ദിവ്യബലി വായനകൾ – Thursday of week 8 in Ordinary Time / St. Augustine

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 വ്യാഴം, 27/5/2021

Thursday of week 8 in Ordinary Time 
or Saint Augustine of Canterbury, Bishop 

Liturgical Colour: Green.

പ്രവേശകപ്രഭണിതം

cf. സങ്കീ 18:19-20

കര്‍ത്താവ് എന്റെ അഭയമായിത്തീര്‍ന്നു.
അവിടന്ന് എന്നെ വിശാലമായ സ്ഥലത്തേക്കു നയിച്ചു.
എന്നില്‍ പ്രസാദിച്ചതിനാല്‍ അവിടന്ന് എന്നെ രക്ഷിച്ചു.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, ലോകഗതി അങ്ങേ സമാധാനപൂര്‍ണമായ
ക്രമീകരണത്താല്‍ നിയന്ത്രിക്കാനും
അങ്ങേ സഭ അങ്ങേ പ്രശാന്തമായ ഭക്തിയാല്‍
ആനന്ദിക്കാനും ഇടയാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

പ്രഭാ 42:15-26
കര്‍ത്താവിന്റെ മഹത്വം എല്ലാ സൃഷ്ടികളിലും നിറഞ്ഞിരിക്കുന്നു.

ഞാന്‍ ഇപ്പോള്‍ കര്‍ത്താവിന്റെ പ്രവൃത്തികളെ അനുസ്മരിക്കുകയും
ഞാന്‍ കണ്ടതു പ്രഘോഷിക്കുകയും ചെയ്യും;
കര്‍ത്താവിന്റെ പ്രവൃത്തികള്‍ വചനംവഴി നിര്‍വഹിക്കപ്പെടുന്നു.
സൂര്യന്‍ തന്റെ കിരണങ്ങള്‍കൊണ്ട്
എല്ലാ വസ്തുക്കളെയും കടാക്ഷിക്കുന്നു;
കര്‍ത്താവിന്റെ മഹത്വം എല്ലാ സൃഷ്ടികളിലും നിറഞ്ഞിരിക്കുന്നു.
കര്‍ത്താവിന്റെ വിസ്മയനീയമായ പ്രവൃത്തികള്‍
അവിടുത്തെ വിശുദ്ധര്‍ക്കുപോലും അവര്‍ണനീയമാണ്;
പ്രപഞ്ചം മുഴുവന്‍ തന്റെ മഹത്വത്തില്‍ നിലകൊള്ളാന്‍ വേണ്ടി
സര്‍വശക്തനായ കര്‍ത്താവ് സ്ഥാപിച്ചവയത്രേ അവ.
അവിടുന്ന് ആഴിയുടെ അഗാധത്തെയും
മനുഷ്യഹൃദയങ്ങളെയും പരിശോധിച്ച്
അവയുടെ നിഗൂഢതകള്‍ ഗ്രഹിക്കുന്നു;
അറിയേണ്ടതെല്ലാം അവിടുന്നറിയുന്നു;
കാലത്തിന്റെ സൂചനകള്‍ അവിടുന്ന് നിരീക്ഷിക്കുകയും ചെയ്യുന്നു.
ഭൂതവും ഭാവിയും അവിടുന്ന് പ്രഖ്യാപിക്കുന്നു;
നിഗൂഢരഹസ്യങ്ങള്‍ അവിടുന്ന് വെളിപ്പെടുത്തുന്നു.
ഒരു ചിന്തയും അവിടുത്തേക്കജ്ഞാതമല്ല;
ഒരു വാക്കും കര്‍ത്താവിനു മറഞ്ഞിരിക്കുന്നില്ല.
അവിടുത്തെ ജ്ഞാനത്തിന്റെ മഹിമകള്‍
അവിടുന്ന് ക്രമീകരിച്ചിരിക്കുന്നു;
അവിടുന്ന് അനാദിമുതല്‍ അനന്തതവരെ സ്ഥിതിചെയ്യുന്നു.
ഒന്നും കൂട്ടാനോ കുറയ്ക്കാനോ സാധിക്കുകയില്ല;
അവിടുത്തേക്ക് ഉപദേശകരെയും ആവശ്യമില്ല.
അവിടുത്തെ പ്രവൃത്തികള്‍ എത്ര അഭികാമ്യം!
അവ കാഴ്ചയ്ക്ക് എത്ര ദീപ്തമാണ്!
അവയെല്ലാം എന്നേക്കും ജീവിക്കുകയും നിലനില്‍ക്കുകയും ചെയ്യുന്നു;
സ്വധര്‍മത്തോടു വിശ്വസ്തത പുലര്‍ത്തുന്നു.
എല്ലാ വസ്തുക്കളും ജോടികളായി, ദ്വന്ദ്വങ്ങളായി, സൃഷ്ടിക്കപ്പെട്ടിരിക്കുന്നു;
ഒന്നും അപൂര്‍ണമല്ല. ഒന്ന് മറ്റൊന്നിന് പൂരകമാണ്;
അവിടുത്തെ മഹത്വം ദര്‍ശിച്ച് ആര്‍ക്കെങ്കിലും മതിവരുമോ?

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 33:2-3,4-5,6-7,8-9

കര്‍ത്താവിന്റെ വചനത്താല്‍ ആകാശം നിര്‍മിക്കപ്പെട്ടു.

കിന്നരംകൊണ്ടു കര്‍ത്താവിനെ സ്തുതിക്കുവിന്‍,
പത്തുകമ്പിയുള്ള വീണമീട്ടി
അവിടുത്തേക്കു കീര്‍ത്തനമാലപിക്കുവിന്‍.
കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനമാലപിക്കുവിന്‍;
ഉച്ചത്തില്‍ ആര്‍പ്പുവിളികളോടെ
വിദഗ്ധമായി തന്ത്രി മീട്ടുവിന്‍.

കര്‍ത്താവിന്റെ വചനത്താല്‍ ആകാശം നിര്‍മിക്കപ്പെട്ടു.

കര്‍ത്താവിന്റെ വചനം സത്യമാണ്;
അവിടുത്തെ പ്രവൃത്തി വിശ്വസനീയമാണ്.
അവിടുന്നു നീതിയും ന്യായവും ഇഷ്ടപ്പെടുന്നു.
കര്‍ത്താവിന്റെ കാരുണ്യംകൊണ്ടു ഭൂമി നിറഞ്ഞിരിക്കുന്നു.

കര്‍ത്താവിന്റെ വചനത്താല്‍ ആകാശം നിര്‍മിക്കപ്പെട്ടു.

കര്‍ത്താവിന്റെ വചനത്താല്‍ ആകാശം നിര്‍മിക്കപ്പെട്ടു;
അവിടുത്തെ കല്‍പനയാല്‍ ആകാശഗോളങ്ങളും.
അവിടുന്നു സമുദ്രജലത്തെ ഒരുമിച്ചുകൂട്ടി;
ആഴങ്ങളെ അവിടുന്നു കലവറകളില്‍ സംഭരിച്ചു.

കര്‍ത്താവിന്റെ വചനത്താല്‍ ആകാശം നിര്‍മിക്കപ്പെട്ടു.

ഭൂമി മുഴുവന്‍ കര്‍ത്താവിനെ ഭയപ്പെടട്ടെ!
ഭൂവാസികള്‍ അവിടുത്തെ മുന്‍പില്‍ ഭയത്തോടെ നില്‍ക്കട്ടെ!
അവിടുന്ന് അരുളിച്ചെയ്തു, ലോകം ഉണ്ടായി;
അവിടുന്നു കല്‍പിച്ചു, അതു സു സ്ഥാപിതമായി.

കര്‍ത്താവിന്റെ വചനത്താല്‍ ആകാശം നിര്‍മിക്കപ്പെട്ടു.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മാര്‍ക്കോ 10:46-52
ഗുരോ, എനിക്കു കാഴ്ച വീണ്ടുകിട്ടണം.

അക്കാലത്ത്, യേശു ജറീക്കൊയിലെത്തി. അവന്‍ ശിഷ്യരോടും വലിയ ഒരു ജനാവലിയോടും കൂടെ ജറീക്കോ വിട്ടു പോകുമ്പോള്‍ തിമേയൂസിന്റെ പുത്രനായ ബര്‍തിമേയൂസ് എന്ന അന്ധയാചകന്‍ വഴിയരികില്‍ ഇരിപ്പുണ്ടായിരുന്നു. നസറായനായ യേശുവാണു പോകുന്നതെന്ന് അറിഞ്ഞപ്പോള്‍ അവന്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: ദാവീദിന്റെ പുത്രനായ യേശുവേ, എന്നില്‍ കനിയണമേ! നിശ്ശബ്ദനായിരിക്കുവാന്‍ പറഞ്ഞുകൊണ്ട് പലരും അവനെ ശകാരിച്ചു. എന്നാല്‍, അവന്‍ കൂടുതല്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: ദാവീദിന്റെ പുത്രാ, എന്നില്‍ കനിയണമേ! യേശു പെട്ടെന്ന് നിന്നിട്ടു പറഞ്ഞു: അവനെ വിളിക്കുക. അവര്‍ അന്ധനെ വിളിച്ച് അവനോടു പറഞ്ഞു: ധൈര്യമായിരിക്കൂ; എഴുന്നേല്‍ക്കുക; യേശു നിന്നെ വിളിക്കുന്നു. അവന്‍ പുറങ്കുപ്പായം ദൂരെയെറിഞ്ഞ്, കുതിച്ചുചാടി യേശുവിന്റെ അടുത്തെത്തി. യേശു ചോദിച്ചു: ഞാന്‍ നിനക്കുവേണ്ടി എന്തുചെയ്യണമെന്നാണ് നീ ആഗ്രഹിക്കുന്നത്? അന്ധന്‍ അവനോടു പറഞ്ഞു: ഗുരോ, എനിക്കു കാഴ്ച വീണ്ടുകിട്ടണം. യേശു പറഞ്ഞു: നീ പൊയ്‌ക്കൊള്ളുക, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. തത്ക്ഷണം അവനു കാഴ്ച ലഭിച്ചു. അവന്‍ യേശുവിനെ അനുഗമിച്ചു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

ദൈവമേ, അങ്ങേ നാമത്തിനായി അര്‍പ്പിക്കപ്പെടേണ്ടവ
അങ്ങേക്കു നല്കുകയും
ഞങ്ങളുടെ ശുശ്രൂഷയുടെ അര്‍പ്പണത്തിനായി
കാഴ്ചദ്രവ്യങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യുന്നുവല്ലോ.
അങ്ങനെ, അങ്ങു നല്കുന്നവ നേട്ടമായി തീരാനും
അങ്ങു ഞങ്ങളില്‍ ചൊരിയുന്നവ
ഞങ്ങള്‍ക്ക് പ്രതിഫലമായിത്തീരാനും
അങ്ങേ കാരുണ്യത്തിനായി ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. സങ്കീ 13:6

എനിക്ക് നന്മകള്‍ നല്കിയ കര്‍ത്താവിനെ
ഞാന്‍ പാടിസ്തുതിക്കുകയും
അത്യുന്നതനായ കര്‍ത്താവിന്റെ നാമം പ്രകീര്‍ത്തിക്കുകയും ചെയ്യും.

Or:
മത്താ 28: 20

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഇതാ, യുഗാന്തംവരെ എല്ലായ്പ്പോഴും
ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, രക്ഷാകരമായ ദാനത്താല്‍ പരിപോഷിതരായി,
അങ്ങേ കാരുണ്യം ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
അങ്ങനെ, ഈ കൂദാശയാല്‍ ഇക്കാലയളവില്‍
ഞങ്ങളെ അങ്ങ് പരിപോഷിപ്പിക്കുന്നപോലെ,
നിത്യജീവനിലും ഞങ്ങള്‍ പങ്കാളികളാകാന്‍
കാരുണ്യപൂര്‍വം അങ്ങ് ഇടയാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Leave a comment