പുലർവെട്ടം 490

{പുലർവെട്ടം 490}

 
“ആ വീട്ടിൽ ഇനിയും വിളക്കണഞ്ഞിട്ടില്ല. കമ്പോണ്ടർ ബൈബിൾ വായിക്കുകയായിരുന്നു”. (ത്യാഗത്തിന്റെ രൂപങ്ങൾ, ടി. പത്മനാഭൻ)
 
അങ്ങനെയാണ് നല്ലൊരു കഥ അവസാനിക്കുന്നത്. ഉറുവയിലെ ഏകാന്ത ആശുപത്രിയിൽ പകർവ്യാധിയുടെ ഒരു കാലത്ത് ഭയാശങ്കകളില്ലാതെ രോഗികളെ പരിചരിച്ചുകൊണ്ടിരുന്ന ഒരു സാധാരണ ജീവനക്കാരനെക്കുറിച്ച് എഴുത്തുകാരൻ്റെ ഓർമ്മ അവസാനിക്കുന്നത് ഇങ്ങനെയാണ്. ആ ചെറിയ കഥയിൽ അയാളുടെ ദിനസരിയാണതെന്ന സൂചന നേരത്തെ നൽകിയിട്ടുണ്ട്. അയാൾക്ക് ഞായറാഴ്ചകളിൽ പള്ളിയിൽ പോകാനുള്ള സാവകാശമോ എന്തിന് താത്പര്യം പോലും ഇല്ലായിരുന്നു എന്ന് എഴുത്തുകാരൻ നിരീക്ഷിക്കുന്നുണ്ട്. ഇരുട്ടിൽ ഒരു മെഴുകുതിരി വെട്ടത്തിൽ ഒരാൾ വായിക്കുന്ന പുസ്തകം അകത്തും പരക്കുമെന്ന ലളിതമായൊരു വിശ്വാസമാണ് ഒറ്റവരിയിൽ അടിവരയിട്ട് പറയാൻ ശ്രമിക്കുന്നത്.
 
മോസ്കോയിലെ ലെനിൻ ലൈബ്രറിയിൽ കയ്യെഴുത്ത് പ്രതികളുടെ ശേഖരത്തിനിടിൽ അഴുക്ക് പിടിച്ച ഒരു പുതിയ നിയമപ്പുസ്തകമുണ്ട്. കുറ്റവും ശിക്ഷയിലും സോന്യ വച്ചു നീട്ടുന്നത് അതേ പുസ്തകമാണ് : “It was the New Testament in Russian translation, ” states Raskol’nikov. “The book was old, well used, bound in leather”
 
സൈബീരിയയിലെ ആ ഏകാന്തശിക്ഷയുടെ കാലത്ത് തന്റെ ഏക ആശ്വാസമായി ഫിയോദർ ദസ്തയേവ്സ്കി ഓർമ്മിച്ചെടുക്കുന്നത് ആ പുസ്തകത്തെയാണ്. അന്ന അയാളുടെ ജീവചരിത്രം എഴുതുന്നവരോട് അതിനെക്കുറിച്ച് അയാൾ പറഞ്ഞത് പങ്കുവയ്ക്കുന്നു. ഉള്ളിലെ പ്രതീക്ഷയുടെ നാളം അണയാതെ നിലനിർത്തുവാൻ അതിശൈത്യയിടത്തിൽ തനിക്ക് കൂട്ടായി ഉണ്ടായിരുന്നത് അത് മാത്രമായിരുന്നു. തലയിണയ്ക്കടിയിൽ സൂക്ഷിച്ചിരുന്ന ആ പുസ്തകം പലയാവർത്തി വായിച്ചും മറ്റുള്ളവർക്ക് വേണ്ടി ഉറക്കെ വായിച്ചു കൊടുത്തും ആത്മധൈര്യത്തെ നിലനിർത്തുകയായിരുന്നു അയാൾ. എത്രയോ കാലങ്ങൾക്ക് ശേഷവും അത് അയാളുടെ എഴുത്തുമേശയിലുണ്ടായിരുന്നു. അവസാനമായി അയാളതുപയോഗപ്പെടുത്തിയത് തന്റെ മരണദിനത്തിലായിരുന്നു. തുറന്നുകിട്ടിയ ഭാഗം വായിക്കാൻ ആവശ്യപ്പെട്ടു. ജ്ഞാനസ്നാനത്തിനായി യോഹന്നാന്റെ മുൻപിലെത്തിയ യേശുവിനെ തനിക്ക് അതിന് അർഹതയില്ല എന്ന് പറഞ്ഞ് പിൻവാങ്ങാൻ ശ്രമിക്കുമ്പോൾ യേശു ഇങ്ങനെ പറഞ്ഞു: ഇപ്പോൾ എഴുതപ്പെട്ടതുപോലെ സംഭവിക്കട്ടെ എന്നെ തടയരുത്. എഴുത്തുകാരൻ അന്നയോട് പറഞ്ഞു: ഞാൻ മരിക്കാൻ പോവുകയാണ്, എന്നെ തടയരുത്. ആറ് മണിക്കൂറുകൾക്ക് ശേഷം അയാൾ കടന്നുപോകുന്നു. പുസ്തകത്തിൻ്റെ മാർജിനിൽ അന്ന അത് അടയാളപ്പെടുത്തിയിട്ടുണ്ട്.
 
വരികൾക്കിടയിൽ വായിക്കാനാണ് ഓരോ പുണ്യഗ്രന്ഥവും നമ്മളോട് ആവശ്യപ്പെടുന്നത്. അത് വായിച്ചെടുക്കുമ്പോൾ എല്ലാ കടലുകളുടെയും രുചി ഒന്നുതന്നെയെന്ന കുട്ടികളുടെ സരളവിസ്മയത്തിലേക്ക് നാമെത്തുന്നു.
 
അടിമുടി കവികളായിരുന്നു എല്ലാ ഗുരുക്കന്മാരും. കാവ്യഹേതുവായി പൗരസ്ത്യ ആചാര്യന്മാർ ഗണിച്ചിരുന്നത് മൂന്ന് പദങ്ങളെയായിരുന്നു – പ്രതിഭ, വ്യുത്പത്തി, അഭ്യാസം. you are born writer എന്ന് ഒരാളോട് മന്ത്രിക്കാൻ നിർബന്ധിക്കുന്നതാണ് പ്രതിഭ. വളരെ സ്വാഭാവികമായി അവർ ഉരുവിടുകയോ കോറിയിടുകയോ ചെയ്യുന്ന കാര്യങ്ങളിലേക്ക് പുലരിപ്പൂക്കളിലേക്ക് ശലഭങ്ങളെത്തുന്നത് പോലെ ഓരോരോ അർത്ഥം വിരുന്നുവരികയാണ്. ഒരേ പുഴയിൽ ഇരുവട്ടം ഒരാൾക്കും സ്നാനം ചെയ്യാനാവില്ല എന്ന ഹെരാക്ലീറ്റൺ വാദം അവരുടെ മൊഴികൾക്കാണ് കൃത്യമാവുന്നത്. ചെറുപ്പത്തിൽ സർവ്വസൃഷ്ടികളോടും സുവിശേഷം പറയുക എന്ന വാക്ക് ഉള്ളിൽ പകപ്പുണ്ടാക്കിയിട്ടുണ്ട്. എത്ര ലളിതമായാണ് അതിപ്പോൾ പിടുത്തം കിട്ടുന്നത്. മഴു വയ്ക്കില്ല എന്ന് മരത്തോടും കല്ലുകെട്ടി തടയില്ല എന്ന് പുഴയോടുമൊക്കെ ധൈര്യം കൊടുക്കുന്നതാണ് പ്രപഞ്ചത്തോടുള്ള സുവിശേഷങ്ങളിൽ ചിലത്.
 
ഞങ്ങൾ വായിക്കുന്ന അക്ഷരങ്ങളിലേക്ക് നവ്യസാരങ്ങളുടെ അനുഗ്രഹം ഉണ്ടാവണമെന്ന പ്രാർത്ഥനയിലാണ് ഒരു പുസ്തകത്തെ തൊടേണ്ടത്. വ്യുത്പത്തി, സാധന എന്നിവയെ കൂടുതൽ അറിയുവാൻ ഭാഷാ അദ്ധ്യാപരോട് ആരായാവുന്നതാണ്.
 
– ബോബി ജോസ് കട്ടികാട്
Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s