പന്തക്കുസ്താ തിരുനാളിനായി ഒരുങ്ങാം

ദൈവത്തിന്റെ വാഗ്ദാനമാണ്‌ പരിശുദ്ധറൂഹാ. റൂഹായുടെ ആവാസത്തെക്കുറിച്ചുള്ള പ്രവചനങ്ങൾ പഴയനിയമ പുസ്തകങ്ങളിൽ ധാരാളമുണ്ട്‌. അസ്ഥികളുടെ താഴവരയിൽ നിർത്തി എസെക്കിയേൽ പ്രവാചകന്‌ ദർശനത്തിലൂടെ നൽകുന്ന വാഗ്ദാനം ശ്രദ്ധേയമാണ്‌: ” എന്റെ ആത്മാവിനെ ഞാൻ നിങ്ങളിൽ നിവേശിപ്പിക്കും. നിങ്ങൾ ജീവിക്കും ” (എസെക്കിയേൽ 37:14). ജീവസ്സുറ്റ സാന്നിധ്യമാണ്‌ റൂഹായുടേത്‌. വെറും അസ്ഥികൂട്ടങ്ങളിലേക്കാണ്‌ ദൈവത്തിന്റെ പ്രാണനായ റൂഹ സന്നിവേശിക്കുന്നതായി പ്രവാചകന്‌ വെളിപാട്‌ ലഭിക്കുന്നത്‌ (എസെക്കിയേൽ 37:1-14). വരണ്ട അസ്ഥികളിൽ മാംസം വളർത്തി, ഞരമ്പുകൾ വച്ച്‌ പിടിപ്പിച്ച്‌, ചർമ്മം കൊണ്ട്‌ പൊതിഞ്ഞ്‌ മനുഷ്യരൂപമാക്കിയപ്പോഴും ഒരു കുറവുണ്ടായിരുന്നു – അവയ്ക്ക്‌ പ്രാണൻ ഉണ്ടായിരുന്നില്ല. സൃഷ്ടികർമ്മത്തിൽ മൺകൂനയിലേക്ക്‌ ദൈവത്തിന്റെ നാസാരന്‌ധ്രങ്ങളിൽ നിന്ന് റൂഹാ സന്നിവേശിച്ചപ്പോൾ ജീവൻ തളിരിട്ട പോലെ (ഉൽപ 2:7) അസ്ഥിതാഴ്‌വര മുഴുവൻ പൂതുജീവന്റെ വസന്തം വിരിഞ്ഞു. പന്തക്കുസ്ത തിരുനാളിന്റെ പടിവാതിൽക്കൽ നിൽക്കുമ്പോൾ ജീവിതഭാരങ്ങളുടെ തളർച്ചകളിലേക്ക്‌, നീറുന്ന സങ്കടങ്ങളുടെ നിരുന്മേഷതകളിലേക്ക്‌, നിഷ്ഫലമാകുന്ന അദ്ധ്വാനങ്ങളുടെ നിരാശകളിലേക്ക്‌ റൂഹാഭിഷേകത്തിന്റെ നിറസമൃദ്ധിക്കായി പ്രാർത്ഥനാനിരതരാകാം…വിശ്വാസത്തിന്റെ ദൃഡതയിൽ വിശ്വാസ പ്രമാണം ഏറ്റ്‌ ചൊല്ലാം: ” പിതാവിൽ നിന്ന് പുറപ്പെടുന്ന സത്യാത്മാവും ജീവദാതാവുമായ ഏക പരിശുദ്ധാത്‌മാവിലും ഞങ്ങൾ വിശ്വസിക്കുന്നു!

Leave a comment