അനുദിനവിശുദ്ധർ

അനുദിന വിശുദ്ധർ | ജൂൺ 01 | Daily Saints | June 01 | വിശുദ്ധ ജസ്റ്റിന്‍

⚜️⚜️⚜️⚜️ June 01 ⚜️⚜️⚜️⚜️
വിശുദ്ധ ജസ്റ്റിന്‍
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

പലസ്തീനായിലെ നാബ്ലസ്‌ സ്വദേശിയായിരുന്ന പ്രിസ്കസിന്റെ മകനായിരുന്ന ജസ്റ്റിന്‍. വിദ്യാഭ്യാസത്തിനു വേണ്ടിയായിരുന്നു തന്റെ യുവത്വം മുഴുവന്‍ വിശുദ്ധന്‍ ചിലവഴിച്ചിരുന്നത്. അവന് പ്രായപൂര്‍ത്തിയായപ്പോള്‍ തത്വശാസ്ത്രത്തോടുമുള്ള അടങ്ങാത്ത ആഗ്രഹം നിമിത്തം ജസ്റ്റിന്‍ ഒരു തത്വശാസ്ത്ര വിദ്യാര്‍ത്ഥിയാവുകയും എല്ലാ തത്വശാസ്ത്രജ്ഞരുടേയും കൃതികള്‍ വിശദമായി പഠിക്കുകയും ചെയ്തു. അവയില്‍ മിക്കവയിലും അബദ്ധജടിലമായ സിദ്ധാന്തങ്ങളും, തെറ്റുകളുമാണെന്ന്‍ വിശുദ്ധന്‍ മനസ്സിലാക്കി. അപരിചിതനായ ഒരു വൃദ്ധനില്‍ നിന്നും സ്വര്‍ഗ്ഗീയ ജ്ഞാനത്തിന്റെ പ്രകാശം വിശുദ്ധന് ലഭിക്കുകയും, ക്രിസ്തീയ വിശ്വാസമാണ് സത്യദര്‍ശനമെന്ന് മനസ്സിലാക്കുകയും ചെയ്തു. തുടര്‍ന്നു വിശുദ്ധന്‍ ക്രിസ്തുമതത്തെ സ്വീകരിച്ചു. ക്രിസ്തുവില്‍ ഒന്നായതിന് ശേഷം രാവും പകലും അദ്ദേഹത്തിന്റെ കയ്യില്‍ വിശുദ്ധ ഗ്രന്ഥമുണ്ടായിരുന്നു. തന്റെ പ്രാര്‍ത്ഥനയാല്‍ ആളികത്തിയ ദൈവീകാഗ്നി സദാസമയവും വിശുദ്ധന്റെ ആത്മാവില്‍ നിറഞ്ഞു നിന്നു. യേശുവിനെ കുറിച്ചുള്ള അഗാധമായ അറിവ്‌ നേടിയ വിശുദ്ധന്‍ തന്റെ അറിവ് മുഴുവന്‍ ക്രിസ്തീയ വിശ്വാസം പ്രചരിപ്പിക്കുന്ന ഗ്രന്ഥങ്ങളുടെ രചനക്കായി സമര്‍പ്പിച്ചു.

വിശുദ്ധ ജസ്റ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടവ, ക്രിസ്തീയ വിശ്വാസത്തിന്റെ ആവശ്യങ്ങളെ ചൂണ്ടി കാണിച്ചു കൊണ്ടുള്ള ക്രിസ്തീയപക്ഷവാദ രചനകളായിരുന്നു. ചക്രവര്‍ത്തിയായ അന്റോണിനൂസ്‌ പിയൂസ് തന്റെ മക്കളായ മാര്‍ക്കസ്‌ അന്റോണിനൂസ്‌ വേരുസും, ലൂസിയസ് ഒറേലിയൂസ്‌ കൊമ്മോഡൂസുമായി ചേര്‍ന്ന് ക്രിസ്ത്യാനികളെ ക്രൂരമായി പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. ചക്രവര്‍ത്തിയുടെ സെനറ്റ് മുന്‍പാകെ, ക്രിസ്തീയ വിശ്വാസത്തിന്റെ സംരക്ഷണത്തിനായി വിശുദ്ധന്‍ തന്റെ വാദങ്ങള്‍ സമര്‍പ്പിച്ചു. വിശ്വാസ സംരക്ഷണത്തിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ വാദങ്ങള്‍ വഴി, ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നത് നിര്‍ത്തുവാനുള്ള ഒരു പൊതു ഉത്തരവ്‌ നേടിയെടുക്കുവാന്‍ കാരണമായി മാറി.

ഒരുപാടു പേരെ വിശുദ്ധന്‍ രക്ഷിച്ചെങ്കിലും വിശുദ്ധനു സ്വയം രക്ഷപ്പെടുവാന്‍ സാധിച്ചില്ല. വിശുദ്ധന്റെ മേല്‍ വ്യാജകുറ്റാരോപണം നടത്തുകയും അദ്ദേഹത്തെ പിടികൂടി റോമിലെ മുഖ്യ ന്യായാധിപനായിരിന്ന റസ്റ്റിക്കൂസിന്റെ മുന്‍പാകെ ഹാജരാക്കുകയും ചെയ്തു. റസ്റ്റിക്കൂസ്‌ ക്രിസ്തീയ വിശ്വാസപ്രമാണങ്ങളെ കുറിച്ച് വിശുദ്ധനെ ചോദ്യം ചെയ്തു. വിശുദ്ധനാകട്ടെ നിരവധി സാക്ഷികള്‍ മുന്‍പാകെ തങ്ങളുടെ വിശ്വാസത്തെ ഇപ്രകാരം വെളിപ്പെടുത്തി: “ഞങ്ങള്‍ ക്രിസ്ത്യാനികളുടെ യഥാര്‍ത്ഥത്തിലുള്ള ദൈവീക പ്രമാണങ്ങള്‍ ഇതാണ്; ഞങ്ങള്‍ ഏക ദൈവത്തില്‍ വിശ്വസിക്കുന്നു, കണ്ണുകൊണ്ട് കാണുവാന്‍ കഴിയുന്നതും, കാണുവാന്‍ കഴിയാത്തതുമായ എല്ലാത്തിന്റേയും സൃഷ്ടാവ് അവനാണ്; പിതാവായ ദൈവത്തിന്റെ മകനായ കര്‍ത്താവായ യേശുക്രിസ്തുവിനെ ഞങ്ങള്‍ ഏറ്റുപറയുന്നു, പഴയകാല പ്രവാചകര്‍ മുന്‍കൂട്ടി പ്രവചിച്ചിട്ടുള്ളത് അവനേകുറിച്ചാണ്, മനുഷ്യവംശത്തെ മുഴുവന്‍ വിധിക്കുവാനാണ് അവന്‍ വന്നിരിക്കുന്നത്.”

വിശുദ്ധനും, മറ്റ് ക്രിസ്തീയ വിശ്വാസികളും നഗരത്തില്‍ ഏതു സ്ഥലത്താണ് ഒരുമിച്ച് കൂടുന്നതെന്ന് മുഖ്യന്‍ ചോദിച്ചപ്പോള്‍, ക്രിസ്തീയ വിശ്വാസ രഹസ്യങ്ങളും, തന്റെ സഹോദരന്‍മാരായ വിശ്വാസികളും ചതിക്കപ്പെടുമെന്ന ഭയത്താല്‍ വിശുദ്ധന്‍ പൂഡെന്‍സിലുള്ള പ്രസിദ്ധമായ ദേവാലയത്തിനു സമീപത്തുള്ള സ്ഥലം കാണിച്ചു കൊടുത്തു. തുടര്‍ന്നു മുഖ്യന്‍ വിശുദ്ധനോട് തങ്ങളുടെ ദൈവത്തിനു ബലിയര്‍പ്പിക്കുക അല്ലെങ്കില്‍ ക്രൂരമായ പീഡനത്തിനു വിധേയനാകുവാന്‍ ആവശ്യപ്പെട്ടു. “ഒന്നിനേയും ഭയക്കാത്ത താന്‍ വളരെകാലമായി യേശുവിനു വേണ്ടി സഹനമനുഭവിക്കുവാന്‍ ആഗ്രഹിക്കുകയാണെന്നും, അതിന്റെ മഹത്തായ പ്രതിഫലം സ്വര്‍ഗ്ഗത്തില്‍ തനിക്ക്‌ ലഭിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും” ധൈര്യപൂര്‍വ്വം വിശുദ്ധന്‍ മറുപടി കൊടുത്തു. തുടര്‍ന്ന് മുഖ്യന്‍ വിശുദ്ധനെ വധിക്കുവാന്‍ ഉത്തരവിട്ടു. ദൈവത്തിനു സ്തുതി അര്‍പ്പിച്ചുകൊണ്ട് ചമ്മട്ടികൊണ്ടുള്ള ക്രൂരമായ പീഡനങ്ങള്‍ അദ്ദേഹം വേദന ഏറ്റുവാങ്ങി. തുടര്‍ന്നു യേശുവിനു വേണ്ടി ചോര ചിന്തികൊണ്ട് വിശുദ്ധന്‍ രക്തസാക്ഷിത്വം മകുടം ചൂടി.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. ഓക്കാ-വാല്‍പൂ വേസ്റ്റാ ബിഷപ്പായ അറ്റോ

2. കറ്റലോണിയായിലെ ബര്‍ണാര്‍ഡ്, മേരി, ഗ്രേസ്

3. ഗോളില്‍ നിന്ന്‍ കപ്രാസിയൂസ്

4. അകിറ്റെയിന്‍ ബിഷപ്പായ ക്ലാരൂസ്

5. ട്രെവെസ് ബിഷപ്പായ കോണ്‍റാഡ്

6. ഇറ്റാലിയന്‍ പടയാളിയായ ക്രെഷന്‍ സിയാന്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 1
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ഇന്ന് ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം ആരംഭിക്കുന്നു. ഓരോ ദിവസത്തെയും പ്രാർത്ഥനകൾ പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്. ക്രിസ്തുവിന്റെ പീഡാസഹനം, മരണം, ഉത്ഥാനം എന്നിവയിലൂടെ ലോകത്തിനു വെളിവാക്കപ്പെട്ട ദൈവീക കാരുണ്യത്തിന്റെ സിംഹാസനമാണ് യേശുവിന്റെ തിരുഹൃദയം. ഈ പ്രാർത്ഥനകളിലൂടെ ദൈവത്തിന്റെ സ്വരം കേൾക്കുവാനും, അവിടുത്തെ പദ്ധതിയനുസരിച്ച് ജീവിക്കുവാനും നമ്മെ ഓരോരുത്തരെയും ദൈവം അനുഗ്രഹിക്കട്ടെ.

ഈശോയുടെ ദിവ്യഹൃദയത്തെ പ്രത്യേക വിധത്തില്‍ വന്ദിക്കുന്നതിന്‍റെ രഹസ്യം

ദൈവപുത്രനായ മിശിഹാ മനുഷ്യാവതാരം ചെയ്തുവെന്നുള്ളത് സംശയം കൂടാതെ അംഗീകരിക്കേണ്ട ഒരു വിശ്വാസ രഹസ്യമാണ്. അത്ഭുതകരമായ അവിടുത്തെ ഈ പ്രവൃത്തിയാല്‍ ക്രിസ്തുവിന്‍റെ ദിവ്യഹൃദയം ദൈവ സ്വഭാവത്തോടു ഗാഢമായി ചേര്‍ന്നിരിക്കുന്നു. തന്നിമിത്തം ക്രിസ്തുവിന്‍റെ ഹൃദയം ദൈവിക ഹൃദയം തന്നെയാണ്. ക്രിസ്തുനാഥനു രണ്ടുവിധ സ്വഭാവമുണ്ട്. ദൈവസ്വഭാവവും മനുഷ്യസ്വഭാവവും. ഈശോ ദൈവമായിരിക്കയാല്‍ സ്വര്‍ഗ്ഗത്തില്‍ മാലാഖമാരും സ്വര്‍ഗ്ഗവാസികളും ചെയ്യുന്ന ആരാധനാ സ്തുതിസ്തോത്രങ്ങള്‍ ഭൂമിയില്‍ അനുഷ്ഠിക്കുവാന്‍ മനുഷ്യര്‍ കഷ്ടപ്പെടുന്നുണ്ട്.

ദൈവികവും മാനുഷികവുമായ സ്വഭാവങ്ങള്‍ അങ്ങില്‍ ഒന്നുചേര്‍ന്നിരിക്കയാല്‍ സഹോദരനും സ്നേഹിതനുമായ അവിടുത്തെ സമീപം പ്രതീക്ഷയോടും സ്നേഹത്തോടും കൂടി നാം അടുക്കേണ്ടതാവശ്യമാണ്. ഈ ദിവ്യഹൃദയത്തെ സമീപിക്കുവാനും ദൈവത്തിന്‍റെ ഹൃദയത്തോട് സംഭാഷണം നടത്താനുമായി നാം സമീപിച്ചിരുന്നെങ്കില്‍ എത്രമാത്രം ഭയഭക്തി ബഹുമാനാദരവുകള്‍ പ്രദര്‍ശിപ്പിക്കുമായിരുന്നു.

ഈ ദിവ്യഹൃദയത്തില്‍ സകല നിക്ഷേപങ്ങളും ദൈവത്വത്തിന്‍റെ പൂര്‍ണ്ണതയും സമഗ്രമായി അടങ്ങിയിരിക്കുന്നു. ഇതിനാല്‍ ഈശോമിശിഹായുടെ ദിവ്യഹൃദയത്തെ ആരാധിക്കുന്നത് അത്യന്തം ഉചിതമായിരിക്കുന്നു. നമുക്കാവശ്യമായതും നാം ആഗ്രഹിക്കുന്നതുമായ സകല നന്മകളും ഈ ദിവ്യഹൃദയത്തിന്‍റെ അനുഗ്രഹം നിറഞ്ഞ സന്നിധിയില്‍ ബോധിപ്പിക്കാവുന്നതാണ്‌. മാനസികമായ വേദനകളാലും സംശയങ്ങളാലും പീഡിപ്പിക്കപ്പെടുന്നുവെങ്കില്‍ “അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരും എന്‍റെ അടുക്കല്‍ വരുവിന്‍” എന്ന്‍ അവിടുത്തെ ദിവ്യഹൃദയം നമ്മോട് പറയുന്നു.

ദാരിദ്ര്യത്താലും നിന്ദാപമാനങ്ങളാലും നാം‍ ഞെരുക്കപ്പെടുന്നുവെങ്കില്‍ ലോകസൗഭാഗ്യവും ബഹുമാനങ്ങളും നിസ്സാരങ്ങളെന്നും നിത്യരക്ഷ പ്രാപിക്കുകയാണ് ഏറ്റവും പ്രധാനമായ കാര്യമെന്നും ഈ ദിവ്യഹൃദയം നമ്മെയും ഗ്രഹിപ്പിക്കും. നമ്മുടെ കുടുംബ ജീവിതത്തില്‍ അസമാധാനവും അസന്തുഷ്ടിയും കലഹവാസനയും കളിയാടുന്നുവെങ്കില്‍ ഈശോയുടെ തിരുഹൃദയത്തിന്‍റെ കാരുണ്യം അപേക്ഷിക്കണം. അപ്പോള്‍ ഈ ദിവ്യഹൃദയത്തിന്‍റെ അനുഗ്രഹം ധാരാളമായി നമ്മുടെ ഭവനങ്ങളില്‍ ഉണ്ടാകും. ഈശോയുടെ ദിവ്യഹൃദയം സകല നിക്ഷേപങ്ങളുടെയും അനുഗ്രഹങ്ങളുടെയും ഒരിക്കലും വറ്റാത്ത ഉറവയാണെന്ന ഓര്‍മ്മ നമ്മെ ധൈര്യപ്പെടുത്തുന്നു.

ആകയാല്‍ ഈശോയുടെ തിരുഹൃദയത്തിന്‍റെ നേരെ ഭക്തിയുള്ള ആത്മാവേ, നിനക്ക് ആവശ്യമായിരിക്കുന്ന എല്ലാ ആദ്ധ്യാത്മികവും ലൗകികവുമായ നന്മകളും ലഭിക്കുന്നതിന് ഈ മാസാരംഭത്തില്‍ തന്നെ ഈശോയുടെ പരിശുദ്ധ ഹൃദയത്തോട് നിത്യകന്യകയും അമലോത്ഭവവുമായ മറിയത്തിന്‍റെ വിമലഹൃദയം വഴിയായി അപേക്ഷിച്ചു സാധിക്കുന്നതിനു ശ്രമിക്കുക. ഈ മാസത്തില്‍ ചെയ്യുന്ന സകല ഭക്തകൃത്യങ്ങളും ആഗ്രഹിക്കുന്നതും അപേക്ഷിക്കുന്നതുമായ കാര്യങ്ങള്‍ ലഭിക്കുന്നതിനായി നിയോഗിക്കുകയും ചെയ്യുന്നു.

ജപം
❤️❤️

അനന്തനന്മ സ്വരൂപിയായ സര്‍വ്വേശ്വരാ, ഈശോയുടെ ദിവ്യഹൃദയം വഴിയായി അപേക്ഷിക്കുകയെന്നും ഈ ദിവ്യഹൃദയം വഴിയായി അപേക്ഷിക്കുന്ന സകലവും ലഭിക്കുമെന്നും വിശുദ്ധ മര്‍ഗ്ഗരീത്തായോട് അങ്ങ് വാഗ്ദാനം ചെയ്തുവല്ലോ. അങ്ങയുടെ അനന്ത പ്രതാപത്തിന്‍ മുമ്പാകെ ഞാന്‍ സാഷ്ടാംഗപ്രണാമം ചെയ്യുന്നു. എന്‍റെ ജീവിതകാലം മുഴുവനും ഞാന്‍ അങ്ങേ ദിവ്യപുത്രനെ അറിയുന്നതിനും സ്നേഹിക്കുന്നതിനും പ്രത്യേകമായി ഈ മാസത്തില്‍ വിശുദ്ധ മര്‍ഗ്ഗരീത്തായുടെ മാതൃകയെ അനുകരിക്കുന്നതിനും അനുഗ്രഹം ചെയ്തരുളണമേ. എന്‍റെ ദൈവമേ! അങ്ങില്‍ നിന്നു ബഹുമാനം, ഐശ്വര്യം ആദിയായവ ഞാന്‍ ഇച്ഛിക്കുന്നില്ല. അങ്ങയുടെ ദിവ്യനാദം എല്ലാവരും അറിയുന്നതിനും എല്ലായിടത്തും സ്തുതിക്കപ്പെടുന്നതിനും അങ്ങേ ദിവ്യപുത്രനായ ഈശോ ജനഹൃദയങ്ങളില്‍ ഭരണം നടത്തുന്നതിനും മാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ.

പ്രാര്‍ത്ഥന
❤️❤️❤️❤️

കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.

3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി.

സാധുശീലനും ഹൃദയ എളിമയുള്ളവനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ.

ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

കര്‍ത്താവേ! അനുഗ്രഹിക്കണമേ .

മിശിഹായേ! അനുഗ്രഹിക്കണമേ.

കര്‍ത്താവേ! അനുഗ്രഹിക്കണമേ.

മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

ആകാശങ്ങളിലിരിക്കുന്ന ബാവാതമ്പുരാനേ,

ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,

റൂഹാദക്കുദശാ തമ്പുരാനേ,

ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ,

നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ,

ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,

അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ,

ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ,

അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ ,

ദൈവഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ,

ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ,

നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ,

നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ,

സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ,

സകല‍ പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ,

സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ,

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ.

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

— ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ.

പ്രാര്‍ത്ഥിക്കാം
❤️❤️❤️❤️❤️❤️

സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദക്കൂദശായുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍.

സുകൃതജപം
❤️❤️❤️❤️❤️

ഈശോയുടെ തിരുഹൃദയമേ! ഞങ്ങളുടെമേല്‍ അലിവായിരിക്കണമേ.

സല്‍ക്രിയ
❤️❤️❤️❤️

ഈ മാസത്തില്‍ ദിവ്യഹൃദയത്തിനു വേണ്ടി ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഭക്തകൃത്യങ്ങള്‍ നിശ്ചയിച്ചു വിശ്വസ്തതയോടെ നിറവേറ്റുക.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Advertisements

🌻പ്രഭാത പ്രാർത്ഥന.🌻

എന്റെ കർത്താവിന്റെ അമ്മ എന്റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്.. (ലൂക്കാ: 1/43)

പരിശുദ്ധ കന്യകയായ ദൈവമാതാവേ..
വിശുദ്ധ കുരിശിൽ നിന്നാരംഭിച്ച് കുരിശിൽ തന്നെ അവസാനിക്കുന്ന ജപമാലമണികളോടൊപ്പം ഞങ്ങളുടെ ജീവിതത്തെയും ചേർത്തു വച്ചു കൊണ്ട് നന്ദി നിറഞ്ഞ മനസ്സോടെ ഈ പ്രഭാതത്തിലും ഞങ്ങളണയുന്നു. ഈ ഒരു മാസക്കാലം അമ്മയുടെ വിമലഹൃദയത്തിന് ഞങ്ങളെ പൂർണമായി സമർപ്പിച്ചു കൊണ്ട് പ്രാർത്ഥനയാലും, സ്തുതിഗീതങ്ങളാലും, സുകൃതജപങ്ങളാലും ഞങ്ങൾ അമ്മയോടൊപ്പം സഞ്ചരിക്കുകയായിരുന്നു. ഞങ്ങളുടെ ഈ സങ്കീർണ്ണമായ ജീവിതസാഹചര്യത്തിൽ ഞങ്ങൾ അറിയുന്നവരും അറിയാത്തവരുമായ അനേകം ദൈവമക്കൾ രോഗത്താൽ ദുരിതമനുഭവിക്കുകയും.. ഏകാന്തതയിൽ നിരാശയ്ക്കടിമപ്പെട്ട് ജീവിക്കുകയും ചെയ്യുന്നുണ്ട്.. പലപ്പോഴും പ്രവൃത്തിയെക്കാളേറെ ആശ്വാസം പകരുന്ന വാക്കുകളാൽ ഞങ്ങൾക്ക് അവരോടൊപ്പമായിരിക്കാൻ സാധിക്കും എന്നറിഞ്ഞിട്ടും.. ഞങ്ങളുടെ തൊട്ടരികിൽ..അയലിടങ്ങളിൽ പോലും ദാരിദ്ര്യത്തിന്റെ നിസ്സഹായത പേറുന്ന ജീവിതങ്ങളുണ്ട് എന്നു മനസ്സിലാക്കിയിട്ടും എനിക്കുള്ളവയെ പങ്കുവയ്ക്കാൻ തയ്യാറാവാതെ നിസംഗതയോടെ ഞങ്ങൾ പെരുമാറുമ്പോൾ അമ്മയുടെ എളിമ നിറഞ്ഞ മനസ്സും ഉപവിയുടെ പ്രവർത്തനവരവും ഞങ്ങൾ നഷ്ടപ്പെടുത്തി കളയുകയാണ്.

അമ്മേ മാതാവേ..ഞങ്ങൾ അകപ്പെട്ടിരിക്കുന്ന എല്ലാ ആപത്തുകളെയും..ഞങ്ങളുടെ ആവശ്യങ്ങളെയും തൃക്കൺപാർത്ത് സർവ്വേശ്വരനോട് മാധ്യസ്ഥം തേടണമേ.. ഞങ്ങളുടെ സന്തോഷദുഃഖങ്ങളെ വിജയത്തിലേക്കുള്ള ചവിട്ടുപടിയാക്കി മൂല്യം നൽകുന്ന ജപമാല പ്രാർത്ഥനയിൽ സ്ഥിരതയുള്ളവരാകാനും.. അന്യദുഃഖത്തിൽ കരുണയുടെ കരം നീട്ടാനും ഞങ്ങളെ സഹായിക്കേണമേ..കറയറ്റ ഹൃദയത്തോടെയും എളിമ നിറഞ്ഞ ജീവിതവിശുദ്ധിയോടെയും ഞങ്ങളെ പൂർണമായി അമ്മയുടെ വിമലഹൃദയത്തിൽ പ്രതിഷ്ഠിക്കാനുള്ള കൃപ ചൊരിഞ്ഞ് അനുഗ്രഹിക്കുകയും ചെയ്യണമേ..
ദൈവജനത്തിനു മാതാവായ മറിയമേ..ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ.. ആമേൻ.

Advertisements

പകലിന്റെ മക്കളായ നമുക്കു വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും കവചവും രക്‌ഷയുടെ പ്രത്യാശയാകുന്ന പടത്തൊപ്പിയും ധരിച്ചു സുബോധമുള്ളവരായിരിക്കാം.
1 തെസലോനിക്കാ 5 : 8

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s