പുലർവെട്ടം 488

{പുലർവെട്ടം 488}

 
“If the path before you is clear, you’re probably on someone else’s.”
― Carl Jung
 
ഉള്ളിലെ ശബ്ദങ്ങൾക്ക് വസ്തുനിഷ്ഠതയുടെ പ്രശ്നമുണ്ട്. Saint Joan എഴുതുമ്പോൾ ബർണാഡ് ഷാ അഭിസംബോധന ചെയ്യാൻ ശ്രമിക്കുന്നത് അത്തരം ഒരു പ്രതിസന്ധിയാണ്. നിരന്തരമായി ദൈവശബ്ദം കേൾക്കുന്നു എന്ന് അവകാശപ്പെടുന്ന ഒരു ഇടയപ്പെൺകുട്ടി, ഒരു ദേശത്തിന്റെ പടയോട്ടം നയിക്കുന്ന അസാധാരണമായ ഒരു ചരിത്ര സന്ധിയെ ആധാരമാക്കിയാണ് ആ നാടകം രചിക്കപ്പെട്ടിരിക്കുന്നത്. എല്ലാ വീരനായകരെപ്പോലെയും ഒടുവിൽ ഒറ്റുകൊടുക്കപ്പെടുകയായിരുന്നു അവളുടെ ശിരോലിഖിതം. മതദ്രോഹവിചാരണയ്ക്ക് അവളെ വലിച്ചിഴയ്ക്കുന്നവരും അതേ ദൈവശബ്ദത്തെക്കുറിച്ച് തന്നെയാണ് പറയുന്നത്. ആര് കേൾക്കുന്നതാണ് ശരി. തീനാളങ്ങളിലേയ്ക്ക് അവളെ എറിഞ്ഞു കൊടുക്കുന്നിടത്താണ് കാര്യങ്ങൾ അവസാനിക്കുന്നത്. ഒരു കുരിശ് രൂപവുമായി അവളുടെ അരികിലേക്ക് എത്താൻ ശ്രമിക്കുന്ന മുഖ്യപുരോഹിതനോട് തീനാളങ്ങളിൽ നിന്ന് അകന്നു നിൽക്കാനാണ് അവൾ ആവശ്യപ്പെടുന്നത്. ആ നിമിഷത്തിൽ അയാളെങ്കിലും അതുറപ്പിക്കുന്നുണ്ട്. വിചാരണയിൽ കണ്ടെത്തിയത് പോലെ തിന്മയുടെ കാറ്റിൽപ്പെട്ട ഒരു കരിയിലയായിരുന്നില്ല അവളെന്ന്!
 
ജോൻ ഓഫ് ആർക്കിൻ്റെ ചരിത്രം സിനിമകളായും വന്നിട്ടുണ്ട്. അതിലൊരു ചിത്രത്തിൽ വിചാരണത്തടവുകാരിയായി പാർക്കുന്ന അന്ത്യദിനങ്ങളിൽ അവൾ യേശുവിനോട് കലഹിക്കുന്നുണ്ട്, അങ്ങയുടെ സ്വരത്തോട് വിശ്വസ്തത പുലർത്തിയതുകൊണ്ടുമാത്രം എന്നിൽ പതിച്ച ദുര്യോഗമാണിത്. പരാതിക്കൊടുവിൽ യേശു തടവറയിൽ പ്രത്യക്ഷപ്പെടുന്നു. ഞാനൊരിക്കലും നിന്നോട് ഒന്നും പറഞ്ഞിട്ടുണ്ടായിരുന്നില്ല. അതോടുകൂടി കാണികളുടെ ഉള്ളിലേക്ക് അവളോടൊപ്പം കഠിനഭാരമുള്ള ഒരു അമ്മിക്കല്ല് വീഴുകയാണ്. എന്തൊരു അപകടം പിടിച്ചതാണ് ഈ ആന്തരിക ശബ്ദങ്ങൾ.
 
നിങ്ങളെ കൊല്ലുന്നവർ ഈശ്വരപ്രീതിക്കുവേണ്ടിയാണ് അത് ചെയ്യുന്നതെന്ന് കരുതുന്ന കാലം വരുന്നു എന്നൊരു ക്രിസ്തുമൊഴി തലമുടിനാരിൽ കെട്ടിയ വാളുപോലെ വേദപുസ്തകത്തിലുണ്ട്. ആരംഭത്തിൽ ഇരകളായിരുന്നു അവൻ്റെ ധർമ്മത്തിൽപ്പെട്ടുപോയ മനുഷ്യർ. അതേ നിസ്സഹായരായ മനുഷ്യർ പിന്നീട് വേട്ടക്കാരായി. ഇന്നു നാം കരുതുന്നത് പോലെ Witches ഒരിക്കൽ ദുസ്സൂചനയുള്ള പദമായിരുന്നില്ല. ജ്ഞാനാന്വേഷികളായതുകൊണ്ടുതന്നെ നിഗൂഢതയുടെ ഒരു ആവരണം സദാ പുതച്ചിരുന്ന കലയിലും കവിതയിലും തത്വചിന്തകളിലുമൊക്കെ വിദുഷികളായ സ്ത്രീകൾക്ക് പിന്നീട് തുല്യം ചെയ്തു കൊടുത്ത വിശേഷണമായിരുന്നു, ദുർമന്ത്രവാദിനി. അപ്പോൾപ്പിന്നെ അശേഷം കുറ്റബോധമോ അനുതാപമോ ഇല്ലാതെ തീപ്പൊയ്കകൾ സൃഷ്ടിച്ചാൽ മതി. ഒരു ധർമ്മത്തിനും ഈ പാപക്കറയിൽനിന്ന് ഒഴിഞ്ഞുമാറുക എളുപ്പമല്ല. രോഹിൻഗ്യൻ അഭയാർത്ഥികൾ തഥാഗതൻ്റെ അനുയായികളാൽ പിന്തുടരപ്പെടുക എന്തൊരു കറുത്തഫലിതമാണ്. കുറ്റബോധത്തിൻ്റെ കണിക പോലും അവശേഷിപ്പിക്കാതെ നമ്മളൊക്കെ കടന്നുപോകുന്നതിന് ദൈവശബ്ദം എന്ന സങ്കല്പം കാരണമാകുന്നു.
 
ചുരുക്കത്തിൽ ഒഴുക്കൻ മട്ടിൽ മനസ്സാക്ഷിയെക്കുറിച്ച് പറഞ്ഞ് അവസാനിപ്പിക്കുക വയ്യ. ഉള്ളിലെ പ്രചോദനങ്ങൾക്കും ചായ് വുകൾക്കും ഒരു objectivity (വസ്തുനിഷ്ഠത) ഉറപ്പാക്കേണ്ട ബാധ്യതയുണ്ട്. നിങ്ങൾ ഒരു വിശ്വാസിയാണെങ്കിൽ അതിന് ആധാരമാക്കുന്ന പുണ്യഗ്രന്ഥത്തെ പരിശോധിക്കേണ്ട ബാധ്യതയുണ്ട്. സഞ്ചിതമായ ജ്ഞാനം തുന്നിക്കെട്ടിയതാണ് പുസ്തകം. ഏകശിലയിൽ (monolithic) കൊത്തിയതൊന്നുമല്ലാത്തതുകൊണ്ട് പ്രത്യക്ഷാർത്ഥത്തിൽ പരിഗണിക്കേണ്ടതുമല്ല അത്. മണ്ണരിച്ച് സ്വർണ്ണത്തരികൾ കണ്ടെത്തുന്നതുപോലെ, സാധനയും സമർപ്പണവും അർഹിക്കുന്ന ഒരു പ്രക്രിയയാണത്. അതിൽനിന്ന് കണ്ടെത്തുന്ന പൊൻതരികൾക്ക് നിരക്കുന്നതായിരുന്നോ നമ്മുടെ ആത്മാഭിമുഖ്യങ്ങൾ എന്നാണ് ഇനി തിരയേണ്ടത്.
 
ഗൂഗിൾ മാപ്പല്ല ഒരു പുണ്യഗ്രന്ഥവും. മറിച്ച് അത് യാനപാത്രങ്ങളിൽ നാവികർ ഉപയോഗിക്കുന്ന കോമ്പസ്-വടക്കുനോക്കി യന്ത്രം മാത്രമാണ്. ദിശകൾ കാട്ടുക മാത്രമാണ് അതിന്റെ നിയോഗം.
 
– ബോബി ജോസ് കട്ടികാട്
Advertisements
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Advertisements
Advertisement

One thought on “പുലർവെട്ടം 488

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s