Pularvettom / പുലർവെട്ടം

പുലർവെട്ടം 484

{പുലർവെട്ടം 484}

 
ഒരു വിരുന്നിനിടയിലായിരുന്നു. വധശിക്ഷയെക്കുറിച്ചായിരുന്നു അപ്പോഴത്തെ സംഭാഷണം. ധനികനായ ആതിഥേയൻ പറഞ്ഞു, മരണശിക്ഷ വേണമോ ജീവപര്യന്തം തടവു വേണമോ എന്നൊരു തെരഞ്ഞെടുപ്പ് വരികയാണെങ്കിൽ ഞാൻ ആദ്യത്തേത് സ്വാഗതം ചെയ്യും.
 
ഒരു ചെറുപ്പക്കാരൻ വക്കീൽ അവിടെയുണ്ടായിരുന്നു : ഏകാന്തതയെങ്കിൽ ഏകാന്തത. ജീവനുണ്ടായിരിക്കുകയാണ് പ്രധാനം. ധനവാൻ അതിനെ പരിഹസിച്ചു. കാര്യങ്ങൾ അവസാനിക്കുന്നത് ഒരു വാതുവെപ്പിലാണ്. പതിനഞ്ചുവർഷം ഏകാന്തതയിൽ ജീവിച്ച് തന്റെ ആശയങ്ങൾ തെളിയിക്കാമെന്ന് ചെറുപ്പക്കാരൻ വാശി പറഞ്ഞു. അങ്ങനെയെങ്കിൽ അങ്ങനെ. തൻ്റെ മേൽനോട്ടത്തിൽ ഒരു തടവറയുടെ സാഹചര്യം സൃഷ്ടിക്കാമെന്നും പറഞ്ഞത്രയും വർഷങ്ങൾ കഴിച്ചുകൂട്ടാൻ പറ്റുമെങ്കിൽ ഭീമമായൊരു തുക തരാൻ തയ്യാറാണെന്നും പറഞ്ഞ് വീട്ടുകാരൻ കാര്യങ്ങൾ കൊഴുപ്പിച്ചു.
 
അയാളുടെ തന്നെ തോട്ടത്തിൽ ഒരു ജയിലിൽ എന്ന പോലെ കഠിന വിലക്കുകളോടും നിയന്ത്രണത്തോടും കൂടി ചെറുപ്പക്കാരൻ്റെ ജീവിതത്തിലെ പുതിയൊരു ഘട്ടം ആരംഭിച്ചു. സന്ദർശകരെ അശേഷം അനുവദിച്ചിട്ടില്ലാത്ത അവിടെ ആകെ നൽകിയ സ്വാതന്ത്ര്യം ഒരു സംഗീതോപകരണം, താത്പര്യമുള്ള പുസ്തകങ്ങൾ, കത്തെഴുതാനുള്ള സാഹചര്യം, പിന്നെ മതിയാവോളം വീഞ്ഞും പുകയിലയും. നവംബർ പതിനാല്, പന്ത്രണ്ട് മണി 1870 ലാണ് തടവറജീവിതം ആരംഭിക്കുന്നത്. അവസാനിക്കേണ്ടത് 1885 നവംബർ പതിനാല് പാതിരാവിൽ.
 
ആദ്യത്തെ ഒരു വർഷം ഏകാന്തവും വിരസവുമായിരുന്നു. പിന്നീടയാൾ പിയാനോ വായിച്ചു തുടങ്ങി. ഒറ്റയ്ക്ക് കുടിയ്ക്കുന്നതിനേക്കാൾ ബോറായിട്ട് മറ്റൊന്നുമില്ല എന്ന് പറഞ്ഞ് അയാൾ വീഞ്ഞ് ഉപേക്ഷിച്ചു. കുടുസ്സുമുറിയിലെ അന്തരീക്ഷത്തെ മലിനമാക്കുമെന്ന് പറഞ്ഞ് പുകയിലയും നിരസിച്ചു.
 
പിന്നെ സംഗീതത്തോടുള്ള താത്പര്യം കുറഞ്ഞു.വായനയെന്ന ഒറ്റക്കാര്യത്തിലേയ്ക്ക് അനുദിന ജീവിതം ചുരുങ്ങി. പത്താം വർഷമായപ്പോൾ മറ്റു പുസ്തകങ്ങൾ എല്ലാം ഒഴിവാക്കി പുതിയ നിയമം വായിച്ചു തുടങ്ങി. ലളിതമായ ഒരു ചെറിയ പുസ്തകത്തിന് ഇയാൾ ഇത്രയും സമയം കൊടുക്കുന്നതെന്തിനെന്ന് ധനവാൻ അത്ഭുതപ്പെടുന്നുപോലുമുണ്ട്. അവസാനത്തെ രണ്ടു വർഷങ്ങൾ പ്രത്യേക ചിട്ടകളൊന്നുമില്ലാത്ത വായനയായിരുന്നു. ശാസ്ത്രവും കവിതയും ദർശനവും ഒക്കെ മാറിമാറി അയാളുടെ വായനയിൽ ഇടം കണ്ടെത്തി.
 
ഇതിനിടയിൽ ഒരു ബുദ്ധിമുട്ടുണ്ടായി. ധനവാൻ അക്ഷരാർത്ഥത്തിൽ പാപ്പരായി. നേരത്തെ വാഗ്ദാനം ചെയ്തിരുന്ന തുക കൊടുക്കാനുള്ള അവസ്ഥയിലായിരുന്നില്ല അയാൾ. പിന്നെയുള്ള വഴി അയാൾ പുറത്ത് വരാതിരിക്കുകയാണ്. വാതുതീരുന്ന പാതിരാവിൻ്റെ സന്ധ്യയിൽ അയാളെ അപായപ്പെടുത്താൻ തീരുമാനിച്ചു. മേശയിൽ തലചായ്ച്ച് ആ തടവുകാരൻ മയങ്ങുന്നുണ്ട്. അരികിലായി പൂർത്തിയാക്കിയ ഒരു കത്തുണ്ട്. ഏതാണ്ട് ഇങ്ങനെയൊക്കെയാണ്: പതിനഞ്ച് വർഷങ്ങൾക്ക് ശേഷം എനിക്ക് കൈവന്ന ബോധ്യമിതാണ്. എല്ലാം ഈ പുസ്തകങ്ങൾ ഉൾപ്പെടെ എന്തൊരു ദുർബലമാണ്. പെട്ടന്നൊരു ദിവസം ആപ്പിൾ മരങ്ങൾ തവളകളെയും ഓറഞ്ച് ചെടികൾ പല്ലികളെയും പഴങ്ങൾക്ക് പകരം തരുമ്പോഴെന്നതുപോലെ നിങ്ങളുടെ ജീവിതത്തിന്റെ ഗതി കണ്ട് ഞാനമ്പരക്കുകയാണ്. ഈ വാതുവെപ്പുൾപ്പെടെയുള്ള ഒന്നിലും കഥയില്ലെന്ന് പിടുത്തം കിട്ടിയ ഒരാളെന്ന നിലയിൽ ഒരിക്കൽ ഞാൻ സ്വപ്നം കണ്ടിരുന്ന ആ വലിയ തുക വേണ്ടെന്ന് വെച്ച് നിശ്ചയിക്കപ്പെട്ട നേരത്തിന് അഞ്ച് നിമിഷം മുൻപേ ഞാൻ സ്വയമേ ഇറങ്ങിപ്പോവുകയാണ്.
 
ആ കത്ത് വായിച്ച ധനവാൻ വാവിട്ട് കരഞ്ഞു. പിന്നെ അയാളുടെ നെറ്റിയിൽ ഉമ്മ വച്ച് പുറത്തേയ്ക്ക് പോയി. ആ രാത്രി അയാൾ കരഞ്ഞുകൊണ്ടേയിരുന്നു. പിറ്റേന്ന് പ്രഭാതത്തിൽ തടവറയുടെ കാവൽക്കാരൻ പരിഭ്രാന്തനായി മുറി ശൂന്യമായിരിക്കുന്നുവെന്ന വർത്തമാനം പറയാൻ ഓടിയെത്തി. ആ കത്തിന് എന്ത് സംഭവിച്ചുവെന്ന് പറഞ്ഞാണ് ആൻ്റൺ ചെഖോവ്  The Bet എന്ന കഥ അവസാനിപ്പിക്കുന്നത്:
 
To avoid unnecessary rummers he took the paper with the renunciation on the table and, on his return, locked it in his safe.
 
ആ ഒടുവിലത്തെ വരിയിലാണ് കഥയുടെ മർമ്മം. അയാളെന്തുകൊണ്ടായിരിക്കും ആ കത്തിനെ ഒളിപ്പിച്ചു സൂക്ഷിക്കുന്നത്.. സനാതന സത്യങ്ങളെ അഭിമുഖീകരിക്കാനുള്ള ഭയം കൊണ്ടോ?
 
ആദ്യം ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിക്കുക. ബാക്കിയുള്ളതൊക്കെ കൂട്ടിച്ചേർക്കപ്പെടുമെന്നുള്ള ഒരു വചനഭാഗത്തിന് ബാക്കിയുള്ളതൊക്കെ അപ്രസക്തമാകും എന്നൊരു പാഠഭേദമുണ്ടെന്ന് അദ്ധ്യാപകൻ പറഞ്ഞു തന്നപ്പോൾ അനുഭവിച്ച ഒരു ഹർഷമുണ്ട്. ചെറിയ പ്രായത്തിൽ വായിച്ച ഈ കഥയ്ക്ക് അപ്പോൾ അഗാധമായ ഒരു പൊരുൾ തോന്നി.
 
– ബോബി ജോസ് കട്ടികാട്
Advertisements
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

1 reply »

Leave a Reply to Nelson Cancel reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s