{പുലർവെട്ടം 467}
ആകാശങ്ങളിലെ ഞങ്ങളുടെ അച്ഛാ / Our Father in Heaven
വിദ്യാലയത്തിൽ സ്പ്യെഷ്യൽ ക്ലാസ്സ് ഉണ്ടെന്ന് ജ്യേഷ്ഠനോട് കള്ളം പറഞ്ഞാണ് ആ പതിനേഴ്കാരൻ അന്ന് വീടുവിട്ടിറങ്ങിയത്.തിരുവണ്ണാമലയിലേയ്ക്കുള്ള യാത്രയായിരുന്നു അത്. പിന്നീടൊരിക്കലും അയാൾ അവിടേയ്ക്ക് മടങ്ങി വന്നില്ല.ചെറിയൊരു കത്ത് വീട്ടുകാർ കണ്ടെത്തി വായിക്കുന്നത് പിന്നീടാണ്: ഞാനെന്റെ അച്ഛനെ തേടിപ്പോവുകയാണ്.അതിനും നാലുവർഷം മുമ്പ് അച്ഛൻ മരിച്ചിരുന്നു. പിന്നെ എന്താണ് അയാൾ തിരഞ്ഞുപോകുന്നത്?അതേ.രമണമഹർഷിയെക്കുറിച്ച് തന്നെയാണ് പറഞ്ഞുവരുന്നത്.
ചെറുതും വലുതുമായ അനാഥത്വത്തിന്റെ നിസ്സഹായതയിൽ നിന്നും അശാന്തിയിൽനിന്നുമാണ് എല്ലാ ആത്മീയാന്വേഷണങ്ങളും ആരംഭിക്കുന്നത് എന്ന് തോന്നുന്നു.ഭൂമിയുടെ ആന്തരിക ഭൂപടത്തെ രൂപപ്പെടുത്തിയ എല്ലാവരിലും അതിന്റെ ഇഴകൾ പിണഞ്ഞു കിടക്കുന്നു.അതാരുമാവാം.നമുക്ക് പരിചയമുള്ള ചില നാമങ്ങൾ ഓർമ്മിക്കുക.പുഴയിൽ ഒഴുകിപ്പോകുന്ന ആ കുട്ടിയെ നോക്കുക.വെള്ളത്തിൽനിന്ന് എടുക്കപ്പെട്ടവൻ എന്ന അർത്ഥത്തിൽ മോശയെന്ന് അവന് പേര് കിട്ടി.എല്ലാ അർത്ഥത്തിലും അനാഥൻ.വേറൊരു ദേശത്തും കാലത്തും ഒരു നവജാതപൈതലുമായി ആഷാഢത്തിലെ കോരിച്ചൊരിയുന്ന മഴയത്ത് ഒരാൾ ശിഷ്ടകാലത്തിലേക്കുള്ള അവൻ്റെ വളർത്തുഗൃഹം തിരഞ്ഞുപോവുകയാണ്.കുട്ടി ഇനിയൊരിക്കലും തൻ്റെ അച്ഛനോടും അമ്മയോടും ഒപ്പമായിരിക്കില്ല.കരിനീലവർണ്ണമുള്ള ആ കുഞ്ഞ് ശ്യാമകൃഷ്ണനായും അറിയപ്പെടും.പിന്നെയും മുൻപോട്ടു പോകുമ്പോൾ ഭൂമിയെ നിർവാണരഹസ്യം പഠിപ്പിക്കേണ്ട മറ്റൊരു കുഞ്ഞ് പിറന്നു.ചിപ്പിയുടഞ്ഞ് മുത്ത് അവശേഷിക്കുന്നത് പോലെ അമ്മ മായാദേവി കടന്നുപോയി.ബോധോദയത്തിൽ മായ(illusion) അലിഞ്ഞു പോകുന്നതിൻ്റെ രൂപകകഥയായി അതിനെ വ്യാഖ്യാനിക്കുന്നവരുമുണ്ട്.നാല് നൂറ്റാണ്ടുകൾക്ക് ശേഷം യേശുവെന്ന സുകൃതമുണ്ടാവുന്നു.ചൂണ്ടിക്കാണിക്കുവാൻ മണ്ണിന് മീതേ അച്ഛനെന്നൊരാൾ ഇല്ലെന്നതായിരുന്നു ആ കുഞ്ഞിന്റെ പ്രശ്നം.ജോസഫ് വളർത്തച്ഛനാണ്.സമാനതകളുടെ ഈ കഥ നബിത്തിരുമേനിയിലെത്തി അവസാനിപ്പിക്കേണ്ടതുണ്ട്.ഏകദേശം 570 ൽ ആണ് അറേബ്യൻ നഗരമായ മെക്കയിൽ കുഞ്ഞിന്റെ പിറവി.പിറക്കുന്നതിന് മുൻപേ അച്ഛൻ നഷ്ടമായി.ആറാം വയസ്സിൽ അമ്മയുടെ മരണത്തോടെ പരിപൂർണ്ണ യത്തീമായി.
തങ്ങളുടെ ബാല്യകൗമാരങ്ങളിൽ അരികിൽ ഇല്ലാതെപോയ അഭയത്തിൻ്റെയും വാത്സല്യത്തിൻ്റെയുമൊക്കെ പ്രതിധ്വനികൾ പരിവ്രാജകരും സഞ്ചാരികളുമായ ചിലർ പ്രപഞ്ചത്തിന് മീതേ തിരഞ്ഞ കഥയാണ് ഓരോരോ കാലത്തിന്റെ ധർമ്മങ്ങളായി മാറിയത്.
അങ്ങനെയാണ് അയാൾ സ്വർഗ്ഗത്തിലെ പിതാവിനെ തിരിച്ചറിയുന്നത്.അരികിലുള്ളത് അറിയില്ലന്നേയുള്ളൂ.നഗരത്തിലെ ഒരു ബഹുനിലക്കെട്ടിടത്തിന് തീപിടിച്ചു.ജാലകപ്പടിയിൽ ഒരു ചെറിയ കുട്ടി പരിഭ്രാന്തനായി നില്പുണ്ട്.താഴെ നിന്ന് തീയണയ്ക്കുന്നവരുടെ നിർദ്ദേശം കുട്ടിയെത്തേടിയെത്തി: ചാടുക!
തീയിലും പുകയിലും അവനവരെ കാണുന്നില്ലെന്നതിൽ കഥയില്ല.കഥ മുഴുവൻ നീണ്ടുവരുന്ന ആ കരങ്ങളിലാണ്.
-ബോബി ജോസ് കട്ടികാട്
Advertisements
Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/
Reblogged this on Love and Love Alone.
LikeLiked by 1 person