പുലർവെട്ടം 475

{പുലർവെട്ടം 475}

 
നിന്റെ നാമം വാഴ്ത്തപ്പെടട്ടെ
 
“നിധി ചാല സുഖമാ രാമുനി
സന്നിധി സേവ സുഖമാ നിജമുഗ പല്കു മനസാ”
 
ത്യാഗരാജസ്വാമികൾ പാടുകയാണ്.പശ്ചാത്തലത്തിൽ ഒരു പാരമ്പര്യകഥയുണ്ട്. തഞ്ചാവൂരിലെ ശരഭോജി രാജാവ് തൻ്റെ സദസ്സിലേയ്ക്ക് ക്ഷണിച്ചതായിരുന്നു സ്വാമികളെ. വലിയൊരു ധനത്തിന്റെ പ്രലോഭനവുമുണ്ട് കൂട്ടത്തിൽ. കൊട്ടാരം വച്ചു നീട്ടുന്ന നിധിയേക്കാൾ രാഘവസ്തുതിയാണ് തനിക്ക് പ്രധാനം എന്ന മട്ടിൽ കീർത്തനം ആലപിച്ചു അദ്ദേഹം ആ ചരണങ്ങളിലേക്ക് കുറച്ചുകൂടി ഏകാഗ്രമായി. പാടുന്നതെല്ലാം ദേവസ്തുതികളാവണമെന്ന് ഈ ഗായകരൊക്കെ കരുതുന്നതിൻ്റെ പൊരുളെന്താണ്? സംഗീതം അനന്തതയെ തൊടാനായുന്നതുകൊണ്ട് അതിനെ പ്രണമിക്കാതെ അവരെങ്ങനെ തിരികെപ്പോകാൻ?
 
അങ്ങനെയാണ് ഈ ദേശത്ത് നാദയോഗികളുടെ പരമ്പരയുണ്ടായത്. സംഗീതത്തെ സ്തോത്രഗീതമാക്കിയവർ. പലരീതിയിൽ, പല താളങ്ങളിൽ കവിമൊഴിപോലെ നിന്റെ സങ്കീർത്തനം ഓരോ ഈണങ്ങളിൽ പാടുവാൻ നീ തീർത്ത മൺവീണയെന്ന് അവർ ആത്മഗതം ചെയ്തു. അമിതഭാഷണം കൊണ്ട് ആർജ്ജവവും ഏകാഗ്രതയും നഷ്ടമാകുന്ന പ്രാർത്ഥനകളിൽ നിന്നുള്ള മുക്തി കൂടിയായിരുന്നു അത്. വൈകാതെ സംഗീതം ആത്മീയതയുടെ പര്യായമായി. ഭാരതീയസംഗീതത്തിൻ്റെ ഉല്പത്തിയിൽ വേദോച്ചാരണത്തിൻ്റെ ഋഷിപാരമ്പര്യമുണ്ട്. ഇസ്ളാമിൽനിന്ന് രൂപപ്പെട്ട സൂഫി സംഗീതം ശ്രദ്ധിക്കണം. സംഗീതം അനിസ്ലാമികമാണെന്ന് ശഠിച്ച ചിലർക്ക് വേണ്ടി ബിസ്മില്ലാഖാൻ ‘ഷെഹ്നായിയിൽ ഞാനൊന്ന് വാങ്ക് വിളിച്ചോട്ടെ’ എന്ന് ഉപചാരം പറഞ്ഞു. ആഹിർഭൈരവ് രാഗത്തിലാണ് വാങ്ക് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആ ആലാപനത്തിൻ്റെ തീവിരലിൽ എതിർപ്പിന്റെ മഞ്ഞുമല അലിഞ്ഞു പോയി. ബാവുൾ ഗായകരെ ഓർക്കൂ. ഏക്താര എന്ന ഒറ്റക്കമ്പി വാദ്യം മീട്ടി ‘ആധാർമനുഷ്യ’നുള്ള കീർത്തനങ്ങൾ പാടിയലയുന്നു.
 
ഒലീവ്മലയിലേക്ക് അവർ പാട്ടുപാടി പോയിയെന്നാണ് അവൻ്റെ ഒടുവിലത്തെ രാവിനെക്കുറിച്ച് സുവിശേഷം രേഖപ്പെടുത്തുന്നത്. ദുരന്തങ്ങളിലും പാടുകയെന്ന ക്രിസ്ത്യൻ സെൻസിബിലിറ്റിയുടെ തുടക്കമതായിരിക്കണം. തടവറയിൽക്കിടന്ന് പാടുന്നവരെക്കുറിച്ച് നടപടിപ്പുസ്തകത്തിൽ സാക്ഷ്യമുണ്ട്. മരണവീടുകളിൽനിന്ന് പുത്തൻ പാന ഉയർന്നുകേൾക്കുന്നു : ചതിച്ചോ പുത്രാ… കൊച്ചൂഞ്ഞുപദേശി ദുഃഖത്തിന്റെ പാനപാത്രം മട്ടോളം കുടിച്ച് ഹല്ലേലുയാ പാടുന്നു. അസ്സീസിയിലെ ഫ്രാൻസിസിന്റെ സ്തോത്രഗീതമായ സൂര്യകീർത്തനം അയാൾ എഴുതിയത് സൂര്യനെ സൂക്ഷിച്ചു നോക്കിയാൽ കണ്ണിനുള്ളിൽ കുപ്പിച്ചില്ലുകൾ വിതറുന്നതുപോലുള്ള കഠിനമായ ഒരു നേത്രരോഗത്തിൻ്റെ കാലത്തായിരുന്നു.
 
എല്ലാവരും പാടുകയാണ്. നിനക്കുള്ള കീർത്തനങ്ങൾകൊണ്ട് പ്രപഞ്ചം മുഖരിതമാവുന്നു.
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

One thought on “പുലർവെട്ടം 475

Leave a comment