അനുദിന വിശുദ്ധർ | ജൂൺ 05 | Daily Saints | June 05

⚜️⚜️⚜️⚜️ June 05 ⚜️⚜️⚜️⚜️
വിശുദ്ധ ബോനിഫസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️


ജര്‍മ്മനിയുടെ ഏറ്റവും വലിയ അപ്പസ്തോലനും, മദ്ധ്യസ്ഥനുമാകാന്‍ ദൈവീകാനുഗ്രഹത്താല്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു ബെനഡിക്ടന്‍ സന്യാസിയായിരുന്നു വിശുദ്ധ ബോനിഫസ്. 716-ൽ വിശുദ്ധന്റെ ആദ്യ പ്രേഷിത ദൗത്യം അത്ര കണ്ടു വിജയിച്ചില്ല. 718-ല്‍ രണ്ടാമതായി ശ്രമിക്കും മുന്‍പ്‌ വിശുദ്ധന്‍ റോമിലേക്ക് പോവുകയും പാപ്പായുടെ അംഗീകാരം നേടുകയും ചെയ്തു. ഇതിനിടെ ദിവ്യനായ മെത്രാന്‍ വില്ലിബ്രോര്‍ഡിന്റെ കീഴില്‍ വിശുദ്ധന്‍, ഫ്രിസിയ മുഴുവനെയും ക്രിസ്തീയ വിശ്വാസത്തിലേക്ക് പരിപൂർണ്ണമായി മാറ്റി. 722 നവംബര്‍ 30ന് ഗ്രിഗറി രണ്ടാമന്‍ പാപ്പാ ബോനിഫസിനെ മെത്രാനായി അഭിഷേകം ചെയ്തു. 724-ല്‍ വിശുദ്ധന്റെ ശ്രദ്ധ ഹെസ്സിയന്‍ ജനതക്ക്‌ മേല്‍ പതിഞ്ഞു, അവരുടെ ഇടയില്‍ വിശുദ്ധന്‍ തന്റെ പ്രേഷിത പ്രവര്‍ത്തങ്ങള്‍ നവീകരിക്കപ്പെട്ട ആവേശത്തോടു കൂടി തുടര്‍ന്നു. ഏദറിലുള്ള ഗെയിസ്മര്‍ ഗ്രാമത്തിലെ ജനത, തോര്‍ എന്ന ദൈവത്തിന്റെ വാസസ്ഥലമായിട്ടു പരിഗണിച്ചിരുന്ന ഒരു വലിയ ഓക്ക് മരം വിശുദ്ധന്‍ വെട്ടി വീഴ്ത്തി.

ആ മരമുപയോഗിച്ച്‌ ബോനിഫസ് വിശുദ്ധ പത്രോസിന്റെ നാമധേയത്തില്‍ ഒരു ദേവാലയം പണികഴിപ്പിച്ചു. ഈ ധീരമായ പ്രവര്‍ത്തി ജര്‍മ്മനിയില്‍ സുവിശേഷത്തിന്റെ അന്തിമമായ വിജയം ഉറപ്പ്‌ വരുത്തുന്നതായിരുന്നു. എന്നാല്‍ നിന്ദ്യമായ ജീവിതം നയിച്ചിരുന്ന അവിടത്തെ പുരോഹിതവൃന്ദവും രാജസദസ്സിലെ പുരോഹിതരും നിരന്തരം കുഴപ്പങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. എന്നിരുന്നാലും വിശുദ്ധന്‍ തന്റെ പ്രയത്നം നിശബ്ദമായും, വിവേകത്തോടും കൂടെ അഭംഗുരം തുടര്‍ന്നു. ദൈവത്തില്‍ മാത്രം വിശ്വാസമര്‍പ്പിച്ചുകൊണ്ട് വിശുദ്ധന്‍ തന്റെ പ്രയത്നത്തിന്റെ വിജയത്തിനായി ഇടതടവില്ലാതെ പ്രാര്‍ത്ഥിക്കുകയും, ഇംഗ്ലണ്ടിലെ തന്റെ ആത്മീയ സഹോദരി-സഹോദരന്‍മാരോട് തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ അപേക്ഷിക്കുകയും ചെയ്തു.

അതിനാല്‍ തന്നെ ദൈവം തന്റെ ദാസനെ ഉപേക്ഷിച്ചില്ല. എണ്ണമില്ലാത്ത വിധം അനേകർ ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നു വന്നു. 732-ല്‍ ഗ്രിഗറി മൂന്നാമന്‍, വിശുദ്ധനെ മെത്രാപ്പോലീത്തയാക്കികൊണ്ട് തിരുവസ്ത്ര ധാരണത്തിനുള്ള ഉത്തരീയം (Pallium) അയച്ചുകൊടുത്തു. അന്നു മുതല്‍ വിശുദ്ധ ബോണിഫസ് തന്റെ മുഴുവന്‍ കഴിവും സമയവും, ജെര്‍മ്മനിയിലെ സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചു. കഴിവും, യോഗ്യതയുമുള്ള മെത്രാന്‍മാരെ അദ്ദേഹം നിയമിക്കുകയും, രൂപതയുടെ അതിര്‍ത്തി നിശ്ചയിക്കുകയും, അല്‍മായരുടേയും, പുരോഹിതന്‍മാരുടെയും ആത്മീയ ജീവിതം നവീകരിക്കുകയും ചെയ്തു. 742നും 747നും ഇടക്ക്‌ വിശുദ്ധന്‍ ദേശീയ സുനഹദോസുകള്‍ വിളിച്ചുകൂട്ടി.

744-ല്‍ ജെര്‍മ്മനിയിലെ ആത്മീയ ജീവിതത്തിന്റെ കേന്ദ്രമായി മാറിയ ഫുള്‍ഡാ ആശ്രമം വിശുദ്ധ ബോനിഫസ് സ്ഥാപിച്ചു. 745-ല്‍ വിശുദ്ധന്‍ തന്റെ അതിരൂപതയായി മായെന്‍സിനെ തിരഞ്ഞെടുക്കുകയും, പതിമൂന്നോളം രൂപതകളെ അതില്‍ അംഗമായി ചേര്‍ക്കുകയും ചെയ്തു. ഇതോടു കൂടി ജര്‍മ്മനിയിലെ സഭാ-സവിധാനം പൂര്‍ണ്ണമാവുകയായിരുന്നു. വിശുദ്ധന്റെ തിരക്കേറിയ ജീവിതത്തിന്റെ അവസാന നാളുകള്‍, തന്റെ മുന്‍ഗാമികളെപോലെ സുവിശേഷ പ്രഘോഷണങ്ങള്‍ക്കായാണ് അദ്ദേഹം ചിലവഴിച്ചിരുന്നത്. 754-ല്‍ ഫ്രിസിയയിലെ ജനങ്ങള്‍ വിശ്വാസത്തില്‍ നിന്നും അകന്നു പോയതായി ബോനിഫസിന് വിവരം ലഭിച്ചു.

തന്റെ 74-മത്തെ വയസ്സില്‍ യുവത്വത്തിന്റേതായ ഊര്‍ജ്ജസ്വലതയോട് കൂടി വിശുദ്ധന്‍ ജനങ്ങളെ തിരികെ വിശ്വാസത്തിലേക്ക്‌ കൊണ്ട് വരുവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. എന്നാല്‍ ആ ദൗത്യം വിശുദ്ധന് പൂര്‍ണ്ണമാക്കുവാന്‍ കഴിഞ്ഞില്ല. വിശ്വാസ സമൂഹത്തെ ആഴമായ ബോധ്യത്തിലേക്ക് നയിക്കാന്‍ ഡോക്കുമിലേക്ക് പോകുന്ന വഴിയില്‍ വെച്ച് അപരിഷ്‌കൃതരായ ഒരു സംഘം അവിശ്വാസികള്‍, വിശുദ്ധനെ കീഴ്പ്പെടുത്തി വധിക്കുകയും ചെയ്തു .

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️

1. ഫ്രീസിയായിലെ അഡലാര്‍

2. റോമന്‍ പടയാളികളായ അപ്പളോണിയസ്, മാര്‍സിയന്‍, നിക്കനോര്‍

3.പേറൂജിയായില്‍ വച്ചു വധിക്കപ്പെട്ട ഫ്ലോരെന്‍സിയസ്, ജൂലിയന്‍, സിറയാക്കൂസ്,മര്‍സെല്ലിനൂസ്, ഫവുസ്തിനൂസ്

4. സെനായിസ്, സിറിയാ, വലേറിയ, മാര്‍സിയാ

5. ടയറിളെ ഡോറൊത്തെയ്യൂസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 0⃣5⃣
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈശോയുടെ തിരുഹൃദയത്തെ ഏറ്റവും വേദനിപ്പിക്കുന്നത്..!
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

വിശുദ്ധ ബലിയുടെ പ്രാധാന്യവും മഹത്വവും എത്രമാത്രമുണ്ടെന്ന് ഇന്നേ ദിവസവും അല്‍പസമയം നമുക്ക് ധ്യാനിക്കാം. ഈ ബലിയിലെ സമര്‍പ്പണവസ്തുവും മുഖ്യസമര്‍പ്പകനും രക്ഷകനായ ഈശോ തന്നെയാണ്. തന്നിമിത്തം ഒരു വൈദികന്‍ ദിവ്യപൂജ സമര്‍പ്പിക്കുന്നതിനായി ബലിപീഠത്തിനരികെ നില്‍ക്കുന്നതു കാണുമ്പോള്‍ അദ്ദേഹത്തെ ഈശോ തന്നെയായി മനസ്സിലാക്കുന്നത് യുക്തമാകുന്നു. ഈ ദിവ്യബലി വഴി ദൈവത്തിന് അത്യന്തം പ്രീതികരമായ ഒരു കാഴ്ച അദ്ദേഹം സമര്‍പ്പിക്കുന്നു.

ദൈവം നമുക്ക് നല്‍കിയിരിക്കുന്ന അനുഗ്രഹങ്ങള്‍ക്കും എല്ലാ നന്മകള്‍ക്കും കൃതജ്ഞത പ്രദര്‍ശിപ്പിക്കുന്നതിനും നമ്മുടെ പാപങ്ങള്‍ക്കു പരിഹാരം അനുഷ്ഠിക്കുന്നതിനും സകല നന്‍മകളും ലഭിക്കുന്നതിനും ഒരു ദിവ്യബലി ധാരാളം മതിയാകും. ഇത്ര അമൂല്യമായ ഈ ദാനം ദൈവം നമുക്ക് നല്‍കിയിട്ടും ചിന്താശൂന്യരായി അനേകർ കഴിയുന്നു. മനുഷ്യര്‍ പാപം നിമിത്തം അവിടുത്തെ ഉപദ്രവിക്കുന്നതിനെപ്പറ്റി ധ്യാനിക്കുമ്പോള്‍ ഈശോയുടെ ദിവ്യഹൃദയത്തോട് അത്യന്തം ഭക്തിയും സ്നേഹവും തോന്നാതിരിക്കുക സാദ്ധ്യമല്ല.

ഈശോ ഒരു പുണ്യവതിയോടു പറഞ്ഞ വാക്കുകള്‍ ഇവിടെ ചിന്താര്‍ഹമാണ്. “മനുഷ്യര്‍ എന്‍റെ അനന്തമായ സ്നേഹം അറിഞ്ഞു കൃതജ്ഞത ഉള്ളവരായിരുന്നുവെങ്കില്‍ ഞാന്‍ അവര്‍ക്കു വേണ്ടി സഹിച്ച വേദനകളെക്കാള്‍ അധികമായ പീഡകള്‍ സന്മനസ്സോടെ ഇനിയും സഹിക്കുമായിരുന്നു. എന്നാല്‍ എന്‍റെ ഹൃദയത്തെ അധികമായി വേദനിപ്പിക്കുന്നത് എനിക്ക് പരിപൂര്‍ണ്ണമായും പ്രതിഷ്ഠിച്ചിരിക്കുന്ന വ്യക്തികള്‍ കൃതജ്ഞത ഇല്ലാത്തവരായി കാണുന്നതാണ്. ‘ഈശോയുടെ ഈ ദുഃഖകരമായ ഈ വചനങ്ങളെപ്പറ്റി ധ്യാനിക്കുമ്പോള്‍ നമുക്കു വേണ്ടി കൂടിയാണ് അവിടുന്നു വേദനകള്‍ അനുഭവിച്ചതും ഇപ്പോഴും സഹിക്കുന്നതെന്നും കൂടി സ്മരിക്കണം.

തിരുനാഥന്‍റെ അവര്‍ണ്ണനീയമായ സങ്കടങ്ങളെ കുറക്കുന്നതിനു നാം ആത്മാര്‍ത്ഥമായും ശ്രമിക്കേണ്ടതാണ്. ഗാഗുല്‍ത്താമലയില്‍ അര്‍പ്പിച്ച ആ ത്യാഗബലി തന്നെയാണ് അള്‍ത്താരയിലും ആവര്‍ത്തിക്കുന്നതെന്ന് ധ്യാനിച്ചു കൊണ്ട് നാം പങ്കെടുക്കുന്ന എല്ലാ ബലികളും നിര്‍മ്മലമായ ഹൃദയത്തോടെ ദൈവത്തിന് സമര്‍പ്പിക്കാം. അപ്പോള്‍ അവിടുത്തെ ദയയും അനുഗ്രഹവും നമ്മുടെമേലും നമ്മുടെ പ്രയത്നങ്ങളിന്‍മേലും ധാരാളം ഉണ്ടാകും.

ജപം
❤️❤️

എന്‍റെ രക്ഷകനും സ്രഷ്ടാവുമായ ദൈവമേ! ഗാഗുല്‍ത്താ മലയില്‍ അങ്ങേ മരണ സമയത്ത് ഞാനും ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ എത്രമാത്രം ഭാഗ്യവാനാകുമായിരുന്നു! കുന്തത്താല്‍ കുത്തിത്തുറക്കപ്പെട്ട അങ്ങേ തിരുഹൃദയത്തില്‍ നിന്നും ഒഴുകിക്കൊണ്ടിരുന്ന ദിവ്യരക്തം എന്‍റെ ഹൃദയത്തിലേക്ക് വീണിരുന്നുവെങ്കില്‍ ഞാന്‍ എത്ര പരിശുദ്ധനാകുമായിരുന്നു. മാധുര്യപൂര്‍ണ്ണനായ ഈശോയേ! ആദ്യബലി ദിവസം ഗാഗുല്‍ത്തായിലെ കുരിശിന്‍ ചുവട്ടില്‍ നില്‍ക്കുന്നതിനുള്ള ഭാഗ്യം കിട്ടിയില്ലായെങ്കിലും അങ്ങേത്തന്നെ ദിവ്യപൂജയില്‍ നിത്യപിതാവിങ്കല്‍ കാഴ്ച സമര്‍പ്പിക്കുന്ന അവസരത്തില്‍ കുരിശിനു കീഴില്‍ അങ്ങയോടുകൂടി ഉണ്ടായിരുന്നവര്‍ക്കു ലഭിച്ച അതെ ഭാഗ്യം തന്നെ എനിക്കു ലഭിക്കുമെന്നു പൂര്‍ണ്ണമായി ഞാന്‍ വിശ്വസിക്കുന്നു. സ്നേഹനാഥനായ എന്‍റെ ഈശോയേ! കഴിഞ്ഞ ജീവിത കാലത്തില്‍ ദിവ്യപൂജയില്‍ അങ്ങയെ ആരാധിക്കാതെയും അങ്ങേ അനന്തമായ സ്നേഹം ഓര്‍ക്കാതെയും പോയിട്ടുണ്ട് എന്നുള്ളത് വാസ്തവം തന്നെ. ദയാനിധേ, എന്‍റെ നന്ദിഹീനതയെ വീക്ഷിക്കാതെ അങ്ങേ കൃപയാല്‍ എന്നോടു ക്ഷമിക്കണമേ. ഇനി അവശേഷിച്ചിരിക്കുന്ന ജീവിതകാലം സാധ്യമായ വിധം ഈ ദിവ്യപൂജയില്‍ അങ്ങയെ ആരാധിക്കാനും സ്തുതി സ്തോത്രങ്ങള്‍ സമര്‍പ്പിക്കുവാനും ഞാന്‍ സന്നദ്ധനാണെന്ന് ഇതിനാല്‍ പ്രതിജ്ഞ ചെയ്യുന്നു.

പ്രാര്‍ത്ഥന
❤️❤️❤️❤️

കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.

3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി.

സാധുശീലനും ഹൃദയ എളിമയുള്ളവനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ.

ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

കര്‍ത്താവേ! അനുഗ്രഹിക്കണമേ .

മിശിഹായേ! അനുഗ്രഹിക്കണമേ.

കര്‍ത്താവേ! അനുഗ്രഹിക്കണമേ.

മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

ആകാശങ്ങളിലിരിക്കുന്ന ബാവാതമ്പുരാനേ,

ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,

റൂഹാദക്കുദശാ തമ്പുരാനേ,

ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ,

നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ,

ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,

അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ,

ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ,

അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ ,

ദൈവഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ,

ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ,

നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ,

നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ,

സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ,

സകല‍ പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ,

സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ,

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ.

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

— ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ.

പ്രാര്‍ത്ഥിക്കാം
❤️❤️❤️❤️❤️❤️

സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദക്കൂദശായുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍.

സുകൃതജപം
❤️❤️❤️❤️❤️

ഈശോയുടെ മാധുര്യമേറുന്ന തിരുഹൃദയമേ! നിന്നെ എപ്പോഴും സ്നേഹിപ്പാന്‍ എനിക്കു കൃപ ചെയ്യണമേ.

സല്‍ക്രിയ
❤️❤️❤️❤️❤️

നമ്മിലുള്ള പാപങ്ങള്‍ ഏവയെന്നു തിരിച്ചറിഞ്ഞു മനസ്താപപ്പെടുവാന്‍ ശ്രമിക്കാം.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Advertisements

🌻പ്രഭാത പ്രാർത്ഥന🌻


കർത്താവിന്റെ സ്നേഹം ഒരിക്കലും അസ്തമിക്കുന്നില്ല.. അവിടുത്തെ കാരുണ്യം അവസാനിക്കുന്നില്ല.. (വിലാപങ്ങൾ: 3/22)
രക്ഷകനായ ദൈവമേ..

ജീവന്റെയും വിശുദ്ധിയുടെയും ഉറവയായ അങ്ങയുടെ തിരുഹൃദയത്തിൽ ആശ്രയിച്ചു കൊണ്ട് ജീവിക്കാൻ ഈ പ്രഭാതത്തിൽ എന്നെ ഉണർത്തിയ സ്നേഹത്തെ ഓർത്ത്‌ ഞങ്ങളങ്ങയെ സ്തുതിക്കുകയും ആരാധിക്കുകയും അങ്ങേയ്ക്ക് നന്ദിയർപ്പിക്കുകയും ചെയ്യുന്നു. ജീവിതത്തിൽ എത്ര നന്നായി പ്രവർത്തിച്ചിട്ടും.. എത്ര പ്രാർത്ഥിച്ചിട്ടും വിടാതെ പിന്തുടരുന്ന തകർച്ചയുടെ അനുഭവങ്ങൾ ഞങ്ങളെ വല്ലാതെ തളർത്തുന്നു.. വിട്ടൊഴിയാത്ത രോഗഭീതി ഞങ്ങളെ മരണത്തോളം വളർന്ന വലിയ നിസ്സഹായതയിൽ കൊണ്ടെത്തിക്കുന്നു.. പരിതാപകരമായ ജീവിത ചുറ്റുപാടുകൾ ഞങ്ങളെ മറ്റുള്ളവരുടെയിടയിൽ കഴിവു കെട്ടവരായി തരം താഴ്ത്തുന്നു.. വിടുതലിനു വേണ്ടി ആഗ്രഹിച്ചിട്ടും പ്രവർത്തികമാക്കാൻ കഴിയാത്ത ദുശീലങ്ങളാൽ കുടുംബബന്ധങ്ങളിൽ നിന്നു പോലും ഞങ്ങളെ അകറ്റി നിർത്തുന്നു.. തകർച്ചകളിൽ നിന്നും തകർച്ചകളിലേക്ക് നിലംപതിക്കുന്ന ഞങ്ങളുടെ ജീവിതത്തിൽ ശാശ്വതമായ ഒരു വിടുതൽ ആഗ്രഹിച്ചു കൊണ്ട് ഞങ്ങൾ ഞങ്ങളെത്തന്നെ പൂർണമായി നിന്റെ തിരുഹൃദയത്തിൽ സമർപ്പിക്കുന്നു.. മരണത്തോളം കീഴ്‌വഴങ്ങിയ നിന്റെ ദിവ്യഹൃദയ സ്നേഹത്താൽ ഞങ്ങളെ വീണ്ടെടുക്കേണമേ.. സകല ഹൃദയങ്ങൾക്കും അധിപനും കേന്ദ്രവുമായ അങ്ങയുടെ തിരുഹൃദയ ശരണത്തിൽ അനുനിമിഷം വർത്തിക്കാനുള്ള കൃപ നൽകി ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ..
ഈശോയുടെ ദിവ്യഹൃദയമേ.. എന്റെ മേൽ ദയയായിരിക്കേണമേ. ആമേൻ.

Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s