പുലർവെട്ടം

പുലർവെട്ടം 477

{പുലർവെട്ടം 477}

 
ജീവിതം അക്ഷരാർത്ഥത്തിൽ ഇരുണ്ട് പോകുമ്പോൾ തുരങ്കത്തിന്റെ അങ്ങേയറ്റത്തെന്നപോലെ ചില മനുഷ്യരിലേക്ക് വെളിച്ചത്തിന്റെ വജ്രസൂചികൾ പാളുന്നതെങ്ങനെ. അവരെന്തിനാണിങ്ങനെ ദൈവത്തോട് പറ്റിനിൽക്കുന്നത്. പ്രകാശത്തിന്റെ എല്ലാ സൗഭാഗ്യങ്ങളും അനുഭവിച്ചവരേക്കാൾ കൃതജ്ഞതയോടും പ്രേമത്തോടും കൂടെ. കാഴ്ചയില്ലാത്തവർ എന്തിനാണ് അവന് സാക്ഷ്യം പറയുന്നത്. ഈശ്വരസ്തുതികളെക്കുറിച്ചുള്ള നമ്മുടെ ബാലിശസങ്കല്പങ്ങളെയാണ് അവർ തിരുത്താനായുന്നത്. നീയെന്ത് നൽകി എന്നല്ല നീയുണ്ട് എന്നതുതന്നെയാണ് അവരുടെ പ്രാണനെ ഒരു സ്തോത്രഗീതമാക്കുന്നത്. അവർ എല്ലായിടത്തും ഉണ്ടാവും.
 
ഹോമർ അന്ധനായിരുന്നു എന്ന പാരമ്പര്യ വിശ്വാസത്തിന് നിദാനം കണ്ണടച്ചിരിക്കുന്നവർക്ക് മാത്രം സാധ്യമാകുന്ന സ്ഫടികസദൃശമായ ജീവിതവ്യക്തതകൊണ്ടാണോ എന്ന ഒരു സാഹിത്യവിദ്യാർത്ഥിയുടെ ചോദ്യത്തിന് മുൻപിൽ അദ്ധ്യാപകൻ ഒരു മാത്ര പകച്ചുനിന്ന ഓർമ്മയുണ്ട്. Archetypal road map to world mythology എന്നൊക്കെ ഇലിയഡിനെയും ഒഡീസിയെയും വിശേഷിപ്പിക്കുന്നതിനിടയിലായിരുന്നു അത്. വിദ്യാർത്ഥിയുടെ ആ നിരീക്ഷണം ഭക്തകവികൾ എന്ന് നമ്മൾ സെഗ്മെന്റ് ചെയ്യുന്നവർക്കും ഏതൊക്കെയോ അനുപാതങ്ങളിൽ വഴങ്ങും.
 
നമ്മുടെ പാരമ്പര്യത്തിൽ പതിനാറാം നൂറ്റാണ്ടിലെ സൂർദാസുണ്ട് – സൂർസാഗറിൻ്റെ കർത്താവ്, കടൽ എന്നർത്ഥത്തിൽ തന്നെ. ഉണ്ണിക്കണ്ണനുവേണ്ടിയുള്ള ഗോപികമാരുടെ വാത്സല്യഅലകളായിരുന്നു അവ. ജന്മനാൽ അന്ധനായിരുന്ന ഒരാൾ കണ്ണനുവേണ്ടി സദാ വെണ്ണ കരുതി. ഒരു മാത്ര അയാൾക്ക് കാഴ്ച കിട്ടി. -ഭഗവാനെ കണ്ടു. ഞൊടിയിടയിൽ അയാൾ മിഴിയടച്ചു, ഇങ്ങനെ പ്രാർത്ഥിച്ചു: ഇവനെ വീണ്ടും അന്ധനാക്കുക. നിന്നെക്കണ്ട മിഴികൾ കൊണ്ട് ഞാൻ മറ്റൊന്നും കാണാതിരിക്കട്ടെ.ഗായകൻ വീണ്ടും അന്ധനായി.
 
ജോർജ്ജ് മാത്തിസൻ (1842-1906) ഇരുപതാം വയസ്സിലാണ് അന്ധനായത്. വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. പൂർണ്ണാന്ധതയിലേക്കെത്തുന്ന നേത്രരോഗത്തിൽപ്പെട്ടുപോയി എന്ന വാർത്ത സഹാനുഭൂതിയോടെയല്ല കൂട്ടുകാരി കേട്ടത്. അവർ അയാളെ വിട്ടുപോയി. അന്ധതയുടെ ആ കാലത്തിലാണ് പിരിയാത്ത ഒരു സ്നേഹത്തെക്കുറിച്ച് അയാൾ ധ്യാനിച്ചുതുടങ്ങുന്നത്. പ്രശസ്തമായ ‘O love that will not let me go’ എന്ന ഗാനമെഴുതുന്നത് നാല്പതാം വയസ്സിലാണ്. കൂട്ടുകാരിയുടെ വേർപിരിയലിനുശേഷം പിന്നീടുള്ള ഇരുപത് വർഷങ്ങൾ പെങ്ങളായിരുന്നു കൃഷ്ണമണി പോലെ അയാളെ നോക്കിയത്. അവളുടെ വിവാഹത്തിന്റെ അന്നാണ് ഒരു തിരുത്തലുകളുമില്ലാതെ അഞ്ചേയഞ്ച് മിനിറ്റുകൊണ്ട് അയാൾ ‘വിട്ടുപിരിയാത്ത സ്നേഹം’ എന്ന ആ ആശ്വാസഗീതം എഴുതുന്നത്.
 
നമുക്ക് അത്ര പരിചയമില്ലാത്ത ഒരാളെ ഓർക്കണമെന്ന് തോന്നുന്നു. പി. എം .കുര്യൻ എന്ന ഒരു സാത്വിക ജീവിതത്തെക്കുറിച്ച്. മുപ്പത്തിയാറ് വർഷം ഇരുളിന്റെ വെളിച്ചത്തിലായിരുന്നു അയാൾ. 1952 നവംബർ 22, യുദ്ധാനന്തരം ഉപയോഗശൂന്യമായ സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കാനുള്ള സംഘത്തിന്റെ ഉത്തരവാദിത്തമുണ്ടായിരുന്നു ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥനായ അദ്ദേഹത്തിന്. മധ്യപ്രദേശിലെ മരുഭൂമിയിൽ വച്ചായിരുന്നു അത്. ബോംബുകൾ അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയും കുര്യനൊഴിച്ച് ബാക്കിയുള്ളവർ മുഴുവനും മരണപ്പെടുകയും ചെയ്തു. ശിഷ്ടകാലം അന്ധതയിൽ ജീവിച്ചു. എഴുത്തുകാരനും നടനുമായ ജോയ്മാത്യുവിൻ്റെ അമ്മാവൻ എന്ന് പറഞ്ഞാൽ കുറേക്കൂടി അടുപ്പം കിട്ടും.
 
ദൈവത്തിനുള്ള തെളിവുകൾ എന്ന അക്വിനാസിൻ്റെ പാഠങ്ങൾ പഠിക്കാനുണ്ടായിരുന്നു.സൂർദാസും മാത്തിസണും കുര്യനുമൊക്കെയായിരിക്കാം അവൻ്റെ അസ്തിത്വത്തിന്റെ യഥാർത്ഥ തെളിവുകൾ!
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Advertisements
Advertisements

1 reply »

Leave a Reply to Elsa Mary Joseph Cancel reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s