പുലർവെട്ടം 480

{പുലർവെട്ടം 480}

 
നമ്മുടെ നിരത്തുകളിൽ അവശേഷിക്കുന്ന ബുദ്ധസ്വരൂപങ്ങളുടെ അത്രപോലും ശേഷിപ്പുകൾ ഭാഷാസാഹിത്യത്തിൽ ഇല്ലാതെ പോയി എന്ന് വെറുതെ ഓർക്കുന്നു. സച്ചിദാനന്ദൻ ഉൾപ്പെടെയുള്ള വർത്തമാന കവികളിൽ ബുദ്ധബോധത്തിൻ്റെ മിന്നലുകൾ ഉള്ളത് കാണാതെ പോകുന്നില്ല. എങ്കിലും ഒരിക്കൽ ഈ ദേശത്തിന്റെ സജീവ സാന്നിധ്യമായിരുന്ന ഒരു ധർമ്മത്തിന് ആനുപാതികമായ സ്മൃതിപൂജ ഇവിടെ സംഭവിച്ചിട്ടില്ല എന്നാണ് പറയാൻ ശ്രമിക്കുന്നത്. പള്ളിക്കൂടം തുടങ്ങിയ പദങ്ങൾ ആ പാരമ്പര്യത്തിൽ നിന്നാണ് തളിർത്തതെന്നോർക്കണം.
 
അത്തരമൊരു അസാന്നിധ്യം മലയാള സാഹിത്യത്തിൽ നിങ്ങൾക്ക് അനുഭവപ്പെട്ടിട്ടില്ലെങ്കിൽ അതിന് കാരണം ഉപഗുപ്തനെന്ന ബുദ്ധസന്യാസിയുടെ വാങ്മയചിത്രം കൊണ്ടായിരുന്നു. ബുദ്ധൻ്റെ സാരം തിരിച്ചറിഞ്ഞ മഹാകവി കരുണയെന്നാണിതിന് പേരിട്ടത്. ഉപഗുപ്തൻ അങ്ങനെ ഭൂമിയിലേക്ക് വച്ച് ഏറ്റവും കരുണാർദ്രമായ ഒരു സാന്നിധ്യത്തിൻ്റെ ദേശപ്പതിപ്പായി. നമുക്കിടയിൽ ആഘോഷിക്കപ്പെട്ടു.ചെങ്ങാരപ്പിള്ളി നാരായണൻ പോറ്റിയുടെ ആട്ടക്കഥയായും ഓച്ചിറ വേലുക്കുട്ടിയും സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതരും അനശ്വരമാക്കിയ നാടകമായും വൈക്കം ചന്ദ്രശേഖരൻ നായർ തിരക്കഥയെഴുതിയ ചലച്ചിത്രമായും സാംബശിവൻ്റെ കഥാപ്രസംഗമായും അതിന് കുറേക്കൂടി സരളമായ പ്രാദേശിക പരിഭാഷകളുണ്ടായി.
 
കവിത അവസാനിക്കുന്നത് :
 
” നമസ്കാരമുപഗുപ്ത, വരിക ഭവാൻ നിർവ്വാണ-
നിമഗ്നനാകാതെ വീണ്ടും ലോകസേവയ്ക്കായ്;
പതിതകാരുണികരാം ഭവാദൃശസുതന്മാരെ
ക്ഷിതിദേവിക്കിന്നു വേണമധികം പേരെ.”
 
ഇങ്ങനെയാണ്. ശ്രദ്ധിക്കണം, ബുദ്ധൻ്റെ പരസഹസ്രം പരിവ്രാജകരിൽ ഒരാളോടുള്ള കേവല ക്ഷണമായിട്ട് ആരും ഇതിനെ പരിഗണിക്കുന്നില്ല. മറിച്ച് ബുദ്ധഭഗവാനോടുള്ള ഒരു ദേശത്തിന്റെ പ്രാർത്ഥനയായാണ് അത് മാറുന്നത്. ചുരുക്കത്തിൽ ഉപഗുപ്തനാണ് തഥാഗതനുള്ള ഏറ്റവും നല്ല വാഴ്ത്ത്.
 
ഒരു പുരാതന പ്രാർത്ഥനയെ നമ്മൾ വായിച്ചെടുക്കുകയാണ്.മൂന്ന് അർത്ഥനകളാണ് ആകാശത്തിലേക്ക് ഉറ്റുനോക്കി സാധകൻ ഉരുവിടുന്നത്. അതിൽ ആദ്യത്തേതിലാണ് ഇപ്പോഴും നമ്മൾ: നിന്റെ നാമം പൂജിതമാകണമേ. ശിഷ്യരുടെ നിഷ്കളങ്കവും കുലീനവുമായ നിലനില്പാണ് ആചാര്യനുള്ള സനാതന വാഴ്ത്ത്. Krister Stendahl നിരീക്ഷിക്കുന്നത് പോലെ ഇതൊരു യാചനയല്ല (Petition), മറിച്ച് ആത്മവിശ്വാസത്തോടുള്ള ഏറ്റുപറച്ചിലാണ് (Acknowledgement). നിങ്ങളിലൂടെ നിങ്ങളുടെ ഉറവിടങ്ങൾ വാഴ്ത്തപ്പെടുന്നു. യേശുവിനെ നോക്കി ഒരു വയോധിക വിളിച്ചു പറഞ്ഞതുപോലെ : നിന്നെയൂട്ടിയ മാറും നിന്നെ ചുമന്ന ഉദരവും എത്ര അനുഗ്രഹീതം. നോക്കൂ, എല്ലാ സ്ത്രീകൾക്കും അവൻ്റെ അമ്മയോട് എന്തൊരു സുഖമുള്ള അസൂയയാണ്.
 
ഒരു സ്നേഹിതവൈദികൻ കൂടി കടന്നുപോയി. റോഡ് കുറുകെ കടക്കുമ്പോൾ അപകടത്തിൽ പെട്ടതാണ്. ചെറുപ്പക്കാരുടെ ഒരു mentor ആയിരുന്നു. ഇതെഴുതുമ്പോൾ അദ്ദേഹം എഴുതിയൊരു കുറിപ്പ് മുൻപിലുണ്ട്: അതിഗൗരവമുള്ള ഒരു അപകടമുണ്ടായി. നല്ല മഴയുള്ള ഒരു പുലരിയായിരുന്നു. സഹായത്തിനായി എത്തിയത് അയ്യപ്പഭക്തരുടെ ഒരു വാഹനമായിരുന്നു. അവരാണ് എല്ലാം ക്രമീകരിച്ചത്. അതിനുശേഷമാണ് എല്ലാ യാത്രകളിലും അപകടത്തിൽപ്പെട്ടവരോട് പ്രത്യേകം ഒരു കരുതലും ശ്രദ്ധയും വേണമെന്ന് തീരുമാനിച്ചത്….
 
കിഡ്നി ഡോണറായിരുന്നു. കരുണയായിരുന്നു സ്ഥായിയായ വികാരം. വലിയൊരു ഇടവേളയ്ക്ക് ശേഷം ചെറിയൊരു വൈദികസമൂഹത്തെ അഭിസംബോധന ചെയ്ത് തെല്ലും ആത്മവിശ്വാസമില്ലാതെ പരുങ്ങി നിൽക്കുമ്പോൾ ചെറിയാച്ചൻ എഴുന്നേറ്റു. എനിക്കൊരാഗ്രഹമുണ്ട്. ഞാനൊന്ന് ഹഗ് ചെയ്തോട്ടേ. ആ ഗാഢാലിംഗനം മതിപ്പിൻ്റേതല്ല. കരുണയുടേതാണെന്നറിയാനുള്ള വിശേഷബുദ്ധിയിൽ കണ്ണുനിറയുന്നു.
 
അയാളെ എന്തുകൊണ്ടാണ് യേശു മണക്കുന്നത്?
 
– ബോബി ജോസ് കട്ടികാട്
Advertisements
Fr Cherian Nereveettil

One thought on “പുലർവെട്ടം 480

Leave a comment