവര്‍ നിങ്ങളോടു നേരിട്ടു സംസാരിക്കുന്നതായിരിക്കും. താഴെപ്പറയുന്ന അത്യാവശ്യ കാര്യങ്ങളെക്കാള്‍ കൂടുതലായി ഒരു ഭാരവും നിങ്ങളുടെമേല്‍ ചുമത്താതിരിക്കുന്നതാണു നല്ലതെന്നു പരിശുദ്ധാത്മാവിനും ഞങ്ങള്‍ക്കും തോന്നി. വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച വസ്തുക്കള്‍, രക്തം, കഴുത്തുഞെരിച്ചു കൊല്ലപ്പെട്ടവ, വ്യഭിചാരം എന്നിവയില്‍ നിന്നു നിങ്ങള്‍ അകന്നിരിക്കണം. ഇവയില്‍ നിന്ന് അകന്നിരുന്നാല്‍ നിങ്ങള്‍ക്കു നന്ന്. മംഗളാശംസകള്‍!
അവര്‍ യാത്ര തിരിച്ച് അന്ത്യോക്യായില്‍ എത്തി; ജനങ്ങളെ മുഴുവന്‍ വിളിച്ചുകൂട്ടി എഴുത്ത് അവരെ ഏല്‍പിച്ചു. അവര്‍ ആ ഉപദേശം വായിച്ച് സന്തുഷ്ടരായി.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 57:7-8,9-11

കര്‍ത്താവേ, ജനതകളുടെ മധ്യത്തില്‍ ഞാന്‍ അങ്ങേക്കു കൃതജ്ഞതയര്‍പ്പിക്കും.
or
അല്ലേലൂയ!

എന്റെ ഹൃദയം അചഞ്ചലമാണ്;
ദൈവമേ, എന്റെ ഹൃദയം അചഞ്ചലമാണ്;
ഞാന്‍ അങ്ങയെ പാടിസ്തുതിക്കും.
എന്റെ ഹൃദയമേ, ഉണരുക:
വീണയും കിന്നരവും ഉണരട്ടെ;
ഞാന്‍ പ്രഭാതത്തെ ഉണര്‍ത്തും.

കര്‍ത്താവേ, ജനതകളുടെ മധ്യത്തില്‍ ഞാന്‍ അങ്ങേക്കു കൃതജ്ഞതയര്‍പ്പിക്കും.
or
അല്ലേലൂയ!

കര്‍ത്താവേ, ജനതകളുടെ മധ്യത്തില്‍
ഞാന്‍ അങ്ങേക്കു കൃതജ്ഞതയര്‍പ്പിക്കും;
ജനതകളുടെയിടയില്‍ ഞാന്‍ അങ്ങയെ പാടിപ്പുകഴ്ത്തും.
അങ്ങേ കാരുണ്യം ആകാശത്തോളവും
അങ്ങേ വിശ്വസ്തത മേഘങ്ങളോളവും വലുതാണ്.
ദൈവമേ, അങ്ങ് ആകാശത്തിനുമേല്‍ ഉയര്‍ന്നുനില്‍ക്കണമേ!
അങ്ങേ മഹത്വം ഭൂമിയിലെങ്ങും നിറയട്ടെ!

കര്‍ത്താവേ, ജനതകളുടെ മധ്യത്തില്‍ ഞാന്‍ അങ്ങേക്കു കൃതജ്ഞതയര്‍പ്പിക്കും.
or
അല്ലേലൂയ!

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

യോഹ 15:12-17
ഇതാണ് എന്റെ കല്‍പന: നിങ്ങള്‍ പരസ്പരം സ്‌നേഹിക്കണം.

യേശു തന്റെ ശിഷ്യരോട് പറഞ്ഞു: ഇതാണ് എന്റെ കല്‍പന: ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കണം. സ്‌നേഹിതര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹം ഇല്ല. ഞാന്‍ നിങ്ങളോടു കല്‍പിക്കുന്നത് നിങ്ങള്‍ ചെയ്യുന്നെങ്കില്‍ നിങ്ങള്‍ എന്റെ സ്‌നേഹിതരാണ്. ഇനി ഞാന്‍ നിങ്ങളെ ദാസന്മാര്‍ എന്നു വിളിക്കുകയില്ല. കാരണം, യജമാനന്‍ ചെയ്യുന്നതെന്തെന്ന് ദാസന്‍ അറിയുന്നില്ല. എന്നാല്‍, ഞാന്‍ നിങ്ങളെ സ്‌നേഹിതന്മാരെന്നു വിളിച്ചു. എന്തെന്നാല്‍, എന്റെ പിതാവില്‍ നിന്നു കേട്ടതെല്ലാം നിങ്ങളെ ഞാന്‍ അറിയിച്ചു. നിങ്ങള്‍ എന്നെ തെരഞ്ഞെടുക്കുകയല്ല, ഞാന്‍ നിങ്ങളെ തെരഞ്ഞെടുക്കുകയാണു ചെയ്തത്. നിങ്ങള്‍ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനില്‍ക്കുന്നതിനും വേണ്ടി ഞാന്‍ നിങ്ങളെ നിയോഗിച്ചിരിക്കുന്നു. തന്മൂലം, നിങ്ങള്‍ എന്റെ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങള്‍ക്കു നല്‍കും. ഞാന്‍ നിങ്ങളോടു കല്‍പിക്കുന്നു: പരസ്പരം സ്‌നേഹിക്കുവിന്‍.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ കാണിക്കകള്‍ ദയാപൂര്‍വം വിശുദ്ധീകരിക്കുകയും
ആത്മീയബലിയുടെ അര്‍പ്പണം സ്വീകരിച്ച്,
ഞങ്ങള്‍ ഞങ്ങളെത്തന്നെ അങ്ങേക്ക്
നിത്യമായ കാണിക്കയാക്കി തീര്‍ക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
ക്രൂശിതന്‍, മരിച്ചവരില്‍നിന്ന് ഉത്ഥാനം ചെയ്യുകയും
നമ്മെ രക്ഷിക്കുകയും ചെയ്തു, അല്ലേലൂയാ.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, താഴ്മയോടെ അപേക്ഷിച്ചുകൊണ്ട്
ദിവ്യരഹസ്യത്തിന്റെ ദാനങ്ങള്‍ ഞങ്ങള്‍ സ്വീകരിച്ചുവല്ലോ.
അങ്ങനെ, അങ്ങേ പുത്രന്‍ തന്റെ അനുസ്മരണത്തിനായി
ഞങ്ങളോട് കല്പിച്ചതനുസരിച്ചുള്ള ഈ ദാനങ്ങള്‍
ഞങ്ങളുടെ സ്‌നേഹത്തിന്റെ വര്‍ധനയിലേക്ക്
ഞങ്ങളെ നയിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Leave a comment