പുലർവെട്ടം

പുലർവെട്ടം 469

{പുലർവെട്ടം 469}

 
പതിമൂന്നാം നൂറ്റാണ്ടിൽ നിന്നാണ്.
 
ഒരു ചെറുപ്പക്കാരനെ അക്ഷരാർത്ഥത്തിൽ വലിച്ചിഴച്ച് അയാളുടെ അച്ഛൻ ബിഷപ്പിന്റെ മുൻപിലെത്തിച്ചു.അയാൾക്ക് അവനെക്കുറിച്ച് നിറയെ പരാതിയാണ്. സ്വപ്നജീവിയാണയാൾ. കുടുംബത്തിൻ്റെ വ്യാപാരത്തിൽ പങ്ക് ചേരുന്നില്ല. അളവില്ലാതെ ദരിദ്രർക്ക് കൊടുക്കുന്നു. തകർന്ന് തുടങ്ങിയ കപ്പേളകളെ സ്വന്തം കഠിനാധ്വാനം കൊണ്ട് പണിതുയർത്തുന്നു. കുഷ്ഠരോഗികളോടും യാചകരോടുമൊത്ത് സഹവസിക്കുന്നു. അങ്ങനെ ആരോപണങ്ങൾ നീണ്ടു.
ഞാനെന്താണ് ചെയ്തു തരേണ്ടത്?
 
എൻ്റെ ധനത്തിലോ വ്യാപാരത്തിലോ അവന് ഇനിയൊരു അവകാശമുണ്ടാവില്ല എന്ന് തീർപ്പ് കല്പിച്ചാൽ മതി. ചെറുപ്പക്കാരൻ എല്ലാത്തിനും തയ്യാറായിരുന്നു. കൈവശമുള്ള നാണയങ്ങൾ കാൽച്ചുവട്ടിൽ വച്ചു. അപ്പോഴാണ് ഓർത്തത്,അപ്പൻ്റേതല്ലാതെ ഒരു നൂലിഴ പോലും സ്വന്തമായിട്ടില്ല. പിന്നെ നടന്നത് ചരിത്രസന്ധികളിലെ ഏറ്റവും നല്ല നാടകങ്ങളിൽ ഒന്നായിരുന്നു. ഓരോരോ വസ്ത്രങ്ങളായി ഊരിയെടുത്തു. മടക്കി അപ്പൻ്റെ കാൽച്ചുവട്ടിൽ വച്ചു: ഇതുംകൂടി അങ്ങേയ്ക്ക് അവകാശപ്പെട്ടതാണ്. പിന്നെയിങ്ങനെ തുടർന്നു. ഇതുവരെയും ഞാൻ അങ്ങയെ, പീറ്റർ ബെർണാഡോവിനെ അച്ഛനെന്ന് വിളിച്ചു…. ഈ നിമിഷം മുതൽ സ്വർഗ്ഗസ്ഥനായ പിതാവാണ് എൻ്റെ അച്ഛൻ.
 
ബിഷപ്പ് തൻ്റെ മേലുടുപ്പുകൊണ്ട് ചെറുപ്പക്കാരനെ മൂടി. അതിനിടയിൽ ഒരു തോട്ടക്കാരൻ്റെ വസ്ത്രം ആരോ വച്ചു നീട്ടി. അതയാളണിഞ്ഞു. പിന്നെ നിശ്ശബ്ദമായി.പുതിയ അച്ഛന്റെ വിശാലമായ വഴികളിലേക്കിറങ്ങി നടന്നു.
 
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വലിയൊരു ആൾക്കൂട്ടം അരമനയുടെ അങ്കണത്തിലുണ്ടായിരുന്നു. ഒരു ചെറുപ്പക്കാരൻ വിവസ്ത്രനാവുന്നതുകണ്ട് ഒരാളും കണ്ണുതാഴ്ത്തിയില്ല. സമകാലീനനായ ഒരു ചരിത്രകാരൻ അടയാളപ്പെടുത്തുന്നത് പോലെ: ഒരു കുഞ്ഞ് പിറക്കുന്നത് കണ്ട് ഇന്നോളം ഒരു വയറ്റാട്ടിയും കണ്ണുതാഴ്ത്തിയിട്ടില്ല.അത്രമേൽ നിർമ്മലനായി ഒരാൾ പിറവി കൊള്ളുകയാണ്.
 
വീണ്ടും പിറക്കുക എന്നതായിരുന്നു യേശുദൂതിൻ്റെ കാതൽ. അവനവൻ്റെ നിഷ്കളങ്കതയിലേക്ക് മടങ്ങിപ്പോവുക തുടങ്ങി അനവധി വ്യാഖ്യാനങ്ങൾ അതിന് കല്പിച്ചു കൊടുക്കുമ്പോഴും അതിലേറ്റവും സാരവത്തായിതോന്നുന്നത് ഈ പുതിയ പിതൃബോധത്തിലേക്കുള്ള പ്രാണൻ്റെ ഉണർവാണ്. അതിനുശേഷം അയാളും ലോകവും ദൈവവുമൊന്നും പഴയതല്ല.
 
പിന്നീടാണ് ഫ്രാൻസിസ് സകലത്തെയും കൂടപ്പിറപ്പായി എണ്ണിയത്. സൂര്യൻ സഹോദരൻ,പുഴ സഹോദരി, കാറ്റും അങ്ങനെതന്നെ. സഹോദരൻ കള്ളന് – ബ്രദർ തീഫിന് ഭക്ഷണം കൊടുക്കാതെ അയാളെ പ്രഹരിച്ചോടിച്ചത് എന്തിനെന്നാണ് മറ്റൊരിക്കൽ അതിനെക്കുറിച്ച് മേനി പറഞ്ഞവരോട് അയാളുടെ സങ്കടം. അതിൻ്റെ പ്രതിധ്വനിയിലാണ് കുറേ ചെറുപ്പക്കാർ പിഞ്ഞാണത്തിൽ വിളമ്പിവച്ച ഭക്ഷണവുമായി പൈൻമരങ്ങൾക്കിടയിലൂടെ നിലവിളിച്ചു നടക്കുന്നത്: സഹോദരൻ കള്ളാ, സഹോദരൻ കള്ളാ വന്ന് അത്താഴം കഴിച്ചിട്ട് പോടാ.
 
ലോകം പുതിയൊരു സാഹോദര്യബോധത്തിൻ്റെ മഴയിൽ ജ്ഞാനസ്നാനപ്പെടുകയാണ്.
 
– ബോബി ജോസ് കട്ടികാട്
Advertisements
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

1 reply »

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s