അനുദിനവിശുദ്ധർ

അനുദിന വിശുദ്ധർ | മെയ് 31 | Daily Saints | May 31 | സന്ദർശന തിരുനാൾ

⚜️⚜️⚜️⚜️ May 31 ⚜️⚜️⚜️⚜️
പരിശുദ്ധ കന്യകാ മറിയം എലിസബത്തിനെ സന്ദര്‍ശിക്കുന്നു
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

visitation-of-mary-1

“ആ ദിവസങ്ങളില്‍ മറിയം യൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്ക് വളരെ തിടുക്കത്തില്‍ യാത്ര പുറപ്പെട്ടു” (ലൂക്കാ 1:39).

ഇന്നത്തെ വിശുദ്ധ കുര്‍ബ്ബാനയില്‍ അനശ്വരനായ പിതാവിന്റെ മകനും, ലോകത്തിന്റെ സൃഷ്ടാവും, സ്വര്‍ഗ്ഗത്തിന്റേയും ഭൂമിയുടേയും രാജാവുമായവനെ ഉദരത്തില്‍ ഗര്‍ഭം ധരിച്ച പരിശുദ്ധ കന്യകയെ പ്രത്യേകം വണങ്ങുന്നു. പരിശുദ്ധ മാതാവിന്റെ സന്ദര്‍ശന തിരുനാള്‍ താഴെ പറയുന്ന ചില മഹാ സത്യങ്ങളേയും, സംഭവങ്ങളേയും നമ്മുടെ ഓര്‍മ്മയില്‍ കൊണ്ട് വരുന്നു. മംഗളവാര്‍ത്തക്ക് ശേഷം ഉടനെ തന്നെയാണ് പരിശുദ്ധ മാതാവ് തന്റെ ബന്ധുവായ എലിസബത്തിനെ സന്ദര്‍ശിക്കുന്നത്; മറിയത്തിന്റെ വന്ദനം കേട്ടപ്പോള്‍ എലിസബത്തിന്റെ ഉദരത്തില്‍ കിടക്കുന്ന സ്നാപക യോഹന്നാന്‍ തന്റെ മൂലപാപങ്ങളില്‍ നിന്നും ശുദ്ധീകരിക്കപ്പെട്ടു. എലിസബത്ത് മറിയത്തെ ഇപ്രകാരം സ്തുതിക്കുന്നു, “ദൈവപുത്രന്റെ അമ്മയായ നീ സ്ത്രീകളില്‍ അനുഗ്രഹീതയാണ്”.

ഇന്ന് തിരുസഭയുടെ ദിനംതോറുമുള്ള പ്രാര്‍ത്ഥനകളുടെ ഭാഗമായി മാറിയിട്ടുള്ള “എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു” എന്ന മറിയത്തിന്റെ പ്രസിദ്ധമായ സ്തോത്രഗീതം ദൈവസ്നേഹത്തെ എടുത്ത് കാണിക്കുന്നു. എലിസബത്തുമായുള്ള മറിയത്തിന്റെ സംഗമം ധാരാളം ചിത്രകാരന്മാര്‍ക്ക് വിഷയമായിട്ടുണ്ട്. വിശുദ്ധ ഫ്രാന്‍സിസ് ഡി സാലെസിന്റെ ഭക്തിയുടെ കേന്ദ്ര ബിന്ദുവും ഈ സന്ദര്‍ശനമാണ്. “രക്ഷകന്റെ അമ്മ” എന്ന ഉന്നതമായ വിശേഷണം കേള്‍ക്കുകയും, തന്റെ സന്ദര്‍ശനം മൂലം സ്നാപക യോഹന്നാന് ലഭിക്കപ്പെട്ട അനുഗ്രഹത്തെ കുറിച്ച് അറിയുകയും, ‘ഇനിമുതല്‍ അവള്‍ നൂറ്റാണ്ടുകളോളം ആദരിക്കപ്പെടും’ എന്ന പ്രവചനപരമായ സ്തുതിയും കേട്ടപ്പോള്‍ പരിശുദ്ധ മാതാവ് അതീവ സന്തോഷവതിയായി.

“മറിയം പറഞ്ഞു : എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു. എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു. അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും. ശക്തനായവന്‍ എനിക്കു വലിയകാര്യങ്ങള്‍ ചെയ്തിരിക്കുന്നു, അവിടുത്തെ നാമം പരിശുദ്ധമാണ്” (ലൂക്ക 1:46). പരിശുദ്ധ അമ്മയുടെ സന്ദര്‍ശനത്തേക്കുറിച്ചുള്ള ലൂക്കായുടെ വിവരണത്തിന്റെ തുടക്കം തന്നെ എത്ര കാവ്യാത്മകമാണ്. സ്നേഹത്തിന്റേയും, കരുതലിന്റെയും തീവ്രമായ ഭാവം ഇതില്‍ ദര്‍ശിക്കാന്‍ നമ്മുക്ക് സാധിക്കുന്നു. പരിശുദ്ധ അമ്മയുടെ ഉദരത്തില്‍ യേശു രൂപം ധരിച്ചതു മുതല്‍ ദൈവീകമായ ഉള്‍പ്രേരണയാലാണ് അവള്‍ കഴിഞ്ഞിരുന്നത്. അവളുടെ ഉള്‍പ്രേരണ യേശു തന്നെയായിരുന്നു.

ദുര്‍ഘടമായ യാത്ര വരുത്തി വെക്കുന്ന ക്ഷീണം വലുതായിരിക്കുമെന്ന ന്യായങ്ങളൊന്നും പരിശുദ്ധ മാതാവ് പരിഗണിച്ചതേയില്ല. “എലിസബത്തിനും ഒരു കുട്ടി ജനിക്കുവാനിരിക്കുന്നു, മറിയത്തിന്റെ കുട്ടിയാകട്ടെ വരുവാനിരിക്കുന്ന രക്ഷകനും, എന്നിരുന്നാലും മറിയത്തിനു എലിസബത്തിനെ പരിചരിക്കേണ്ട ആവശ്യകതയെ അവഗണിക്കുവാന്‍ കഴിഞ്ഞില്ല”. നമ്മളെ സംബന്ധിച്ചിടത്തോളം അവിശ്വസനീയമായ മറിയത്തിന്റെ മാത്രം പ്രത്യേകതയാണ് ഈ സ്വഭാവഗുണം.

അവള്‍ തന്റെ ബന്ധുവായ എലിസബത്തിനു തന്റെ വന്ദനം നല്‍കി, മറിയത്തിന്റെ വന്ദനം എലിസബത്ത് കേട്ടപ്പോള്‍ തന്നെ അവളുടെ ഉദരത്തിലുള്ള ശിശു ആനന്ദത്താല്‍ കുതിച്ചു ചാടി. യേശു ജനിക്കുന്നതിനു മുന്‍പേ തന്നെ അവന്റെ സാന്നിധ്യം പോലും ജീവന്‍ നല്‍കുന്നുവെന്ന്‍ എലിസബത്തിന്റെ വാക്കുകളിലൂടെ മനസ്സിലാക്കാം. ആദ്യം ഒരു കുട്ടിയെക്കുറിച്ചുള്ള ബോധ്യം മറ്റൊരു കുട്ടിയുടെ ഹൃദയത്തില്‍ നടക്കുന്നു, പിന്നീട് ആദ്യത്തെ അഭിവാദനം, ഒരു ശിശു സന്തോഷം കൊണ്ട് തന്റെ അമ്മയുടെ ഉദരത്തില്‍ കുതിക്കുന്നു, കാണുവാന്‍ പാടില്ലാത്ത യേശുവിനെ അറിഞ്ഞു കൊണ്ട് ജീവനിലേക്ക് കുതിച്ചു ചാടുന്നു.

എപ്രകാരമാണ് എലിസബത്ത് നമ്മുടെ പരിശുദ്ധ കന്യകക്ക് സംഭവിച്ച കാര്യങ്ങളേ ക്കുറിച്ചറിഞ്ഞത്? തനിക്ക് പരിചയമുള്ള തന്റെ ഈ ചെറിയ ബന്ധു തന്റെ ദൈവപുത്രന്റെ അമ്മയാണെന്ന കാര്യം അവള്‍ എങ്ങിനെ അറിഞ്ഞു? അവള്‍ അതറിഞ്ഞത് അവളുടെ ഉദരത്തിലുള്ള ശിശു മുഖാന്തിരമാണ്. ജീവനിലേക്കുള്ള പെട്ടെന്നുള്ള ആ പ്രവേശനം സന്തോഷത്തിന്റെ ഒരു കുതിച്ചു ചാട്ടമായിരുന്നു. പരിശുദ്ധ അമ്മ നമുക്ക് കാണിച്ചു തരികയും പഠിപ്പിക്കുകയും ചെയ്തിട്ടുള്ള കാര്യങ്ങള്‍ നാം പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ നമ്മുടെ അനുഭവവും അവളുടേതിന് തുല്യമായിരിക്കുമെന്ന് നമുക്ക് ഉറപ്പിച്ച് പറയാം.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. വി. ഉര്‍സുളയുടെ സ്ഥാപനം എന്ന സഭയുടെ സ്ഥാപകയായ ആഞ്ചെലാ ദേ മെരീച്ചി

2. റോമന്‍കാരായ കാന്‍ശിയാനും കാന്‍ഷിയനില്ലായും കാന്‍ഷിയൂസും പ്രോത്തൂസും

3. സര്‍ദീനിയായിലെ ക്രെഷന്‍

4. കപ്പദോച്യായില്‍ വധിക്കപ്പെട്ട ഹെര്‍മിയാസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements
Advertisements

💙💙💙💙💙💙💙💙💙💙💙💙
പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം മുപ്പത്തിയൊന്നാം തീയതി
💙💙💙💙💙💙💙💙💙💙💙💙
” *ദൂതന്‍ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ട; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു”
(ലൂക്കാ 1:30).

ആദ്ധ്യാത്മിക ജീവിതത്തില്‍ മറിയത്തിനുള്ള സ്ഥാനം
💙💙💙💙💙💙💙💙💙💙💙💙

പ.കന്യകയ്ക്ക് നമ്മുടെ ആദ്ധ്യാത്മിക ജീവിതത്തില്‍ സുപ്രധാനമായ ഒരു പങ്കുണ്ട്. ആദ്ധ്യാത്മിക ജീവിതത്തില്‍ വേണ്ടവിധം നാം പക്വത പ്രാപിക്കുന്നില്ലെങ്കില്‍ അതിനുള്ള കാരണം പ.കന്യകയ്ക്ക് നമ്മുടെ ആദ്ധ്യാത്മിക ജീവിതത്തിലുള്ള സ്ഥാനമെന്താണെന്നു വേണ്ടവിധം മനസ്സിലാകാത്തതിനാലാണ്. ദിവ്യജനനിയോട് ആഴമായ ഒരു ഭക്തി ഉണ്ടായേ മതിയാവൂ. ഈശോമിശിഹാ പ.കന്യകയുടെയും പരിശുദ്ധാത്മാവിന്‍റെയും സംയുക്ത പ്രവര്‍ത്തനത്താല്‍ രൂപീകൃതനായി. മൗതിക ശരീരവും പ.കന്യകയുടെ സാന്നിദ്ധ്യത്തിലാണ് രൂപം കൊണ്ടത്. ഇതുപോലെ ഓരോ ക്രിസ്ത്യാനിയുടെയും രൂപീകരണത്തില്‍ പ.കന്യകയ്ക്ക് സുപ്രധാനമായ ഒരു പങ്കു വഹിക്കുവാനുണ്ട്. അക്കാര്യം നാം വേണ്ടവിധത്തില്‍ മനസ്സിലാക്കിയിട്ടുണ്ടോ? ആധുനിക യുഗത്തില്‍ പലരും പ.കന്യകയോടുള്ള ഭക്തിക്കു വേണ്ടവിധത്തില്‍ സ്ഥാനം നല്‍കിയിട്ടില്ല. തന്നിമിത്തം നാം ഇന്ന് വിശ്വാസത്തകര്‍ച്ചയെ അഭിമുഖീകരിക്കുന്നു. പ.കന്യകയോടുള്ള ഭക്തി മന്ദീഭവിക്കുമ്പോള്‍ വിശ്വാസത്തകര്‍ച്ച ഉണ്ടാകുമെന്നുള്ളത് നിസ്തര്‍ക്കമാണ്.

ഇന്നു ലോകവ്യാപകമായി സാത്താന്‍ തന്റെ പ്രവര്‍ത്തനം വ്യാപിക്കുന്നുണ്ട്. കമ്മ്യൂണിസം, ഭൗതികവാദം, ധാര്‍മ്മികാധ:പതനം മുതലായവയാണ് അതിനു കാരണം. “എനിക്ക് സ്വര്‍ഗ്ഗത്തെ നീക്കിക്കളയുവാന്‍ സാധിക്കുകയില്ലെങ്കില്‍ ഞാന്‍ സകല നാരകീയ ശക്തികളെയും സ്വര്‍ഗ്ഗത്തിനെതിരായി അണിനിരത്തുമെന്ന്” ഫ്രോയിഡ് എന്ന മനശാസ്ത്രജ്ഞന്‍ പറഞ്ഞിരിന്നു. അതിനുവേണ്ടി അദ്ദേഹം കണ്ടുപിടിച്ചതാണ് അദ്ദേഹത്തിന്‍റെ ലൈംഗികാതിപ്രസരവാദം. കാറല്‍ മാര്‍ക്സ് അദ്ദേഹത്തിന്‍റെ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലൂടെ മനുഷ്യനെ കേവലം സാമ്പത്തിക ജീവിയായി അവതരിപ്പിച്ചു. ഡാര്‍വിന്‍റെ പരിണാമവാദം മനുഷ്യനെ മൃഗവുമാക്കിത്തീര്‍ത്തു.

ഇപ്രകാരമുള്ള എല്ലാ ഭൗമിക വാദങ്ങളെയും വെല്ലുവിളിച്ചു കൊണ്ട് ദിവ്യജനനി ലൂര്‍ദ്ദില്‍ പ്രത്യക്ഷപ്പെട്ട് പ്രഖ്യാപിച്ചു: “ഞാന്‍ അമലോത്ഭവയാകുന്നു.” കൂടാതെ പ.കന്യകയുടെ സ്വര്‍ഗ്ഗാരോഹണം ലൗകിക അതികായകത്വത്തിനു മറുപടിയാണ്. മനുഷ്യ മഹത്വത്തെപ്പറ്റി അമലോത്ഭവ സത്യത്തിലൂടെ മറിയം ‍നമുക്ക് നല്‍കുന്ന സന്ദേശം മനുഷ്യന്‍ പദാര്‍ത്ഥ പരിണാമത്തിന്‍റെ പ്രതിഭാസം മാത്രമല്ല എന്നാണ്. എല്ലാ നാരകീയശക്തികള്‍ക്കുമെതിരായി പ.കന്യക നമുക്ക് നല്‍കിയിരിക്കുന്ന ഒരു ദിവ്യായുധമാണ് ജപമാല. ജപമാലയിലൂടെ പ.കന്യക വഴി ഈശോ നമ്മില്‍ ജീവിക്കുന്നു. മനുഷ്യജീവിതത്തിന്‍റെ പ്രകൃത്യാതീതമായ മൂല്യം അതു നമ്മെ അനുദിനം അനുസ്മരിപ്പിക്കുന്നു. മറിയം വഴി പ.ത്രിത്വത്തോടുള്ള ഒരു സംഭാഷണമാണ് ജപമാല; സുവിശേഷ സംഗ്രഹമെന്ന് ജപമാലയെ വിശേഷിപ്പിക്കാം. പരിശുദ്ധ ത്രിത്വത്തിനും ഈശോമിശിഹായ്ക്കും പ.കന്യകയ്ക്കും മഹത്വം നല്‍കുന്ന ഒരു മനോഹരമായ പ്രാര്‍ത്ഥനയാണ് ജപമാല .

ജപമാല എല്ലാ കുടുംബങ്ങളെയും പവിത്രീകരിക്കുന്നു. നമ്മുടെ സന്തോഷ ദുഃഖങ്ങളെയും വിജയങ്ങളെയും പരിത്രാണപരിപാടിയുടെ വെളിച്ചത്തില്‍ വിലയിരുത്തി ജീവിതത്തിനു മൂല്യം കൊണ്ട് വരുന്ന അത്ഭുതാവഹമായ പ്രാര്‍ത്ഥനയെന്ന് 53 മണി ജപത്തെ വിശേഷിപ്പിക്കാം. പ.കന്യകാ മറിയത്തോടുള്ള ഭക്തിക്ക് ത്രിത്വപരവും ക്രിസ്തുപരവും സഭാപരവും മാനുഷികവുമായ വശമുണ്ട്. അത് നാം മനസ്സിലാക്കി എല്ലാ ദിവസവും ജപമാല ഭക്തിപൂര്‍വ്വം ജപിക്കണം. തിരുസഭ പല പ്രതിസന്ധിഘട്ടങ്ങളെയും ജപമാല ഭക്തിയിലൂടെ വിജയപൂര്‍വ്വം തരണം ചെയ്തു. ആധുനിക ലോകത്തിന്‍റെ ഭാവി ഭാഗധേയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ ദൈവജനനിക്ക് സുപ്രധാനമായ ഒരു സ്ഥാനമുണ്ട് എന്നുള്ള വസ്തുത മനസ്സിലാക്കി ജപമാല ഭക്തിപൂര്‍വ്വം ജപിക്കുക. ലൂര്‍ദ്ദിലും ഫാത്തിമായിലും എല്ലാം കന്യകാ മറിയം ലോകത്തിനു നല്‍കിയ ആഹ്വാനം ജപമാലയുടേതാണ്.

സംഭവം
💙💙💙

വി.ഗ്രിഞ്ഞോണ്‍ ദെ മോണ്‍ഫോര്‍ട്ട്‌ ഒരു സംഭവം അദ്ദേഹത്തിന്‍റെ ജപമാലയെക്കുറിച്ചുള്ള ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു. ഒരിക്കല്‍ ഒരു ജപമാലഭക്തന്‍ കൊള്ളകാരുടെ സംഘത്തിന്‍റെ കരങ്ങളില്‍പ്പെട്ടു. ഈ സംഘം അദ്ദേഹത്തിന്‍റെ പണം തട്ടിയെടുത്തതിനു ശേഷം അദ്ദേഹത്തെ വധിക്കുവാന്‍ ഒരുങ്ങി. മരിക്കുന്നതിനു മുമ്പ് പതിനഞ്ചു മിനിട്ടു സമയം പ്രാര്‍ത്ഥിക്കുവാന്‍ അവസരം കൊടുക്കണമെന്നദ്ദേഹം അഭ്യര്‍ത്ഥിച്ചു. അവര്‍ അതിനനുവദിച്ചു. ജപമാലഭക്തന്‍ ഉടന്‍തന്നെ കൊന്ത എടുത്തു ജപമാല ആരംഭിച്ചു. അയാള്‍ ജപമാല‍ ജപിച്ചുകൊണ്ടിരുന്നപ്പോള്‍ സുന്ദരിയായ ഒരു സ്ത്രീ അയാളുടെ പക്കല്‍ വന്ന് ഒരു റോസാ പുഷ്പം അയാളെ ധരിപ്പിക്കുന്നതായി തസ്ക്കരസംഘ നേതാവ് കണ്ടു. അത് പ.അമ്മയായിരുന്നു. തല്‍ഫലമായി അവര്‍ ആ യാത്രക്കാരനെ നിരുപാധികം വിട്ടയച്ചു. അയാളില്‍ നിന്ന് അപഹരിച്ച പണവും തിരിച്ചുകൊടുത്തു. ഇതുപോലെ നാം എല്ലാ ദിവസവും ജപമാല ഭക്തിപൂര്‍വ്വം ജപിക്കുമെങ്കില്‍ ദിവ്യജനനിയുടെ പരിലാളന നമുക്കു ലഭിക്കുമെന്നുള്ളത് നിസ്തര്‍ക്കമാണ്. പ്രത്യേകിച്ചും നാരകീയ ശത്രുവിന്‍റെ ഉപദ്രവങ്ങളില്‍ നിന്നും മറിയം നമ്മെ രക്ഷിക്കും.

പ്രാര്‍ത്ഥന
💙💙💙💙

പ.കന്യകാമറിയമേ, അങ്ങ് ഞങ്ങളുടെ സങ്കേതമാണ്. ഞങ്ങളുടെ ആദ്ധ്യാത്മികവും ഭൗതികവുമായ ആവശ്യങ്ങളില്‍ ഞങ്ങളെ സഹായിക്കണമേ. അമലോത്ഭവ കന്യകയെ, ഞങ്ങള്‍ ഈശോമിശിഹായ്ക്കും നിനക്കും ഉള്ളവരാകുവാന്‍ മനസ്സായിരിക്കുന്നു. എനിക്ക് നിന്‍റെ നേരെയുള്ള സ്നേഹത്തിന്‍റെ ലക്ഷ്യമായി എന്‍റെ ആത്മാവിനെയും ശരീരത്തെയും ഓര്‍മ, ബുദ്ധി, മനസ്സ്, ശരീരം എന്നിവയേയും അങ്ങേയ്ക്കു കാഴ്ച വയ്ക്കുന്നു. നീ എന്നെ അനുഗ്രഹിച്ച് എന്‍റെ രക്ഷയായിരിക്കേണമേ. എന്നെ എല്ലാ പാപങ്ങളില്‍ നിന്നും സംരക്ഷിച്ച് ആത്മശരീര വിശുദ്ധിയോടുകൂടി ജീവിക്കുവാന്‍ സഹായിക്കണമേ. പിതാവായ ദൈവത്തിന്‍റെ പുത്രിയും പുത്രനായ ദൈവത്തിന്‍റെ മാതാവും പരിശുദ്ധാത്മാവിന്‍റെ പ്രിയമുള്ള മണവാട്ടിയുമായ പ.കന്യകയെ, ഞങ്ങളെ അനുഗ്രഹിക്കണമേ.

വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം

എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്, നിന്‍റെ ഉപകാര സഹായം അപേക്ഷിച്ചു, നിന്‍റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചു കൊള്ളണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വണ്ണമുള്ള ശരണത്താല്‍ ഉറച്ചു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണഞ്ഞു വരുന്നു. നെടുവീര്‍പ്പിട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്‍റെ തിരുമുമ്പില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്‍റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കേട്ടരുളേണമേ.

ആമ്മേനീശോ.

* ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന് ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ .

(മൂന്നു പ്രാവശ്യം ചൊല്ലുക).

ദൈവമാതാവിന്റെ ലുത്തിനിയ

കര്‍ത്താവേ! അനുഗ്രഹിക്കണമേ,

മിശിഹായെ! അനുഗ്രഹിക്കണമേ,

കര്‍ത്താവേ! അനുഗ്രഹിക്കണമേ,

മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,

റൂഹാദക്കുദീശാ തമ്പുരാനേ,

എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ,

പരിശുദ്ധ മറിയമേ

(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

ദൈവകുമാരന്‍റെ പുണ്യജനനി,

കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ,

മിശിഹായുടെ മാതാവേ,

ദൈവപ്രസാദവരത്തിന്‍റെ മാതാവേ,

എത്രയും നിര്‍മ്മലയായ മാതാവേ,

അത്യന്ത വിരക്തിയുള്ള മാതാവേ,

കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ,

കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ,

സ്നേഹഗുണങ്ങളുടെ മാതാവേ,

അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ,

സദുപദേശത്തിന്‍റെ മാതാവേ,

സ്രഷ്ടാവിന്‍റെ മാതാവേ,

രക്ഷിതാവിന്‍റെ മാതാവേ,

വിവേകൈശ്വര്യമുള്ള കന്യകേ,

പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ,

സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ,

വല്ലഭമുള്ള കന്യകേ,

കനിവുള്ള കന്യകേ,

വിശ്വാസവതിയായിരിക്കുന്ന കന്യകേ,

നീതിയുടെ ദര്‍പ്പണമേ,

ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ,

ഞങ്ങളുടെ തെളിവിന്‍റെ കാരണമേ,

ആത്മജ്ഞാന പൂരിത പാത്രമേ,

ബഹുമാനത്തിന്‍റെ പാത്രമേ,

അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,

ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ,

ദാവീദിന്‍റെ കോട്ടയെ,

നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ,

സ്വര്‍ണ്ണാലയമേ,

വാഗ്ദാനത്തിന്‍റെ പെട്ടകമേ,

ആകാശ മോക്ഷത്തിന്‍റെ വാതിലേ,

ഉഷകാലത്തിന്‍റെ നക്ഷത്രമേ,

രോഗികളുടെ സ്വസ്ഥാനമേ,

പാപികളുടെ സങ്കേതമേ,

വ്യാകുലന്‍മാരുടെ ആശ്വാസമേ,

ക്രിസ്ത്യാനികളുടെ സഹായമേ,

മാലാഖമാരുടെ രാജ്ഞി,

ബാവാന്മാരുടെ രാജ്ഞി,

ദീര്‍ഘദര്‍ശികളുടെ രാജ്ഞി,

ശ്ലീഹന്‍മാരുടെ രാജ്ഞി,

വേദസാക്ഷികളുടെ രാജ്ഞി,

വന്ദനീയന്‍മാരുടെ രാജ്ഞി,

കന്യാസ്ത്രീകളുടെ രാജ്ഞി,

സകല‍ പുണ്യവാന്മാരുടെയും രാജ്ഞി,

അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി,

സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി,

പരിശുദ്ധ ജപമാലയുടെ രാജ്ഞി,

സമാധാനത്തിന്‍റെ രാജ്ഞി,

കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി.

ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ,

(കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ)

ഭൂലോക പാപങ്ങളെ നീക്കുന്ന….

(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.)

ഭൂലോക പാപങ്ങളെ നീക്കുന്ന…..

(കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.)

ജപം

സര്‍വ്വേശ്വരന്‍റെ പുണ്യസമ്പൂര്‍ണ്ണയായ മാതാവേ, ഇതാ നിന്‍റെ പക്കല്‍ ഞങ്ങള്‍ ആശ്രയിക്കുന്നു. ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകള്‍ നീ ത്യജിക്കല്ലേ. ഭാഗ്യവതിയും ആശീര്‍വദിക്കപ്പെട്ടവളുമായ അമ്മേ, സകല ആപത്തുകളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.

കാര്‍മികന്‍: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.

സമൂഹം: സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

കര്‍ത്താവേ! മുഴുവന്‍ മനസ്സോടു കൂടെ അങ്ങയുടെ മുമ്പില്‍ നില്‍ക്കുന്ന ഈ കുടുംബത്തെ (ഈ കൂട്ടത്തെ) തൃക്കണ്‍പാര്‍ത്ത് എപ്പോഴും കന്യകയായിരിക്കുന്ന മറിയത്തിന്‍റെ അപേക്ഷയാലെ സകല ശത്രുക്കളുടെ ഉപദ്രവങ്ങളില്‍ നിന്ന് കൃപചെയ്തു രക്ഷിച്ചു കൊള്ളണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ചു ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍.

ജപം

പരിശുദ്ധ രാജ്ഞി, കരുണയുടെ മാതാവേ, സ്വസ്തീ! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തീ! ഹവ്വായുടെ പുറംതള്ളപ്പെട്ട മക്കളായിരിക്കുന്ന ഞങ്ങള്‍ അങ്ങേപ്പക്കല്‍ നെടുവീര്‍പ്പിടുന്നു. ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്ഥേ! അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ നേരെ‍ തിരിക്കണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്‍റെ അനുഗൃഹീത ഫലമായ ഈശോയെ, ഞങ്ങള്‍ക്കു കാണിച്ചു തരണമേ, കരുണയും വാത്സല്യവും നിറഞ്ഞ കന്യകാമറിയമേ! ആമ്മേന്‍.

കാര്‍മികന്‍: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.

സമൂഹം: സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

സര്‍വശക്തനും, നിത്യനുമായിരിക്കുന്ന സര്‍വ്വേശ്വരാ, ഭാഗ്യവതിയായിരിക്കുന്ന മറിയത്തിന്‍റെ ആത്മാവും ശരീരവും റൂഹാദക്കുദിശായുടെ അനുഗ്രഹത്താലെ നിന്‍റെ ദിവ്യപുത്രന് യോഗ്യമായ പീഠമായിരിപ്പാന്‍ പൂര്‍വികമായി നീ നിയമിച്ചുവല്ലോ. ഈ ദിവ്യമാതാവിനെ നിനച്ചു സന്തോഷിക്കുന്ന ഞങ്ങള്‍, ഇവരുടെ അനുഗ്രഹമുള്ള അപേക്ഷയാലെ ഈ ലോകത്തിലുള്ള സകല‍ ആപത്തുകളില്‍ നിന്നും, നിത്യമരണത്തില്‍ നിന്നും രക്ഷിക്കപ്പെടുവാന്‍ കൃപ ചെയ്യണമേ. ഈ യാചനകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ച് ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍.

പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ
💙💙💙

പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ .

വിമലഹൃദയ പ്രതിഷ്ഠ
💙💙💙💙💙💙💙💙💙

പരിശുദ്ധ കന്യകയായ ദൈവമാതാവേ! ഞങ്ങള്‍ക്കു മാതാവായി നിയമിക്കപ്പെട്ടിരിക്കുന്ന പരലോക ഭൂലോകങ്ങളുടെയും രാജ്ഞി! സര്‍വ്വ വല്ലഭനായിരിക്കുന്ന കര്‍ത്താവിന്‍റെ അമ്മേ! സകല സൃഷ്ടികളിലും ഉത്തമസൃഷ്ടിയായ നാഥേ!സകല ആരാധനയ്ക്കും യോഗ്യമായ ഏകത്രീത്വത്തിന് ഏറ്റവും പ്രസാദിച്ച കന്യകയെ, അങ്ങേയ്ക്കു പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ഈ മാസത്തിന്‍റെ അന്ത്യത്തില്‍ അങ്ങേപ്പക്കല്‍ നന്ദിയുള്ള മനസ്സോടുകൂടി ഞങ്ങളെ മുഴുവനും കാഴ്ച്ചവയ്ക്കുന്നതിനു ഞങ്ങള്‍ വരുന്നു. ഞങ്ങളാല്‍ കഴിയുംവണ്ണം എല്ലാ മനുഷ്യരുടെയും ഹൃദയങ്ങളെ അങ്ങേയ്ക്ക് കാഴ്ചവയ്ക്കുന്നതിനും മോക്ഷവാസികളെല്ലാവരും ചെയ്തുവരുന്ന സ്തോത്രങ്ങള്‍ എല്ലാം കാണിക്കയായി അങ്ങേയ്ക്കു സമര്‍പ്പിക്കുന്നതിനും ഞങ്ങള്‍ ആഗ്രഹിക്കുന്നു.

അങ്ങേ സിംഹാസനത്തിന്‍‍ പക്കല്‍ സാഷ്ടാംഗം വീണ് ഞങ്ങളെ കാക്കുന്ന ദൈവദൂതന്‍മാരുടെയും എല്ലാ മോക്ഷവാസികളുടെയും സമക്ഷത്തില്‍ ഏറ്റവും വണക്കത്തോടും തീക്ഷ്ണമായ സ്നേഹത്തോടും കൂടി അങ്ങയെ ഞങ്ങള്‍ രാജ്ഞിയായും നാഥയായും സങ്കേതമായും മാതാവായും കരുതിക്കൊണ്ടു സ്ഥിരമായ മനസ്സോടും കറയറ്റ സ്നേഹത്തോടും കൂടെ ഞങ്ങളുടെ ശരീരത്തെയും ആത്മാവിനെയും അവയവങ്ങളെയും ശക്തികളെയും മറ്റു ഞങ്ങള്‍ക്കുള്ള സകലത്തെയും അങ്ങേയ്ക്കു ഞങ്ങള്‍ കാഴ്ച വയ്ക്കുന്നു. അങ്ങേയ്ക്കു യോഗ്യമായ വണക്കത്തെ പ്രസിദ്ധപ്പെടുത്തിയും അങ്ങേ ശത്രുക്കളോടെതിര്‍ത്തും ശേഷം പേരെ അങ്ങേപ്പക്കല്‍ ചേര്‍ത്തുകൊണ്ട് എല്ലാ ദിവസവും അങ്ങേ ഞങ്ങള്‍ സ്തുതിക്കുന്നതാണ്. ഇടവിടാതെ ഞങ്ങളെ നിരൂപിച്ചുകൊണ്ട് ഞങ്ങള്‍ക്കു വേണ്ട ഉപകാരങ്ങള്‍ ചെയ്യാന്‍ കാത്തിരിക്കുന്ന അങ്ങയെ മറക്കുന്നതെങ്ങനെ? പരിശുദ്ധ മറിയമേ! ഇന്നു തുടങ്ങി ഞങ്ങളുടെ മരണപര്യന്തം അങ്ങേ മക്കളായിട്ടും ശുശ്രൂഷകരായിട്ടും ദാസരായിട്ടും ഞങ്ങള്‍ ജീവിക്കുന്നുണ്ട്. അങ്ങേ ഭരണത്തിന്‍ കീഴില്‍ ഞങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത് എത്രയോ ഭാഗ്യം.

കണ്ണുനീരിന്‍റെ ഉറവയായ ഈ സ്ഥലത്തില്‍ നിന്ന്‍ അങ്ങയെ നോക്കി പ്രലപിച്ചു കൊണ്ട് അങ്ങേ സഹായം പ്രാര്‍ത്ഥിക്കുന്നു. ഞങ്ങള്‍ അകപ്പെട്ടിരിക്കുന്ന ആപത്തുകളെയും ഞങ്ങളുടെ ശത്രുക്കളുടെ ക്രൂരതയും തൃക്കണ്‍പാര്‍ക്കണമേ. ഞങ്ങളുടെ മേല്‍ അലിവായി ഞങ്ങള്‍ക്കുവേണ്ടി സര്‍വേശ്വരന്‍റെ പക്കല്‍ പ്രാര്‍ത്ഥിച്ച് ഞങ്ങളെ രക്ഷിച്ചു കൊള്ളണമേ. സകല‍ നന്മകളും കൃപയും നിറഞ്ഞ മാതാവേ! അങ്ങേയ്ക്കു കാഴ്ചവയ്ക്കപ്പെട്ട ഞങ്ങളെ സഹായിച്ചു കാത്തുകൊള്ളണമേ. ഞങ്ങള്‍ക്കു വരാനിരിക്കുന്ന തിനമകളെ നീക്കി ഞങ്ങളുടെ ആത്മീയ ശത്രുക്കളെ പരാജയപ്പെടുത്തണമേ. ഞങ്ങളുടെ ബലഹീനത നീക്കി സ്ഥിരപ്പെടുത്തണമേ.ഈ ലോകത്തില്‍ ഞങ്ങള്‍ ജീവിച്ചിരിക്കും വരെയും ഞങ്ങളെ കൈവിടാതെ കൊടുങ്കാറ്റിന്‍റെ ആധിക്യത്തില്‍ ക്ഷോഭിച്ച സമുദ്രത്തെപ്പോലെയുള്ള ഈ ലോകത്തില്‍ ഞങ്ങളെ നാശം കൂടാതെ നടത്തി അങ്ങയോടുകൂടെ സകല ഭാഗ്യങ്ങളും പ്രാപിക്കുംവരെയും അമ്മേ! ഞങ്ങളെ കൈ വിടരുതേ.

ആമ്മേനീശോ .
💙💙💙💙💙💙💙💙💙💙💙💙

Advertisements
Advertisements

🌻പ്രഭാത പ്രാർത്ഥന🌻

തീഷ്ണതയിൽ മാന്ദ്യം കൂടാതെ ആത്മാവിൽ ജ്വലിക്കുന്നവരായി കർത്താവിനെ ശുശ്രൂഷിക്കുവിൻ(റോമാ :12/11)

പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രീയേക ദൈവമേ..

ദൈവ വചനങ്ങൾക്കനുസരിച്ച് ജീവിക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിച്ചു കൊണ്ടും.. ത്രീയേകദൈവത്തിന് സ്തുതിയും ആരാധനയും അർപ്പിച്ചു കൊണ്ടും ഈ പ്രഭാതത്തിലും ഞങ്ങൾ അണഞ്ഞിരിക്കുന്നു. പലപ്പോഴും ഏതു കാര്യത്തിനു വേണ്ടിയും ഭവനത്തിൽ നിന്നും പുറപ്പെടുന്നതിനു മുൻപ് ഞങ്ങൾ അത്യാവശ്യം വേണ്ട മുന്നൊരുക്കങ്ങൾ നടത്താറുണ്ട്. എന്നാൽ ദേവാലയത്തിൽ ദിവ്യബലിയർപ്പണത്തിൽ പങ്കു ചേരാൻ പുറപ്പെടുമ്പോൾ ഒന്നു പ്രാർത്ഥിച്ചൊരുങ്ങാനോ.. സക്രാരിയിലുള്ള ഈശോയുടെ മുൻപിൽ ഒരൽപ്പ സമയം അധികം ചെലവഴിക്കാനോ സ്വസ്ഥമായിരിക്കാനോ ഞങ്ങൾ ശ്രമിക്കാറില്ല. കുർബാന കഴിഞ്ഞാൽ എത്രയും പെട്ടെന്ന് വീട്ടിലെത്തണം എന്ന ചിന്ത മാത്രമായിരിക്കും ബലിയർപ്പണസമയത്തും മനസ്സിലുണ്ടാവുക..

ഈശോയേ.. എത്രയധികം നന്മകൾ നൽകി അങ്ങു ഞങ്ങളെ പരിപാലിച്ചാലും.. സഹനങ്ങളിൽ എത്രത്തോളം ഞങ്ങളെ ചേർത്തു പിടിച്ചാലും..രാവിരവുകൾ തിരയാതെ ഞങ്ങളുടെ കൂടെയിരുന്നാലും.. ഈ ലോകത്തിൽ അങ്ങ് ഏറ്റവും ഒറ്റപ്പെട്ടു പോകുന്നയിടം ദിവ്യസക്രാരിയാണെന്ന സത്യം ഞങ്ങൾ തിരിച്ചറിയുന്നില്ല. ഞാൻ വിളിക്കുമ്പോഴെല്ലാം നീയെന്റെ അരികിൽ അണയുന്നുണ്ട്.. പക്ഷേ ഒരിക്കലും നിന്റെ വിളിക്ക് കാതോർത്ത് അത്രയേറെ കൊതിയോടെ ഞാൻ സക്രാരിയെ തേടിയെത്തുന്നില്ല.. ഞങ്ങൾക്കു വേണ്ടി..ഞങ്ങളോടൊപ്പം വസിക്കാൻ ദിവ്യകാരുണ്യമായ ഈശോയേ.. നിന്നെ എന്റെ മുഴുഹൃദയത്തോടെയും.. ആത്മാവോടെയും ഇനിയുമേറെ ആഴത്തിൽ സ്നേഹിക്കുവാനും.. ദിവ്യസക്രാരിയോടുള്ള തീഷ്ണമായ സ്നേഹത്തിൽ ജ്വലിക്കുന്നവരായി നിനക്കു ശുശ്രൂഷ ചെയ്യുവാനുമുള്ള ദൈവവര പ്രസാദം നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ..

സ്വർഗ്ഗരാജ്ഞിയായ മറിയമേ..ഞങ്ങളെ സ്വർഗ്ഗഭാഗ്യത്തിനർഹരാക്കേണമേ.. ആമേൻ.

Advertisements

അവിടുന്ന്‌ എന്നെ പാതാളത്തില്‍ തള്ളുകയില്ല; അങ്ങയുടെ പരിശുദ്‌ധന്‍ ജീര്‍ണിക്കാന്‍അനുവദിക്കുകയില്ല.
അങ്ങ്‌ എനിക്കു ജീവന്‍െറ മാര്‍ഗംകാണിച്ചുതരുന്നു; അങ്ങയുടെ സന്നിധിയില്‍ ആനന്‌ദത്തിന്‍െറ പൂര്‍ണതയുണ്ട്‌; അങ്ങയുടെ വലത്തുകൈയില്‍ ശാശ്വതമായ സന്തോഷമുണ്ട്‌.
സങ്കീര്‍ത്തനങ്ങള്‍ 16 : 10-11🙏

Advertisements

🙏🙏🔥⛪🔥🙏🙏
🍄 ഇന്നത്തെ സുവിശേഷം 🍄

🌹ലൂക്കാ 1:39-56🌹

🎍 ശക്തനായവന്‍ എനിക്കു വലിയകാര്യങ്ങള്‍ ചെയ്തിരിക്കുന്നു; എളിയവരെ ഉയര്‍ത്തി. 🎍

39 : ആ ദിവസങ്ങളില്‍, മറിയം യൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്കു തിടുക്കത്തില്‍ യാത്രപുറപ്പെട്ടു.

40 : അവള്‍ സഖറിയായുടെ വീട്ടില്‍ പ്രവേശിച്ച് എലിസബത്തിനെ അഭിവാദനം ചെയ്തു.

41 : മറിയത്തിന്റെ അഭിവാദനം കേട്ടപ്പോള്‍ എലിസബത്തിന്റെ ഉദരത്തില്‍ ശിശു കുതിച്ചു ചാടി. എലിസബത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി.

42 : അവള്‍ ഉദ്‌ഘോഷിച്ചു: നീ സ്ത്രീകളില്‍ അനുഗൃഹീതയാണ്. നിന്റെ ഉദരഫലവും അനുഗൃഹീതം.

43 : എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്?

44 : ഇതാ, നിന്റെ അഭിവാദനസ്വരം എന്റെ ചെവികളില്‍ പതിച്ചപ്പോള്‍ ശിശു എന്റെ ഉദരത്തില്‍ സന്തോഷത്താല്‍ കുതിച്ചുചാടി.

45 : കര്‍ത്താവ് അരുളിച്ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതി.
മറിയം പറഞ്ഞു:

46 : എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു.

47 : എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു.

48 : അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു.
ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും.

49 : ശക്തനായവന്‍ എനിക്കു വലിയകാര്യങ്ങള്‍ ചെയ്തിരിക്കുന്നു,
അവിടുത്തെനാമം പരിശുദ്ധമാണ്.

50 : അവിടുത്തെ ഭക്തരുടെമേല്‍ തലമുറകള്‍ തോറും അവിടുന്ന് കരുണ വര്‍ഷിക്കും.

51 : അവിടുന്ന് തന്റെ ഭുജംകൊണ്ട് ശക്തി പ്രകടിപ്പിച്ചു;
ഹൃദയവിചാരത്തില്‍ അഹങ്കരിക്കുന്നവരെ ചിതറിച്ചു.

52 : ശക്തന്മാരെ സിംഹാസനത്തില്‍ നിന്നു മറിച്ചിട്ടു; എളിയവരെ ഉയര്‍ത്തി.

53 : വിശക്കുന്നവരെ വിശിഷ്ടവിഭവങ്ങള്‍ കൊണ്ട് സംതൃപ്തരാക്കി;
സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു.

54 : തന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട്
അവിടുന്ന് തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചു.

55 : നമ്മുടെ പിതാക്കന്മാരായ അബ്രാഹത്തോടും അവന്റെ സന്തതികളോടും
എന്നേക്കുമായി ചെയ്ത വാഗ്ദാനം അനുസരിച്ചുതന്നെ.

56 : മറിയം അവളുടെകൂടെ മൂന്നു മാസത്തോളം താമസിച്ചു. പിന്നെ വീട്ടിലേക്കു മടങ്ങി.

🙏 നമ്മുടെ കർത്താവായ മിശിഹായ്ക്ക് സ്തുതി 🙏

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s