പുലർവെട്ടം 478

{പുലർവെട്ടം 478}

 
യഹോവ സാത്താനോട്: “എന്റെ ദാസനായ ഇയ്യോബിന്മേൽ നീ ദൃഷ്ടിവച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ” എന്ന് അരുളിച്ചെയ്തു. അതിന് സാത്താൻ യഹോവയോട്: “ഇയ്യോബ് ദൈവഭക്തനായിരിക്കുന്നത് വെറുതെയല്ല? അങ്ങ് അവനും അവന്റെ വീടിനും അവനുള്ള സകലത്തിനും ചുറ്റും വേലികെട്ടീട്ടല്ലയോ? അങ്ങ് അവന്റെ പ്രവൃത്തിയെ അനുഗ്രഹിച്ചിരിക്കുന്നു; അവന്റെ മൃഗസമ്പത്ത് ദേശത്ത് പെരുകിയിരിക്കുന്നു. തൃക്കൈ നീട്ടി അവനുള്ളതൊക്കെയും ഒന്നു തൊടുക; അവൻ അങ്ങയെ മുഖത്ത് നോക്കി ത്യജിച്ചുപറയും” എന്ന് ഉത്തരം പറഞ്ഞു. (ഇയ്യോബിന്റെ പുസ്തകം, അദ്ധ്യായം ഒന്ന്)
 
ദൈവം നിന്നു വിയർത്തു പോയ ചോദ്യമാണത്. എന്തെങ്കിലും ഒരു കാരണമില്ലാതെ ആരെങ്കിലും അവനെ സ്നേഹിച്ചിട്ടുണ്ടോ എന്നാണ് നേരെ ചൊവ്വേ സാത്താൻ ആരായുന്നത്. ജോബ് പരീക്ഷണങ്ങളിൽ ജയിക്കേണ്ടത് അയാളുടെ ആവശ്യമല്ല, മറിച്ച് ദൈവത്തിന്റെ നിലനില്പിന്റെ പ്രശ്നമാണ്. ഒരു കാരണവുമില്ലാതെ ദൈവത്തെ തിരയുന്നവരെ എല്ലായിടത്തും ആ ചൈതന്യം തേടിയെത്തുന്നുണ്ട്. മാർക്കണ്ഡേയപുരാണത്തിൽ അയാൾക്ക് ഹരിശ്ചന്ദ്രൻ എന്നാണ് പേര്. എന്തൊക്കെ കവർച്ച ചെയ്യപ്പെട്ടാലും ആരൊക്കെ പിഴുത് മാറ്റപ്പെട്ടാലും ചിലരിപ്പോഴും സനാതനമായ ചിലതിനോട് പറ്റിനിൽക്കുന്നു എന്ന് പറയാനാണ് ഓരോ കാലത്തെയും ജ്ഞാനികൾ ശ്രദ്ധിച്ചിട്ടുള്ളത്. ചാരം മൂടിയിരിക്കുന്ന ഇയ്യോബും ചിതയുടെ മധ്യേ നിൽക്കുന്ന ഹരിശ്ചന്ദ്രനും കത്തിപ്പോയ ഒരു കാലത്തിന്റെ പട്ടടയെത്തന്നെയാണ് സൂചിപ്പിക്കുന്നത്.
 
ദൈവം മനുഷ്യബന്ധത്തിൻ്റെ കഥമാത്രമല്ല ചെറുതും വലുതുമായ എല്ലാ ബന്ധങ്ങളെയും ആ ചോദ്യം പൊള്ളിക്കുന്നുണ്ട്-എന്തെങ്കിലും ഒരു കാരണമില്ലാതെ നിനക്ക് സ്നേഹിക്കാനാവുമോ. അവിടെയാണ് ക്ലേശകരമായ ഒരു യാത്രയുടെ പതിനെട്ടാം പടി. ആ അർത്ഥത്തിലാണ് അജ്ഞേയവാദികൾ ചില നേരങ്ങളിൽ ഈ കൊട്ടിഘോഷിക്കപ്പെടുന്ന ആസ്തികരെക്കാൾ അഴകുള്ളവരായി മാറുന്നത്. പ്രതിഫലത്തെ പിന്തുടരാതെയും ശിക്ഷയെ ഭയപ്പെടാതെയും ആരുടെയും വിശ്വാസങ്ങളുമായി തർക്കത്തിൽ ഏർപ്പെടാതെയും അവർ പുലർത്തുന്ന കുലീനമായൊരു മൗനമുണ്ട്.
 
ഇന്ന് ബുദ്ധപൗർണമിയാണ്. മനുഷ്യബോധം ഓരോരോ കാലങ്ങളിൽ ഓരോന്നിലും പരിണാമത്തിന്റെ തെളിച്ചം തിരയുമ്പോഴും അതിന്റെ ഈശ്വരബോധം ഇനിയും പിച്ചവച്ചുതുടങ്ങിയിട്ടില്ല എന്ന കാലാതീതമായ ഓർമ്മപ്പെടുത്തലാണ് തഥാഗതൻ. സ്വർഗ്ഗത്തെ കാട്ടി കൊതിപ്പിക്കാതെയും നരകത്തെക്കാട്ടി ഭയപ്പെടുത്താതെയും അർത്ഥമില്ലാത്ത ആരവങ്ങളുടെ ഓരം നടന്നും ചില ആത്മീയ സാക്ഷാത്കാരങ്ങൾ ഇനിയും സാധ്യമാണെന്നാണ് മരച്ചുവട്ടിലിരുന്ന് അയാൾ ലോകത്തോട് മധുരമായി മന്ത്രിക്കുന്നത്. You will not be punished for your anger, you will be punished by your anger”എന്ന ക്ഷോഭത്തെക്കുറിച്ചുള്ള ബുദ്ധമൊഴി ഓർക്കുക.
 
ആരാണ് ആദിശബ്ദത്തിനുള്ള ശരിയായ കുഴലൂത്തുകാർ? എന്ന സന്ദേഹം നാൾക്കുനാൾ കഠിനമാവുകയാണ്. അത് മേല്പത്തൂരിൻ്റെ വിഭക്തിയും (പാണ്ഡിത്യം) പൂന്താനത്തിന്റെ ഭക്തിയും പോലെ ലളിതമായി പരിഹരിക്കപ്പെടാവുന്നതല്ല. അങ്ങനെയാണ് ആ പഴയ ഫലിതത്തിൽ നിന്ന് ചിരി ചോർന്നുപോകുന്നത്.
 
ഒരാൾ ഭിക്ഷാടനത്തിലായിരുന്നു. പുലരിയിലയാൾ ദേവാലയനടയിൽ ഇരിക്കും. ഈശ്വരനെപ്രതി എന്തെങ്കിലും തരണമേ എന്ന യാചന തിടുക്കത്തിലോടുന്ന ഭക്തരിൽ കാര്യമായ ചലനം സൃഷ്ടിക്കുന്നില്ല. അന്തിയിൽ അയാൾ മദ്യശാലയ്ക്ക് മുന്നിലാണ്. രാവിലത്തെ അതേ യാചന. അവർക്ക് ഇയാളോട് വലിയ അനുഭാവമാണ്. എത്രയെന്നു നോക്കാതെ അയാളുടെ കൈവെള്ളയിലേയ്ക്ക് ഉദാരമാകുന്നു. രാത്രി അയാൾ ദൈവത്തോട് പരിഭവം പറയുകയാണ് : ഉഗ്രൻ കക്ഷിയാണ്. ഒരിടത്ത് മേൽവിലാസം തരുന്നു.മറ്റൊരിടത്ത് പാർക്കുന്നു!
 
ശരിയ്ക്കും അങ്ങ് എവിടെയാണ് ഇപ്പോൾ പാർക്കുന്നത്.ആരാണ് അവൻ പറഞ്ഞതുപോലെ അങ്ങയെ ആത്മാവിലും സത്യത്തിലും ഇന്ന് ആരാധിക്കുന്നത്.
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

One thought on “പുലർവെട്ടം 478

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s