ദിവ്യബലി വായനകൾ – Saturday of the 5th week of Eastertide 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ശനി, 8/5/2021

Saturday of the 5th week of Eastertide 

Liturgical Colour: White.

പ്രവേശകപ്രഭണിതം

കൊളോ 2:12

ജ്ഞാനസ്‌നാനം വഴി നിങ്ങള്‍ ക്രിസ്തുവിനോടൊപ്പം സംസ്‌കരിക്കപ്പെട്ടു;
മരിച്ചവരില്‍നിന്ന് അവനെ ഉയിര്‍പ്പിച്ച
ദൈവത്തിന്റെ പ്രവര്‍ത്തനത്തിലുള്ള വിശ്വാസംനിമിത്തം
നിങ്ങള്‍ അവനോടുകൂടെ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു,
അല്ലേലൂയാ.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,
ജ്ഞാനസ്‌നാനത്തിന്റെ നവജന്മത്തിലൂടെ
സ്വര്‍ഗീയജീവന്‍ പ്രദാനം ചെയ്യാന്‍ അങ്ങ് ഇടയാക്കിയല്ലോ.
അങ്ങനെ, നീതികരണത്തിലൂടെ അമര്‍ത്യതയുടെ പദവിക്ക്
അര്‍ഹരാകാന്‍ അങ്ങ് ഇടയാക്കിയ ഇവര്‍,
അങ്ങേ മാര്‍ഗദര്‍ശനത്താല്‍
മഹത്ത്വത്തിന്റെ പൂര്‍ണതയിലേക്ക് എത്തിച്ചേരുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

അപ്പോ. പ്രവ. 16:1-10
മക്കെദോനിയായിലേക്കു വന്ന് ഞങ്ങളെ സഹായിക്കുക.

ദെര്‍ബേ, ലിസ്ത്രാ എന്നീ സ്ഥലങ്ങളില്‍ പൗലോസ് എത്തിച്ചേര്‍ന്നു. ലിസ്ത്രായില്‍ തിമോത്തേയോസ് എന്നു പേരുള്ള ഒരു ശിഷ്യനുണ്ടായിരുന്നു – വിശ്വാസിനിയായ ഒരു യഹൂദസ്ത്രീയുടെ മകന്‍ . എന്നാല്‍, അവന്റെ പിതാവ് ഗ്രീക്കുകാരനായിരുന്നു. ലിസ്ത്രാ, ഇക്കോണിയം എന്നിവിടങ്ങളിലെ സഹോദരര്‍ക്ക് അവനെപ്പറ്റി നല്ല മതിപ്പുണ്ടായിരുന്നു. അവനെ തന്റെ കൂടെ കൊണ്ടുപോകാന്‍ പൗലോസ് തീരുമാനിച്ചു. ആ സ്ഥലങ്ങളിലുള്ള യഹൂദരെ പരിഗണിച്ച് പൗലോസ് അവനു പരിച്‌ഛേദനകര്‍മ്മം നടത്തി. എന്തെന്നാല്‍, അവന്റെ പിതാവ് ഗ്രീക്കുകാരനാണെന്ന് അവരെല്ലാവരും അറിഞ്ഞിരുന്നു. ജറുസലെമില്‍വച്ച് അപ്പോസ്തലന്മാരും ശ്രേഷ്ഠന്മാരും എടുത്ത തീരുമാനങ്ങള്‍ അനുസരിക്കണമെന്ന് അവര്‍ നഗരങ്ങളിലൂടെ ചുറ്റിസഞ്ചരിക്കവേ അവിടെയുള്ളവരെ അറിയിച്ചു. തന്മൂലം സഭകള്‍ വിശ്വാസത്തില്‍ ശക്തിപ്പെടുകയും അവരുടെ എണ്ണം അനുദിനം വര്‍ധിക്കുകയുംചെയ്തു.
ഏഷ്യയില്‍ വചനം പ്രസംഗിക്കുന്നതില്‍ നിന്ന് പരിശുദ്ധാത്മാവ് അവരെ പിന്തിരിപ്പിച്ചതുകൊണ്ട് അവര്‍ ഫ്രീജിയാ, ഗലാത്തിയാ എന്നിവിടങ്ങളിലൂടെ യാത്ര ചെയ്തു. മീസിയായ്ക്ക് അടുത്തു വന്നപ്പോള്‍ ബിഥീനിയായിലേക്കു പോകാന്‍ അവര്‍ ആഗ്രഹിച്ചു. എങ്കിലും യേശുവിന്റെ ആത്മാവ് അതിനനുവദിച്ചില്ല. തന്മൂലം, മീസിയാ പിന്നിട്ട് അവര്‍ ത്രോവാസിലേക്കു പോയി. രാത്രിയില്‍ പൗലോസിന് ഒരു ദര്‍ശനമുണ്ടായി: മക്കെദോനിയാക്കാരനായ ഒരുവന്‍ അവന്റെ മുമ്പില്‍ നിന്ന് ഇപ്രകാരം അഭ്യര്‍ഥിച്ചു: മക്കെദോനിയായിലേക്കു വന്ന് ഞങ്ങളെ സഹായിക്കുക. മക്കെദോനിയാക്കാരെ സുവിശേഷമറിയിക്കാന്‍ ദൈവം ഞങ്ങളെ വിളിച്ചിരിക്കയാണെന്ന് അറിഞ്ഞ് അവന് ദര്‍ശനമുണ്ടായ ഉടനെ ഞങ്ങള്‍ അങ്ങോട്ടു പോകാന്‍ ഉദ്യമിച്ചു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 100:1-2,3,5

ഭൂമി മുഴുവന്‍ കര്‍ത്താവിന്റെ മുമ്പില്‍ ആനന്ദഗീതം ഉതിര്‍ക്കട്ടെ. .
or
അല്ലേലൂയ!

ഭൂമി മുഴുവന്‍ കര്‍ത്താവിന്റെ മുമ്പില്‍ ആനന്ദഗീതം ഉതിര്‍ക്കട്ടെ.
സന്തോഷത്തോടെ കര്‍ത്താവിനു ശുശ്രൂഷ ചെയ്യുവിന്‍;
ഗാനാലാപത്തോടെ അവിടുത്തെ സന്നിധിയില്‍ വരുവിന്‍.

ഭൂമി മുഴുവന്‍ കര്‍ത്താവിന്റെ മുമ്പില്‍ ആനന്ദഗീതം ഉതിര്‍ക്കട്ടെ. .
or
അല്ലേലൂയ!

കര്‍ത്താവു ദൈവമാണെന്ന് അറിയുവിന്‍;
അവിടുന്നാണു നമ്മെ സൃഷ്ടിച്ചത്;
നമ്മള്‍ അവിടുത്തേതാണ്;
നാം അവിടുത്തെ ജനവും
അവിടുന്നു മേയ്ക്കുന്ന അജഗണവുമാകുന്നു.

ഭൂമി മുഴുവന്‍ കര്‍ത്താവിന്റെ മുമ്പില്‍ ആനന്ദഗീതം ഉതിര്‍ക്കട്ടെ. .
or
അല്ലേലൂയ!

കര്‍ത്താവു നല്ലവനാണ്,
അവിടുത്തെ കാരുണ്യം ശാശ്വതമാണ്;
അവിടുത്തെ വിശ്വസ്തത തലമുറകളോളം നിലനില്‍ക്കും.

ഭൂമി മുഴുവന്‍ കര്‍ത്താവിന്റെ മുമ്പില്‍ ആനന്ദഗീതം ഉതിര്‍ക്കട്ടെ. .
or
അല്ലേലൂയ!

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

യോഹ 15:18-21
അവര്‍ എന്നെ പീഡിപ്പിച്ചുവെങ്കില്‍ നിങ്ങളെയും പീഡിപ്പിക്കും.

യേശു തന്റെ ശിഷ്യരോട് പറഞ്ഞു: ലോകം നിങ്ങളെ ദ്വേഷിക്കുന്നുവെങ്കില്‍ അതിനുമുമ്പേ അത് എന്നെ ദ്വേഷിച്ചു എന്ന് അറിഞ്ഞുകൊള്ളുവിന്‍. നിങ്ങള്‍ ലോകത്തിന്റെതായിരുന്നുവെങ്കില്‍ ലോകം സ്വന്തമായതിനെ സ്‌നേഹിക്കുമായിരുന്നു. എന്നാല്‍, നിങ്ങള്‍ ലോകത്തിന്റെതല്ലാത്തതുകൊണ്ട്, ഞാന്‍ നിങ്ങളെ ലോകത്തില്‍ നിന്നു തെരഞ്ഞെടുത്തതുകൊണ്ട്, ലോകം നിങ്ങളെ ദ്വേഷിക്കുന്നു. ദാസന്‍ യജമാനനെക്കാള്‍ വലിയവനല്ല എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞവചനം ഓര്‍മിക്കുവിന്‍. അവര്‍ എന്നെ പീഡിപ്പിച്ചുവെങ്കില്‍ നിങ്ങളെയും പീഡിപ്പിക്കും. അവര്‍ എന്റെ വചനം പാലിച്ചുവെങ്കില്‍ നിങ്ങളുടേതും പാലിക്കും. എന്നാല്‍, എന്റെ നാമം മൂലം അവര്‍ ഇതെല്ലാം നിങ്ങളോടു ചെയ്യും. കാരണം, എന്നെ അയച്ചവനെ അവര്‍ അറിയുന്നില്ല.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ കുടുംബത്തിന്റെ കാണിക്കകള്‍
കാരുണ്യപൂര്‍വം സ്വീകരിക്കണമേ.
അങ്ങനെ, അങ്ങേ സംരക്ഷണത്തിന്റെ സഹായത്താല്‍
സ്വീകരിച്ചവ അവര്‍ നഷ്ടപ്പെടുത്താതിരിക്കാനും
നിത്യമായ ദാനങ്ങളിലേക്ക് എത്തിച്ചേരാനും ഇടയാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
യോഹ 17:20-21

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
പിതാവേ, അവര്‍ നമ്മില്‍ ആയിരിക്കുന്നതിനും
അങ്ങനെ അവിടന്ന് എന്നെ അയച്ചുവെന്ന്
ലോകം വിശ്വസിക്കുന്നതിനും വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു,
അല്ലേലൂയാ.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, നിരന്തരകാരുണ്യത്താല്‍
വീണ്ടെടുത്തവരെ കാത്തുപാലിക്കണമേ.
അങ്ങനെ, അങ്ങേ പുത്രന്റെ
പീഡാസഹനത്താല്‍ രക്ഷിക്കപ്പെട്ടവര്‍
അവിടത്തെ ഉത്ഥാനത്തില്‍ ആനന്ദിക്കുമാറാകട്ടെ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Leave a comment