അനുദിന വിശുദ്ധർ – മെയ് 30 / Daily Saints – May 30

⚜️⚜️⚜️⚜️ May 20 ⚜️⚜️⚜️⚜️
കാസ്റ്റിലേയിലും, ലിയോണിലേയും രാജാവായിരുന്ന വിശുദ്ധ ഫെര്‍ഡിനാന്റ് മൂന്നാമന്‍
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️


1198-ല്‍ ലിയോണിലെ രാജാവായിരുന്ന അല്‍ഫോണ്‍സസിന്റേയും, കാസ്റ്റില്ലേയിലെ ബെരന്‍ങ്ങേരയുടേയും മൂത്തമകനായിട്ടാണ് വിശുദ്ധ ഫെര്‍ഡിനാന്റ് ജനിച്ചത്‌. 1214-ല്‍ അല്‍ഫോണ്‍സസ് ഒമ്പതാമന്‍ മരണാപ്പെട്ടതോടെ അദ്ദേഹത്തിന്റെ മകനായ ഹെന്‍ട്രി തന്റെ പതിനൊന്നാമത്തെ വയസ്സില്‍ രാജാവായി അവരോധിതനായി. ഹെന്‍ട്രിയുടെ മാതാവായിരുന്ന എലിയോനോറായിരുന്നു ഭരണകാര്യങ്ങളില്‍ അദ്ദേഹത്തിന്റെ ഉപദേഷ്ടാവ്‌. അവരുടെ മരണത്തോടെ ആ ചുമതല ബെരന്‍ങ്ങേരയുടെ ചുമലിലായി. ഹെന്‍ട്രിയുടെ മരണത്തോടെ തന്നില്‍ വന്ന് ചേര്‍ന്ന അധികാരം ബെരന്‍ങ്ങേര തന്റെ മകനായ ഫെര്‍ഡിനാന്റ് മൂന്നാമന് കൈമാറി. അങ്ങിനെ തന്റെ 18-മത്തെ വയസ്സില്‍ വിശുദ്ധന്‍ പാലെന്‍സിയാ, വല്ലഡോളിഡ്‌, ബുര്‍ഗോസ് എന്നിവിടങ്ങളിലെ രാജാവായി.

ചതിയനും, കൗശലക്കാരനുമായിരുന്ന ഡോണ്‍ അല്‍വാരെസ്‌ എന്ന പ്രഭു രാജ്യത്ത്‌ കുഴപ്പങ്ങള്‍ക്കും, ആഭ്യന്തര യുദ്ധങ്ങള്‍ക്കും കാരണമായപ്പോള്‍ വിശുദ്ധന്‍ തന്റെ വിവേകവും, ധൈര്യവും തന്റെ മാതാവിന്റെ ഉപദേശങ്ങളും കൊണ്ട് അതിനെയെല്ലാം മറികടന്നു. ഡോണ്‍ അല്‍വാരെസിനെ വിശുദ്ധന്‍ പിടികൂടിയെങ്കിലും പിന്നീട് വിട്ടയച്ചു. ഒരു വലിയ രാജാവായിരുന്നുവെങ്കിലും വിശുദ്ധന്‍ തന്റെ മാതാവിനെ അനുസരിക്കുകയും വളരെയേറെ ബഹുമാനിക്കുകയും ചെയ്തിരുന്നു. തന്റെ മാതാവിന്റെ ഉപദേശത്താല്‍ വിശുദ്ധന്‍ 1219-ല്‍ ജര്‍മ്മനിയിലെ ചക്രവര്‍ത്തിയായിരുന്ന സോബിയായിലെ ഫിലിപ്പിന്റെ മകളായിരുന്ന ബിയാട്രിക്സിനെ തന്റെ ഭാര്യയായി സ്വീകരിച്ചു. വളരെ സന്തോഷകരമായ ഈ ദാമ്പത്യത്തില്‍ അവര്‍ക്ക്‌ 7 ആണ്‍കുട്ടികളും 3 പെണ്‍കുട്ടികളും ജനിച്ചു.

ഭരണത്തിലും, നിയമങ്ങള്‍ നടപ്പാക്കുന്ന കാര്യത്തിലും വളരെ കര്‍ക്കശക്കാരനായിരുന്നു വിശുദ്ധന്‍. തനിക്ക്‌ എതിരെയുണ്ടായിരുന്ന ലഹളകള്‍ വളരെ പെട്ടെന്ന് തന്നെ വിശുദ്ധന്‍ അവസാനിപ്പിച്ചു. എന്നിരുന്നാലും ദാനധര്‍മ്മങ്ങളില്‍ ഏറെ തല്‍പ്പരനായിരുന്നു വിശുദ്ധന്‍. നീതിനടപ്പാക്കുന്നതിനായി വിശുദ്ധന്‍ റോയല്‍ കൗണ്‍സില്‍ ഓഫ് കാസ്റ്റില്‍ എന്നറിയപ്പെടുന്ന കോടതി സ്ഥാപിക്കുകയും, ഏറ്റവും സമര്‍ത്ഥരായ അഭിഭാഷകരെ ഉപയോഗിച്ച് ഒരു വ്യക്തമായ നിയമസംഹിതക്ക് രൂപം നല്‍കുകയും ചെയ്തു. അത് ആ രാജ്യത്ത്‌ ഇപ്പോഴും ഉപയോഗിച്ച് വരുന്നു.

തന്റെ പിതാവായ അല്‍ഫോണ്‍സസ് വിശുദ്ധന്റെ അധീനതയിലുള്ള പ്രദേശങ്ങളില്‍ അവകാശമുന്നയിക്കുകയും, ആക്രമിക്കുകയും ചെയ്തിട്ടും വിശുദ്ധന്‍ അവയെല്ലാം സമചിത്തതയോടെ നേരിടുകയും, മൂറുകള്‍ക്കെതിരായ യുദ്ധത്തില്‍ തന്റെ പിതാവിനെ സഹായിക്കുവാനായി തന്റെ സൈന്യത്തെ അയക്കുകയും ചെയ്തു. യുദ്ധത്തില്‍ കഴിവതും ആയുധ പ്രയോഗം ഒഴിവാക്കുവാനായി വിശുദ്ധന്‍ ശ്രമിച്ചിരുന്നു. നിരവധി ആത്മീയ സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയും, അനേകം കത്രീഡലുകള്‍, ദേവാലയങ്ങള്‍, ആശ്രമങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയവ അറ്റകുറ്റപ്പണികള്‍ നടത്തി പുതുക്കി പണിയാനും വിശുദ്ധന്‍ ശ്രദ്ധ ചെലുത്തി. ജനപ്രിയനായിരുന്ന ഒരു രാജാവായിരുന്നു വിശുദ്ധന്‍, തന്റെ ജനങ്ങളുടെ മേല്‍ അമിതമായ നികുതിഭാരവും അദ്ദേഹം ചുമത്തിയിരുന്നില്ല.

1225-ല്‍ ബായിസാ ആക്രമിച്ചു കൊണ്ട് വിശുദ്ധന്‍ മൂറുകള്‍ക്കെതിരായ തന്റെ ആദ്യത്തെ ആക്രമണങ്ങള്‍ക്ക് തുടക്കം കുറിച്ചു. പിറ്റേ വര്‍ഷം ആഫ്രിക്കന്‍ വംശജനും രാജാവുമായിരുന്ന ആബെന്‍ മാഹോമെറ്റ് തന്റെ അധികാര പ്രദേശങ്ങള്‍ ഫെര്‍ഡിനാന്റിനു അടിയറവെക്കുകയും, അദ്ദേഹത്തിന്റെ അധീശത്വം അംഗീകരിക്കുകയും ചെയ്തു. 1230-ല്‍ വിശുദ്ധ ഫെര്‍ഡിനാന്റ് കൊര്‍ദോവയിലേയും, ആന്‍ഡലൂഷ്യയിലേയും 20-ഓളം പ്രദേശങ്ങള്‍ തന്റെ അധീനതയിലാക്കി. ഇതിനിടെ തങ്ങളുടെ ശത്രു മതത്തില്‍പ്പെട്ട ഫെര്‍ഡിനാന്റിനെ സഹായിച്ചുവെന്ന കാരണത്താല്‍ ആബെന്‍ മാഹോമെറ്റ് കൊല്ലപ്പെട്ടു. ഈ അവസരം മുതലെടുത്ത് വിശുദ്ധന്‍, ബായിസാ ആക്രമിക്കുകയും അവിടെ മെത്രാന്റെ ഒരു കാര്യാലയം സ്ഥാപിക്കുകയും ചെയ്തു. തന്റെ സൈനീകര്‍ക്കിടയില്‍ ദൈവഭക്തിയുടെ ഒരു ഉത്തമമാതൃകയായിരുന്നു വിശുദ്ധന്‍. അദ്ദേഹം കഠിനമായി ഉപവസിക്കുകയും, പ്രാര്‍ത്ഥിക്കുകയും ചെയ്തു കൊണ്ടിരിന്നു. കുരിശിന്റെ ആകൃതിയിലുള്ള ഒരു പരുക്കന്‍ രോമക്കുപ്പായമായിരുന്നു വിശുദ്ധന്‍ ധരിച്ചിരുന്നത്. മൂറുകളില്‍ നിന്നും പിടിച്ചടക്കിയ നിരവധി പ്രദേശങ്ങള്‍ വിശുദ്ധന്‍ സന്യാസസഭകള്‍ക്കും ടോള്‍ഡോ അതിരൂപതക്കും നല്‍കി.

1230-ല്‍ ജായിന്‍ ആക്രമിക്കുവാന്‍ പോകുന്നതിനിടക്കാണ് തന്റെ പിതാവിന്റെ മരണവിവരം വിശുദ്ധന്‍ അറിയുന്നത്. തുടര്‍ന്ന് മാതാവിന്റെ ആവശ്യപ്രകാരം പിതാവിന്റെ രാജ്യമായ ലിയോണും വിശുദ്ധന്‍ തന്റെ അധീശത്വത്തിലാക്കി. 1234-ല്‍ വിശുദ്ധന്‍ മൂറുകള്‍ക്കെതിരെയുള്ള തന്റെ യുദ്ധം ഉബേദാ ആക്രമിച്ചുകൊണ്ട് പുനരാരംഭിച്ചു. ഇക്കാലയളവില്‍ വിശുദ്ധന്റെ മകനായിരുന്ന അല്‍ഫോണ്‍സസ് 1500-ഓളം വരുന്ന സൈനികരെകൊണ്ട് സെവില്ലേയിലേ രാജാവായിരുന്ന അബെന്‍ഹട്ടിന്റെ ഒരു വലിയ സൈന്യത്തെ പരാജയപ്പെടുത്തിയിരുന്നു. അപ്പസ്തോലനായിരുന്ന യാക്കോബ് ഈ യുദ്ധത്തില്‍ ക്രിസ്ത്യാനികളെ സഹായിച്ചതായി പറയപ്പെടുന്നു. 1236-ന്റെ തുടക്കത്തില്‍ വിശുദ്ധന്റെ ഭാര്യയായിരുന്ന ബിയാട്രിക്സ് മരണമടഞ്ഞു.

തന്റെ പ്രിയതമയുടെ വേര്‍പാടിന്റെ ദുഃഖത്തില്‍ നിന്നും മോചിതനായ വിശുദ്ധന്‍ കൊര്‍ദോവയും, ബായിസായും പൂര്‍ണ്ണമായും തന്റെ അധീശത്വത്തിലാക്കുകയും അവിടത്തെ ഒരു വലിയ മുസ്ലിം പള്ളി ശുദ്ധീകരിച്ചു മാതാവിന്റെ നാമധേയത്തില്‍ ഒരു ക്രിസ്തീയ ദേവാലയമാക്കി മാറ്റുകയും ചെയ്തു. തന്റെ മാതാവിന്റെ സഹോദരിയായിരിന്ന ബ്ലാഞ്ചേയുടേയും ഉപദേശത്തില്‍ ഫ്രാന്‍സിലെ രാജകുമാരിയായ ഡോവാഗറിനെ ഫെര്‍ഡിനാന്റ് തന്റെ രണ്ടാം ഭാര്യയായി സ്വീകരിച്ചു. ഈ ബന്ധത്തില്‍ അദ്ദേഹത്തിന് രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമുണ്ടായി. ഇതിനിടയില്‍ നിരവധി ചെറു രാജ്യങ്ങളും ഫെര്‍ഡിനാന്റിന്റെ അധീശത്വം സ്വീകരിച്ചു. ഫെര്‍ഡിനാന്റിന്റെ ആത്മീയ ഗുരുവായിരുന്ന റോഡ്രിഗസ് മെത്രാപ്പോലീത്തയുടെയും തന്റെ മാതാവിന്റെയും മരണം വിശുദ്ധനെ വളരെയധികം തളര്‍ത്തി. എന്നിരുന്നാലും അദ്ദേഹം തന്റെ സൈനീക നീക്കങ്ങള്‍ ഉപേക്ഷിച്ചിരുന്നില്ല. സ്പെയിനില്‍ മൂറുകളുടെ ഏറ്റവും പ്രധാനപ്പെട്ടതും, സമ്പന്നവുമായ രാജ്യമായ സെവില്ലേയിലേക്ക്‌ വിശുദ്ധന്റെ ശ്രദ്ധ തിരിഞ്ഞു.

നീണ്ട പതിനൊന്ന് മാസത്തെ ഉപരോധത്തിനു ശേഷം 1249 നവംബര്‍ 23ന് അതിശക്തമായ സേവില്ലേ വിശുദ്ധന്‍ കീഴടക്കി. തുടര്‍ന്ന് വിശുദ്ധന്‍ ദൈവത്തിനും, പരിശുദ്ധ മാതാവിന്റെ മാദ്ധ്യസ്ഥത്തിനും നന്ദി പറഞ്ഞു. തന്റെ ശേഷിച്ച മൂന്ന്‍ വര്‍ഷക്കാലത്തെ ജീവിതം വിശുദ്ധന്‍ സെവില്ലേയിലാണ് ചിലവഴിച്ചത്. ഇതിനിടയില്‍ നിരവധി പ്രദേശങ്ങള്‍ വിശുദ്ധന്റെ അധീനതയിലായി. നിരന്തരമായ ഭക്തിയോട് കൂടിയ ഒരു രാജാവിന്റേയും, ക്രിസ്ത്യന്‍ പടയാളിയുടേയും ഉത്തമ ഉദാഹരണമായിരുന്നു വിശുദ്ധന്‍. സ്വന്തം കാര്യങ്ങളില്‍ വളരെ കര്‍ക്കശക്കാരനായ വിശുദ്ധന്‍, പക്ഷേ മറ്റുള്ളവരോട് അനുകമ്പാപൂര്‍വ്വമായിരുന്നു പെരുമാറിയിരുന്നത്.

ആഫ്രിക്കയിലെ മൂറുകളെ ആക്രമിക്കുവാനുള്ള തയാറെടുപ്പുകള്‍ നടത്തുന്നതിനിടക്കാണ് വിശുദ്ധന്‍ അവസാനമായി രോഗബാധിതനാവുന്നത്. കുമ്പസാരവും മറ്റ് കൂദാശകളും വഴി വിശുദ്ധന്‍ തന്റെ മരണത്തെ സ്വീകരിക്കുവാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ നടത്തി. സെഗോവിയായിലെ മെത്രാന്റേയും, പുരോഹിതന്‍മാരുടേയും സാന്നിധ്യത്തില്‍ വിശുദ്ധന്‍ തന്റെ കിടക്കയില്‍ നിന്നും എഴുന്നേറ്റ്‌ തറയില്‍ മുട്ട് കുത്തിനിന്നു കുരിശുരൂപം കയ്യിലെടുത്ത് കണ്ണുനീരോട്കൂടി അതിനെ ചുംബിച്ചു. തുടര്‍ന്നു അദ്ദേഹം കുമ്പസാരം നടത്തി. അങ്ങിനെ 1252 മെയ്‌ 30ന് തന്റെ 53-മത്തെ വയസ്സില്‍ വിശുദ്ധന്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. വിശുദ്ധന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തെ സേവില്ലേയിലെ ദേവാലയത്തില്‍ മാതാവിന്റെ രൂപത്തിന് കീഴെ അടക്കം ചെയ്തു. അവിടത്തെ ഒരു അള്‍ത്താരയില്‍ വിശുദ്ധന്റെ ശരീരം ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നു. ഇവിടെ നിരവധി അത്ഭുതങ്ങള്‍ നടന്നിട്ടുള്ളതായി പറയപ്പെടുന്നു. 1671-ല്‍ ക്ലെമന്റ് പത്താമന്‍ പാപ്പായാണ് ഫെര്‍ഡിനാന്റിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നത്.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. പാവിയാ ബിഷപ്പായ അനസ്റ്റാസിയൂസ്

2. ബാസില്‍, എമ്മേലിയ

3.സര്‍ഡീനിയായിലെ ഗബിനൂസും ക്രിസ്പുളൂസും

4. റവേന്നാ ബിഷപ്പായ എക്സുുപെരാന്‍സിയൂസ്

5. ഫെലിക്സ് പ്രഥമന്‍ പാപ്പാ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

💙💙💙💙💙💙💙💙💙💙💙💙
പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം – മുപ്പതാം തീയതി
💙💙💙💙💙💙💙💙💙💙💙💙

“ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫ് എന്നുപേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താല്‍ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു. ദൂതന്‍ അവളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ”
(ലൂക്കാ 5:27-28).

മറിയത്തിനുള്ള പ്രതിഷ്ഠ
💙💙💙💙💙💙💙💙💙💙💙💙

പ.കന്യക ത്രിലോക രാജ്ഞിയാണ്. സ്വര്‍ഗ്ഗത്തില്‍ മിശിഹാ രാജാവാണെങ്കില്‍ അവിടുത്തെ മാതാവായ പ.കന്യക രാജ്ഞിയായിരിക്കണം. ഇന്ന് ഭൗമിക രാജാക്കന്‍മാരുടെയും രാജ്ഞിയുടെയും സ്ഥാനമാനങ്ങളും പ്രതാപങ്ങളും അസ്തപ്രഭമായികൊണ്ടിരിക്കുകയാണ്. എന്നാല്‍ ക്രിസ്തുനാഥന്‍റെ രാജത്വം നിത്യമാണല്ലോ. അതിനാല്‍ അവിടുത്തെ മാതാവായ പ.കന്യകയും നിത്യം രാജ്ഞിയാണ്. ലോക ദര്‍ശിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ ജേതാവ് ക്രിസ്തുവാണല്ലോ. അവിടുന്നു ലോകത്തെയും പാപത്തെയും മരണത്തേയും സാത്താനെയും കീഴടക്കി. ആ വിജയത്തില്‍ പ.കന്യക ഈശോയോട് ഏറ്റവും കൂടുതല്‍ അടുത്തു സഹകരിച്ചിട്ടുണ്ട്. അതിനാല്‍ അവിടുത്തെ വിജയത്തിലും മറിയം പങ്കുചേരുന്നു. പ്രത്യേകിച്ചും നാരകീയ സര്‍പ്പത്തിന്‍റെ തലയെ തകര്‍ക്കുന്നതില്‍ പ.കന്യക നിസ്തുലമായ പങ്കു വഹിച്ചു.

ഭൗമിക ശക്തികള്‍ക്കെതിരായി ആദ്ധ്യാത്മിക ശക്തി വിജയം വരിച്ചിട്ടുള്ള സന്ദര്‍ഭങ്ങളിലെല്ലാം മറിയം ആദ്ധ്യാത്മിക ശക്തിക്കു നേതൃത്വം നല്‍കിയിട്ടുണ്ട്. മനുഷ്യനായ ക്രിസ്തുവിനോടൊപ്പം പുതിയ നിയമത്തിലെ ഹവ്വയായ മേരിയേയും വ്യക്തിസാഫല്യത്തിന് വേണ്ടി പരിശ്രമിക്കുന്നവര്‍ക്കു കാണുവാന്‍ സാധിക്കും. ലോകം ഏറ്റവും ആദര്‍ശ യോഗ്യമായ ഒരു മാതാവിനെ പ്രതീക്ഷിച്ചിരുന്നു. പ.കന്യകയില്‍ ആ സ്ത്രീത്വം ധന്യമായി. എന്നാല്‍ ഇതിനെല്ലാം ഉപരിയായി ദൈവമാതാവ് എന്നുള്ള സ്ഥാനം നിമിത്തം പ.കന്യക സര്‍വസൃഷ്ടങ്ങളുടെയും രാജ്ഞിയും നാഥയുമാണ്. ജപമാലയുടെ ലുത്തിനിയായില്‍ നാം കന്യകയെ അനേക വിധത്തില്‍ രാജ്ഞിയായി അഭിസംബോധന ചെയ്യുന്നുണ്ട്. മാലാഖമാരുടെ രാജ്ഞി, ദീര്‍ഘദര്‍ശികളുടെ രാജ്ഞി, വിശുദ്ധരുടെ രാജ്ഞി, കന്യകകളുടെ രാജ്ഞി എന്നെല്ലാം. പ.കന്യക സര്‍വലോകങ്ങളുടെയും രാജ്ഞിയാണ്. വി.യോഹന്നാന്‍റെ വെളിപാടില്‍ സൂര്യനെ ഉടയാടയും ചന്ദ്രനെ പാദപീഠമായും നക്ഷത്രങ്ങളെ കിരീടമായും അണിഞ്ഞിരിക്കുന്ന സ്ത്രീ (വെളിപാട് XII) പ.കന്യകയാണല്ലോ.

പ.കന്യകയുടെ സ്വര്‍ഗ്ഗാരോപണത്തിനുശേഷം അവിടുത്തെ ദിവ്യസുതന്‍ മാതാവിനെ ത്രിലോകരാജ്ഞിയായി മുടിധരിപ്പിച്ചു. അപ്രകാരം ദിവ്യജനനിയുടെ രാജ്ഞിപദം നിത്യകാലം നിലനില്‍ക്കുന്നു. അവിടുത്തെ ദിവ്യസുതന്‍റെ രാജകീയമായ അധികാരത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് മാതാവ് നമ്മെ രക്ഷിക്കുന്നു. പ.കന്യകയ്ക്കു മൂന്നു വിധത്തിലുള്ള സ്ഥാനങ്ങളുണ്ട്. സഹരക്ഷക, സാര്‍വത്രിക മാദ്ധ്യസ്ഥ, ആദ്ധ്യാത്മിക മാതാവ് എന്നുള്ള സ്ഥാനങ്ങളുമലങ്കരിക്കുന്നു. ദൈവമാതാവെന്നുള്ള നിലയില്‍ സര്‍വ സൃഷ്ടി ജാലങ്ങള്‍ക്കും അതീതയാണ്. മനുഷ്യകുലത്തിലെ അംഗമെന്ന നിലയില്‍ നമ്മോട് ഏറ്റവും ബന്ധപ്പെട്ട പരിപൂര്‍ണ്ണ വ്യക്തിയാണ് പരിശുദ്ധ അമ്മ. ത്രിലോകരാജ്ഞിയായ പ.കന്യകയുടെ സേവനത്തിനു നമ്മെത്തന്നെ പ്രതിഷ്ഠിക്കുക അഭിമാനകരവുമാണ്.

മാതാവിലുള്ള പ്രതിഷ്ഠയുടെ ഒരു പ്രതീകമാണ് ഉത്തരീയം. പ.കന്യകയുടെ സ്നേഹത്തിന്‍റെയും പരിലാളനയുടെയും ഒരനശ്വരസ്മാരകമാണത്. ഉത്തരീയം ഭക്തിപൂര്‍വ്വം ധരിച്ച് മാതാവിന്‍റെ മക്കള്‍ എന്നു പ്രഖ്യാപിക്കുന്നത് പരിശുദ്ധ അമ്മയ്ക്ക് ഏറ്റവും പ്രിയങ്കരമാണ്. മാതാവിന്‍റെ വിമല ഹൃദയത്തിനു നമ്മെത്തന്നെയും ലോകത്തെ മുഴുവന്‍ പ്രതിഷ്ഠിക്കണമെന്നു പ.കന്യക ആഗ്രഹിക്കുന്നു. അതിലൂടെ ആദ്ധ്യാത്മികവും ലൗകികവുമായ അനേകം അനുഗ്രഹങ്ങള്‍ ലഭിക്കുന്നു. മറിയത്തെ ചേര്‍ത്ത് പിടിച്ച് ഈശോയ്ക്കുവേണ്ടി ലോകം മുഴുവനേയും കീഴടക്കുക എന്നതായിരിക്കട്ടെ നമ്മുടെ ആദര്‍ശം.

സംഭവം
💙💙💙💙

അല്പോന്‍സന്‍സ് റാറ്റിസ്ബണ്‍ യഹൂദമതത്തിലാണ് ജനിച്ചത്. യാദൃശ്ചികമായി റോം സന്ദര്‍ശിച്ച അയാള്‍ തീക്ഷ്ണമതിയായ ബറ്റൂണ്‍ തെയോഡോര്‍ ദേബൂസിയറുമായി പരിചയപ്പെടുവാനിടയായി. തമ്മില്‍ പിരിയുമ്പോള്‍ ഹസ്തദാനം ചെയ്തുകൊണ്ട് പ.കന്യകയുടെ രൂപം ഉള്‍ക്കൊള്ളുന്ന ഒരു മെഡല്‍ അല്പോന്‍സന്‍സിന് കൊടുത്തു. അതു ധരിക്കുവാന്‍ അദ്ദേഹം റാറ്റിസ്ബനോടു ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ അദ്ദേഹം വിസമ്മതം പ്രകടിപ്പിക്കുകയാണുണ്ടായത്. അപ്പോള്‍ അദ്ദേഹത്തിന്‍റെ സ്നേഹിതന്‍ പറഞ്ഞു. വിശ്വാസമില്ലെങ്കില്‍ ധരിക്കുന്നതു കൊണ്ട് യാതൊരു ഉപദ്രവവും ഉണ്ടാവുകയില്ല. വിശ്വാസമില്ലാത്തതു കൊണ്ടു തന്നെയാണ് ധരിക്കുവാന്‍ ആവശ്യപ്പെടുന്നത്. കുറഞ്ഞപക്ഷം എന്നോടുള്ള സ്നേഹത്തെ പ്രതി മാത്രം ധരിക്കുക. വിസമ്മതം ഭീരുത്വമായി കരുതിയേക്കാമെന്ന് കരുതി അയാള്‍ ആ രൂപം ധരിച്ചു.

അടുത്ത ദിവസം തെയോഡോറിന്‍റെ ആത്മസുഹൃത്തായ ലൈഫെറോണസ് മരിച്ചു. തെയഡോര്‍, റാറ്റിസ്ബനനിനെ കൂടെ കൂട്ടി ഈശോ സഭക്കാരുടെ ദേവാലയത്തില്‍ പോയി. റാറ്റിസ്ബണ്‍ ദൈവാലയത്തില്‍ പ്രവേശിച്ച ഉടനെ അത്ഭുതകരമായ ഒരനുഭൂതിയാണുണ്ടായത്. ധരിച്ചിരുന്ന രൂപത്തിന്‍റെ ഛായയില്‍ പ.കന്യക അദ്ദേഹത്തിനു പ്രത്യക്ഷയായി. അദ്ദേഹം അധികം താമസിയാതെ കത്തോലിക്കാ സഭയെ സമാശ്ലേഷിച്ച് ഒരു ഈശോസഭാ വൈദികനായി. മരണാനന്തരം ശവകുടീരത്തില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു. “ഓ മറിയമേ, അങ്ങയുടെ മഹത്തരമായ സ്നേഹം എനിക്ക് കാണിച്ചു തന്നതുപോലെ മറ്റുള്ളവരെയും കാണിക്കണമേ.”

പ്രാര്‍ത്ഥന
💙💙💙💙

സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടെയും രാജ്ഞിയായ അമലോത്ഭവകന്യകയെ, സകല സ്വര്‍ഗ്ഗവാസികളുടെയും സാന്നിധ്യത്തില്‍ നിന്നെ എന്‍റെ രാജ്ഞിയും മാതാവുമായി ഞാന്‍ അംഗീകരിക്കുന്നു. ഞാന്‍ പിശാചിനെയും അവന്‍റെ എല്ലാ പ്രവൃ‍ത്തികളെയും ആഘോഷങ്ങളെയും പരിത്യജിച്ചു കൊള്ളാമെന്ന് വാഗാദാനം ചെയ്തുകൊണ്ട് എന്‍റെ ജ്ഞാനസ്നാന വ്രതങ്ങളെ നവീകരിക്കുന്നു. നിന്‍റെ അവകാശങ്ങള്‍ എന്‍റെമേല്‍ പ്രയോഗിച്ചു കൊള്ളുക. ഞാന്‍ എന്നെത്തന്നെ നിന്‍റെ സ്നേഹ ദൗത്യത്തിനു സമര്‍പ്പിക്കുന്നു. എന്‍റെ ആത്മാവിനെയും ശരീരത്തെയും അതിന്‍റെ എല്ലാ കഴിവുകളെയും എന്‍റെ ആദ്ധ്യാത്മികവും ഭൗമികവുമായ എല്ലാ നന്മകളെയും സകല സല്‍കൃത്യങ്ങളെയും അവയുടെ യോഗ്യതകളെയും നിനക്ക് ഞാന്‍ കാഴ്ച വയ്ക്കുന്നു. കാലത്തിലും നിത്യത്വത്തിലും ദൈവത്തിന്‍റെ ഉപരിമഹത്വത്തിനായി അങ്ങ് അവയെ വിനിയോഗിച്ചു കൊള്ളണമേ.

വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം

എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്, നിന്‍റെ ഉപകാര സഹായം അപേക്ഷിച്ചു, നിന്‍റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചു കൊള്ളണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വണ്ണമുള്ള ശരണത്താല്‍ ഉറച്ചു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണഞ്ഞു വരുന്നു. നെടുവീര്‍പ്പിട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്‍റെ തിരുമുമ്പില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്‍റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കേട്ടരുളേണമേ.

ആമ്മേനീശോ.

* ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന് ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ .

(മൂന്നു പ്രാവശ്യം ചൊല്ലുക).

ദൈവമാതാവിന്റെ ലുത്തിനിയ

കര്‍ത്താവേ! അനുഗ്രഹിക്കണമേ,

മിശിഹായെ! അനുഗ്രഹിക്കണമേ,

കര്‍ത്താവേ! അനുഗ്രഹിക്കണമേ,

മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,

റൂഹാദക്കുദീശാ തമ്പുരാനേ,

എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ,

പരിശുദ്ധ മറിയമേ

(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

ദൈവകുമാരന്‍റെ പുണ്യജനനി,

കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ,

മിശിഹായുടെ മാതാവേ,

ദൈവപ്രസാദവരത്തിന്‍റെ മാതാവേ,

എത്രയും നിര്‍മ്മലയായ മാതാവേ,

അത്യന്ത വിരക്തിയുള്ള മാതാവേ,

കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ,

കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ,

സ്നേഹഗുണങ്ങളുടെ മാതാവേ,

അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ,

സദുപദേശത്തിന്‍റെ മാതാവേ,

സ്രഷ്ടാവിന്‍റെ മാതാവേ,

രക്ഷിതാവിന്‍റെ മാതാവേ,

വിവേകൈശ്വര്യമുള്ള കന്യകേ,

പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ,

സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ,

വല്ലഭമുള്ള കന്യകേ,

കനിവുള്ള കന്യകേ,

വിശ്വാസവതിയായിരിക്കുന്ന കന്യകേ,

നീതിയുടെ ദര്‍പ്പണമേ,

ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ,

ഞങ്ങളുടെ തെളിവിന്‍റെ കാരണമേ,

ആത്മജ്ഞാന പൂരിത പാത്രമേ,

ബഹുമാനത്തിന്‍റെ പാത്രമേ,

അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,

ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ,

ദാവീദിന്‍റെ കോട്ടയെ,

നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ,

സ്വര്‍ണ്ണാലയമേ,

വാഗ്ദാനത്തിന്‍റെ പെട്ടകമേ,

ആകാശ മോക്ഷത്തിന്‍റെ വാതിലേ,

ഉഷകാലത്തിന്‍റെ നക്ഷത്രമേ,

രോഗികളുടെ സ്വസ്ഥാനമേ,

പാപികളുടെ സങ്കേതമേ,

വ്യാകുലന്‍മാരുടെ ആശ്വാസമേ,

ക്രിസ്ത്യാനികളുടെ സഹായമേ,

മാലാഖമാരുടെ രാജ്ഞി,

ബാവാന്മാരുടെ രാജ്ഞി,

ദീര്‍ഘദര്‍ശികളുടെ രാജ്ഞി,

ശ്ലീഹന്‍മാരുടെ രാജ്ഞി,

വേദസാക്ഷികളുടെ രാജ്ഞി,

വന്ദനീയന്‍മാരുടെ രാജ്ഞി,

കന്യാസ്ത്രീകളുടെ രാജ്ഞി,

സകല‍ പുണ്യവാന്മാരുടെയും രാജ്ഞി,

അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി,

സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി,

പരിശുദ്ധ ജപമാലയുടെ രാജ്ഞി,

സമാധാനത്തിന്‍റെ രാജ്ഞി,

കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി.

ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ,

(കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ)

ഭൂലോക പാപങ്ങളെ നീക്കുന്ന….

(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.)

ഭൂലോക പാപങ്ങളെ നീക്കുന്ന…..

(കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.)

ജപം

സര്‍വ്വേശ്വരന്‍റെ പുണ്യസമ്പൂര്‍ണ്ണയായ മാതാവേ, ഇതാ നിന്‍റെ പക്കല്‍ ഞങ്ങള്‍ ആശ്രയിക്കുന്നു. ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകള്‍ നീ ത്യജിക്കല്ലേ. ഭാഗ്യവതിയും ആശീര്‍വദിക്കപ്പെട്ടവളുമായ അമ്മേ, സകല ആപത്തുകളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.

കാര്‍മികന്‍: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.

സമൂഹം: സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

കര്‍ത്താവേ! മുഴുവന്‍ മനസ്സോടു കൂടെ അങ്ങയുടെ മുമ്പില്‍ നില്‍ക്കുന്ന ഈ കുടുംബത്തെ (ഈ കൂട്ടത്തെ) തൃക്കണ്‍പാര്‍ത്ത് എപ്പോഴും കന്യകയായിരിക്കുന്ന മറിയത്തിന്‍റെ അപേക്ഷയാലെ സകല ശത്രുക്കളുടെ ഉപദ്രവങ്ങളില്‍ നിന്ന് കൃപചെയ്തു രക്ഷിച്ചു കൊള്ളണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ചു ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍.

ജപം

പരിശുദ്ധ രാജ്ഞി, കരുണയുടെ മാതാവേ, സ്വസ്തീ! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തീ! ഹവ്വായുടെ പുറംതള്ളപ്പെട്ട മക്കളായിരിക്കുന്ന ഞങ്ങള്‍ അങ്ങേപ്പക്കല്‍ നെടുവീര്‍പ്പിടുന്നു. ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്ഥേ! അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ നേരെ‍ തിരിക്കണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്‍റെ അനുഗൃഹീത ഫലമായ ഈശോയെ, ഞങ്ങള്‍ക്കു കാണിച്ചു തരണമേ, കരുണയും വാത്സല്യവും നിറഞ്ഞ കന്യകാമറിയമേ! ആമ്മേന്‍.

കാര്‍മികന്‍: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.

സമൂഹം: സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

സര്‍വശക്തനും, നിത്യനുമായിരിക്കുന്ന സര്‍വ്വേശ്വരാ, ഭാഗ്യവതിയായിരിക്കുന്ന മറിയത്തിന്‍റെ ആത്മാവും ശരീരവും റൂഹാദക്കുദിശായുടെ അനുഗ്രഹത്താലെ നിന്‍റെ ദിവ്യപുത്രന് യോഗ്യമായ പീഠമായിരിപ്പാന്‍ പൂര്‍വികമായി നീ നിയമിച്ചുവല്ലോ. ഈ ദിവ്യമാതാവിനെ നിനച്ചു സന്തോഷിക്കുന്ന ഞങ്ങള്‍, ഇവരുടെ അനുഗ്രഹമുള്ള അപേക്ഷയാലെ ഈ ലോകത്തിലുള്ള സകല‍ ആപത്തുകളില്‍ നിന്നും, നിത്യമരണത്തില്‍ നിന്നും രക്ഷിക്കപ്പെടുവാന്‍ കൃപ ചെയ്യണമേ. ഈ യാചനകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ച് ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍.

പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ
💙💙💙

പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ .

സുകൃതജപം
💙💙💙💙💙

സ്വര്‍ഗ്ഗരാജ്ഞിയായ മറിയമേ, ഞങ്ങളെ സ്വര്‍ഗ്ഗഭാഗ്യത്തിനര്‍ഹരാക്കേണമേ
💙💙💙💙💙💙💙💙💙💙💙💙

Advertisements

അവിടുന്ന്‌ അവരെ പരീക്‌ഷിച്ചു. അവിടുന്ന്‌ അരുളിച്ചെയ്‌തു: നീ നിന്റെ ദൈവമായ കര്‍ത്താവിന്റെ സ്വരം ശ്രദ്‌ധാപൂര്‍വംശ്രവിക്കുകയും അവിടുത്തെ ദൃഷ്‌ടിയില്‍ ശരിയായതു പ്രവര്‍ത്തിക്കുകയും അവിടുത്തെ കല്‍പനകള്‍ അനുസരിക്കുകയും ചട്ടങ്ങള്‍ പാലിക്കുകയും ചെയ്‌താല്‍ ഞാന്‍ ഈജിപ്‌തുകാരുടെമേല്‍ വരുത്തിയ മഹാമാരികളിലൊന്നും നിന്റെ മേല്‍ വരുത്തുകയില്ല; ഞാന്‍ നിന്നെ സുഖപ്പെടുത്തുന്ന കര്‍ത്താവാണ്‌.
പുറപ്പാട്‌ 15 : 26

അവന്റെ കല്‍പനകള്‍ അനുസരിക്കുന്ന ഏവനും അവനില്‍ വസിക്കുന്നു; അവന്‍ കല്‍പനകള്‍ പാലിക്കുന്നവനിലും. അവന്‍ നമുക്കു നല്‍കിയിരിക്കുന്ന ആത്‌മാവുമൂലം അവന്‍ നമ്മില്‍ വസിക്കുന്നെന്നു നാമറിയുകയും ചെയ്യുന്നു.
1 യോഹന്നാന്‍ 3 : 24

Leave a comment