{പുലർവെട്ടം 465}
ഫ്രോയിഡിൻ്റെ ആത്മകഥയിൽ നിന്നാണ്: അച്ഛനായിരുന്നു അയാളുടെ ഹൃദയത്തിലെ ആരാധനാമൂർത്തി. പന്ത്രണ്ടുവയസ്സുള്ളപ്പോഴായിരുന്നു അത്. പുറത്തുപോയ അച്ഛൻ തിരക്കുപിടിച്ച് വളരെ വേഗത്തിൽ മടങ്ങിയെത്തി. എന്തുപറ്റി എന്നവനാരാഞ്ഞപ്പോൾ അയാൾ പറഞ്ഞു, തെരുവിലൂടെ നടന്നു വരുമ്പോൾ ഒരു പയ്യൻ ഒരു പ്രകോപനമില്ലാതെ അയാളെ പ്രഹരിക്കുകയും തൊപ്പിയൂരി ഓടയിലേക്ക് വലിച്ചെറിയുകയും ചെയ്തു. വഴിമാറി നടക്കെടാ ജൂതാ എന്ന് അലറി വിളിച്ചു കൊണ്ടായിരുന്നു അത്. ഉള്ളു നുറുങ്ങി കൊച്ചുഫ്രോയിഡ് ചോദിച്ചു: എന്നിട്ട് പപ്പ എന്ത് ചെയ്തു?
‘ഞാൻ ഓടയിലെ അഴുക്കുവെള്ളത്തിൽ ഇറങ്ങി എൻ്റെ തൊപ്പിയെടുത്തു’.
പിന്നീടൊരിക്കലും ഫ്രോയ്ഡ് അച്ഛനെ ആദരിച്ചിട്ടില്ല.
ഏറ്റക്കുറച്ചിലുകളോടെ ഇത്തരം ഒരു വിഗ്രഹഭഞ്ജനം ഏതൊരാളുടെ ജീവിതത്തിലും സംഭവിക്കുന്നുണ്ട്. അച്ഛൻ്റെ തോളിലിരുന്നാണ് ഒരിക്കൽ കുട്ടികൾ ദേശവും ലോകവും കണ്ടിരുന്നത്. അയാൾക്ക് എല്ലാവരെക്കാളും ഉയരമുണ്ടെന്നാണ് അവർ ധരിച്ചത്. അയാളൊരു ശരാശരി മനുഷ്യനോ അല്ലെങ്കിൽ അതിനേക്കാൾ കുറിയവനോ ആണെന്ന ബോധത്തിൽ അച്ഛനെന്ന ഹീറോ നിശിതമായി വിചാരണ ചെയ്യപ്പെടുന്നു.
അച്ഛൻ ഒരു സാധു നിലനില്പാണ്. കുഞ്ഞുങ്ങളുടെ ഏറ്റവും ചെറിയ ആവശ്യങ്ങൾ പോലും പരിഹരിക്കാനാവാതെ അവരോട് കള്ളക്കഥകൾ പറഞ്ഞ് മുന്നോട്ട് പോകുന്നൊരാൾ.
Pursuit of Happiness ഇനിയും കണ്ടിട്ടില്ലെങ്കിൽ ഒന്ന് കണ്ടുനോക്കാവുന്നതാണ്.യഥാർത്ഥമായ ഒരു ജീവിതരേഖയെ ആധാരമാക്കിയാണത്. വീടോ കൃത്യമായ വരുമാനമോ ഇല്ലാത്ത ഒരാൾ നിലനില്പിനു വേണ്ടി അമേരിക്കയിലെ സാൻഫ്രാൻസിസ്കോ കണക്കൊരു നഗരത്തിൽ അലയുകയും പോരാടുകയും ചെയ്യുന്നതിന്റെ ആവിഷ്കാരമാണത്. You are a good Pappa എന്ന് ഒരു ഘട്ടത്തിൽ അയാളുടെ അഞ്ചുവയസ്സുള്ള കുട്ടി അഗതികൾക്കുള്ള രാത്രിമന്ദിരത്തിൽ അയാളെ ആലിംഗനം ചെയ്തു പറയുന്നുണ്ട്. അതങ്ങനെതന്നെയായിരിക്കാൻ ക്രിസ് ഗാർഡ്നർ എന്നൊരു നിസ്സഹായനായ അച്ഛൻ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം എന്ന് വേണമെങ്കിൽ പറയാം.
എല്ലാം യേശുവിലേക്ക് എത്തിക്കേണ്ട ബാധ്യതകൊണ്ടെന്ന് പറയരുത്. അയാളുടെയും മകൻ്റെയും അലച്ചിലുകൾ കണ്ടപ്പോൾ വെറുതെ ജോസഫ് എന്ന തച്ചനെ ഓർമ്മിച്ചു.അവരുടെ നിലനില്പിനുവേണ്ടിയുള്ള പലായനങ്ങളും. അത്തരമൊരു Vulnerable ആയ അപ്പനെ തൊട്ടടുത്ത് പരിചയമുള്ളതുകൊണ്ടാവണം ദൈവത്തെ അബ്ബായെന്ന് വിശേഷിപ്പിക്കുമ്പോഴും അതിൽ അമാനുഷിക തലങ്ങളുടെ പ്രതിധ്വനികൾ അവനടക്കം ചെയ്തില്ല. സർവ്വശക്തനായ ഒരാളായിട്ടല്ല സദാ കൂടെയുള്ള ഒരാളെന്ന നിലയിൽ ദൈവത്തെ മനുഷ്യരാശി പരിചയപ്പെടണമെന്ന് അയാൾ ആഗ്രഹിച്ചു.
അതുകൊണ്ടാണ് എന്തിനെന്നെ കൈവിട്ടു എന്ന നിലവിളികൾ പോലും അയാളിൽ നിന്ന് മുഴങ്ങുന്നത്. പിന്നെ പിടുത്തം കിട്ടി പുറകിൽ നിന്ന് ചേർത്ത് പിടിക്കുന്നുണ്ടെന്ന്.അതുകൊണ്ടുതന്നെ കാണാതെ പോയതാണ്. പിന്നിൽ നിന്നുള്ള ആലിംഗനത്തിൻ്റെ ആ തണുപ്പിലും സമാശ്വാസത്തിലുമാണ് ആ ചെറുപ്പക്കാരൻ്റെ മിഴികൾ അടഞ്ഞത്.
അച്ഛാ കാലങ്ങളെല്ലാം ഒരുപോലെയായിരിക്കുമെന്ന് അങ്ങ് ആർക്കും വാക്ക് കൊടുത്തിട്ടില്ല.എന്നാൽ എല്ലാക്കാലത്തിലും കൂടെയുണ്ടാവുമെന്ന് മന്ത്രിക്കുന്നുണ്ട്.
– ബോബി ജോസ് കട്ടികാട്
Advertisements
Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/
Advertisements

Reblogged this on Love and Love Alone.
LikeLiked by 1 person