ദിവ്യബലി വായനകൾ – St Philip Neri / Wednesday of week 8 in Ordinary Time

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ബുധൻ, 26/5/2021

Saint Philip Neri, Priest 
on Wednesday of week 8 in Ordinary Time

Liturgical Colour: White.

പ്രവേശകപ്രഭണിതം

റോമാ 5:5.

നമ്മില്‍ വസിക്കുന്ന അവിടത്തെ ആത്മാവുവഴി,
ദൈവത്തിന്റെ സ്‌നേഹം നമ്മുടെ ഹൃദയങ്ങളിലേക്ക്
ചൊരിയപ്പെട്ടിരിക്കുന്നു.

സമിതിപ്രാര്‍ത്ഥന

ദൈവമേ, അങ്ങേക്ക് വിശ്വസ്തസേവനമര്‍പ്പിക്കുന്നവരെ
വിശുദ്ധിയുടെ മഹത്ത്വത്തിലേക്ക് ഉയര്‍ത്തുന്നതില്‍നിന്ന്
അങ്ങ് ഒരിക്കലും വിരമിക്കുന്നില്ലല്ലോ.
വിശുദ്ധ ഫിലിപ് നേരിയുടെ ഹൃദയം
വിസ്മയകരമായി നിറച്ച അതേ അഗ്നിയാല്‍
പരിശുദ്ധാത്മാവ് ഞങ്ങളെയും ഉദ്ദീപിപ്പിക്കാന്‍
കാരുണ്യപൂര്‍വം അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

പ്രഭാ 36:1-2,5-7,13-19
അങ്ങല്ലാതെ മറ്റൊരു ദൈവമില്ലെന്നു വിജാതീയര്‍ മനസ്സിലാക്കട്ടെ.

എല്ലാറ്റിന്റെയും ദൈവമായ കര്‍ത്താവേ,
ഞങ്ങളെ കാരുണ്യപൂര്‍വം കടാക്ഷിക്കണമേ!
എല്ലാ ജനതകളും അങ്ങയെ ഭയപ്പെടാന്‍ ഇടയാക്കണമേ!
കര്‍ത്താവേ, ഞങ്ങള്‍ അങ്ങയെ അറിഞ്ഞതുപോലെ
അവരും അങ്ങയെ അറിയുകയും
അങ്ങല്ലാതെ മറ്റൊരു ദൈവമില്ലെന്നു മനസ്സിലാക്കുകയും ചെയ്യട്ടെ.
അടയാളങ്ങളും അദ്ഭുതങ്ങളും വീണ്ടും പ്രവര്‍ത്തിച്ച്
അങ്ങേ കരബലം പ്രകടമാക്കണമേ!
യാക്കോബിന്റെ ഗോത്രങ്ങളെ ഒരുമിച്ചു കൂട്ടുകയും
അവരുടെ അവകാശം മുമ്പിലത്തെപ്പോലെ
അവര്‍ക്കു നല്‍കുകയും ചെയ്യണമേ!
കര്‍ത്താവേ, അങ്ങേ നാമത്തില്‍ വിളിക്കപ്പെട്ട ജനത്തിന്റെമേല്‍ –
ആദ്യജാതനെപ്പോലെ അങ്ങ് പരിഗണിച്ച
ഇസ്രായേലിന്മേല്‍ – കരുണയുണ്ടാകണമേ!
അങ്ങേ വിശുദ്ധമന്ദിരം സ്ഥിതിചെയ്യുന്ന നഗരത്തോട് –
അങ്ങേ വിശ്രമസങ്കേതമായ ജറുസലെമിനോടു – കരുണ തോന്നണമേ!
അങ്ങേ അദ്ഭുതപ്രവൃത്തികളുടെ ഘോഷംകൊണ്ടു
സീയോനെ നിറയ്ക്കണമേ;
അങ്ങേ മഹത്വംകൊണ്ട് അങ്ങേ ആലയത്തെയും.
അങ്ങേ ആദ്യസൃഷ്ടികള്‍ക്കു സാക്ഷ്യം നല്‍കണമേ!
അങ്ങേ നാമത്തില്‍ അരുളിച്ചെയ്യപ്പെട്ട പ്രവചനങ്ങള്‍ പൂര്‍ത്തിയാക്കണമേ!
അങ്ങേക്കുവേണ്ടി കാത്തിരിക്കുന്നവര്‍ക്ക് പ്രതിഫലം നല്‍കണമേ;
അങ്ങേ പ്രവാചകന്മാരുടെ വിശ്വാസ്യത തെളിയട്ടെ.
കര്‍ത്താവേ, അങ്ങേ ജനത്തിന്
അഹറോന്‍ നല്‍കിയ അനുഗ്രഹത്തിനൊത്ത്
അങ്ങേ ദാസരുടെ പ്രാര്‍ഥന കേള്‍ക്കണമേ!
അങ്ങാണ് യുഗങ്ങളുടെ ദൈവമായ കര്‍ത്താവെന്ന്
ഭൂമിയിലുള്ള സകല ജനതകളും അറിയട്ടെ!

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 79:8,9,11,13

കര്‍ത്താവേ, ഞങ്ങളെ കാരുണ്യപൂര്‍വ്വം കടാക്ഷിക്കണമേ!

ഞങ്ങളുടെ പൂര്‍വ്വികന്മാരുടെ അകൃത്യങ്ങള്‍ ഞങ്ങള്‍ക്കെതിരായി ഓര്‍ക്കരുതേ!
അങ്ങേ കൃപ അതിവേഗം ഞങ്ങളുടെമേല്‍ ചൊരിയണമേ!
ഞങ്ങള്‍ തീര്‍ത്തും നിലംപറ്റിയിരിക്കുന്നു.

കര്‍ത്താവേ, ഞങ്ങളെ കാരുണ്യപൂര്‍വ്വം കടാക്ഷിക്കണമേ!

ഞങ്ങളുടെ രക്ഷയായ ദൈവമേ,
അങ്ങേ നാമത്തിന്റെ മഹത്വത്തെപ്രതി ഞങ്ങളെ സഹായിക്കണമേ!
അങ്ങേ നാമത്തെപ്രതി ഞങ്ങളെ മോചിപ്പിക്കുകയും
ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കുകയും ചെയ്യണമേ!

കര്‍ത്താവേ, ഞങ്ങളെ കാരുണ്യപൂര്‍വ്വം കടാക്ഷിക്കണമേ!

ബന്ധിതരുടെ ഞരക്കം അങ്ങേ സന്നിധിയില്‍ എത്തട്ടെ!
വിധിക്കപ്പെട്ടവരെ അങ്ങേ ശക്തി രക്ഷിക്കട്ടെ!
അപ്പോള്‍, അങ്ങേ ജനമായ ഞങ്ങള്‍,
അങ്ങേ മേച്ചില്‍പുറങ്ങളിലെ ആടുകള്‍,
എന്നേക്കും അങ്ങേക്കു കൃതജ്ഞത അര്‍പ്പിക്കും.
തലമുറകളോളം ഞങ്ങള്‍ അങ്ങേ സ്തുതികള്‍ ആലപിക്കും.

കര്‍ത്താവേ, ഞങ്ങളെ കാരുണ്യപൂര്‍വ്വം കടാക്ഷിക്കണമേ!

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മാര്‍ക്കോ 10:32-45
ഇതാ, നമ്മള്‍ ജറുസലെമിലേക്കു പോകുന്നു. മനുഷ്യപുത്രന്‍ പ്രധാന പുരോഹിതന്മാര്‍ക്കും നിയമജ്ഞന്മാര്‍ക്കും ഏല്‍പിക്കപ്പെടും.

അക്കാലത്ത്, യേശുവും ശിഷ്യന്മാരും ജറുസലെമിലേക്കുള്ള വഴിയെ നടന്നുപോവുകയായിരുന്നു. യേശു അവരുടെ മുമ്പില്‍ നടന്നിരുന്നു. അവര്‍ വിസ്മയിച്ചു; അനുയാത്ര ചെയ്തിരുന്നവര്‍ ഭയപ്പെടുകയും ചെയ്തു. അവന്‍ പന്ത്രണ്ടുപേരെയും അടുത്തു വിളിച്ച്, തനിക്കു സംഭവിക്കുവാനിരിക്കുന്ന കാര്യങ്ങള്‍ പറയാന്‍ തുടങ്ങി. ഇതാ, നമ്മള്‍ ജറുസലെമിലേക്കു പോകുന്നു. മനുഷ്യപുത്രന്‍ പ്രധാന പുരോഹിതന്മാര്‍ക്കും നിയമജ്ഞന്മാര്‍ക്കും ഏല്‍പിക്കപ്പെടും. അവര്‍ അവനെ മരണത്തിനു വിധിക്കുകയും വിജാതീയര്‍ക്ക് ഏല്‍പിച്ചുകൊടുക്കുകയും ചെയ്യും. അവര്‍ അവനെ പരിഹസിക്കുകയും അവന്റെമേല്‍ തുപ്പുകയും അവനെ പ്രഹരിക്കുകയും വധിക്കുകയും ചെയ്യും. മൂന്നു ദിവസത്തിനു ശേഷം അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും.
സെബദീപുത്രന്മാരായ യാക്കോബും യോഹന്നാനും അവനെ സമീപിച്ച് അപേക്ഷിച്ചു: ഗുരോ, ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നതെന്തും ഞങ്ങള്‍ക്കു ചെയ്തുതരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. അവന്‍ ചോദിച്ചു: നിങ്ങള്‍ക്കുവേണ്ടി ഞാന്‍ എന്തുചെയ്യണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? അവര്‍ പറഞ്ഞു: അങ്ങേ മഹത്വത്തില്‍ ഞങ്ങളില്‍ ഒരാള്‍ അങ്ങേ വലത്തുവശത്തും മറ്റെയാള്‍ ഇടത്തുവശത്തും ഉപവിഷ്ടരാകാന്‍ അനുവദിക്കണമേ! യേശു പ്രതിവചിച്ചു: നിങ്ങള്‍ ആവശ്യപ്പെടുന്നത് എന്താണെന്നു നിങ്ങള്‍ അറിയുന്നില്ല. ഞാന്‍ കുടിക്കുന്ന പാനപാത്രം കുടിക്കാനോ ഞാന്‍ സ്വീകരിക്കുന്ന സ്‌നാനം സ്വീകരിക്കാനോ നിങ്ങള്‍ക്കു കഴിയുമോ? ഞങ്ങള്‍ക്കു കഴിയും എന്ന് അവര്‍ മറുപടി പറഞ്ഞു. യേശു അവരോടു പറഞ്ഞു: ഞാന്‍ കുടിക്കുന്ന പാനപാത്രം നിങ്ങള്‍ കുടിക്കും; ഞാന്‍ സ്വീകരിക്കുന്ന സ്‌നാനം നിങ്ങള്‍ സ്വീകരിക്കും. എന്നാല്‍, എന്റെ വലത്തുവശത്തോ ഇടത്തുവശത്തോ ഇരിക്കാനുള്ള വരം തരേണ്ടതു ഞാനല്ല. അത് ആര്‍ക്കുവേണ്ടി സജ്ജമാക്കപ്പെട്ടിരിക്കുന്നുവോ അവര്‍ക്കുള്ളതാണ്. ഇതുകേട്ടപ്പോള്‍ ബാക്കി പത്തുപേര്‍ക്ക് യാക്കോബിനോടും യോഹന്നാനോടും അമര്‍ഷം തോന്നി. യേശു അവരെ അടുത്തു വിളിച്ചു പറഞ്ഞു: വിജാതീയരുടെ ഭരണകര്‍ത്താക്കള്‍ അവരുടെമേല്‍ യജമാനത്വം പുലര്‍ത്തുന്നുവെന്നും അവരുടെ പ്രമാണികള്‍ അവരുടെമേല്‍ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങള്‍ക്കറിയാമല്ലോ. എന്നാല്‍, നിങ്ങളുടെയിടയില്‍ അങ്ങനെയാകരുത്. നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം. നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടെയും ദാസനുമായിരിക്കണം. മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്, ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവന്‍ അനേകര്‍ക്കു വേണ്ടി മോചനദ്രവ്യമായി നല്‍കാനുമത്രേ.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, കൃതജ്ഞതാബലി അര്‍പ്പിച്ചുകൊണ്ട് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
വിശുദ്ധ ഫിലിപ്പിന്റെ മാതൃകയാല്‍,
അങ്ങേ നാമം മഹത്ത്വപ്പെടുത്തുന്നതിനും
അയല്ക്കാരെ സേവിക്കുന്നതിനുമായി
ഞങ്ങളത്തന്നെ എപ്പോഴും സന്തോഷപൂര്‍വം സമര്‍പ്പിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
കര്‍ത്താവേ, കൃതജ്ഞതാബലി അര്‍പ്പിച്ചുകൊണ്ട് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
വിശുദ്ധ ഫിലിപ്പിന്റെ മാതൃകയാല്‍,
അങ്ങേ നാമം മഹത്ത്വപ്പെടുത്തുന്നതിനും
അയല്ക്കാരെ സേവിക്കുന്നതിനുമായി
ഞങ്ങളത്തന്നെ എപ്പോഴും സന്തോഷപൂര്‍വം സമര്‍പ്പിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യഭോജനപ്രാര്‍ത്ഥന

യോഹ 15:9

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
പിതാവ് എന്നെ സ്‌നേഹിച്ചപോലെ ഞാനും നിങ്ങളെ സ്‌നേഹിച്ചു.
നിങ്ങള്‍ എന്റെ സ്‌നേഹത്തില്‍ നിലനില്ക്കുവിന്‍.

🔵

Leave a comment