ആ വചനം അച്ചട്ടായി… ചെറിയാച്ചൻ തിരിച്ചുപോയി

✝️ 🖤 മരണമനസ്കാരം 1🖤🔥

 

തന്‍െറ വിശുദ്‌ധരുടെ മരണം കര്‍ത്താവിന്‌ അമൂല്യമാണ്‌.

സങ്കീര്‍ത്തനങ്ങള്‍ 116 : 15


ആ വചനം അച്ചട്ടായി.


ചെറിയാച്ചൻ തിരിച്ചുപോയി.


അച്ചൻ അരികിൽ വേണമെന്ന് ദൈവം തന്നെയും അത്രമേൽ മോഹിച്ചുപോയി. അതുകൊണ്ടാണല്ലോ പതിമൂന്നാം തിയതി മുതൽ ഇരുപത്തിയേഴാം തിയതി വരെ – കൃത്യം രണ്ടാഴ്ച – ലക്ഷോപലക്ഷം മനുഷ്യർ തീവ്രമായി ആഗ്രഹിച്ച് പ്രാർത്ഥിച്ചിട്ടും ദൈവം അച്ചനെ കൊണ്ടുപോയത്. ഒരു മനുഷ്യനുവേണ്ടി ഭൂമിയിൽ നിന്നുയർന്ന പ്രാർത്ഥനകളാൽ അടുത്ത കാലത്തൊന്നും സ്വർഗ്ഗം ഇതുപോലെ ഉലഞ്ഞിട്ടുണ്ടാകില്ല. എന്നിട്ടും ആ യാഗങ്ങളെയും അർത്ഥനകളെയുമൊക്കെ നിഷ്പ്രഭമാക്കി സ്വർഗ്ഗം അച്ചനെ സ്വന്തമാക്കി. ദൈവത്തിന് അച്ചൻ അത്ര അമൂല്യനായിരുന്നു.


ദൈവത്തിനു മാത്രമല്ല, മനുഷ്യർക്കും.
ഒരിക്കൽ അടുത്തിടപെട്ടാൽ പിന്നെ ഒരിക്കലും അച്ചനെ ആരും മറക്കില്ല. അതായിരുന്നു പ്രകൃതം. ലാളിത്യവും സ്നേഹവും വിനയവും വിശുദ്ധിയും ഉൾച്ചേർന്ന ആ ആന്തരികവ്യക്തിത്വമാണ് അനേകരെ ആകർഷിച്ചത്. വശീകരിച്ചത് എന്നതാണ് ശരിയായ പദം. ഓരോരുത്തരും താഴ്മയോടെ മറ്റുള്ളവരെ തങ്ങളെക്കാൾ ശ്രേഷ്ഠരായി കരുതണം. ഓരോരുത്തരും സ്വന്തം താത്പര്യം മാത്രം നോക്കിയാൽപോരാ; മറിച്ച് മറ്റുള്ളവരുടെ താത്പര്യവും പരിഗണിക്കണം. യേശുക്രിസ്തുവിനുണ്ടായിരുന്ന ഈ മനോഭാവം നിങ്ങളിലും ഉണ്ടാകട്ടെ എന്ന ദൈവവചനത്തിന്റെ
( ഫിലിപ്പി 2: 3, 4, 5) ആൾരൂപമായിരുന്ന മനുഷ്യൻ ! യേശുക്രിസ്തുവിനെയും യേശുക്രിസ്തുവിന്റെ മനോഭാവത്തെയും സ്വന്തമാക്കി ആയിരങ്ങൾക്ക് അളവില്ലാതെ പകർന്നു നൽകിയ ആചാര്യൻ !!
ഭൂതദയ
(സമസൃഷ്ടിസ്നേഹം,എല്ലാ ജീവികളോടും തോന്നുന്ന അനുകമ്പ) / ക്ഷമ / അനസൂയ / ശൗചം (ശുദ്ധി, സദാചാരം, സത്യം) / അനായാസം / മംഗളം / അകാർപ്പണ്യം
( പിശുക്കില്ലായ്മ ) / അസ്പൃഹ
( ആഗ്രഹമില്ലായ്മ) എന്നിവയാണ് അഷ്ടഗുണങ്ങൾ. ഇവ എട്ടും ചേർന്നുള്ള ബ്രഹ്മചര്യമാണ് അഷ്ടാംഗബ്രഹ്മചര്യം. അങ്ങനെയെങ്കിൽ, നലം തികഞ്ഞ ഒരു അഷ്ടാംഗബ്രഹ്മചാരിയാണ് വിൺമറയുന്നത്.

ഒത്തിരി കേട്ടിട്ടുണ്ടായിരുന്നെങ്കിലും സത്യദീപത്തിൽ വന്നതോടെയാണ് അച്ചനെ അടുത്തറിയുന്നത്. വല്ലപ്പോഴും അച്ചടിച്ചുവരുന്ന ലേഖനമോ കവിതയോ ഉള്ള ലക്കം കൃത്യമായി അച്ചൻ ലിസിയിലേക്ക് കൊടുത്തുവിടുമായിരുന്നു. കൂടെ ഒരു കാർഡും. അതിൽ ഇങ്ങനെ എഴുതിയിരിക്കും:

ബഹു. സജീവ്,

സത്യദീപത്തിനു നല്കിയ സഹകരണത്തിനു നന്ദി. താങ്കളുടെ അറിവുകളുടെയും ആശയങ്ങളുടെയും ആവിഷ്കാരത്തിന് അരങ്ങൊരുക്കുവാൻ തുടർന്നും സത്യദീപം സന്നദ്ധമാണ്.

സുസ്ഥിര സൗഹൃദം ആഗ്രഹിച്ചുകൊണ്ട്,

ഫാ. ചെറിയാൻ നേരേവീട്ടിൽ

ചീഫ് എഡിറ്റർ,
സത്യദീപം

സുസ്ഥിര സൗഹൃദം – എല്ലാവരുമായും അദ്ദേഹം ആഗ്രഹിച്ചത് അതാണ്. 2015 മുതൽ 2019 വരെ അങ്ങനെ കിട്ടിയ കൃതജ്ഞതാപത്രങ്ങൾ സൂക്ഷിച്ചുവച്ചത് എന്തിനെന്ന് ഇപ്പോൾ മനസ്സിലാവുന്നു. ഇനി അതിനുള്ളത് ഒരു തിരുശേഷിപ്പിന്റെ മൂല്യമാണല്ലോ ❗

പിന്നീട്, അച്ചന്റെ അനിയന്റെ രോഗവും ചികിത്സയുമൊക്കെയായി ആശുപത്രിയിൽ വരുന്നത് പതിവായപ്പോൾ അച്ചനുമായി കൂടുതൽ അടുത്തു. ” മാഷേ, നാളെ വരുന്നുണ്ട്. ചീട്ട് എടുത്ത് വയ്ക്കണം” എന്ന ഫോൺ വിളികൾ പതിവായി. ഏതാനും വർഷങ്ങളുടെ പരിശ്രമങ്ങൾക്കും പ്രാർത്ഥനകൾക്കുമൊടുവിൽ 2020 ജനുവരിയിൽ അനുജൻ ദൈവസന്നിധിയിലേക്ക് യാത്രയായി. മൃതസംസ്കാരശുശ്രൂഷകൾ കഴിഞ്ഞ രാത്രിയിൽ അച്ചൻ അയച്ച സന്ദേശം കണ്ടത് പിറ്റേന്നാണ്.

” മാഷേ, അനിയൻ പോയി. എല്ലാ ഉപകാരങ്ങൾക്കും ഒത്തിരി നന്ദി. ദൈവം അനുഗ്രഹിക്കട്ടെ “

വായിച്ചപ്പോൾ ഉള്ള് പിടഞ്ഞു.


ഒടുവിൽ അച്ചനുമായി സംസാരിച്ചത് ഫെബ്രുവരിയിലെ ഒരു സന്ധ്യയിലാണ്. പുതുശ്ശേരി ജോഷിയച്ചൻ എഡിറ്റ് ചെയ്ത് സെന്റ് പോൾസ് പ്രസിദ്ധീകരിച്ച വിശുദ്ധവാരം എന്ന പുസ്തകത്തിൽ കത്തുന്ന മുൾപ്പടർപ്പും മുൾപ്പടർപ്പിലെ കുഞ്ഞാടും എന്ന പേരിൽ ചെറിയാച്ചൻ രചിച്ച പെസഹാദിന ആരാധന ഉണ്ട്. റിന്യൂവൽ സെന്ററിൽ ജോഷിയച്ചന്റെ മുറിയിലിരുന്ന് പ്രൂഫ് നോക്കുകയായിരുന്നു. വായിച്ചു കഴിഞ്ഞ ഉടനെ ചെറിയാച്ചനെ വിളിച്ചു. “വായിച്ചോ, സന്തോഷം, നന്ദി ” എന്ന വാക്കുകളിൽ അച്ചന്റെ പ്രതികരണം ഒതുങ്ങി.

ഞങ്ങളുടെ പ്രിയപ്പെട്ട ഡോക്ടർ ബാബു ഫ്രാൻസിസ് സാറിന്റെ അപ്ഡേറ്റ്സിൽ റൈറ്റ് സൈഡ് പരാലിസിസ് എന്നൊക്കെ ആവർത്തിക്കുന്നുണ്ടായിരുന്നു. ഏതു രീതിയിലായാലും ഉള്ളിൽ ഉണർവോടെ അച്ചനെ തിരികെ വേണമെന്ന് ഈശോയോട് ശഠിച്ചതാണ്. മുറിയിലേക്കും കട്ടിലിലേക്കും ചുരുക്കപ്പെട്ടാൽ പോലും ഈ മണ്ണിൽ ആ മനുഷ്യന്റെ സാന്നിധ്യം തന്നെ സുവിശേഷസാക്ഷ്യമാകുമായിരുന്നു. സഭയാകുന്ന തന്റെ ശരീരത്തെപ്രതി ക്രിസ്തുവിനു സഹിക്കേണ്ടിവന്ന പീഡകളുടെ കുറവ് തന്റെ ശരീരത്തിൽ പൗലോസ് അപ്പസ്തോലൻ നികത്തിയതുപോലെ (കൊളോസോസ് 1: 24) ഈ മനുഷ്യനും നികത്തുമായിരുന്നു. നമ്മുടെയെല്ലാം വീഴ്ചകൾക്ക് പരിഹാരമനുഷ്ഠിക്കുമായിരുന്നു. ആ പ്രതീക്ഷയിലാണ് തീക്ഷ്ണമായി പ്രാർത്ഥിച്ചത്. പലരുടെയും സഹായം അഭ്യർത്ഥിച്ച കൂട്ടത്തിൽ അതിരൂപതയിൽ നിന്ന് അടുത്തയിടെ നിത്യതയിലേക്ക് യാത്രയായ പുണ്യചരിതനായിരുന്ന സെബാസ്റ്റ്യൻ പൈനാടത്തച്ചന്റെ സഹായവും ചെറിയാച്ചനു വേണ്ടി തേടിയിരുന്നു. ദൈവഹിതം നിറവേറട്ടെ 🙏🏻

അച്ചൻ നമുക്കെല്ലാവർക്കും ഒരു മാതൃകയാണ് എന്നൊക്കെ അലങ്കരിച്ച് പറഞ്ഞാൽ അതു പൂർണ്ണമായും ശരിയും കൃത്യവുമാകില്ല. ചെറിയാച്ചൻ മികച്ച മാതൃകയായിരിക്കുന്നത് വൈദികർക്കാണ്. ഇക്കാലഘട്ടത്തിൽ ഒരു കത്തോലിക്കാ പുരോഹിതൻ എങ്ങനെയായിരിക്കണം എന്നതിന്റെ ഉദാത്തമാതൃകയാണ് അദ്ദേഹം. കടന്നുപോകുന്നത് പൗരോഹിത്യത്തിന്റെ അസാധാരണമായ ഒരു പാഠപ്പുസ്തകമാണ്.

പരമപ്രധാനമായ കാര്യം പറഞ്ഞില്ല. വരുന്ന ജനുവരിയിൽ അച്ചൻ പൗരോഹിത്യത്തിന്റെ 25 വർഷങ്ങൾ പൂർത്തിയാക്കുമായിരുന്നു.
സിൽവർജൂബിലിയുടെ കൃതജ്ഞതാബലി നമ്മുടെ കർത്താവായ ഈശോമിശിഹായുടെ തന്നെ മുഖ്യകാർമ്മികത്വത്തിൽ നടത്താനായിരിക്കും തിരക്കിട്ട് അച്ചനെ കൊണ്ടുപോയത്. സമരസഭയിൽ നിന്ന് ഹൃദയം നുറുങ്ങുന്ന വിലാപങ്ങൾ ഉയരുന്നുണ്ടെങ്കിലും വിജയസഭയിൽ നിന്നുയരുന്നത് അനശ്വരമായ ആനന്ദത്തിന്റെ ജയഭേരികളാണ്. വിശ്വസിച്ചാലുമില്ലെങ്കിലും, ചെറിയാച്ചന്റെ മാത്രമല്ല, നമ്മുടെയെല്ലാം നേരായ വീട് അവിടെയാണല്ലോ. ഇവിടെ നമുക്ക് നിലനിൽക്കുന്ന നഗരമില്ലല്ലോ
( ഹെബ്രായർ 13: 14)

സ്വർഗ്ഗത്തിൽ നിന്ന് ഒരു ദൂതനല്ല, പരിശുദ്ധ റൂഹാ തമ്പുരാൻ തന്നെ അച്ചന്റെ മാതാപിതാക്കളെ ധൈര്യപ്പെടുത്തുകയും ആശ്വസിപ്പിക്കുകയും ചെയ്യട്ടെ 🙏🏻

വിട, ചെറിയാച്ചാ🛐
S പാറേക്കാട്ടിൽ
28 / 05 / 2021

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s