അമ്മേ, നമുക്ക് സ്വർഗ്ഗത്തിൽ കണ്ടുമുട്ടാം…

Amma

(കോവിഡ് മൂലം മരണമടഞ്ഞ ബഹു. മാത്യു കുമ്പളത്തുപറമ്പിൽ OCD അച്ചൻ്റെ മൃതശരീരം മഞ്ഞുമ്മൽ ആശ്രമദേവാലയത്തിൽ കൊണ്ടുവന്നപ്പോൾ. അമ്മയാണ് നിലത്തിരിക്കുന്നത്)

അമ്മേ,

അവസാനമായി ഇങ്ങനെ നമ്മൾ തമ്മിൽ കാണേണ്ടിവരും എന്ന് ഞാനും അമ്മയും ഒരിക്കലും കരുതിക്കാണില്ല. അല്ലെ അമ്മേ? സാരമില്ല. ദൈവം അനുവദിച്ചത് ഇങ്ങനെയാണ് എന്ന് കരുതി നമുക്ക് സമാധാനിക്കാം.

അമ്മയെ ഇങ്ങനെ സംസാരിക്കാൻ ഒറ്റക്ക് കിട്ടിയിട്ട് എത്ര നാളുകളായി? ഓർമ്മയിൽ പോലും ഞാനും അമ്മയും ഇതുപോലെ ഒറ്റയ്ക്കിരുന്നു സംസാരിച്ചിട്ടില്ല. വീട്ടിൽ വരുമ്പോഴൊക്കെ എനിക്ക് തിരക്കായിരുന്നു. രാവിലെ ഇടവകപ്പള്ളിയിലെ കുർബ്ബാനയും കഴിഞ്ഞു, അമ്മ തരുന്ന കഞ്ഞിയും കുടിച്ചിറങ്ങിയാൽ പിന്നെ വന്നു കയറുന്നത് പലപ്പോഴും കുരിശുവരയ്ക്കുന്ന നേരത്താണ്. കുളിയും കുരിശുവരയും ഭക്ഷണവും എല്ലാവരും ഒന്നിച്ചുള്ള തമാശകളും ബഹളങ്ങളും കഴിഞ്ഞു ഉറക്കം തൂങ്ങി തുടങ്ങുമ്പോൾ അമ്മ എന്നെ നിർബന്ധിച്ച് ഉറക്കാൻ വിടും. പിന്നെ രാവിലെ എഴുന്നേറ്റ് ആശ്രമത്തിലേക്ക് തിരിച്ചു പോരും.

ഒറ്റയ്ക്കിരുന്നു അമ്മയുമായി സംസാരിച്ചില്ലല്ലോ എന്ന് തിരികെ എത്തുമ്പോഴാണ് ഓർക്കുക. അടുത്തപ്രാവശ്യം അങ്ങനെ ചെയ്യണം എന്ന് തീരുമാനിക്കും. പക്ഷെ ഒരിക്കലും സാധിച്ചില്ല. അമ്മ എന്നോട് ക്ഷമിക്കണം. ആഗ്രഹമില്ലാഞ്ഞിട്ടല്ല. അമ്മയുടെ മടിയിൽ തലവച്ചു അല്പസമയം കിടക്കണം, എൻ്റെ മനസ്സിലെ സങ്കടങ്ങളെല്ലാം അമ്മയോട് പറയണം. എൻ്റെ കുതിപ്പുകളും കിതപ്പുകളും അമ്മ അറിയണം, എൻ്റെ വിജയങ്ങളും പരാജയങ്ങളും അമ്മ മനസ്സിലാക്കണം എന്നൊക്കെ കരുതും. എനിക്കുണ്ടായ ഇടർച്ചകളും ഞാൻ നേടിയ കൃപകളും അമ്മയോട് പങ്കുവയ്ക്കണം എന്നൊക്കെ കരുതും. ആ ആഗ്രഹത്തോടെയാണ് ഞാൻ എപ്പോഴും വീട്ടിൽ വരാറുള്ളത്. പക്ഷേ കൈകൾ കൂപ്പി, സ്തുതി പറഞ്ഞു അമ്മ എന്നെ സ്വീകരിക്കുമ്പോൾ ഒന്നും പറഞ്ഞു അമ്മയെ വേദനിപ്പിക്കേണ്ട എന്ന് കരുതും.

ഇപ്പൊ, ഇവിടെ ആരുമില്ല. ഞാനും അമ്മയും മാത്രം. അമ്മ പറയുന്നതൊക്കെ എനിക്ക് കേൾക്കാം. എൻ്റെ ജീവനറ്റ ശരീരത്തിന് മുൻപിലാണ് അമ്മ ഇരിക്കുന്നതെന്ന് ഞാൻ മറന്നുപോവുകയാണ്. അമ്മയുടെ സങ്കടക്കടലിൻ്റെ ആഴം എനിക്ക് ഊഹിക്കാൻ ആകുന്നതിലും ഏറെയാണ് എന്നുമറിയാം.. ജീവിതത്തിലെ എല്ലാ തോൽവികളിലും അമ്മ പിടിച്ചു നിന്നത് എൻ്റെ പൗരോഹിത്യബലത്തിലായിരുന്നു. ഞാൻ പുരോഹിതൻ ആയതിൽ എന്നെക്കാളും സന്തോഷിക്കുന്നത് അമ്മയാണെന്നും എനിക്കറിയാം. ഞാൻ ബലിയർപ്പിക്കുന്ന ദിവസങ്ങളിൽ എത്ര വയ്യെങ്കിലും അമ്മ വന്നു കുർബ്ബാനയിൽ പങ്കുചേരുന്നത് ഞാൻ ഓർക്കുന്നുണ്ട്. എത്തിച്ചേരാൻ പറ്റുന്ന ഇടങ്ങളിലെല്ലാം ഞാൻ അർപ്പിക്കുന്ന ബലിയിൽ സംബന്ധിക്കാൻ അമ്മ എത്തുമെന്ന് ഞാൻ എന്നും മനസ്സിൽ അഹങ്കരിക്കാറുണ്ട്. ഞാൻ പരി. അൾത്താരയിൽ ബലിയർപ്പിക്കുമ്പോൾ അമ്മ കണ്ണിൽ സന്തോഷാശ്രുക്കളുമായി, കൈകൾ കൂപ്പി, ജപമാലയിൽ വിരലുകളോടിച്ച് മുട്ടുകുത്തി മുൻപിൽ തന്നെ ഉണ്ടാകുന്നത് എനിക്ക് എത്ര ഇഷ്ടമായിരുന്നെന്നോ? കർത്താവ് കുരിശിൽ കിടക്കുമ്പോൾ അമ്മ മാതാവ് താഴെ നിന്നതുപോലുള്ള ഒരു ഫീലിംഗ് ആണ്.

അമ്മയ്ക്കറിയോ എൻ്റെ വഴികൾ ഒരിക്കലും എളുപ്പമായിരുന്നില്ല. പലതും ഞാൻ അമ്മയോട് പറഞ്ഞിട്ടില്ല. സെമിനാരിയിൽ ‘അമ്മ എന്നെ കൊണ്ടുവന്നാക്കി തിരിച്ചുപോന്നപ്പോൾ ഞാൻ ബാത്റൂമിൽ കയറി പൈപ്പ് തുറന്നിട്ട് എത്ര നേരം കരഞ്ഞെന്നറിയാമോ? രാത്രിയിൽ തണുക്കുമ്പോൾ പുതപ്പുപുതച്ചു തരാൻ അമ്മ ഉണ്ടായെങ്കിലെന്ന് ഞാൻ എത്ര മാത്രം ആഗ്രഹിച്ചിട്ടുണ്ടെന്നോ? പലപ്പോഴും പനിയും ചുമയുമൊക്കെ വരുമ്പോൾ മരുന്നിൻ്റെ മണമുള്ള സിക്ക് റൂമിൽ കിടക്കാൻ എനിക്ക് മടിയായിരുന്നു. എങ്ങനെയെങ്കിലും ഓടിവന്നു വീട്ടിൽ അമ്മയുടെ കിടക്കയിൽ കിടക്കണം എന്ന് തോന്നുമായിരുന്നു. അമ്മ നൽകുന്ന ചുക്കുകാപ്പിയും മരുന്നും കഴിച്ചാൽ മാറുമായിരുന്ന എൻ്റെ പനിരാത്രികൾ കരഞ്ഞും തപിച്ചും ഞാൻ എത്ര കഷ്ടത്തോടെയാണ് തള്ളിനീക്കിയതെന്നു അമ്മയ്ക്കറിയാമോ?

പരീക്ഷയുടെ ദിവസങ്ങളിൽ കട്ടൻ ചായയുമായി എൻ്റെ ഒപ്പം ഉറക്കമൊളിച്ച് ഉറങ്ങാതിരുന്ന അമ്മയെ ഞാൻ സെമിനാരിയുടെ വരാന്തകളിൽ അന്ന്വേഷിക്കുമായിരുന്നു. ഒരിക്കലും കണ്ടെത്തിയില്ല

ചിലപ്പോഴെങ്കിലും ഓടി അമ്മയുടെ അടുത്തെത്താൻ ഞാൻ ആഗ്രഹിച്ചിരുന്നു. ഉപരിപഠനാർത്ഥം ഞാൻ ദൂരെയെല്ലാം പോയപ്പോഴും അമ്മയെന്ന ചിന്ത എന്നെ എപ്പോഴും ത്രസിപ്പിച്ചിരുന്നു. സെമിനാരിയിലേക്ക് ഞാൻ തിരികെ പോകുന്ന ദിവസങ്ങളിൽ അമ്മ എൻ്റെ കൂടെ കൂടുതൽ നേരം വേണമെന്നും കൂടെ ഇരിക്കണമെന്നും ഒക്കെ ഞാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു. പക്ഷേ അമ്മ ജോലി തിരക്കുകളിൽ ആയിരുന്നു. അമ്മയ്ക്ക് ഒരു കാര്യമറിയാമോ? അമ്മ അലക്കിത്തേച്ച തരുന്ന തുണികളിലെ ചില ബനിയനുകൾ ഞാൻ എടുക്കാതെ മാറ്റി വയ്ക്കാറുണ്ട്. അതിനു അമ്മയുടെ മണമുണ്ട്. ഇടക്ക് ആ ബനിയൻ എടുത്ത് ഞാൻ അമ്മയുടെ മണം ആസ്വദിക്കാറുണ്ട്. അമ്മ കാച്ചി തന്നുവിടുന്ന എണ്ണ തേയ്ക്കാനൊന്നും ഞാൻ മിനക്കെടാറില്ലെങ്കിലും അതെനിക്കെന്നും അമൂല്യ വസ്തുവായിരുന്നു. സെമിനാരിയിലെ റൂമുകളിൽ നിന്ന് റൂമുകളിലേക്ക് ഞാൻ ഓരോ വർഷവും മാറുമ്പോഴും അമ്മ തരുന്ന എണ്ണക്കുപ്പികൾ എന്നെ അനുഗമിച്ചുകൊണ്ടിരുന്നു. വല്ലപ്പോഴുമൊക്കെ അതെടുത്ത് തലയിൽ പുരട്ടുമ്പോൾ അമ്മ എന്നെ ചേർത്തുനിർത്തി തലയിൽ എണ്ണ തേച്ചുതരുന്ന ഒരു നൈമിഷികമായ ആനന്ദത്തിലേക്ക് ഞാൻ പോകുമായിരുന്നു.

ഞാൻ ആദ്യമായി സന്ന്യാസവസ്ത്രം ധരിച്ച ദിവസത്തിൽ അമ്മയുടെ കണ്ണുകളിൽ കണ്ട ആ പൊൻതിളക്കത്തെ ഞാൻ ഇപ്പോഴും മറന്നിട്ടില്ല. വീട്ടിൽ എത്തുമ്പോൾ എൻ്റെ ഹാബിറ്റ് അമ്മ എത്ര ഭവ്യതയോടും സ്നേഹത്തോടും കൂടിയാണ് അലക്കുന്നതെന്നു ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. ഞാൻ ഉടുപ്പിട്ടു അമ്മയുടെ കൂടെ നടക്കുന്നതും പള്ളിയിൽ പോകുന്നതുമെല്ലാം അമ്മയ്ക്ക് ഒത്തിരി ഇഷ്ടമായിരുന്നു എന്നെനിക്കറിയാം. ചിലപ്പോഴെല്ലാം ഞാൻ ഉപയോഗിക്കാതെ അലമാരയിൽ മടക്കിവച്ചിരിക്കുന്ന വസ്ത്രമെടുത്ത് അമ്മ അലക്കിയിടാറുണ്ട് എന്ന് പെങ്ങന്മാർ പറഞ്ഞു ഞാൻ അറിഞ്ഞിരുന്നു. അമ്മയ്ക്ക് എന്നെ അത്ര ഇഷ്ടമാണെന്ന് എനിക്കും അറിയാം. നമ്മളത് ഒരിക്കലും പരസ്പരം പറഞ്ഞിട്ടില്ലെങ്കിലും.

എൻ്റെ ക്ഷേമം അന്ന്വേഷിക്കുന്നവരോടെല്ലാം എനിക്കുവേണ്ടി പ്രാർത്ഥിക്കണം എന്ന് അമ്മ പറയാറുണ്ടെന്നും അത് പറയുമ്പോൾ അമ്മയുടെ കണ്ണുകൾ നിറയാറുണ്ടെന്നും പലരും എന്നോട് പറഞ്ഞിട്ടുണ്ട്. അമ്മേ, അമ്മ ഇന്നുവരെ കുരിശുവരയ്ക്കുമ്പോൾ കരയാതിരുന്നതായി ഞാൻ കണ്ടിട്ടില്ല. കാറ്റും കോളും അടങ്ങി, വലിയ പ്രയാസങ്ങളില്ലാത്ത ശാന്തമായ ഒരു സമുദ്രം പോലെ നമ്മുടെ ജീവിതമായിട്ടും ഇന്നും അമ്മ ജപമാല കയ്യിലെടുക്കുമ്പോൾ കരയുന്നത് എന്നെ ഓർത്തിട്ടാണെന്നു എനിക്കറിയാം.

അമ്മയോട് ഇനി ഞാൻ ഒരു സത്യം പറയട്ടെ. ഇന്നുവരെയുള്ള എൻ്റെ സമ്മർപ്പണജീവിതത്തിൽ പലപ്പോഴും വേച്ചുപോയെങ്കിലും വീഴാതിരുന്നത്, എനിക്ക് വലിയ തട്ടുകേടുകൾ പറ്റാതെ ഇവിടം വരെയെത്തിയത് അമ്മയുടെ പ്രാർത്ഥനകൊണ്ടാണെന്ന് വേറെ ആരെക്കാളും കൂടുതലായി എനിക്കറിയാം. ഒരു കാര്യത്തിൽ എനിക്ക് സന്തോഷമുണ്ട്. അമ്മയെക്കാളും മുൻപ് എനിക്ക് മരിക്കാൻ സാധിച്ചല്ലോ. അമ്മയാണ് ആദ്യം മരിക്കുന്നതെങ്കിൽ ഞാനത് എങ്ങനെ അതിജീവിക്കുമെന്ന് എനിക്കറിയില്ലായിരുന്നു.

അമ്മ ഇപ്പോഴും ‘ഞാൻ ഫോൺ വിളിക്കുന്നില്ല, മിണ്ടുന്നില്ല’ എന്നൊക്കെ പലരോടും പരാതി പറയുന്നത് ഞാൻ അറിയുന്നുണ്ട്. എപ്പോൾ വിളിച്ചാലും എന്നോടും അമ്മ അത് തന്നെയാണല്ലോ പറയുന്നത്. ഇത്‌വരെ അത് കേൾക്കുമ്പോൾ എനിക്ക് ദേഷ്യമായിരുന്നു. പക്ഷെ ഇപ്പോൾ എനിക്കതിൽ വിഷമമുണ്ട്. അമ്മയെ അല്പം കൂടി കൂടുതൽ വിളിക്കാമായിരുന്നു. അമ്മയെ അല്പം കൂടി സ്നേഹിക്കാമായിരുന്നു എന്നൊക്കെ തോന്നുന്നുണ്ട്. സോറി അമ്മേ.

ഞാൻ വാങ്ങിത്തന്ന സാരി ചുറ്റി അമ്മ പള്ളിയിൽ പോകുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ആരുനൽകിയ സമ്മാനത്തെക്കാളും ഞാൻ നൽകിയ സാരിയാണ് അമ്മയ്ക്ക് ഇഷ്ടമെന്ന് എനിക്കറിയാം. ഇനി ഒരു സമ്മാനവുമായി ഞാൻ വരില്ലെന്നുള്ളത് അമ്മ തിരിച്ചറിയുന്നുണ്ടോ?

തിരുപ്പട്ടം സ്വീകരിച്ച് ആഘോഷമെല്ലാം കഴിഞ്ഞു വൈകീട്ട് വീട്ടിലെത്തിയപ്പോൾ, അമ്മ തന്ന കടുംചായയും കുടിച്ച് അടുക്കളയുടെ താഴെ വരാന്തയിലിരിക്കുമ്പോൾ അമ്മ പറഞ്ഞ വാക്കുകൾ എൻ്റെ ചെവികളിലുണ്ട് “എൻ്റെ ജീവിതത്തിൻ്റെ എല്ലാസഹനങ്ങൾക്കും ഉത്തരമായി എന്ന്”. എനിക്കറിയാം അമ്മ എനിക്കുവേണ്ടി എത്രമാത്രം പ്രാർത്ഥനയിൽ ആയിരുന്നു എന്ന്. അമ്മയുടെ ഉപവാസങ്ങളും നോമ്പുകളും ജാഗരങ്ങളും എനിക്കുവേണ്ടി മാത്രമായിരുന്നു. ഒരച്ചനെ കുറിച്ചോ സിസ്റ്റേഴ്‌സിനെ കുറിച്ചോ ‘അമ്മ ഒരു വാക്കുപോലും ഇതുവരെ മോശമായി പറഞ്ഞിട്ടില്ല എന്നെനിക്കറിയാം. അമ്മ അവരെ എന്നെകാണുന്നപോലെയാണ് കാണുന്നതെന്ന് എനിക്കറിയാം. ‘അച്ചനുവേണ്ടി പ്രാർത്ഥിക്കണം’ എന്ന് അമ്മ എൻ്റെ മുൻപിൽ നിന്നുതന്നെ പലരോടും പറഞ്ഞത് എനിക്ക് ഓർമ്മയുണ്ട്. ഇനി അമ്മ മറ്റുള്ളവരോട് പ്രാർത്ഥന യാചിക്കുന്നത് എനിക്ക് കേൾക്കാനാവില്ല.

അമ്മയെ ചേർത്തുപിടിച്ചുകൊണ്ടു എനിക്കൊരു കുമ്പസാരം നടത്താനുണ്ട്. അമ്മ ആഗ്രഹിച്ച നന്മകൾ പലപ്പോഴും അമ്മയുടെ ഈ പൊന്നുമോനിൽ ഉണ്ടായിരുന്നില്ല. ചിലപ്പോഴൊക്കെ ഞാൻ വീണുപോയിട്ടുണ്ട്. എനിക്കും ഇടറിയിട്ടുണ്ട്. അതിനുവേണ്ടി ആഗ്രഹിച്ചില്ല എങ്കിൽകൂടി. അമ്മയെന്നോട് പൊറുക്കില്ലേ?

അമ്മക്ക് തരാൻ ഇനി എൻ്റെ കയ്യിൽ ഒന്നുമില്ല. എപ്പോഴും ഞാൻ കയ്യിൽ കരുതുന്ന എൻ്റെ ജപമാല പോക്കറ്റിൽ കാണും. അതമ്മയെടുക്കണം. ഇനി മുതൽ അതുരുട്ടി എനിക്കുവേണ്ടി പ്രാർത്ഥിക്കണം. ഞാൻ സ്വർഗ്ഗത്തിൽ എത്തുവോളം. എന്നെപ്പോലെ പിടഞ്ഞുജീവിക്കുന്ന ഒത്തിരി അച്ചന്മാരുണ്ട്, സിസ്റ്റേഴ്‌സും. അവർക്കുവേണ്ടികൂടി ‘അമ്മ ഇനിയും പ്രാർത്ഥിക്കണം..

നമുക്ക് സ്വർഗ്ഗത്തിൽ കണ്ടുമുട്ടാം …

Fr Sijo Kannampuzha OM

Advertisements

Leave a comment