ദിവ്യബലി വായനകൾ – Friday of week 9 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 വെള്ളി, 4/6/2021

Friday of week 9 in Ordinary Time 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

ദൈവമേ, അങ്ങേ പരിപാലനം
അതിന്റെ സംവിധാനത്തില്‍ ഒരിക്കലും പരാജയമടയുന്നില്ലല്ലോ.
ഞങ്ങളങ്ങയോട് കേണപേക്ഷിക്കുന്നു;
എല്ലാ തിന്മകളും അകറ്റുകയും
ഞങ്ങളുടെ ക്ഷേമത്തിനുള്ളതെല്ലാം നല്കുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

തോബി 11:5-17
ദൈവം എന്നോടു കരുണകാട്ടി. ഇതാ, ഞാന്‍ എന്റെ മകന്‍ തോബിയാസിനെ കാണുന്നു.

അക്കാലത്ത്, അന്ന മകനെ നോക്കി വഴിയില്‍ കണ്ണുനട്ടിരിക്കുകയായിരുന്നു. അവന്‍ വരുന്നതുകണ്ട് അവള്‍ അവന്റെ പിതാവിനോടു പറഞ്ഞു: ഇതാ, നിന്റെ പുത്രന്‍ വരുന്നു; അവനോടുകൂടെ പോയ ആളുമുണ്ട്. റഫായേല്‍ പറഞ്ഞു: തോബിയാസ്, നിന്റെ പിതാവിനു കാഴ്ച ലഭിക്കുമെന്ന് എനിക്കറിയാം. കയ്പ അവന്റെ കണ്ണുകളില്‍ പുരട്ടണം. ചൊറിച്ചില്‍ അനുഭവപ്പെടുമ്പോള്‍ അവന്‍ കണ്ണു തിരുമ്മും. അപ്പോള്‍ വെളുത്ത പാടകള്‍ പൊഴിഞ്ഞുവീഴുകയും അവന്‍ നിന്നെ കാണുകയും ചെയ്യും.
അന്ന ഓടിച്ചെന്ന് മകനെ ആശ്ലേഷിച്ചു. അവള്‍ അവനോടു പറഞ്ഞു: എന്റെ കുഞ്ഞേ, നിന്നെ കാണാന്‍ എനിക്ക് ഇടയായി. ഇനി മരിക്കാന്‍ ഞാന്‍ ഒരുക്കമാണ്. അവര്‍ ഇരുവരും കരഞ്ഞു. വാതില്‍ക്കലേക്കു വരുമ്പോള്‍ തോബിത്തിന് കാലിടറി. പുത്രന്‍ ഓടിയെത്തി പിതാവിനെ താങ്ങി. കണ്ണുകളില്‍ കയ്പ പുരട്ടിക്കൊണ്ട് അവന്‍ പറഞ്ഞു: പിതാവേ, സന്തോഷമായിരിക്കൂ. ചൊറിച്ചില്‍ തോന്നിയപ്പോള്‍ തോബിത് കണ്ണുതിരുമ്മി. വെളുത്ത പാട കണ്‍കോണുകളില്‍ നിന്നു പൊഴിഞ്ഞു വീണു. അപ്പോള്‍ അവന്‍ പുത്രനെ കണ്ടു; അവനെ ആലിംഗനം ചെയ്ത് കരഞ്ഞുകൊണ്ടു പറഞ്ഞു: ദൈവമേ, അങ്ങ് വാഴ്ത്തപ്പെട്ടവനാണ്. അങ്ങേ നാമം എന്നേക്കും വാഴ്ത്തപ്പെട്ടതാണ്. അവിടുത്തെ വിശുദ്ധ ദൂതന്മാരും വാഴ്ത്തപ്പെട്ടവരാണ്. അവിടുന്ന് എനിക്കു ദുരിതങ്ങള്‍ അയച്ചു. എന്നാലും എന്നോടു കരുണ കാട്ടി. ഇതാ, എന്റെ മകന്‍ തോബിയാസിനെ ഞാന്‍ കാണുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 146:1b-2,6c-7,8-9a,9bc-10

എന്റെ ആത്മാവേ, കര്‍ത്താവിനെ സ്തുതിക്കുക.
or
അല്ലേലൂയ!

ആയുഷ്‌കാലമത്രയും
ഞാന്‍ കര്‍ത്താവിനെ സ്തുതിക്കും;
ജീവിതകാലം മുഴുവന്‍ ഞാന്‍
എന്റെ ദൈവത്തിനു കീര്‍ത്തനം പാടും.

എന്റെ ആത്മാവേ, കര്‍ത്താവിനെ സ്തുതിക്കുക.
or
അല്ലേലൂയ!

മര്‍ദിതര്‍ക്ക് അവിടുന്നു നീതി നടത്തിക്കൊടുക്കുന്നു;
വിശക്കുന്നവര്‍ക്ക് അവിടുന്ന് ആഹാരം നല്‍കുന്നു;
കര്‍ത്താവു ബന്ധിതരെ മോചിപ്പിക്കുന്നു.

എന്റെ ആത്മാവേ, കര്‍ത്താവിനെ സ്തുതിക്കുക.
or
അല്ലേലൂയ!

കര്‍ത്താവ് അന്ധരുടെ കണ്ണു തുറക്കുന്നു;
അവിടുന്നു നിലംപറ്റിയവരെ എഴുന്നേല്‍പിക്കുന്നു;
അവിടുന്നു നീതിമാന്മാരെ സ്‌നേഹിക്കുന്നു.
കര്‍ത്താവു പരദേശികളെ പരിപാലിക്കുന്നു.

എന്റെ ആത്മാവേ, കര്‍ത്താവിനെ സ്തുതിക്കുക.
or
അല്ലേലൂയ!

വിധവകളെയും അനാഥരെയും സംരക്ഷിക്കുന്നു;
എന്നാല്‍, ദുഷ്ടരുടെ വഴി അവിടുന്നു നാശത്തിലെത്തിക്കുന്നു.
കര്‍ത്താവ് എന്നേക്കും വാഴുന്നു;
സീയോനേ, നിന്റെ ദൈവം തലമുറകളോളം വാഴും.

എന്റെ ആത്മാവേ, കര്‍ത്താവിനെ സ്തുതിക്കുക.
or
അല്ലേലൂയ!

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം


മാര്‍ക്കോ 12:35-37
ക്രിസ്തു ദാവീദിന്റെ പുത്രനാണെന്ന് എങ്ങനെ പറയുവാന്‍ കഴിയും?

അക്കാലത്ത്, ദേവാലയത്തില്‍ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ യേശു ചോദിച്ചു: ക്രിസ്തു ദാവീദിന്റെ പുത്രനാണെന്ന് നിയമജ്ഞര്‍ പറയുന്നതെങ്ങനെ? പരിശുദ്ധാത്മാവിനാല്‍ പ്രചോദിതനായി ദാവീദു തന്നെ പറഞ്ഞിട്ടുണ്ട്: കര്‍ത്താവ് എന്റെ കര്‍ത്താവിനോട് അരുളിച്ചെയ്തു. ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദങ്ങള്‍ക്കു കീഴിലാക്കുവോളം നീ എന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനാവുക. ദാവീദുതന്നെ അവനെ കര്‍ത്താവ് എന്നു വിളിക്കുന്നു. പിന്നെ എങ്ങനെയാണ് അവന്‍ അവന്റെ പുത്രനാകുന്നത്? ജനക്കൂട്ടം സന്തോഷപൂര്‍വം അവന്റെ വാക്കുകള്‍ ശ്രവിച്ചു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന


കര്‍ത്താവേ, അങ്ങേ കാരുണ്യത്തില്‍ ആശ്രയിച്ചുകൊണ്ട്
സംപൂജ്യമായ അള്‍ത്താരയിലേക്ക്
കാഴ്ചകളുമായി ഞങ്ങള്‍ ഓടി അണയുന്നു.
ഞങ്ങളെ ശുദ്ധീകരിക്കുന്ന അങ്ങേ കൃപയാല്‍,
ഞങ്ങള്‍ ശുശ്രൂഷചെയ്യുന്ന അതേ രഹസ്യങ്ങളാല്‍
ഞങ്ങള്‍ സംശുദ്ധരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 17:6

ദൈവമേ, ഞാനങ്ങയെ വിളിച്ചപേക്ഷിക്കുന്നു,
എന്തെന്നാല്‍, അങ്ങ് എനിക്ക് ഉത്തരമരുളും;
അങ്ങ് ചെവിചായിച്ച്, എന്റെ വാക്കുകള്‍ ശ്രവിക്കണമേ.


Or:
മര്‍ക്കോ 11:23,24

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു,
പ്രാര്‍ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും
ലഭിക്കുമെന്നു വിശ്വസിക്കുവിന്‍;
അതു നിങ്ങള്‍ക്ക് സാധിച്ചുകിട്ടും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ പുത്രന്റെ ശരീരരക്തങ്ങളാല്‍
അങ്ങ് പരിപോഷിപ്പിക്കുന്ന ഞങ്ങളെ
അങ്ങേ ആത്മാവാല്‍ നയിക്കണമേ.
അങ്ങനെ, വാക്കാലും നാവാലും മാത്രമല്ല,
പ്രവൃത്തിയാലും സത്യത്താലും അങ്ങേക്ക് സാക്ഷ്യമേകി,
സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കാന്‍
ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

Leave a comment