🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ദിവ്യബലി വായനകൾ
02-June-2021, ബുധൻ
Wednesday of week 9 in Ordinary Time or Saints Marcellinus and Peter, Martyrs
Liturgical Colour: Green.
____
ഒന്നാം വായന
തോബി 3:1-11,16-17
ഇരുവരുടെയും പ്രാര്‍ഥന ദൈവത്തിന്റെ മഹനീയ സന്നിധിയില്‍ എത്തി.
അക്കാലത്ത്, തോബിയാസ് ദുഃഖഭാരത്തോടെ കരഞ്ഞു. ഹൃദയവ്യഥയോടെ പ്രാര്‍ഥിച്ചു: കര്‍ത്താവേ, അവിടുന്നു നീതിമാനാണ്. അങ്ങേ പ്രവൃത്തികളും അങ്ങേ മാര്‍ഗങ്ങളും കാരുണ്യവും സത്യവും നിറഞ്ഞതാണ്. അങ്ങേ വിധി എന്നും സത്യവും നീതിനിഷ്ഠവുമാണ്. എന്നെ ഓര്‍ക്കുകയും കാരുണ്യപൂര്‍വം കടാക്ഷിക്കുകയും ചെയ്യണമേ! എന്റെയും എന്റെ പിതാക്കന്മാരുടെയും പാപങ്ങള്‍ക്കും, ഞാന്‍ അറിയാതെ ചെയ്ത അപരാധങ്ങള്‍ക്കും അങ്ങ് ശിക്ഷ നല്‍കരുതേ! അങ്ങേ കല്‍പനകള്‍ അവര്‍ പാലിച്ചില്ല. അതിനാല്‍, അങ്ങ് ഞങ്ങളെ കവര്‍ച്ചയ്ക്കും അടിമത്തത്തിനും മരണത്തിനും ഏല്‍പിച്ചുകൊടുത്തു. ഞങ്ങള്‍ ചിതറിപ്പാര്‍ത്ത ഇടങ്ങളിലെ ജനതകള്‍ക്ക് ഞങ്ങള്‍ പരിഹാസത്തിന്റെ പര്യായമായിത്തീര്‍ന്നു. എന്റെയും എന്റെ പിതാക്കന്മാരുടെയും പാപങ്ങള്‍ക്ക് അങ്ങു നല്‍കിയ ശിക്ഷ ന്യായയുക്തമാണ്. കാരണം, ഞങ്ങള്‍ അങ്ങേ കല്‍പനകള്‍ പാലിച്ചില്ല; ഞങ്ങള്‍ അങ്ങേ മുന്‍പില്‍ സത്യസന്ധരായി വര്‍ത്തിച്ചുമില്ല. അങ്ങ് ഇഷ്ടാനുസരണം എന്നോടു പ്രവര്‍ത്തിക്കുക. എന്റെ ജീവന്‍ തിരിച്ചെടുത്തുകൊള്ളുക; ഞാന്‍ മരിച്ചു മണ്ണായിത്തീര്‍ന്നുകൊള്ളട്ടെ. ജീവിക്കുന്നതിനെക്കാള്‍ ഭേദം മരിക്കുകയാണ്. മിഥ്യാപവാദങ്ങള്‍ക്കു ഞാന്‍ ഇരയായിരിക്കുന്നു. എന്റെ ഹൃദയവ്യഥ ദുസ്സഹമാണ്. ഈ ദുഃഖത്തില്‍ നിന്നു മുക്തി നേടി ശാശ്വതഭവനത്തിലേക്കു പോകാന്‍ അങ്ങ് കല്‍പിച്ചാലും. അങ്ങ് എന്നില്‍ നിന്നു മുഖം തിരിക്കരുതേ!
അന്നു തന്നെ മറ്റൊരു സംഭവമുണ്ടായി. മേദിയായിലെ എക്ബത്താനായില്‍ റഗുവേലിന്റെ മകള്‍ സാറായെ അവളുടെ പിതാവിന്റെ പരിചാരികമാര്‍ അധിക്‌ഷേപിച്ചു. ഏഴുപ്രാവശ്യം വിവാഹം ചെയ്തതാണവള്‍. എന്നാല്‍, അവളെ പ്രാപിക്കുന്നതിനു മുന്‍പ് ഓരോ ഭര്‍ത്താവും അസ്‌മോദേവൂസ് എന്ന ദുഷ്ടപിശാചിനാല്‍ വധിക്കപ്പെട്ടിരുന്നു. അതിനാല്‍, പരിചാരികമാര്‍ അവളോടു ചോദിച്ചു: നീ തന്നെയല്ലേ, ഭര്‍ത്താക്കന്മാരെ കഴുത്തു ഞെരിച്ചു കൊന്നത്? ഏഴു പേരെ നിനക്കു ലഭിച്ചു. എന്നാല്‍, ആരുടെയും നാമം ധരിക്കാന്‍ നിനക്കിടയായില്ലല്ലോ! ഞങ്ങളെ തല്ലുന്നതെന്തിനാണ്? അവര്‍ മരിച്ചെങ്കില്‍ നീയും അവരോടൊപ്പം പോവുക. നിന്റെ മകനെയോ മകളെയോ കാണാന്‍ ഞങ്ങള്‍ക്ക് ഇടവരാതിരിക്കട്ടെ. ഇതെല്ലാം കേട്ടുണ്ടായ ദുഃഖത്തിന്റെ ആധിക്യത്താല്‍ തൂങ്ങി മരിച്ചുകളയാമെന്നു പോലും അവള്‍ക്കു തോന്നിപ്പോയി. എങ്കിലും അവള്‍ പുനര്‍വിചിന്തനം ചെയ്തു: ഞാന്‍ പിതാവിന്റെ ഏക മകളാണ്. ഞാന്‍ ഇങ്ങനെ ചെയ്താല്‍ അവനത് അപമാനകരമായിരിക്കാം; വൃദ്ധനായ എന്റെ പിതാവ് വേദന കൊണ്ടു മരിക്കും. അവള്‍ കിളിവാതിലിന്റെ അടുത്തു നിന്നു പ്രാര്‍ഥിച്ചു: എന്റെ ദൈവമായ കര്‍ത്താവേ, അങ്ങ് വാഴ്ത്തപ്പെടട്ടെ! പരിശുദ്ധവും സംപൂജ്യവുമായ അങ്ങേ നാമം എന്നെന്നും സ്തുതിക്കപ്പെടട്ടെ.
ഇരുവരുടെയും പ്രാര്‍ഥന ദൈവത്തിന്റെ മഹനീയ സന്നിധിയില്‍ എത്തി. അവര്‍ ഇരുവര്‍ക്കും ഉപശാന്തി നല്‍കാന്‍ – തോബിത്തിന്റെ കണ്ണുകളിലെ വെളുത്ത പടലം നീക്കം ചെയ്യാനും, റഗുവേലിന്റെ പുത്രി സാറായെ തോബിത്തിന്റെ പുത്രന്‍ തോബിയാസിനു വധുവായി നല്‍കാനും, അസ്‌മോദേവൂസ് എന്ന ദുഷ്ടഭൂതത്തെ ബന്ധിക്കാനും – റഫായേല്‍ നിയുക്തനായി.
കർത്താവിന്റെ വചനം.
____
പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 25:2-9
R. കര്‍ത്താവേ, എന്റെ ആത്മാവിനെ അങ്ങേ സന്നിധിയിലേക്കു ഞാന്‍ ഉയര്‍ത്തുന്നു.
ദൈവമേ, അങ്ങയില്‍ ഞാന്‍ ആശ്രയിക്കുന്നു; ഞാന്‍ ഒരിക്കലും ലജ്ജിതനാകാതിരിക്കട്ടെ! ശത്രുക്കള്‍ എന്റെമേല്‍ വിജയം ആഘോഷിക്കാതിരിക്കട്ടെ! കര്‍ത്താവേ, അങ്ങേ മാര്‍ഗങ്ങള്‍ എനിക്കു മനസ്സിലാക്കിത്തരണമേ!
R. കര്‍ത്താവേ, എന്റെ ആത്മാവിനെ അങ്ങേ സന്നിധിയിലേക്കു ഞാന്‍ ഉയര്‍ത്തുന്നു.
അങ്ങേ പാതകള്‍ എന്നെ പഠിപ്പിക്കണമേ! അങ്ങേ സത്യത്തിലേക്ക് എന്നെ നയിക്കണമേ! എന്നെ പഠിപ്പിക്കണമേ! എന്തെന്നാല്‍, അങ്ങാണല്ലോ എന്നെ രക്ഷിക്കുന്ന ദൈവം; അങ്ങേക്കു വേണ്ടി ദിവസം മുഴുവന്‍ ഞാന്‍ കാത്തിരിക്കുന്നു.
R. കര്‍ത്താവേ, എന്റെ ആത്മാവിനെ അങ്ങേ സന്നിധിയിലേക്കു ഞാന്‍ ഉയര്‍ത്തുന്നു.
കര്‍ത്താവേ, പണ്ടു മുതലേ അങ്ങ് ഞങ്ങളോടു കാണിച്ച അങ്ങേ കാരുണ്യവും വിശ്വസ്തതയും അനുസ്മരിക്കണമേ! എന്റെ യൗവനത്തിലെ പാപങ്ങളും അതിക്രമങ്ങളും അങ്ങ് ഓര്‍ക്കരുതേ! കര്‍ത്താവേ, അങ്ങേ അചഞ്ചല സ്‌നേഹത്തിന് അനുസൃതമായി
കരുണാപൂര്‍വം എന്നെ അനുസ്മരിക്കണമേ!
R. കര്‍ത്താവേ, എന്റെ ആത്മാവിനെ അങ്ങേ സന്നിധിയിലേക്കു ഞാന്‍ ഉയര്‍ത്തുന്നു.
കര്‍ത്താവു നല്ലവനും നീതിമാനുമാണ്. പാപികള്‍ക്ക് അവിടുന്നു നേര്‍വഴി കാട്ടുന്നു. എളിയവരെ അവിടുന്നു നീതിമാര്‍ഗത്തില്‍ നയിക്കുന്നു; വിനീതരെ തന്റെ വഴി പഠിപ്പിക്കുന്നു.
R. കര്‍ത്താവേ, എന്റെ ആത്മാവിനെ അങ്ങേ സന്നിധിയിലേക്കു ഞാന്‍ ഉയര്‍ത്തുന്നു.
____
സുവിശേഷ പ്രഘോഷണവാക്യം
യോഹ 17:17
അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവേ, അങ്ങേ വചനമാണ് സത്യം; സത്യത്താല്‍ ഞങ്ങളെ വിശുദ്ധീകരിക്കണമേ.
അല്ലേലൂയാ!
Or:
യോഹ 11:25, 26
അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ ഒരിക്കലും മരിക്കുകയില്ല.
അല്ലേലൂയാ!
____
സുവിശേഷം
മാര്‍ക്കോ 12:18-27
അവിടുന്നു മരിച്ചവരുടെയല്ല, ജീവിക്കുന്നവരുടെ ദൈവമാണ്.
അക്കാലത്ത്, പുനരുത്ഥാനം ഇല്ല എന്നു പറഞ്ഞിരുന്ന സദുക്കായര്‍ യേശുവിനെ സമീപിച്ചു ചോദിച്ചു: ഗുരോ, ഒരുവന്‍ സന്താനമില്ലാതെ മരിക്കുകയും ഭാര്യ ജീവിച്ചിരിക്കുകയും ചെയ്യുന്നെങ്കില്‍ അവന്റെ സഹോദരന്‍ അവളെ ഭാര്യയായി സ്വീകരിച്ച്, അവനു വേണ്ടി സന്താനങ്ങളെ ഉത്പാദിപ്പിക്കണമെന്നു മോശയുടെ കല്‍പനയില്‍ ഉണ്ട്. ഒരിടത്ത് ഏഴു സഹോദരന്മാരുണ്ടായിരുന്നു. ഒന്നാമന്‍ ഒരുവളെ വിവാഹം ചെയ്തു. അവന്‍ സന്താനമില്ലാതെ മരിച്ചു. രണ്ടാമന്‍ അവളെ സ്വീകരിച്ചു. അവനും സന്താനമില്ലാതെ മരിച്ചു. മൂന്നാമനും അങ്ങനെ തന്നെ സംഭവിച്ചു. ഇങ്ങനെ ഏഴു പേരും സന്താനമില്ലാതെ മരിച്ചു. അവസാനം ആ സ്ത്രീയും മരിച്ചു. പുനരുത്ഥാനത്തില്‍ അവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ അവള്‍ ആരുടെ ഭാര്യയായിരിക്കും? അവള്‍ ഏഴു പേരുടെയും ഭാര്യയായിരുന്നല്ലോ.
യേശു അവരോടു പറഞ്ഞു: വിശുദ്ധലിഖിതങ്ങളോ ദൈവത്തിന്റെ ശക്തിയോ അറിയാത്തതു കൊണ്ടല്ലേ, നിങ്ങള്‍ക്കു തെറ്റു പറ്റുന്നത്? എന്തെന്നാല്‍, മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ അവര്‍ വിവാഹം ചെയ്യുകയോ ചെയ്തു കൊടുക്കുകയോ ഇല്ല. മറിച്ച്, അവര്‍ സ്വര്‍ഗത്തിലെ ദൂതന്മാരെപ്പോലെയായിരിക്കും. മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിനെ കുറിച്ച്, ദൈവം മുള്‍പ്പടര്‍പ്പില്‍ നിന്നു മോശയോട് അരുളിച്ചെയ്തത് എന്താണെന്ന് മോശയുടെ പുസ്തകത്തില്‍ നിങ്ങള്‍ വായിച്ചിട്ടില്ലേ? അവിടുന്നു പറഞ്ഞു: ഞാന്‍ അബ്രാഹത്തിന്റെ ദൈവവും ഇസഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആണ്. അവിടുന്നു മരിച്ചവരുടെയല്ല, ജീവിക്കുന്നവരുടെ ദൈവമാണ്. നിങ്ങള്‍ക്കു വലിയ തെറ്റു പറ്റിയിരിക്കുന്നു.
കർത്താവിന്റെ സുവിശേഷം.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹