പുലർവെട്ടം 470

{പുലർവെട്ടം 470}

 
ഇരുട്ട് പിഴിഞ്ഞ് വെളിച്ചം എന്നതിനെ അടിവരയിടുന്ന ചിത്രമാണ് City of God. ബ്രസീലിൻ്റെ തലസ്ഥാനമായ റിയോയുടെ വിളുമ്പിലെ ചേരികളിൽ നിന്നാണ് ആ ചിത്രം വരുന്നത്. ഒരേ സാഹചര്യത്തിൽ ജനിച്ചുവളർന്ന രണ്ടു കുട്ടികളിൽ ഒരാൾ റിംഗ് ലീഡർ ആകുന്നു. രണ്ടാമത്തെ കുട്ടി ഫോട്ടോ ജേർണലിസ്റ്റും. അവൻ്റെ മിഴികളിലൂടെയും വിവരണങ്ങളിലൂടെയുമാണ് ചിത്രം മുൻപോട്ടു പോകുന്നത്.
 
ചോരയെ അറയ്ക്കാത്ത കുട്ടിക്കുറ്റവാളികളിലൂടെയാണ് തെരുവ് നിരന്തരം സജീവമാകുന്നത്. ചതിയും മയക്കുമരുന്നും അരാജകത്വവുമൊക്കെയാണ് നിഴലും വെളിച്ചവുമൊക്കെയായി റെറ്റിനയിൽ പതിയുന്നത്. കറുത്ത ഫലിതം കണക്ക് തോന്നിക്കുന്ന ഒരു രംഗം ചിത്രത്തിലുണ്ട് – ഒരു പോരാട്ടത്തിന് മുമ്പ് ആയുധങ്ങളുമേന്തി അതീവ ശക്തിയോടെ വളഞ്ഞുനിന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന ഉറക്കെ ചൊല്ലുന്നതാണ്. തിരക്കഥയിൽ ഇല്ലാതിരുന്ന ആ ഭാഗം അഭിനേതാവായി എത്തിയ, യഥാർത്ഥ ജീവിതത്തിൽ കുറ്റവാളിതന്നെയായിരുന്ന ഒരു ചെറുപ്പക്കാരൻ്റെ ആവശ്യപ്രകാരം സംവിധായകൻ കൂട്ടിച്ചേർത്തതാണ്. അതിന് ശേഷമാണ് നരേറ്ററുടെ ആത്മഗതം : This slum had been a purgatory now it was hell.
 
സ്വർഗ്ഗവും നരകവും ശുദ്ധീകരണസ്ഥലവും (purgatory) ഒക്കെ മരണാനന്തര അനുഭവങ്ങളായി മാത്രം മനസ്സിലാക്കപ്പെടേണ്ടതല്ലെന്ന് സാരം. അത് എൻ്റെ കാലത്തിന്റെയും ഇടത്തിൻ്റെയും വർത്തമാനസാധ്യതയാണ്. നഗരം ഇതുവരെ പർഗേറ്ററിയായിരുന്നുവെന്നും ഇപ്പോഴത് നരകമായെന്നും പറയുന്നതിൽ അടക്കം ചെയ്ത ധ്വനി കാണാതെ പോവരുത്. ഒരേ യാതനകളാണ് രണ്ട് ഇടങ്ങളിലും സങ്കല്പിക്കപ്പെടുന്നത്. എന്നാൽ ആദ്യത്തേതിൽ ഒരു ഒപ്റ്റിമിസമുണ്ട്. ഇന്നല്ലെങ്കിൽ നാളെ ഇതിന് ഒരറുതിയുണ്ടാകും. എന്നാൽ നരകം അനന്തമായൊരു നിലനില്പാണ്. അതുകൊണ്ടുതന്നെയാണ് ആ കഥാപാത്രം അവിടം വിട്ടു പോകാൻ കൊതിക്കുന്നത്.
 
1868 ലാണ് കൈനകരിയിലെ വിശ്വാസസമൂഹത്തിന് വേണ്ടി ചാവറയച്ചൻ ദീർഘമായൊരു കത്തെഴുതുന്നത്. നല്ലപ്പൻ്റെ ചാവരുൾ എന്നാണ് അത് അറിയപ്പെടുന്നത്. അതിൽ വീടുകൾക്ക് കൊടുക്കുന്ന വിശേഷണമുണ്ട്.’ ആകാശമോക്ഷം’. അടച്ചിരിപ്പിൻ്റെ ഈ തണുത്ത പ്രഭാതങ്ങളിൽ അതിനെക്കുറിച്ചാണ് സംസാരിച്ചുകൊണ്ടിരുന്നത്. ഒരു കൈകൊണ്ട് എണ്ണിത്തീർക്കാവുന്ന വിധത്തിൽ അത്രയും ചെറിയ വീടുകളാണ് നമ്മുടേത്. എന്നിട്ടും നമുക്ക് എന്തുകൊണ്ടാണ് അതിനെ സ്വർഗ്ഗതുല്യമാക്കാൻ കഴിയാതെ പോയത്. സ്നേഹത്തിൽ കാലം നിശ്ചലമാകുന്ന ഇടം എന്ന് സ്വർഗ്ഗത്തിന് ഒരു നിർവ്വചനമുണ്ട്. ഒന്നും സംഭവിക്കുന്നില്ല. സ്നേഹത്തിൻ്റെ അദൃശ്യ മുദ്രകൾ ഇല്ലാത്തതുകൊണ്ട്, അനന്തതയുടെ സ്പർശമില്ലാത്ത കാലം മണൽഘടികാരത്തിലെന്ന പോലെ വിരലുകൾക്കിടയിലൂടെ വഴുതിത്തീരുന്നു. അതിനിടയിൽ കുട്ടികൾ അനുഭാവവും പരിഗണനയും ലഭിക്കാതെ മഴയത്തെ പന്നൽ പോലെ വളരുകയും നിരന്തരം ശീതസമരങ്ങളിലേർപ്പെട്ട് മുതിർന്നവർ തണുത്തുറഞ്ഞുപോവുകയും ചെയ്യും.
 
സ്വർഗ്ഗത്തിലേക്ക് ഞങ്ങളെ കരേറ്റണമെന്നല്ല, മറിച്ച് സ്വർഗ്ഗം ഞങ്ങളുടെ സമയദേശങ്ങളിലേയ്ക്ക് ചാഞ്ഞിറങ്ങണമെന്നാണ് അയാൾ പ്രാർത്ഥിക്കുന്നത് എന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? അവിടെയാണ് നരകം ഒരു ലോക്കൽ കോളാണെന്നും സ്വർഗ്ഗം ഐഎസ്ഡിയാണെന്നും പണ്ടൊരു കുട്ടി ഫലിതം പറഞ്ഞപ്പോൾ കനലിൽ ചവിട്ടിയതെന്നപോലെ ആ വീട്ടിലെ മുതിർന്നവർ പൊള്ളിയത്.
 
– ബോബി ജോസ് കട്ടികാട്
Advertisements
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Leave a comment