Pularvettom / പുലർവെട്ടം

പുലർവെട്ടം 485

{പുലർവെട്ടം 485}

 
പഠിച്ചിരുന്ന വൈദികഭവനങ്ങളിലെല്ലാം സാമാന്യം ഭേദപ്പെട്ട ലൈബ്രറികളുണ്ടായിരുന്നു.അതിൻ്റെയൊരു വലിയ സ്പേസ് മുഴുവൻ ദൈവരാജ്യം എന്ന പദത്തെ വിശദീകരിക്കാനോ വ്യാഖ്യാനിക്കാനോ ഉതകുന്ന ഗ്രന്ഥങ്ങളായിരുന്നു. അക്കാദമിക് ആയ ഒരു പരിസരത്തെ രൂപപ്പെടുത്തുവാൻ സഹായിക്കുമ്പോൾപോലും കുറേക്കൂടി ലളിതമായും ഋജുവായും തിരയേണ്ട പദമാണിതെന്നുതന്നെയാണ് ഇപ്പോഴും വിചാരിക്കുന്നത്. നമ്മുടെ വ്യാഖ്യാനങ്ങളിൽ പലതിന്റെയും ഭംഗി നഷ്ടപ്പെടുന്നുവെന്ന തോന്നലിൻ്റെ പശ്ചാത്തലത്തിൽ നമ്മുടെ ദേശത്തുനിന്നുള്ള ആ ദൃഷ്ടാന്തകഥയും ഉണ്ട്. തൻ്റെ കീർത്തനങ്ങൾക്ക് വിശദമായ ഭാഷ്യങ്ങൾ രചിക്കുന്നതിനെക്കുറിച്ച് കുമാരനാശാൻ ആലോചിക്കുന്നുവെന്നറിഞ്ഞ ഗുരു, കുമാരു വയ്ക്കോൽ കെട്ടാൻ വേറെ വള്ളി അന്വേഷിക്കുന്നു എന്നു പറഞ്ഞ ഫലിതമാണത്.
 
കുറേക്കൂടി മനുഷ്യരിൽ പദമൂന്നി ഹൃദയപക്ഷത്തുനിന്നുള്ള വായന എല്ലാ ധർമ്മങ്ങളും അർഹിക്കുന്നുണ്ട്. യേശുവിനെക്കണക്ക് ഒരാൾ സംഭാഷണത്തിനുവേണ്ടി തെരഞ്ഞെടുത്ത ഇടങ്ങളുടെ ലാളിത്യം പോലും കാലാന്തരത്തിൽ മാഞ്ഞുപോയി. കട്ടമരമായിരുന്നു അയാളുടെ Podium. മുക്കുവരായിരുന്നു ആദ്യവിദ്യാർത്ഥികൾ.
 
ഒരു രാജ്യത്തായിരിക്കുക എന്നാൽ ആ ദേശത്തിന്റെ തമ്പുരാൻ അഭിലഷിക്കുന്ന വിധത്തിൽ ജീവിക്കാൻ ശ്രദ്ധിക്കുക എന്നത് തന്നെയാണ്. ഈശ്വരൻ്റെ കല്പിതദേശത്ത് പാർക്കുന്നവർ തിരയേണ്ടത് ആ പരമചൈതന്യം എന്നിൽനിന്ന് ആഗ്രഹിക്കുന്നതെന്തെന്നാണ്. നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന പ്രാർത്ഥനയിൽ അത് വ്യക്തമായി വിളക്കി വച്ചിട്ടുണ്ട്. നിൻ്റെ രാജ്യം വരേണമേ / നിന്റെ ഹിതം പൂർത്തിയാവണമേ. പാരലലിസം എന്നൊരു ഹീബ്രു ഭാഷാശൈലിയാണത്. ഒരു കാര്യത്തെ amplify ചെയ്യാൻ മറ്റൊരു കാര്യം ചേർത്ത് പറയുക എന്നതാണത്. ചുരുക്കത്തിൽ വയ്ക്കോൽ കെട്ടാൻ വയ്ക്കോൽ തന്നെ മതിയാകും.
 
ഒരു ഓർക്കസ്ട്രയിലെന്നതുപോലെ നേരത്തെ നിശ്ചയിക്കപ്പെട്ടിട്ടുള്ള മ്യൂസിക്കൽ നോട്ട്സ് ഉണ്ട്. എല്ലാ വാദ്യോപകരണങ്ങളും അതനുസരിച്ച് ക്രമപ്പെടുത്തുമ്പോൾ ഒരാൾ അനുഭവിക്കുന്ന താളമാണ് ദൈവരാജ്യാനുഭവം. ചുരുക്കത്തിൽ ചില പ്രകൃതിനിയമങ്ങൾ കണ്ടെത്തി കുലീനമായി ജീവിക്കാനുള്ള ക്ഷണമാണ് തീരത്തിൻ്റെ കളരിയിൽ നിന്ന് മുഴങ്ങുന്നത്. ഈ ക്രമഭംഗമാണ് പാപം. പാപത്തിന് ശിക്ഷയില്ല കാരണം പാപം തന്നെയാണ് അതിന്റെ ശിക്ഷ. അതുകൊണ്ടാണ് കോപത്തിന് ശിക്ഷയില്ല, കോപം തന്നെയാണ് ശിക്ഷയെന്ന് ബുദ്ധൻ അയാൾക്കും നാല് നൂറ്റാണ്ടുകൾക്ക് മുമ്പ് പറഞ്ഞുവച്ചത്.
 
റാബിയായെ ഓർക്കുന്നു. എന്തോ ചില കാരണങ്ങൾ കൊണ്ട് അവളൊരു ഗണികാലയത്തിൽപ്പെട്ടു. അതിൻ്റെ നടത്തിപ്പുകാർ ശ്രദ്ധിച്ചത് ഇതാണ്, വൈകാതെ സന്ദർശകരുടെ എണ്ണം ഗണ്യമായി കുറയുന്നു. അവരിൽ ചിലരെ കണ്ടെത്തി അവർ കാരണം അന്വേഷിച്ചു : അവിടെയൊരു സ്ത്രീയുണ്ട്. അവൾ ഞങ്ങളെ നിഷ്കളങ്കതയുടെ ആനന്ദം പഠിപ്പിച്ചു.
 
റാബിയ പിന്നീട് ഇങ്ങനെ കുറിക്കുന്നുണ്ട് : സ്ത്രീപുരഷന്മാരേ, കുലീനമായി ജീവിയ്ക്കുക. അതിനേക്കാൾ ജീവിതത്തിന് ചാരുത നൽകുന്ന മറ്റെന്തുണ്ട്?
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s