പുലർവെട്ടം

പുലർവെട്ടം 472

{പുലർവെട്ടം 472}

 
ഒറ്റനോട്ടത്തിൽ കുട്ടിക്കുറുമ്പുപോലെ അനുഭവപ്പെടുന്ന ആ കഥ പറഞ്ഞത് അവൻ്റെ കാലത്തെ ആചാര്യന്മാരിൽ ഒരു ഗണമായിരുന്നു – സദുക്കായർ. ഏഴ് സഹോദരന്മാരുള്ള ഒരു ഭവനത്തിലെ ജ്യേഷ്ഠനെയാണ് അവൾ വിവാഹം കഴിച്ചത്.അയാൾ മരിച്ചു. നിലവിലുള്ള മോശയുടെ നിയമം അനുസരിച്ച് അയാളുടെ സഹോദരന് അവളെ വിവാഹം കഴിക്കാനുള്ള അവകാശവും ഉത്തരവാദിത്വവും ഉണ്ടായിരുന്നു. അയാളും മരിച്ചു. കഥയുടെ തനിയാവർത്തനമാണിനി.. ഒടുവിൽ അവളും. ഇനിയാണ് പ്രശ്നം. നിത്യതയിൽ ഇവൾ ഇവരിലാരുടെ ഭാര്യയായിരിക്കും?
 
യേശു അവർക്ക് നൽകിയ മറുപടിയിൽ നിത്യതാസങ്കല്പങ്ങളുടെ ചില പൊൻതരികളുണ്ട്. ഇപ്പോഴുള്ള ജീവിതത്തിന്റെ കേവല തുടർച്ചയായി അതിനെ മനസ്സിലാക്കുന്നതാണ് അതിലടക്കം ചെയ്തിരിക്കുന്ന ആദ്യത്തെ അപകടം. പുരാതനകാലത്ത് ചില സംസ്കാരങ്ങളിൽ ഉന്നതർ മരിക്കുമ്പോൾ അവരോടൊപ്പം ഇഷ്ടവസ്തുക്കളും പ്രിയജീവജാലങ്ങളും എന്തിന്, ചിലപ്പോൾ പരിചാരകരെയും കൂടെ അടക്കം ചെയ്ത കഥകൾ കേട്ടിട്ടുണ്ട്. അത്തരം ഭാവനകളിൽ നിന്ന് മാനവരാശി ഇനിയുമധികം സഞ്ചരിച്ചിട്ടില്ല. ഇപ്പോൾ ജീവിച്ചുകൊണ്ടിരിക്കുന്നതിൻ്റെ ഭേദപ്പെട്ട തുടർച്ചയെന്ന നിലയിലാണ് അതിപ്പോഴും സങ്കല്പിക്കപ്പെടുന്നത്. ഒരു പുഴു പൂമ്പാറ്റയാവുന്നു എന്ന് പറയുന്നത് പോലും അതിമൃദുലമായ ഒരു മെറ്റഫർ ആകുന്നു.
 
അവിടെയവൾ ആരുടെയും ഭാര്യയല്ല. ഭൂമിയുടെ ഏറ്റവും വലിയ വിഷമസന്ധി ഒരാൾക്ക് ആരുടേതെങ്കിലുമായി മാത്രം നിലനിൽക്കേണ്ട ബാധ്യതയുണ്ടെന്നതാണ്. സ്ത്രീയുടെ കാര്യത്തിൽ അത് കുറേക്കൂടി അടിവരയിട്ട യാഥാർത്ഥ്യമാവുന്നു. പരമ്പരാഗത രീതിയിൽ അവളെ സംബോധന ചെയ്യുകയാണെങ്കിൽ ഓരോ വിവാഹത്തിന് ശേഷവും അവൾ മിസ്സിസ് X, മിസ്സിസ് Y- ഒക്കെയായി മാറുന്നു. ശരിക്കും അവളുടെ പേരെന്താണ്? പ്രകാശത്തിന്റെ ആ പുതിയ കാലക്രമത്തിൽ അവൾ, അവൾ മാത്രമായിരിക്കും. സ്വന്തം ഇടം കണ്ടെത്തിയ മനുഷ്യർ അനുഭവിക്കുന്ന ഹർഷമാണ് മോക്ഷം. ഓരോരുത്തരെയും അവരവരുടെ അനന്യത കണ്ടെത്തി താരതമ്യങ്ങളോ വിമർശനങ്ങളോ ഇല്ലാതെ ആഴത്തിൽ വേരിടാൻ സഹായിച്ച് അങ്ങനെ സ്വയം പൂവിടാൻ അനുവദിക്കുന്നൊരു ഭൂമി മോക്ഷസങ്കല്പത്തിൽനിന്ന് അകലെയല്ല.
 
ആകാശദൂതരെപ്പോലെയായിരിക്കും അനന്തതയിൽ അവരുടെ നിലനില്പ് എന്ന് പറഞ്ഞാണ് ആ സംഭാഷണം അവനവസാനിപ്പിക്കുന്നത്. തീരെ കനമില്ലാത്ത, കെട്ടുപാടുകളില്ലാത്ത, ആസക്തികളില്ലാത്ത, അഗ്രസ്സീവല്ലാത്ത നിഷ്കളങ്കരായ ചിലർ ഇപ്പോൾത്തന്നെ നമ്മൾ പാർക്കുന്ന പരുക്കൻ യാഥാർത്ഥ്യങ്ങളുടെ ഈ മണ്ണിന് സ്വർഗ്ഗസുഗന്ധം കൊടുക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ?
 
നോക്കിനിൽക്കെ മണ്ണിനും വിണ്ണിനുമിടയിലായി ഒരു ഗോവണി രൂപപ്പെടുന്നു. രണ്ട് പ്രതലങ്ങൾ പരസ്പരം തൊടാനായുന്നു.
 
– ബോബി ജോസ് കട്ടികാട്
Advertisements
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

1 reply »

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s