ദിവ്യബലി വായനകൾ – Corpus Christi – Solemnity 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ഞായർ,6/6/2021

Corpus Christi – Solemnity 

Liturgical Colour: White.

സമിതിപ്രാര്‍ത്ഥന

ദൈവമേ, വിസ്മയനീയമായ ഈ കൂദാശയിലൂടെ
അങ്ങേ പീഡാസഹനത്തിന്റെ സ്മാരകം ഞങ്ങള്‍ക്കു നല്കിയല്ലോ.
അങ്ങേ ശരീരത്തിന്റെയും രക്തത്തിന്റെയും
ദിവ്യരഹസ്യങ്ങള്‍ വണങ്ങാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.
അങ്ങനെ, ഞങ്ങളില്‍ അങ്ങേ പരിത്രാണത്തിന്റെ ഫലം
നിരന്തരം ഞങ്ങള്‍ അനുഭവിക്കുമാറാകട്ടെ.
പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍,
പിതാവായ ദൈവത്തോടുകൂടെ
എന്നെന്നും ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങ്
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

പുറ 24:3-8
കര്‍ത്താവു നിങ്ങളോടു ചെയ്ത ഉടമ്പടിയുടെ രക്തമാകുന്നു ഇത്.

അക്കാലത്ത്, മോശ ചെന്നു കര്‍ത്താവിന്റെ എല്ലാ വാക്കുകളും നിയമങ്ങളും ജനത്തെ അറിയിച്ചു. കര്‍ത്താവു കല്‍പിച്ച കാര്യങ്ങളെല്ലാം തങ്ങള്‍ ചെയ്യുമെന്ന് അവര്‍ ഏകസ്വരത്തില്‍ മറുപടി പറഞ്ഞു. മോശ കര്‍ത്താവിന്റെ വാക്കുകളെല്ലാം എഴുതിവച്ചു. അവന്‍ അതിരാവിലെ എഴുന്നേറ്റ് മലയുടെ അടിവാരത്തില്‍ ഒരു ബലിപീഠവും ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങള്‍ക്കായി പന്ത്രണ്ടു സ്തംഭങ്ങളും നിര്‍മിച്ചു. അവന്‍ അയച്ച ഇസ്രായേല്‍ യുവാക്കന്മാര്‍ കര്‍ത്താവിനു ദഹനബലികളും കാളകളെക്കൊണ്ടുള്ള സമാധാനബലികളും അര്‍പ്പിച്ചു. മോശ ബലിയുടെ രക്തത്തില്‍ പകുതി പാത്രങ്ങളിലാക്കുകയും പകുതി ബലിപീഠത്തിന്മേല്‍ തളിക്കുകയും ചെയ്തു. അനന്തരം, ഉടമ്പടി ഗ്രന്ഥമെടുത്ത് ജനങ്ങള്‍ കേള്‍ക്കെ വായിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു: കര്‍ത്താവു കല്‍പിച്ചതെല്ലാം ഞങ്ങള്‍ ചെയ്യും. ഞങ്ങള്‍ അനുസരണമുള്ളവരായിരിക്കും. അപ്പോള്‍ മോശ രക്തമെടുത്ത് ജനങ്ങളുടെ മേല്‍ തളിച്ചുകൊണ്ടു പറഞ്ഞു: ഈ വചനങ്ങളെല്ലാം ആധാരമാക്കി കര്‍ത്താവു നിങ്ങളോടു ചെയ്ത ഉടമ്പടിയുടെ രക്തമാകുന്നു ഇത്.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 116:12-13,15,16bc,17-18

ഞാന്‍ രക്ഷയുടെ പാനപാത്രമുയര്‍ത്തി കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കും.

കര്‍ത്താവ് എന്റെമേല്‍ ചൊരിഞ്ഞ അനുഗ്രഹങ്ങള്‍ക്കു
ഞാന്‍ എന്തുപകരം കൊടുക്കും?
ഞാന്‍ രക്ഷയുടെ പാനപാത്രമുയര്‍ത്തി
കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കും.

ഞാന്‍ രക്ഷയുടെ പാനപാത്രമുയര്‍ത്തി കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കും.

തന്റെ വിശുദ്ധരുടെ മരണം കര്‍ത്താവിന് അമൂല്യമാണ്.
കര്‍ത്താവേ, ഞാന്‍ അവിടുത്തെ ദാസനാണ്;
അവിടുത്തെ ദാസനും അവിടുത്തെ ദാസിയുടെ പുത്രനുംതന്നെ;
അവിടുന്ന് എന്റെ ബന്ധനങ്ങള്‍ തകര്‍ത്തു.

ഞാന്‍ രക്ഷയുടെ പാനപാത്രമുയര്‍ത്തി കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കും.

ഞാന്‍ അങ്ങേക്കു കൃതജ്ഞതാബലി അര്‍പ്പിക്കും;
ഞാന്‍ കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കും.
അവിടുത്തെ ജനത്തിന്റെ മുന്‍പില്‍ കര്‍ത്താവിനു
ഞാന്‍ എന്റെ നേര്‍ച്ചകള്‍ നിറവേറ്റും.

ഞാന്‍ രക്ഷയുടെ പാനപാത്രമുയര്‍ത്തി കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കും.

രണ്ടാം വായന

ഹെബ്രാ 9:11-15
ക്രിസ്തുവിന്റെ രക്തം നമ്മുടെ അന്തഃകരണത്തെ വിശുദ്ധീകരിക്കുന്നു.

വരാനിരിക്കുന്ന നന്മകളുടെ പ്രധാനപുരോഹിതനായി ക്രിസ്തു പ്രത്യക്ഷപ്പെട്ടു. കൂടുതല്‍ മഹനീയവും പൂര്‍ണവും മനുഷ്യനിര്‍മിതമല്ലാത്തതും സൃഷ്ടവസ്തുക്കളില്‍ പെടാത്തതുമായ കൂടാരത്തിലൂടെ എന്നേക്കുമായി ശ്രീകോവിലില്‍ അവന്‍ പ്രവേശിച്ചു. അവന്‍ അവിടെ പ്രവേശിച്ചു നിത്യരക്ഷ സാധിച്ചതു കോലാടുകളുടെയോ കാളക്കിടാക്കളുടെയോ രക്തത്തിലൂടെയല്ല, സ്വന്തം രക്തത്തിലൂടെയാണ്. കോലാടുകളുടെയും കാളക്കിടാക്കളുടെയും രക്തം തളിക്കുന്നതും പശുക്കിടാവിന്റെ ഭസ്മം വിതറുന്നതും അശുദ്ധരെ ശാരീരികമായി ശുദ്ധീകരിക്കുന്നു. എങ്കില്‍, നിത്യാത്മാവുമൂലം കളങ്കമില്ലാതെ ദൈവത്തിനു തന്നെത്തന്നെ സമര്‍പ്പിച്ച ക്രിസ്തുവിന്റെ രക്തം, ജീവിക്കുന്ന ദൈവത്തെ ശുശ്രൂഷിക്കാന്‍ നമ്മുടെ അന്തഃകരണത്തെ നിര്‍ജീവ പ്രവൃത്തികളില്‍ നിന്ന് എത്രയധികമായി വിശുദ്ധീകരിക്കുകയില്ല!
വിളിക്കപ്പെട്ടവര്‍ വാഗ്ദത്തമായ നിത്യാവകാശം പ്രാപിക്കുന്നതിന്, ക്രിസ്തു ഒരു പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായി. കാരണം, ആദ്യത്തെ ഉടമ്പടിക്കു വിധേയരായിരിക്കെ, നിയമം ലംഘിച്ചവര്‍ക്ക് അവന്‍ സ്വന്തം മരണത്താല്‍ രക്ഷയായിത്തീര്‍ന്നു.

അനുക്രമഗീതം

അനുക്രമാഗീതം ഹ്രസ്വമായോ പൂര്‍ണ്ണമായോ പാടുകയോ ചൊല്ലുകയോ ചെയ്യാം.

പാടുക സീയോന്‍, മനോഹരമായി പാടുക,
ഇടയരാജാവിന്റെ സ്തുതികള്‍ പാടുക.
സ്വര്‍ഗീയ സംഗീതം മീട്ടുക.
ജീവന്റെ അപ്പം, ജീവനേകുന്ന അപ്പം,
പ്രിയരാം പന്ത്രണ്ട് സോദരര്‍ക്കായി
വേര്‍പാടിന്‍ ഓര്‍മ്മയ്ക്ക്
നിത്യസ്മാരകമായി നല്‍കിയ ഭോജ്യം.

ഈ മനോഹര ഗീതം ഹൃദയത്തില്‍ നിന്നും ഉയരട്ടെ.
ക്രിസ്തു ആദ്യമായി അള്‍ത്താര അനുഗ്രഹിച്ച
ദിനത്തിന്‍ ഓര്‍മ്മ തിളങ്ങിനില്‍ക്കുന്നു.
രാജാവൊരുക്കിയ വിരുന്നുശാലയില്‍
സന്തോഷഭരിതരായി അവര്‍ സമ്മേളിച്ചു.
പുരാതന പെസഹാക്രമം നവീകൃതമായി,
പഴയതെല്ലാം പുതിയതായി,
രാത്രിതന്‍ ഇരുട്ട് വെളിച്ചമായി.

താന്‍ ചെയ്തതെല്ലാം എന്നും നിറവേറുവാന്‍
യുഗാന്ത്യത്തോളം നിലനിന്നീടുവാന്‍
തന്റെ വേര്‍പാടിന്റെ സ്മരണ കാത്തുപാലിക്കാന്‍
ക്രിസ്തു അതീവമായി ആഗ്രഹിച്ചു.
അവന്റെ ദിവ്യപാഠശാലയില്‍ രൂപീകൃതരായ നാം
അപ്പവും വീഞ്ഞും ആശിര്‍വദിക്കുന്നു.

ഇത് ക്രൈസ്തവനു ലഭിച്ച വിശ്വാസം –
സ്വര്‍ഗത്തില്‍ നിന്നുയരുന്ന വചനത്താല്‍
അപ്പം ശരീരമാകുന്നു, വീഞ്ഞ് രക്തമായി മാറുന്നു.
ഇത് പ്രകൃതിയുടെ ശക്തിക്കതീതമായ
കാഴ്ച്ചയ്ക്കും കേള്‍വിക്കും അതീതമായ
വിശ്വാസത്തിന്റെ അനുഭവം.

ഇരുസാദൃശ്യങ്ങളില്‍ ആവൃതമായി
സ്വര്‍ഗീയദാനത്തിന്‍ പ്രതീകങ്ങള്‍ സംഗമിക്കുന്നു.
അവിടെയാണ് നാം വണങ്ങുന്ന ദിവ്യരഹസ്യങ്ങള്‍.
ജീവനുള്ള ശരീരം നമ്മുടെ ഭോജനവും
അമൂല്യമായ രക്തം നമ്മുടെ പാനീയവും
ഓരോന്നിലും അവിഭക്തനായി കര്‍ത്താവ് ജീവിക്കുന്നു.

– – – – – –

*ഇതാ, മാലാഖമാരുടെ അപ്പം,
തീര്‍ത്ഥാടകര്‍ക്കിത് പാഥേയം;
ദൈവത്തിന്റെ യഥാര്‍ത്ഥ മക്കള്‍ക്കുള്ള അപ്പം,
നായ്ക്കള്‍ക്ക് കൊടുക്കാനാവാത്ത അപ്പം.
ഇസഹാക്കിന്റെ ബലിപീഠത്തിലും,
പുരാതന പെസഹാ ഭോജനത്തിലും
സ്വര്‍ഗം പൊഴിച്ച മന്നയിലും
മുന്നേ ആവിഷ്കൃതമായ സാദൃശ്യം.

*സ്വര്‍ഗീയ ഭോജനമേ, നല്ലിടയാ, വരിക,
അങ്ങേ കാരുണ്യം ഞങ്ങളില്‍ പ്രകാശിപ്പിക്കുക.
ഇപ്പോഴും ഞങ്ങളെ വിരുന്നൂട്ടി അങ്ങേ സ്വന്തമാക്കുക,
അമര്‍ത്യതയുടെ മേച്ചില്‍പ്പുറങ്ങളില്‍
ഞങ്ങള്‍ അങ്ങേ മഹത്വം കാണട്ടെ.

*അനന്ത ജ്ഞാനമേ, അനന്ത ശക്തിയേ,
ഇന്നിന്റെ ഭോജ്യമേ, നാളത്തെ ആശ്വാസമേ,
വരിക, ഞങ്ങളെ അങ്ങേ അതിഥികളാക്കുക;
അങ്ങയോടൊപ്പം വസിക്കുന്ന വിശുദ്ധരോടുകൂടെ
അങ്ങേ കൂട്ടവകാശികളും സ്നേഹിതരുമാക്കുക.
ആമേന്‍. അല്ലേലൂയാ.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മാര്‍ക്കോ 14:12-16,22-26
ഇത് എന്റെ ശരീരമാണ്. ഇത് എന്റെ രക്തമാണ്.

പെസഹാബലി അര്‍പ്പിക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം ദിവസം, ശിഷ്യന്മാര്‍ യേശുവിനോടു ചോദിച്ചു: നിനക്കു ഞങ്ങള്‍ എവിടെ പെസഹാ ഒരുക്കണമെന്നാണ് നീ ആഗ്രഹിക്കുന്നത്? അവന്‍ രണ്ടു ശിഷ്യന്മാരെ അയച്ചുകൊണ്ടു പറഞ്ഞു: നിങ്ങള്‍ നഗരത്തിലേക്കുചെല്ലുക. ഒരുകുടം വെള്ളം ചുമന്നുകൊണ്ട് ഒരുവന്‍ നിങ്ങള്‍ക്കെതിരേ വരും. അവനെ അനുഗമിക്കുക. അവന്‍ എവിടെ ചെന്നു കയറുന്നുവോ അവിടത്തെ ഗൃഹ നാഥനോടു പറയുക: ഗുരു ചോദിക്കുന്നു, ഞാന്‍ എന്റെ ശിഷ്യന്മാരുമൊത്തു പെസഹാ ഭക്ഷിക്കുന്നതിന് എന്റെ വിരുന്നുശാല എവിടെയാണ്? സജ്ജീകൃതമായ ഒരു വലിയ മാളികമുറി അവര്‍ കാണിച്ചുതരും. അവിടെ നമുക്കുവേണ്ടി ഒരുക്കുക. ശിഷ്യന്മാര്‍ പുറപ്പെട്ട് നഗരത്തിലെത്തി, അവന്‍ പറഞ്ഞിരുന്നതുപോലെ കണ്ടു. അവര്‍ പെസഹാ ഒരുക്കി.
അവര്‍ ഭക്ഷിച്ചുകൊണ്ടിരുന്നപ്പോള്‍ യേശു അപ്പമെടുത്ത്, ആശീര്‍വദിച്ച്, മുറിച്ച്, അവര്‍ക്കു നല്‍കിക്കൊണ്ട് അരുളിച്ചെയ്തു: ഇതു സ്വീകരിക്കുവിന്‍; ഇത് എന്റെ ശരീരമാണ്. അനന്തരം, പാനപാത്രം എടുത്ത്, കൃതജ്ഞതാസ്‌തോത്രം ചെയ്ത്, അവര്‍ക്കു നല്‍കി. എല്ലാവരും അതില്‍ നിന്നു പാനംചെയ്തു. അവന്‍ അവരോട് അരുളിച്ചെയ്തു: ഇത് അനേകര്‍ക്കു വേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എന്റെ രക്തമാണ്. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ദൈവരാജ്യത്തില്‍ ഞാന്‍ ഇതു നവമായി പാനം ചെയ്യുന്ന ദിവസം വരെ മുന്തിരിയുടെ ഫലത്തില്‍ നിന്ന് ഇനി ഞാന്‍ കുടിക്കുകയില്ല. സ്‌തോത്രഗീതം ആലപിച്ചതിനുശേഷം അവര്‍ ഒലിവുമലയിലേക്കു പോയി.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങളര്‍പ്പിച്ച കാഴ്ചദ്രവ്യങ്ങള്‍ വഴി
കൗദാശികമായി സൂചിപ്പിക്കപ്പെടുന്ന
ഐക്യത്തിന്റെയും സമാധാനത്തിന്റെയും ദാനങ്ങള്‍
അങ്ങ് കാരുണ്യപൂര്‍വം
അങ്ങേ സഭയ്ക്കു നല്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

യോഹ 6:57

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
എന്റെ ശരീരം ഭക്ഷിക്കുകയും
എന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നവന്‍
എന്നിലും ഞാന്‍ അവനിലും വസിക്കുന്നു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഇഹലോകത്തില്‍
അങ്ങേ അമൂല്യമായ ശരീരത്തിന്റെയും
രക്തത്തിന്റെയും സ്വീകരണം സൂചിപ്പിക്കുന്ന
അങ്ങേ ദൈവിക പ്രകൃതിയുടെ
നിത്യാനന്ദത്താല്‍ ഞങ്ങളെ നിറയ്ക്കണമേ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Leave a comment