പുലർവെട്ടം 487

{പുലർവെട്ടം 487}

 
A Native American elder once described his own inner struggles in this manner: Inside of me there are two dogs. One of the dogs is mean and evil. The other dog is good. The mean dog fights the good dog all the time. When asked which dog wins, he reflected for a moment and replied, The one I feed the most.”
― George Bernard Shaw
 
മനസ്സാക്ഷിയുടെ നിമന്ത്രണങ്ങൾക്ക് കാതോർക്കേണ്ട ബാധ്യതയെക്കുറിച്ചാണ് നമ്മൾ പറഞ്ഞ് അവസാനിപ്പിച്ചത്. 399 ബിസിയിൽ നിന്ന് നമുക്കൊരു സംഭാഷണം ലഭിക്കുന്നു. പ്ലേറ്റോയാണ് അത് കുറിച്ചിട്ടിരിക്കുന്നത്. Crito എന്ന ശീർഷകത്തിൽ അറിയപ്പെടുന്ന ആ ദീർഘസംഭാഷണം തടവറയിൽ സോക്രട്ടീസിനെ കാണാനെത്തിയ അതേ പേരിലുള്ള ശിഷ്യനുമായുള്ള സംവാദമാണ്.
 
തടവറയിൽനിന്ന് അയാളെ എന്നേയ്ക്കുമായി രക്ഷപ്പെടുത്താൻ ഒരു മാസ്റ്റർ പ്ലാനുമായാണ് വരവ്. ധനവാനായ അയാൾ ജയിലധികൃതർക്ക് വലിയൊരു തുക വാഗ്ദാനം ചെയ്ത് മറ്റൊരു പട്ടണത്തിലേക്ക് അയാളെ കൊണ്ടുപോയി പാർപ്പിക്കുവാൻ എല്ലാ മുന്നൊരുക്കങ്ങളും ഇതിനകം ചെയ്തിരുന്നു. അയാൾക്ക് അത് ബോധ്യപ്പെടുത്തുന്നതിനായി അനേകം കാരണങ്ങൾ ഉണ്ടായിരുന്നു. നീതിപൂർവ്വമല്ലാത്ത ഒരു വിധിയാണതെന്നുള്ളതായിരുന്നു അതിൽ പ്രധാനം. അധർമ്മത്തെ അധർമ്മം കൊണ്ട് തന്നെ ചിലപ്പോൾ നേരിടേണ്ടി വരും. സോക്രട്ടീസിനെ കണക്ക് ഒരു പിതാവ് തങ്ങളുടെ വളർച്ചയുടെ കാലത്ത് മക്കളോടൊപ്പം ഇല്ലാതെ പോവുക എന്നുള്ളത് എന്തൊരു ദുര്യോഗമാണെന്ന മട്ടിൽ വൈകാരികമായും ചിലത് കൂട്ടിച്ചേർക്കുന്നുണ്ട്. അദ്ദേഹത്തെ രക്ഷിക്കാനായി ഒരു ശ്രമവും തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്ന് കാലം കുറ്റപ്പെടുത്തും.
എല്ലാം കേട്ടിട്ട് സമചിത്തതയോടെയാണ് സോക്രട്ടീസ് സംവാദം ആരംഭിക്കുന്നത്. ഒരു കാര്യത്തിന്റെ ജനകീയത അതിന്റെ സാധുതയെ നിർണ്ണയിക്കുന്ന ഘടകമാവണമെന്നില്ല. അയാൾ ഉപയോഗിക്കുന്ന ഉപമ ഒരു കായികാഭ്യാസി തൻ്റെ പരിശീലകനെക്കാൾ തനിക്ക് വേണ്ടി ആരവം മുഴക്കുന്നവരെ ഗൗരവമായി എടുക്കുന്നതുപോലെയാണത്. സുകൃതമുള്ള ഒരു ജീവിതം നയിക്കുകയാണ് ദീർഘജീവിതം ലഭിക്കുന്നതിനേക്കാൾ പ്രധാനം.
 
കുട്ടികളെക്കുറിച്ച് ക്രീറ്റോ പുലർത്തുന്ന ആശങ്കകൾ അപ്രസക്തമായാണ് അയാൾക്ക് അനുഭവപ്പെടുന്നത്. ജീവിതത്തിൽ സ്ഥൈര്യം പുലർത്തിയ ഒരു അച്ഛൻ്റെ മക്കളെന്ന് അവർ ഓർമ്മിക്കപ്പെടുകയാണ് പ്രധാനം. ദീർഘകാലം ആദരിച്ച ആദർശങ്ങൾ ഈ സായന്തനത്തിൽ വേണ്ടെന്ന് വയ്ക്കാൻ ശ്രമിക്കുന്നത് എത്ര ബാലിശമാണ്. നിലനിൽക്കുന്ന നിയമങ്ങളോടും സമ്പ്രദായങ്ങളോടും പുലർത്തുന്ന വഞ്ചനയായി അത് വ്യാഖ്യാനിക്കപ്പെടുകയും തങ്ങളുടെ അരാജകജീവിതത്തിന് ഒരു ഉദാഹരണമായി തന്നെ ചൂണ്ടിക്കാട്ടുമെന്നും അയാൾ ഭയന്നു. രക്ഷപ്പെട്ട് താനെത്തുന്ന പുതിയ നഗരത്തിൽ ആൾക്കൂട്ടത്തോട് തൻ്റെ ജീവൻ സംരക്ഷിക്കാൻ സ്വീകരിച്ച അധാർമ്മിക വഴികളല്ലാതെ മറ്റെന്താണ് തനിക്ക് അന്ന് പറയാനുണ്ടാവുകയെന്ന് അയാൾ സ്വയം പരിഹസിച്ചു. വൈകാരികതയിലല്ല യുക്തിയിലാണ് ജീവിതത്തിന്റെ ചലനങ്ങൾ സംഭവിക്കേണ്ടതെന്ന് അയാൾ അടിവരയിട്ട് പറഞ്ഞു.
 
ക്രീറ്റോയ്ക്ക് തർക്കിക്കാൻ ഒന്നുമില്ലായിരുന്നു. അയാളെ ആശ്വസിപ്പിക്കാനായി ദൈവികമായ മാർഗ്ഗനിർദ്ദേശങ്ങളുടെ സഹായം തനിക്ക് ഉണ്ടാവുമെന്ന് അയാൾ പ്രത്യാശിച്ചു. ബാക്കിയുള്ളതൊക്കെ നമുക്ക് അറിയാവുന്നതാണ്. കൈവിറയ്ക്കാതെ അയാൾ വാങ്ങിക്കുടിച്ച ഒരു കോപ്പ hemlock എന്ന വിഷത്തിന്റെ കഥ.
 
സോക്രട്ടീസിനെ ക്രിസ്തുവുമായി ബന്ധപ്പെടുത്തി വായിക്കുന്ന ഒരു രീതിയുണ്ടായിരുന്നു. തോട്ടത്തിൽ തന്നെ പിടികൂടാനായി വന്ന വലിയൊരു സംഘം പടയാളികളെ വാളൂരി പ്രതിരോധിക്കാൻ ശ്രമിക്കുന്ന പീറ്ററിനെ ശകാരിക്കുന്ന യേശുവിൽ നേരത്തെ സൂചിപ്പിച്ച സംവാദത്തിന്റെ വിദൂര സാദൃശ്യം ശ്രദ്ധിച്ച ചില വായനകളൊക്കെയുണ്ട്.
 
രണ്ടുപേർക്കിടയിലെ സംഭാഷണം എന്നതിനേക്കാൾ ഉപരിയായി ഒരാളുടെ ആന്തരികവാഗ്വാദങ്ങളിലൂടെ രൂപപ്പെടുന്ന തെളിമയുള്ള കാഴ്ചപ്പാടാണ് മനസ്സാക്ഷിയെന്ന് തോന്നുന്നു. ആരംഭത്തിലെ ഉദ്ധരണിപോലെ പരസ്പരം പോരാടുന്ന രണ്ട് നായകളുണ്ട് ഉള്ളിൽ. ഒടുവിൽ ആരാണ് ജയിക്കുന്നത്? ഏത് നായയ്ക്കാണ് നിങ്ങൾ ഭക്ഷണം വച്ചുകൊടുക്കാൻ തയ്യാറാവുന്നത്, അതുതന്നെ !
 
– ബോബി ജോസ് കട്ടികാട്
Advertisements
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s