അനുദിനവിശുദ്ധർ

അനുദിന വിശുദ്ധർ – മെയ് 13 / Daily Saints – May 13

⚜️⚜️⚜️⚜️ May 13 ⚜️⚜️⚜️⚜️
വിശുദ്ധ ജോണ്‍ ദി സൈലന്‍റ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

നിശബ്ദതയോടുള്ള സ്നേഹം കൊണ്ടാണ് വിശുദ്ധ ജോണിന് പേരിനോട് കൂടി ‘ദി സൈലന്റ്’ എന്ന വിശേഷണം ലഭിക്കുവാന്‍ കാരണം. 454-ല്‍ അര്‍മേനിയായിലെ നിക്കോപോളീസിലാണ് വിശുദ്ധന്‍ ജനിച്ചത്. ആ രാജ്യത്തെ ശ്രേഷ്ഠരായ ഗവര്‍ണര്‍മാരുടേയും, ജെനറല്‍ മാരുടേയും വംശാവലിയില്‍പ്പെട്ടവരായിരുന്നു വിശുദ്ധന്റെ മാതാപിതാക്കള്‍. തങ്ങളുടെ മകന് ദൈവീക വിദ്യാഭ്യാസം നല്‍കുക എന്നതാണ് മറ്റെന്തിനേക്കാളും പരമപ്രധാനമായി അവര്‍ കരുതിയത്. തന്റെ മാതാപിതാക്കളുടെ മരണത്തിനു ശേഷം വിശുദ്ധന്‍ നിക്കോപോളീസിലെ തന്റെ ഭൂമിയുടെ ഒരു ഭാഗത്തായി പരിശുദ്ധ കന്യകയുടെ നാമധേയത്തില്‍ ഒരു ദേവാലയവും, ഒരാശ്രമവും പണികഴിപ്പിച്ചു. ഈ ആശ്രമത്തില്‍ വിശുദ്ധന്‍ പത്തോളം വിശ്വാസികളായ സഹചാരികള്‍ക്കൊപ്പം ഏകാന്തവാസമാരംഭിച്ചു.

അപ്പോള്‍ വിശുദ്ധന് വെറും 18 വയസ്സ് മാത്രമായിരുന്നു പ്രായം. തന്റെ ആത്മാവിന്റെ വിശുദ്ധിയും ആത്മാക്കളുടെ മോക്ഷവുമായിരുന്നു വിശുദ്ധന്റെ ഏക ലക്ഷ്യം. തന്റെ സഹനങ്ങളും കഷ്ടതകളും വളരെ സന്തോഷപൂര്‍വ്വം വിശുദ്ധന്‍ സ്വീകരിച്ചു. നാവ് കൊണ്ട് പാപം ചെയ്യാതിരിക്കുവാന്‍ മാത്രമല്ല, തന്റെ എളിമയും, പ്രാര്‍ത്ഥനയോടുമുള്ള അടങ്ങാത്ത ആഗ്രഹവും മൂലം വിശുദ്ധന്‍ വളരെകുറച്ചു മാത്രമേ സംസാരിച്ചിരുന്നുള്ളു. വിശുദ്ധന്റെ ശാന്തതയും, വിവേകവും, ഭക്തിയും സകലരുടേയും സ്നേഹം വിശുദ്ധന് നേടികൊടുത്തു.

482-ല്‍ വിശുദ്ധന് 28 വയസ്സായപ്പോള്‍ സെബാസ്റ്റേയിലെ മെത്രാപ്പോലീത്തയുടെ നിര്‍ദ്ദേശപ്രകാരം വിശുദ്ധന്‍ അര്‍മേനിയായിലെ കൊളോണിയനിലെ മെത്രാനായി അഭിഷിക്തനായി. മെത്രാനായി നിയമിതനായെങ്കിലും വിശുദ്ധന്‍ തന്റെ ആശ്രമജീവിതത്തിലെ നിയമങ്ങള്‍ ഉപേക്ഷിച്ചിരുന്നില്ല. രാജധാനിയില്‍ ഉന്നത പദവികളിലിരുന്ന വിശുദ്ധന്റെ സഹോദരനും അനന്തരവനും വിശുദ്ധന്റെ പാത പിന്തുടര്‍ന്നുകൊണ്ട്, ഭൗതീകസുഖങ്ങള്‍ ഉപേക്ഷിച്ച് ആത്മീയജീവിതം സ്വീകരിച്ചു.

ഒരു മെത്രാനെന്ന നിലയില്‍ ഒമ്പത് വര്‍ഷത്തോളം വിശുദ്ധന്‍ തന്റെ ചുമതലകള്‍ ഭംഗിയായി നിര്‍വഹിച്ചു. തനിക്കുള്ളതെല്ലാം വിശുദ്ധന്‍ പാവങ്ങള്‍ക്ക് വീതിച്ചുകൊടുത്തു. തന്റെ കുഞ്ഞാടുകള്‍ക്ക് സുവിശേഷം പ്രഘോഷിക്കുകയും, അതനുസരിച്ച് ജീവിക്കുവാനുള്ള മാതൃക സ്വന്തം ജീവിതം കൊണ്ട് വിശുദ്ധന്‍ അവര്‍ക്ക് കാണിച്ചുകൊടുക്കുകയും ചെയ്തു. ഒരു രാത്രി വിശുദ്ധന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മുന്‍പിലായി ഒരു തിളങ്ങുന്ന കുരിശ് പ്രത്യക്ഷപ്പെടുകയും, “നീ രക്ഷിക്കപ്പെടുവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഈ പ്രകാശത്തെ പിന്തുടരുക” എന്നൊരു ശബ്ദവും കേള്‍ക്കുകയും ചെയ്തുവെന്നും പറയപ്പെടുന്നു. ആ കുരിശ് വിശുദ്ധന്റെ മുന്‍പിലൂടെ ചലിക്കുകയും, അവസാനം വിശുദ്ധ സാബായുടെ ആശ്രമകുടീരത്തിനെ കാണിച്ചുകൊടുക്കുകയും ചെയ്തതായി വിശുദ്ധന്റെ ജീവചരിത്ര രചയിതാവ് സാക്ഷ്യപ്പെടുത്തുന്നു. ഇതേ തുടര്‍ന്ന്‍ വിശുദ്ധന്‍ തന്റെ മെത്രാന്‍ പദവി ഉപേക്ഷിച്ച് പലസ്തീനായിലേക്ക് പോകുന്ന ഒരു കപ്പലില്‍ കയറി.

ആദ്യം അദ്ദേഹം ജെറൂസലേമിലേക്കാണ് പോയത്‌, പിന്നീട് അതിനു സമീപത്തുള്ള വിശുദ്ധ സാബായുടെ ആശ്രമത്തിലേക്കും. അപ്പോള്‍ വിശുദ്ധന് 38 വയസ്സായിരുന്നു പ്രായം. വിശുദ്ധ സാബാ, ജോണിനെ വെള്ളം കോരുവാനും, കല്ല്‌ ചുമക്കുവാനും, പുതിയ ആശുപത്രിയുടെ പണികളില്‍ മുഴുകിയിരിക്കുന്ന തൊഴിലാളികളെ സഹായിക്കുവാനുമാണ് ചുമതലപ്പെടുത്തിയത്. അതിനു ശേഷം അതിഥികളെ സ്വീകരിക്കുകയും അവരെ സല്‍ക്കരിക്കുകയും ചെയ്യുന്ന ജോലിക്കായി വിശുദ്ധനെ നിയമിച്ചു. ആ ദൈവീക മനുഷ്യന്‍ എല്ലാവരേയും ക്രിസ്തുവിനെപോലെ കരുതികൊണ്ട് സ്വീകരിക്കുകയും സേവിക്കുകയും ചെയ്തു. ഇതിനോടകം തന്നെ തന്റെ സന്യസാര്‍ത്ഥി ആശ്രമജീവിതത്തിന് പറ്റിയ ആളാണെന്ന കാര്യം വിശുദ്ധ സാബാക്ക് മനസ്സിലാവുകയും ജോണിനെ അവന്റെ ആത്മീയ ദൈവനിയോഗത്തിനായി അനുവദിക്കുകയും ചെയ്തു.

സ്വന്തമായി ഒരു ആശ്രമകുടീരം തന്നെ അദ്ദേഹം വിശുദ്ധന് നല്‍കി. അവസാനം വിശുദ്ധന്റെ യോഗ്യതയും വിശുദ്ധിയും മനസ്സിലാക്കിയ വിശുദ്ധ സാബാ ജോണിനെ പുരോഹിത പട്ട സ്വീകരണത്തിനായി പാത്രിയാര്‍ക്കീസായിരുന്ന ഏലിയാസിന്റെ പക്കലേക്കയച്ചു. പുരോഹിതനാകുന്നതിനു മുന്‍പ് വിശുദ്ധന്‍ പാത്രിയാര്‍ക്കീസിനോട് താന്‍ ഒരു മെത്രാനായിരുന്നുവെന്ന കാര്യം അറിയിച്ചു. ഇത് കേട്ട് അമ്പരന്നു പോയ പാത്രിയാര്‍ക്കീസ്‌ വിശുദ്ധ സാബായെ വിളിച്ച് ‘ജോണ്‍ തന്നോടു വെളിപ്പെടുത്തിയ ചിലകാര്യങ്ങളുടെ അടിസ്ഥാനത്തില്‍ തനിക്കദ്ദേഹത്തിന് പുരോഹിത പട്ടം നല്‍കുവാന്‍ കഴിയുകയില്ല എന്നറിയിച്ചു. വിശുദ്ധ സാബായാകട്ടെ ജോണിനെ വിളിച്ച് ഇക്കാര്യങ്ങള്‍ തന്നില്‍ നിന്നും മറച്ചുവെച്ചതില്‍ പരാതിപ്പെട്ടു. തന്റെ രഹസ്യം പുറത്തായതിനാല്‍ വിശുദ്ധന്‍ ആ ആശ്രമം വിട്ട് പോകുവാനൊരുങ്ങിയെങ്കിലും വിശുദ്ധ സാബാ ഈ രഹസ്യം ഇനി ആരോടും വെളിപ്പെടുത്തുകയില്ല എന്ന വ്യവസ്ഥയില്‍ അദ്ദേഹത്തെ അവിടെ തുടരുവാന്‍ അനുവദിച്ചു.

അതിനു ശേഷം വിശുദ്ധന്‍ ആരോടും സംസാരിക്കാതെ ഒരു മുറിയില്‍ ഒറ്റക്ക് കഴിഞ്ഞു. തനിക്ക് വേണ്ട സാധനങ്ങള്‍ തരുവാന്‍ വരുന്നവരോടല്ലാതെ മറ്റാരോടും വിശുദ്ധന്‍ സംസാരിക്കാറില്ലായിരുന്നു. ആ ആശ്രമത്തിലെ കുഴപ്പക്കാരായ ചില അന്തേവാസികള്‍ വിശുദ്ധ സാബാക്കെതിരായി തിരിയുകയും അദ്ദേഹത്തിന് ആശ്രമം വിട്ട് പോകേണ്ടതായി വരികയും ചെയ്തു. ഇതില്‍ യാതൊരു പങ്കുമില്ലാതിരുന്ന വിശുദ്ധ ജോണ്‍ സമീപത്തുള്ള ഒരു വനത്തില്‍ പോയി നിശബ്ദമായി ജീവിച്ചു. ഏതാണ്ട് ആറു വര്‍ഷത്തോളം വിശുദ്ധന്‍ ആ നിശബ്ദ ജീവിതം നയിച്ചു.

പിന്നീട് 510-ല്‍ വിശുദ്ധ സാബാ ആശ്രമത്തില്‍ തിരികെയെത്തിയപ്പോള്‍ അദ്ദേഹം വിശുദ്ധ ജോണിനെ വനത്തില്‍ നിന്നും ആശ്രമത്തിലേക്ക് കൂട്ടികൊണ്ട് വന്നു. ഏതാണ്ട് 40 വര്‍ഷത്തോളം വിശുദ്ധന്‍ ആ ആശ്രമത്തിലെ തന്റെ മുറിയില്‍ നിശബ്ദനായി താമസിച്ചു. എന്നിരുന്നാലും തന്നില്‍ ശരണം പ്രാപിക്കുന്നവര്‍ക്ക് വേണ്ട ഉപദേശങ്ങള്‍ നല്‍കുവാന്‍ വിശുദ്ധന്‍ ഒരിക്കലും മടികാണിച്ചിരുന്നില്ല. അപ്രകാരം ശരണം പ്രാപിച്ചവരില്‍ പണ്ഡിതനും, സന്യാസിയുമായിരുന്ന സിറിലും ഉണ്ടായിരുന്നു. അദ്ദേഹമാണ് വിശുദ്ധന്റെ ജീവചരിത്രം എഴുതിയത്.

ഇതില്‍ വിശുദ്ധ സിറില്‍ ഒരു സംഭവം വിവരിച്ചിരിക്കുന്നു: തനിക്ക് 16 വയസ്സ് പ്രായമുള്ളപ്പോള്‍ അദ്ദേഹം വിശുദ്ധ ജോണിന്റെ പക്കല്‍ ചെല്ലുകയും തന്റെ ജീവിതത്തില്‍ തിരഞ്ഞെടുക്കേണ്ട വഴിയേക്കുറിച്ച് വിശുദ്ധനോട് ഉപദേശം ആരായുകയും ചെയ്തു. അപ്പോള്‍ വിശുദ്ധന് 90 വയസ്സായിരുന്നു പ്രായം. വിശുദ്ധ ഇയൂത്തിമിയൂസിന്റെ ആശ്രമത്തില്‍ ചേരുവാന്‍ അദ്ദേഹം സിറിലിനെ ഉപദേശിച്ചു. എന്നാല്‍ സിറിലിനാകട്ടെ ജോര്‍ദാന്റെ തീരത്തുള്ള ഏതെങ്കിലും ആശ്രമത്തില്‍ ചേരുവാനായിരുന്നു ആഗ്രഹം. സിറില്‍ തന്റെ ഇഷ്ടപ്രകാരമുള്ള ആശ്രമത്തില്‍ ചേര്‍ന്നപ്പോഴേക്കും അദ്ദേഹത്തിന് കലശലായ രോഗം പിടിപ്പെട്ടു.

ദിനം പ്രതി അദ്ദേഹത്തിന്റെ അവസ്ഥ വഷളായികൊണ്ടിരുന്നു. വിശുദ്ധ ജോണിന്റെ ഉപദേശം സ്വീകരിക്കാഞ്ഞതില്‍ അദ്ദേഹത്തിന് പശ്ചാത്താപം തോന്നി. ആ രാത്രിയില്‍ വിശുദ്ധ ജോണ്‍ അദ്ദേഹത്തിന് ഉറക്കത്തില്‍ പ്രത്യക്ഷപ്പെടുകയും വിശുദ്ധ ഇയൂത്തിമിയൂസിന്റെ ആശ്രമം അറ്റകുറ്റപണികള്‍ നടത്തുകയാണെങ്കില്‍ അവനു തന്റെ പഴയ ആരോഗ്യം വീണ്ടുകിട്ടും എന്നറിയിക്കുകയും ചെയ്തു. സിറില്‍ അപ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്തു.

മറ്റൊരവസരത്തില്‍, സിറില്‍ വിശുദ്ധ ജോണുമായി സംസാരിച്ചുകൊണ്ടിരിക്കെ ജോര്‍ജ് എന്ന് പേരായ ഒരു മനുഷ്യന്‍ തന്റെ പിശാച് ബാധിതനായ തന്റെ മകനെയും കൊണ്ട് വിശുദ്ധന്റെ പക്കലെത്തി. വിശുദ്ധന്‍ ആ ബാലന്റെ നെറ്റിയില്‍ വിശുദ്ധ തൈലം കൊണ്ട് കുരിശടയാളം വരക്കുകയും ഉടനടി തന്നെ ആ ബാലന്‍ സുഖം പ്രാപിക്കുകയും ചെയ്തതായും സിറില്‍ വിവരിക്കുന്നു. കൂടാതെ മതവിരുദ്ധവാദിയായ കോണ്‍സ്റ്റാന്റിനോപ്പിളിലെ ഒരു പ്രഭുവിനെ വിശുദ്ധന്‍ അതി ഭക്തനായ കത്തോലിക്കാ വിശ്വാസിയാക്കി മാറ്റുകയുണ്ടായി. തന്റെ ജീവിത മാതൃകകൊണ്ടും ഉപദേശങ്ങള്‍കൊണ്ട് വിശുദ്ധന്‍ ജോണ്‍ നിരവധി ആളുകളെ ദൈവത്തിങ്കലേക്ക് തിരിച്ചിട്ടുണ്ടെന്ന് ദൈവശാസ്ത്ര പണ്ഡിതര്‍ പറയുന്നു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. പോയിന്‍റേഴ്സിലെ ആഗ്നെസ്

2. ആന്‍ഡ്രൂ ഫൂര്‍ണെറ്റ്

3. വെറോണ ബിഷപ്പായ അന്നോ

4. ഗ്ലിസേരിയാ

5. വെയില്‍സിലെ മായെല്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements
Advertisements

💙💙💙💙💙💙💙💙💙💙💙💙
പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം പതിമൂന്നാം തീയതി
💙💙💙💙💙💙💙💙💙💙💙💙

“യാക്കോബ്, മറിയത്തിന്റെ ഭർത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളിൽ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു”
(മത്തായി 1:16)

ദൈവമാതാവിന്റെ അതിശ്രേഷ്ട്ട മാതൃത്വം
💙💙💙💙💙💙💙💙💙💙💙💙

മാതൃത്വം ശ്രേഷ്ഠമാണെങ്കില്‍ ദൈവമാതൃത്വം അതിശ്രേഷ്ഠവും അത്യുന്നതവുമാണ്. തിരുസഭ കന്യാമറിയത്തെ വിവിധ നാമങ്ങളില്‍ വിളിച്ചപേക്ഷിക്കുന്നുണ്ട്. അവയില്‍ ഏറ്റം ഉത്കൃഷ്ടവും മഹത്തരവുമായത് ദൈവമാതാവ് എന്നുള്ളതാണ്. പ. കന്യകയുടെ മഹത്വത്തിന്‍റെ എല്ലാ നിദാനവും അവളുടെ ദൈവമാതൃത്വമാണല്ലോ. ദൈവമാതാവ് എന്നുള്ള നിലയില്‍ മറിയത്തിന്‍റെ സ്ഥാനവും മഹിമയും വര്‍ണ്ണാതീതവും നമ്മുടെ പരിമിതമായ ബുദ്ധിക്ക് അതീതവുമാണ്.

വി.ബൊനവെന്തുര പറയുന്നു: “ദൈവത്തിനു കുറേക്കൂടി പരിപൂര്‍ണമായ മാലാഖമാരേയോ മഹത്തരമായ പ്രപഞ്ചത്തെയോ കൂടുതല്‍ മനോഹരമായ സ്വര്‍ഗ്ഗത്തെ തന്നെയുമോ സൃഷ്ടിക്കുവാന്‍ കഴിയും. എന്നാല്‍ ദൈവമാതാവിനെക്കാള്‍ പരിപൂര്‍ണയായ ഒരു അമ്മയെ സൃഷ്ടിക്കുക സാധ്യമല്ല.” ദൈവം മനുഷ്യനു പ്രദാനം ചെയ്തിരിക്കുന്ന എല്ലാ വിശേഷ വരങ്ങളിലും വച്ച് മഹോന്നതമായത് ദൈവമാതൃത്വമാണ്. മറ്റെല്ലാ വശങ്ങളും ഇതിനെ ആശ്രയിച്ചു നില്‍ക്കുന്നുവെന്ന് പറയാം. മറിയത്തിന്‍റെ അമലോത്ഭവവും നിത്യകന്യാത്വവുമെല്ലാം ദൈവമാതൃത്വത്തെ പ്രതിയാണ് അവര്‍ക്ക് നല്‍കപ്പെട്ടത്‌.

ദൈവമാതൃത്വം ക്രിസ്തുമതത്തിന്‍റെ അടിസ്ഥാന തത്വമാണ്. മറിയത്തെ ദൈവമാതാവായി നാം കണക്കാക്കുന്നിലെങ്കില്‍ നമ്മുടെ വിശ്വാസം യുക്തിഹീനമാണ്. മറിയത്തിന്‍റെ ദൈവമാതൃത്വം നിഷേധിക്കുന്നവര്‍ വിശ്വാസത്തിന്‍റെ അടിസ്ഥാനപരമായ മറ്റു പല സത്യങ്ങളെയും നിഷേധിക്കുന്നു. എന്നാല്‍ ദൈവമാതൃത്വം അംഗീകരിച്ചാല്‍ ‍മറ്റു വിശ്വാസ സത്യങ്ങളും അംഗീകരിക്കുവാന്‍ എളുപ്പമുണ്ട് താനും.

ജനിപ്പിക്കുക, പ്രസവിക്കുക മുതലായവ നാം വ്യക്തിയിലാണ് ആരോപിക്കുന്നത്. സ്വാഭാവിക ജനനത്തില്‍ മാതാപിതാക്കന്മാരുടെ പങ്ക് ശിശുവിന്‍റെ ശരീര രൂപീകരണമാണ്. അപ്രകാരം രൂപീകൃതമാകുന്ന ശരീരത്തില്‍ ദൈവം ആത്മാവിനെ നിവേശിപ്പിക്കുമ്പോള്‍ അത് വ്യക്തിയായിത്തീരുന്നു. എങ്കിലും നാം മാതാപിതാക്കന്മാരെക്കുറിച്ച് ഒരു വ്യക്തിയുടെ ശരീരത്തിന്‍റെ മാതാവ്, പിതാവ് എന്നല്ല പറയുന്നത്. ഇതുപോലെ പ.കന്യകയും മാംസമായി അവതരിച്ച ദൈവവചനത്തിന്‍റെ മാതാവ് അഥവാ ദൈവമാതാവ് എന്ന് പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ നമുക്കു പറയാന്‍ സാധിക്കും.

മറ്റു മാതാക്കളെപ്പോലെ മറിയവും തന്‍റെ ശിശുവിന് മനുഷ്യത്വം മാത്രമാണ് നല്‍കിയത്. എന്നിരുന്നാലും മനുഷ്യസ്വഭാവം സ്വീകരിച്ചത് ദൈവിക വ്യക്തിയാണ്. അതിനാല്‍ മറിയം ദൈവമാതാവാണ്. സാധാരണ മാതൃത്വത്തിനാവശ്യമായ ദാമ്പത്യ ധര്‍മ്മാനുഷ്ഠാനം മറിയത്തില്‍ സംഭവിച്ചിട്ടില്ല. ബാക്കിയുള്ള മാതൃത്വത്തിന്‍റേതായ കടമകള്‍ എല്ലാം അവള്‍ നിര്‍വഹിച്ചു.

മറിയം ദൈവസുതനെ ഒമ്പതു മാസക്കാലം സ്വന്തം ഉദരത്തില്‍ സംവഹിക്കുകയും സ്വരക്തത്താല്‍ പരിപോഷിപ്പിക്കുകയും ചെയ്തു. പ്രസവാനന്തരം സ്നേഹവും കരുതലും നല്‍കി പരിപോഷിപ്പിക്കുകയും ചെയ്തു. ആകയാല്‍ ദൈവമായ മിശിഹാ, അവളുടെ മാംസത്തിന്‍റെ മാംസവും രക്തത്തിന്‍റെ രക്തവുമാണെന്നു മേരിക്ക് പറയുവാന്‍ സാധിക്കും.

സംഭവം
💙💙💙💙

ഹെന‍്റി ഗ്വനിയര്‍ (Henry Guiner) എന്ന പണ്ഡിതന്‍ ലൂര്‍ദ്ദില്‍ നടക്കുന്ന അത്ഭുതങ്ങളെപ്പറ്റി ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. 1862 ആണ്ടു മുതല്‍ നാല്‍പ്പതു വര്‍ഷക്കാലത്തെയ്ക്കു ലൂര്‍ദ്ദിലെ ഗ്രോട്ടോയുടെ സമീപത്ത് എന്‍റെ വേനല്‍ക്കാല വസതിയില്‍ ഞാന്‍ വിശ്രമിച്ചു വരികയാണ്. ലൂര്‍ദ്ദിലെ പട്ടണത്തില്‍ തന്നെ പത്തുകൊല്ലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇവിടെ വച്ച് അനേകായിരം തീര്‍ത്ഥാടകരുടെയും അനേകം രോഗികളുടെയും ഗമന നിര്‍ഗ്ഗമന‍ങ്ങള്‍ ഞാന്‍ കണ്ടു. വൈദ്യവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന മറ്റു പലരേയും പോലെ ഞാന്‍ അവിശ്വാസമുള്ളവനായിരുന്നു.

വളരെ ജോലിത്തിരക്കുള്ളവനും സമയം ഒട്ടും നഷ്ടപ്പെടുത്തുവാന്‍ പറ്റില്ലാത്ത ഒരാളാണ് താന്‍ എന്നായിരുന്നു എന്‍റെ ഭാവം. അലക്ഷ്യതയും മുന്‍വിധിയും നിമിത്തം മുപ്പതു വര്‍ഷക്കാലത്തേയ്ക്കു ലൂര്‍ദിലെ ഏറ്റവും വിലയുള്ള സാക്ഷ്യങ്ങളെ വകവയ്ക്കാതെ ജീവിച്ചു. എതിര്‍ക്കാനാവാത്ത ശക്തിയോടു കൂടിയ തെളിവുകളും ഏറ്റവും ആശ്ചര്യവഹമായി കൂടെക്കൂടെ നടന്നു കൊണ്ടിരുന്ന രോഗശമനങ്ങളും പ്രബലമായി. അത് എന്നില്‍ സ്വാധീനശക്തി ചെലുത്തി.

ഒടുവില്‍ എന്‍റെ ശിരസ്സു കുനിക്കുകയും എനിക്കുണ്ടായ ബോധ്യത്തെ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. ലൂര്‍ദ്ദിലെ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥത്തില്‍ നടന്ന അത്ഭുതങ്ങളുടെ പരിശോധനയ്ക്കു വേണ്ടിയുള്ള ഈ ഹോസ്പിറ്റലില്‍ ഞാന്‍ കണ്ടിട്ടുള്ളതും അറിഞ്ഞിട്ടുള്ളതുമായവയെ സകല അത്ഭൂതങ്ങളും സത്യമാണെന്നു സകലരെയും ഞാന്‍ ഇപ്പോള്‍ അറിയിച്ചു കൊള്ളുന്നു.

പ്രാര്‍ത്ഥന
💙💙💙💙

ദൈവമേ, അങ്ങ് പ. കന്യകയെ അങ്ങേ മാതാവായി തെരഞ്ഞെടുത്ത് മഹത്വപ്പെടുത്തിയതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു. അങ്ങേയ്ക്ക് ഞങ്ങള്‍ കൃതജ്ഞത പറയുന്നു. ദൈവജനനി, അങ്ങ് സര്‍വ സൃഷ്ടികളിലും ഉന്നതയാണ്. അങ്ങ് ഞങ്ങളുടെ അഭിമാനപാത്രവുമത്രേ. ഞങ്ങള്‍ അവിടുത്തെ മഹത്വത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ ഞങ്ങളുടെ ഹീനതയെ മനസ്സിലാക്കുന്നു. അവിടുത്തെ അനുസ്മരിച്ച് കൂടുതല്‍ വിശുദ്ധി പ്രാപിച്ച് അങ്ങേ ദിവ്യസുതന്‍റെ യഥാര്‍ത്ഥ അനുയായികളായിത്തീരുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്കു നല്‍കേണമേ. സര്‍വോപരി ആദ്ധ്യാത്മികവും ഭൗതികവുമായ എല്ലാ ആവശ്യങ്ങളിലും ഞങ്ങള്‍ക്കും അങ്ങേ അനുഗ്രഹവര്‍ഷം ഉണ്ടാകട്ടെ. ലോകസമാധാനവും മാനവകുലത്തിന്‍റെ മാനസാന്തരവും ഐക്യവും സാധിച്ചു തിരുസഭ വിജയം വരിക്കുന്നതിനുള്ള കൃപ ലഭിച്ചു തരേണമേ

വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം

എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്, നിന്‍റെ ഉപകാര സഹായം അപേക്ഷിച്ചു, നിന്‍റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചു കൊള്ളണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വണ്ണമുള്ള ശരണത്താല്‍ ഉറച്ചു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണഞ്ഞു വരുന്നു. നെടുവീര്‍പ്പിട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്‍റെ തിരുമുമ്പില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്‍റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കേട്ടരുളേണമേ.

ആമ്മേനീശോ.

* ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന് ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ .

(മൂന്നു പ്രാവശ്യം ചൊല്ലുക).

ദൈവമാതാവിന്റെ ലുത്തിനിയ

കര്‍ത്താവേ! അനുഗ്രഹിക്കണമേ,

മിശിഹായെ! അനുഗ്രഹിക്കണമേ,

കര്‍ത്താവേ! അനുഗ്രഹിക്കണമേ,

മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,

റൂഹാദക്കുദീശാ തമ്പുരാനേ,

എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ,

പരിശുദ്ധ മറിയമേ

(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

ദൈവകുമാരന്‍റെ പുണ്യജനനി,

കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ,

മിശിഹായുടെ മാതാവേ,

ദൈവപ്രസാദവരത്തിന്‍റെ മാതാവേ,

എത്രയും നിര്‍മ്മലയായ മാതാവേ,

അത്യന്ത വിരക്തിയുള്ള മാതാവേ,

കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ,

കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ,

സ്നേഹഗുണങ്ങളുടെ മാതാവേ,

അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ,

സദുപദേശത്തിന്‍റെ മാതാവേ,

സ്രഷ്ടാവിന്‍റെ മാതാവേ,

രക്ഷിതാവിന്‍റെ മാതാവേ,

വിവേകൈശ്വര്യമുള്ള കന്യകേ,

പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ,

സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ,

വല്ലഭമുള്ള കന്യകേ,

കനിവുള്ള കന്യകേ,

വിശ്വാസവതിയായിരിക്കുന്ന കന്യകേ,

നീതിയുടെ ദര്‍പ്പണമേ,

ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ,

ഞങ്ങളുടെ തെളിവിന്‍റെ കാരണമേ,

ആത്മജ്ഞാന പൂരിത പാത്രമേ,

ബഹുമാനത്തിന്‍റെ പാത്രമേ,

അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,

ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ,

ദാവീദിന്‍റെ കോട്ടയെ,

നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ,

സ്വര്‍ണ്ണാലയമേ,

വാഗ്ദാനത്തിന്‍റെ പെട്ടകമേ,

ആകാശ മോക്ഷത്തിന്‍റെ വാതിലേ,

ഉഷകാലത്തിന്‍റെ നക്ഷത്രമേ,

രോഗികളുടെ സ്വസ്ഥാനമേ,

പാപികളുടെ സങ്കേതമേ,

വ്യാകുലന്‍മാരുടെ ആശ്വാസമേ,

ക്രിസ്ത്യാനികളുടെ സഹായമേ,

മാലാഖമാരുടെ രാജ്ഞി,

ബാവാന്മാരുടെ രാജ്ഞി,

ദീര്‍ഘദര്‍ശികളുടെ രാജ്ഞി,

ശ്ലീഹന്‍മാരുടെ രാജ്ഞി,

വേദസാക്ഷികളുടെ രാജ്ഞി,

വന്ദനീയന്‍മാരുടെ രാജ്ഞി,

കന്യാസ്ത്രീകളുടെ രാജ്ഞി,

സകല‍ പുണ്യവാന്മാരുടെയും രാജ്ഞി,

അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി,

സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി,

പരിശുദ്ധ ജപമാലയുടെ രാജ്ഞി,

സമാധാനത്തിന്‍റെ രാജ്ഞി,

കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി.

ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ,

(കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ)

ഭൂലോക പാപങ്ങളെ നീക്കുന്ന….

(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.)

ഭൂലോക പാപങ്ങളെ നീക്കുന്ന…..

(കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.)

ജപം

സര്‍വ്വേശ്വരന്‍റെ പുണ്യസമ്പൂര്‍ണ്ണയായ മാതാവേ, ഇതാ നിന്‍റെ പക്കല്‍ ഞങ്ങള്‍ ആശ്രയിക്കുന്നു. ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകള്‍ നീ ത്യജിക്കല്ലേ. ഭാഗ്യവതിയും ആശീര്‍വദിക്കപ്പെട്ടവളുമായ അമ്മേ, സകല ആപത്തുകളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.

കാര്‍മികന്‍: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.

സമൂഹം: സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

കര്‍ത്താവേ! മുഴുവന്‍ മനസ്സോടു കൂടെ അങ്ങയുടെ മുമ്പില്‍ നില്‍ക്കുന്ന ഈ കുടുംബത്തെ (ഈ കൂട്ടത്തെ) തൃക്കണ്‍പാര്‍ത്ത് എപ്പോഴും കന്യകയായിരിക്കുന്ന മറിയത്തിന്‍റെ അപേക്ഷയാലെ സകല ശത്രുക്കളുടെ ഉപദ്രവങ്ങളില്‍ നിന്ന് കൃപചെയ്തു രക്ഷിച്ചു കൊള്ളണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ചു ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍.

ജപം

പരിശുദ്ധ രാജ്ഞി, കരുണയുടെ മാതാവേ, സ്വസ്തീ! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തീ! ഹവ്വായുടെ പുറംതള്ളപ്പെട്ട മക്കളായിരിക്കുന്ന ഞങ്ങള്‍ അങ്ങേപ്പക്കല്‍ നെടുവീര്‍പ്പിടുന്നു. ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്ഥേ! അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ നേരെ‍ തിരിക്കണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്‍റെ അനുഗൃഹീത ഫലമായ ഈശോയെ, ഞങ്ങള്‍ക്കു കാണിച്ചു തരണമേ, കരുണയും വാത്സല്യവും നിറഞ്ഞ കന്യകാമറിയമേ! ആമ്മേന്‍.

കാര്‍മികന്‍: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.

സമൂഹം: സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

സര്‍വശക്തനും, നിത്യനുമായിരിക്കുന്ന സര്‍വ്വേശ്വരാ, ഭാഗ്യവതിയായിരിക്കുന്ന മറിയത്തിന്‍റെ ആത്മാവും ശരീരവും റൂഹാദക്കുദിശായുടെ അനുഗ്രഹത്താലെ നിന്‍റെ ദിവ്യപുത്രന് യോഗ്യമായ പീഠമായിരിപ്പാന്‍ പൂര്‍വികമായി നീ നിയമിച്ചുവല്ലോ. ഈ ദിവ്യമാതാവിനെ നിനച്ചു സന്തോഷിക്കുന്ന ഞങ്ങള്‍, ഇവരുടെ അനുഗ്രഹമുള്ള അപേക്ഷയാലെ ഈ ലോകത്തിലുള്ള സകല‍ ആപത്തുകളില്‍ നിന്നും, നിത്യമരണത്തില്‍ നിന്നും രക്ഷിക്കപ്പെടുവാന്‍ കൃപ ചെയ്യണമേ. ഈ യാചനകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ച് ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍.

പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ
💙💙💙

പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ .

സുകൃതജപം
💙💙💙💙💙

ഉണ്ണിയീശോയേ ഉദരത്തില്‍ സംവഹിച്ച മാതാവേ, അങ്ങേ തിരുക്കുമാരനെ ഹൃദയത്തില്‍ സംവഹിക്കുവാന്‍ കൃപ ചെയ്യണമേ.
💙💙💙💙💙💙💙💙💙💙💙💙

Advertisements

🌻പ്രഭാത പ്രാർത്ഥന🌻

ഞാൻ നിങ്ങളെ സ്നേഹിച്ചതു പോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം.. (യോഹന്നാൻ : 15/12)
സ്നേഹസ്വരൂപനായ ദൈവമേ..
ഞങ്ങൾക്കു ദാനമായി കിട്ടിയ ഈ ജീവിതത്തിലെ നന്മകളെ ദൈവത്തിന്റെ വിവിധ ദാനങ്ങളുടെ ഉത്തമനായ കാര്യസ്ഥനെന്ന നിലയിൽ മറ്റുള്ളവർക്കു വേണ്ടി ഉപയോഗിക്കുവാനുള്ള അനുഗ്രഹം തേടി ഞങ്ങൾ അവിടുത്തെ അരികിൽ അണഞ്ഞിരിക്കുന്നു.പലപ്പോഴും മറ്റുള്ളവരുടെ ജീവിതത്തിൽ അനർത്ഥങ്ങളും ദുരിതങ്ങളും സംഭവിക്കുമ്പോൾ ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ലെന്നു കരുതി നിസംഗതയോടെ ഒഴിഞ്ഞു മാറുന്നവരാണ് ഞങ്ങൾ.. അപരന്റെ കുടുംബത്തെ കുറിച്ച് ഒരപവാദമുണ്ടായാലോ.. അവന്റെ മക്കളുടെ അനുചിതമല്ലാത്ത പ്രവൃത്തികളാൽ അവനും കുടുംബവും വേദനയുടെ ഒറ്റത്തുരുത്തിൽ കഴിയേണ്ടി വന്നാലോ..സാമ്പത്തിക പരാധീനതകൾ മൂലം അവന്റെ കുടുംബത്തിൽ ഒരു അത്യാഹിതം സംഭവിച്ചാലോ.. അവൻ കടഭാരങ്ങളുടെ സമ്മർദ്ദങ്ങളിൽ പെട്ട് മനം തകർന്ന് ഉഴറിയാലോ ഇതൊന്നും എനിക്കോ എന്റെ ബന്ധുക്കൾക്കോ സംഭവിക്കാത്തിടത്തോളം കാലം എനിക്ക് നാലാളോടൊപ്പം പറഞ്ഞിരിക്കാനുള്ള ഒരു കാര്യമോ അല്ലെങ്കിൽ
അയൽപ്പുറത്തെ വെറും ദുരന്തവിശേഷങ്ങളോ മാത്രമാണ്.
ഈശോയേ.. സ്വയം ശൂന്യനായി ഞങ്ങൾക്ക് അങ്ങു പകർന്നു തന്ന സ്നേഹത്തെ ഞങ്ങളുടെ സ്വാർത്ഥതയുടെ സ്വയമിടങ്ങളിൽ മാത്രം പങ്കു വച്ചു നൽകുന്ന ശീലത്തിനു ഞങ്ങൾ അടിമയായി പോയി. എന്നിലെ സ്വാർത്ഥതയുടെ പുറംതോടുകളെ പൊളിച്ചു മാറ്റി അപരന്റെ നോവുകളിലെ കരുത്താകാനും അവന്റെ ആശ്രയമാകുവാനും ഞങ്ങളെ പഠിപ്പിക്കേണമേ.. അപ്പോൾ അങ്ങു ഞങ്ങളെ സ്നേഹിച്ചതു പോലെ പരസ്പരം സ്നേഹിക്കാനും ഈ വറുതിയുടെ നാളുകളിൽ പരസ്പരം സമാശ്വാസമേകാനും ഞങ്ങൾക്കും സാധിക്കുക തന്നെ ചെയ്യും..

ദൈവതിരുമനസ്സിനു സ്വയം സമർപ്പിച്ച ദൈവമാതാവേ.. ദൈവതിരുമനസ്സിനനുസരിച്ചു ജീവിക്കാൻ ഞങ്ങളെ സഹായിക്കേണമേ. ആമേൻ.

Advertisements

സത്യത്തോടുള്ള വിധേയത്വംവഴി നിഷ്‌കപടമായ സഹോദരസ്‌നേഹത്തിനായി നിങ്ങളുടെ ആത്‌മാവ്‌ പവിത്രീകരിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഹൃദയപൂര്‍വകമായും ഗാഢമായും പരസ്‌പരം സ്‌നേഹിക്കുവിന്‍.
1 പത്രോസ് 1 : 22

എന്നോടൊത്തു കര്‍ത്താവിനെമഹത്വപ്പെടുത്തുവിന്‍;
നമുക്കൊരുമിച്ച്‌ അവിടുത്തെനാമത്തെസ്‌തുതിക്കാം.
ഞാന്‍ കര്‍ത്താവിനെ തേടി,അവിടുന്ന്‌ എനിക്കുത്തരമരുളി;
സര്‍വ ഭയങ്ങളിലുംനിന്ന്‌ അവിടുന്ന്‌എന്നെ മോചിപ്പിച്ചു.
സങ്കീര്‍ത്തനങ്ങള്‍ 34 : 3-4

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s