അനുദിനവിശുദ്ധർ

അനുദിന വിശുദ്ധർ | ജൂൺ 09 | Daily Saints | June 09

⚜️⚜️⚜️⚜️ June 09 ⚜️⚜️⚜️⚜️
വിശുദ്ധ എഫ്രേം
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

മെസപ്പെട്ടോമിയായിലെ നിസിബിസി നിവാസിയുടെ മകനായിട്ടായിരുന്നു വിശുദ്ധ എഫ്രേം ജനിച്ചത്. തന്നെ ജ്ഞാനസ്നാനപ്പെടുത്തിയ മെത്രാനായ ജെയിംസിന്റെ മേല്‍നോട്ടത്തിന്‍ കീഴിലായിരിന്നു വിശുദ്ധന്‍ വിദ്യാഭ്യാസം ആര്‍ജിച്ചത്. വളരെ പെട്ടെന്ന്‍ തന്നെ എഫ്രേം വിശുദ്ധിയിലും, അറിവിലും അപാരമായ പുരോഗതി കൈവരിക്കുകയും, അധികം താമസിയാതെ നിസിബിസിലെ വിദ്യാലയത്തില്‍ അധ്യാപകനായി നിയമിതനാവുകയും ചെയ്തു. മെത്രാനായ ജെയിംസിന്റെ മരണത്തിന് ശേഷം നിസിബിസ് പേര്‍ഷ്യക്കാര്‍ പിടിച്ചടക്കി. അതേതുടര്‍ന്ന്‍ എഫ്രേം എടേസ്സായിലേക്ക് പോയി. അവിടെയെത്തിയ വിശുദ്ധന്‍ ആദ്യകാലങ്ങളില്‍ മലനിരകളില്‍ പാര്‍ത്തുവന്നിരുന്ന സന്യാസിമാര്‍ക്കൊപ്പം താമസിക്കുകയും, പിന്നീട് തനിക്ക് ചുറ്റും തടിച്ചു കൂടുന്ന ജനങ്ങളില്‍ നിന്നും രക്ഷനേടുന്നതിനായി ഏകാന്തതയില്‍ സന്യാസ ജീവിതമാരംഭിക്കുകയും ചെയ്തു.

എടേസ്സായിലെ ദേവാലയത്തിലെ ഡീക്കനായി നിയമിതനായെങ്കിലും വിശുദ്ധന്റെ ആഴമായ എളിമ കാരണം അദ്ദേഹം പൗരോഹിത്യം നിഷേധിച്ചു. എല്ലാവിധ നന്മകളാലും സമ്പന്നനായിരുന്നു വിശുദ്ധന്‍, കൂടാതെ ശരിയായ ജ്ഞാനത്തിലൂടെ ഭക്തിയും, വിശ്വാസവും കൈവരിക്കുവാന്‍ അദ്ദേഹം പരിശ്രമിക്കുകയും ചെയ്തു. മാനുഷികവും, നശ്വരവുമായ എല്ലാത്തിനേയും വിശുദ്ധന്‍ ഉപേക്ഷിക്കുകയും, ദൈവീകവും, അനശ്വരവുമായവ നേടുന്നതിനായുള്ള ആഗ്രഹത്താല്‍ പൂരിതനാവുകയും ചെയ്തു. പിന്നീട് പരിശുദ്ധാത്മാവ് വിശുദ്ധനെ കാപ്പാഡോസിയായിലെ സിസേറിയായിലേക്ക് നയിച്ചു.

അവിടെ വെച്ച് അദ്ദേഹം സഭയുടെ വക്താവായിരുന്ന ബേസിലിനെ കണ്ട് മുട്ടി. അവര്‍ തമ്മിലുണ്ടായ പരസ്പര സംവാദങ്ങളില്‍ നിന്നും ഇരുവരും ഏറെ അറിവ് ആര്‍ജിച്ചു. അക്കാലത്ത്‌ സഭയെ പ്രശ്നത്തിലാഴ്ത്തിയിരിന്ന ചില അബദ്ധധാരണകളെ തിരുത്തുന്നതിനും, യേശു ക്രിസ്തുവിന്റെ നിഗൂഡതകളെ വിശദീകരിക്കുന്നതിനുമായി സിറിയന്‍ ഭാഷയില്‍ വിശുദ്ധന്‍ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഇവയില്‍ മിക്കവയും ഗ്രീക്ക്‌ ഭാഷയിലേക്ക്‌ തര്‍ജ്ജമ ചെയ്യപ്പെട്ടു. അക്കാലത്ത്‌ ദേവാലയങ്ങളില്‍ സുവിശേഷ വായനക്ക് ശേഷം വിശുദ്ധന്‍ എഴുതിയിട്ടുള്ള കാര്യങ്ങള്‍ വായിക്കാറുണ്ടായിരുന്നുവെന്ന്‍ വിശുദ്ധ ജെറോം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അത്രമാത്രം പ്രസിദ്ധമായിരുന്നു വിശുദ്ധന്റെ രചനകള്‍.

പരിശുദ്ധ മാതാവിനേയും, വിശുദ്ധന്‍മാരേയും സ്തുതിച്ചുകൊണ്ട് അദ്ദേഹമെഴുതിയ കവിതകളെ കണക്കിലെടുത്ത് സിറിയക്കാര്‍ “പരിശുദ്ധാത്മാവിന്റെ സാരംഗി” എന്നാണ് എഫ്രേമിനെ വിളിച്ചിരുന്നത്. പരിശുദ്ധ മാതാവിനോടുള്ള വിശുദ്ധന്റെ ഭക്തി പ്രത്യേകം എടുത്ത്‌ പറയേണ്ടതാണ്. നിരവധി യോഗ്യതകളാല്‍ സമ്പൂര്‍ണ്ണനായി മെസപ്പെട്ടോമിയയിലെ എടേസ്സയില്‍ വെച്ചാണ് വിശുദ്ധന്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിക്കുന്നത്. പുരാതന്‍ റോമന്‍ ദിനസൂചികയനുസരിച്ച് വലെന്‍സിന്റെ ഭരണകാലത്ത്‌ ജൂലൈ മാസം 14നാണ് വിശുദ്ധന്‍ മരിക്കുന്നത്. പരിശുദ്ധ കത്തോലിക്കാ സഭയിലെ നിരവധി കര്‍ദ്ദിനാള്‍മാരുടേയും, മെത്രാപ്പോലീത്തമാരുടേയും, മെത്രാന്‍മാരുടേയും, പാത്രിയാര്‍ക്കീസ് മാരുടേയും, ആശ്രമാധിപതിമാരുടേയും, സന്യാസ സഭകളുടേയും അപേക്ഷ പ്രകാരം ബെനഡിക്ട് പതിനഞ്ചാമന്‍ പാപ്പാ, വിശുദ്ധ എഫ്രേമിനെ ആഗോള സഭയുടെ വേദപാരംഗതനായി അംഗീകരിച്ചു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. അയോണായിലെ ബയിത്തിന്‍

2. സ്കോട്ടുലന്‍റിലെ വിശുദ്ധരില്‍ പ്രസിദ്ധനായ കൊളുമ്പ

3. ഐറിഷുകാരനായ കുമ്മിയാന്‍

4. റോമാക്കാരായ പ്രീമൂസും ഫെലീസിയനും
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 09
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈശോയുടെ ദിവ്യഹൃദയത്തിന്‍റെ കാരുണ്യം
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

അനന്തശക്തനായ ദൈവത്തിനു ഉത്ഭവ പാപത്തിന്‍റെയും കര്‍മ്മപാപത്തിന്‍റെയും മുറിവുകളുള്ള എല്ലാ മനുഷ്യരേയും അത്ഭുതകരമായി സുഖപ്പെടുത്താന്‍ സാധിക്കുമായിരുന്നു. അവിടുത്തെ ദൈവിക ശക്തിക്കു കീഴ്പ്പെടാത്ത ഒരു കാര്യവുമില്ല. എന്നാല്‍ മനുഷ്യരുടെ നേരെയുള്ള സ്നേഹാധിക്യത്താല്‍ നമുക്കുവേണ്ടി വേദനകള്‍ സഹിക്കാനും മരിക്കാനും സന്നദ്ധനായ ദിവ്യനാഥന്‍ ദൈവസ്വഭാവത്തില്‍ ഇവയെല്ലാം സാദ്ധ്യമല്ല എന്നറിഞ്ഞു മനുഷ്യസ്വഭാവം സ്വീകരിക്കുകയും സകല അപമാനങ്ങളും സങ്കടങ്ങളും അനുഭവിച്ചു വേദനാനിര്‍ഭരമായ കുരിശുമരണം സഹിക്കയും ചെയ്തു.

പാപവും കാപട്യവും നിറഞ്ഞ മനുഷ്യര്‍ അവരുടെ ജീവിതകാലത്തില്‍ സഹിച്ചിട്ടുള്ളതും ഭാവിയില്‍ സഹിപ്പാന്‍ സാദ്ധ്യതയുള്ളതുമായ എല്ലാ ദുഃഖദുരിതങ്ങള്‍ ചേര്‍ത്തുവച്ചാലും ഈശോ അനുഭവിച്ച കഠോരപീഡകള്‍ക്കു തുല്യമാവുകയില്ല. അത്രയ്ക്കുണ്ട് അവ തമ്മിലുള്ള അന്തരം. നാം ദാരിദ്ര്യത്തില്‍ വലയുന്നുവെങ്കില്‍ സര്‍വ്വലോകത്തിന്‍റെയും സ്രഷ്ടാവും പാലകനുമായ ഈശോ കഠിന ദാരിദ്ര്യം അനുഭവിച്ചുവെന്നു ചിന്തിക്കുക.

നാം അപമാനഭാരം കൊണ്ട് ക്ലേശിതരാണെങ്കില്‍, സ്വര്‍ഗ്ഗവാസികളുടെയെല്ലാം ആരാധനാ സ്തോത്രങ്ങള്‍ക്ക് അര്‍ഹനായ മിശിഹാ തീര്‍ത്തും നിസ്സാരരായ നമ്മേക്കാള്‍ അപമാനിതനായി എന്നു ധ്യാനിക്കുക. നാം രോഗത്താലും ശാരീരിക പീഡകളാലും കഷ്ടപ്പെടുന്നുവെങ്കില്‍ പാപമാലിന്യമേശാത്ത തിരുനാഥന്‍ അവിടുത്തെ പാവനശരീരത്തില്‍ അവര്‍ണ്ണനീയമായ പീഡനങ്ങള്‍ അനുഭവിച്ച കാര്യം സ്മരണയില്‍ കൊണ്ടുവരിക. നാം ഭയത്താലും മാനസിക വേദനകളാലും സര്‍വോപരി നിരാശയാലും ഞെരുക്കപ്പെടുന്നുവെങ്കില്‍ ക്രിസ്തുനാഥന്‍റെ ദിവ്യഹൃദയം ഗത്സേമന്‍ തോട്ടത്തില്‍ അചിന്ത്യമായ ആത്മവേദനകളും ഭയം, പരിത്യക്തത എന്നിവയും അനുഭവിച്ച കാര്യം ധ്യാനിക്കുക.

ഇങ്ങനെ അതുല്യങ്ങളായ വേദനകള്‍ അനുഭവിച്ച ഈശോയുടെ ജീവിതക്ലേശങ്ങളെപ്പറ്റി വിചിന്തനം നടത്തുന്നുവെങ്കില്‍ നാം അനുഭവിക്കുന്ന വേദനകളെല്ലാം നിസ്സാരവും അഗണ്യവുമെന്നു കാണാവുന്നതാണ്. നമ്മുടെ കഴിഞ്ഞകാല ജീവിതപ്രവര്‍ത്തനങ്ങളെപ്പറ്റി ശരിയായി പരിശോധിക്കുകയാണെങ്കില്‍ നാം അനുഭവിക്കുന്ന ക്ലേശങ്ങളെല്ലാം നമ്മുടെ പാപങ്ങളുടെ പരിഹാരത്തിനു മതിയാവുകയില്ലെന്നു ബോദ്ധ്യപ്പെടുന്നതാണ്. നിത്യനിര്‍മ്മലനായ മിശിഹായുടെ ദിവ്യഹൃദയം അനുഭവിക്കുന്നവയാകട്ടെ. നമ്മുടെ ആത്മരക്ഷയിലുള്ള അവിടുത്തെ താല്പര്യത്തെപ്രതിയും സ്നേഹത്തെപ്രതിയും ആണെന്നു കാണാവുന്നതാണ്. നമ്മുടെ സംശയങ്ങളിലും ദുഃഖങ്ങളിലും ധൈര്യവും പ്രതീക്ഷയും നല്‍കി നമ്മെ അവിടുത്തെ സമീപത്തേയ്ക്ക് അനുസ്യൂതം ക്ഷണിച്ചു കൊണ്ടിരുന്നു. എന്‍റെ ആത്മാവേ! പ്രലോഭനങ്ങള്‍ ഒന്നുകൊണ്ടും ക്ഷോഭിക്കാതെ ഈ ദിവ്യഹൃദയസ്നേഹത്തില്‍ സ്ഥിരമായി നിന്നുകൊള്ളണമെന്ന് പ്രതിജ്ഞ ചെയ്യുക.

ജപം
❤️❤️

കരകാണാത്ത കരുണാസമുദ്രമായ ഈശോയുടെ ദിവ്യഹൃദയമേ! അങ്ങേ ഞാന്‍ ആരാധിക്കുന്നു. മനുഷ്യരുടെ നേരെ അങ്ങേയ്ക്കുള്ള സ്നേഹം അനന്തമെന്നും എല്ലാ ജനങ്ങളുടെമേലും അങ്ങേ അനുഗ്രഹമഴ അനുസ്യൂതം വര്‍ഷിച്ചു കൊണ്ടിരിക്കുന്നു എന്നും അറിയുന്നതിനാല്‍ ഏറ്റം ദുഃഖം നിറഞ്ഞ എന്‍റെ ഹൃദയം ആത്മീയ സന്തോഷത്താല്‍ തെളിഞ്ഞ് എന്നെയും എനിക്കുള്ള സകലരേയും വസ്തുക്കളേയും സമ്പൂര്‍ണ്ണമായി അങ്ങേയ്ക്ക് കാഴ്ച സമര്‍പ്പിക്കുന്നു. സ്നേഹനാഥാ! എന്‍റെ ഈ വിനീതബലി കാരുണ്യപൂര്‍വ്വം സ്വീകരിക്കേണമേ.

പ്രാര്‍ത്ഥന
❤️❤️❤️❤️

കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.

3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി.

സാധുശീലനും ഹൃദയ എളിമയുള്ളവനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ.

ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

കര്‍ത്താവേ! അനുഗ്രഹിക്കണമേ .

മിശിഹായേ! അനുഗ്രഹിക്കണമേ.

കര്‍ത്താവേ! അനുഗ്രഹിക്കണമേ.

മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

ആകാശങ്ങളിലിരിക്കുന്ന ബാവാതമ്പുരാനേ,

ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,

റൂഹാദക്കുദശാ തമ്പുരാനേ,

ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ,

നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ,

ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,

അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ,

ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ,

അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ ,

ദൈവഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ,

ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ,

നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ,

നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ,

സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ,

സകല‍ പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ,

സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ,

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ.

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

— ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ.

പ്രാര്‍ത്ഥിക്കാം
❤️❤️❤️❤️❤️❤️

സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദക്കൂദശായുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍.

സുകൃതജപം
❤️❤️❤️❤️❤️

ഈശോയുടെ ദിവ്യഹൃദയമേ! പാപികളുടെ മേല്‍ കരുണയായിരിക്കണമേ.

സല്‍ക്രിയ
❤️❤️❤️❤️

സ്വന്തം ആത്മസ്ഥിതി ഗ്രഹിക്കുന്നതിനായി ആത്മശോധന നടത്തുക.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Advertisements

🌻പ്രഭാത പ്രാർത്ഥന🌻

നിന്റെ എല്ലാ പ്രവൃത്തികളും ദൈവവിചാരത്തോടെയാകട്ടെ.. അവിടുന്നു നിനക്ക് വഴി തെളിച്ചു തരും.. (സുഭാഷിതങ്ങൾ : 3/6)
രക്ഷകനായ ദൈവമേ..

അനുഗ്രഹങ്ങളുടെ ഉറവിടമായ അങ്ങയെ മഹത്വപ്പെടുത്തുവാൻ ഒരു പുതിയ പ്രഭാതം കൂടി നൽകിയതിനെയോർത്ത് ഞാനങ്ങയെ സ്തുതിക്കുകയും ആരാധിക്കുകയും അങ്ങേയ്ക്ക് നന്ദി പറയുകയും ചെയ്യുന്നു. ഈ ലോകത്തിൽ പിറന്നു വീണപ്പോൾ ഞാൻ ഒന്നും കൊണ്ടുവന്നില്ലെന്നും.. തിരികെ പോകുമ്പോൾ ഒന്നും കൊണ്ടു പോകാനാവില്ലെന്നുമുള്ള സത്യത്തെ മനസ്സിലാക്കിയിട്ടും പലപ്പോഴും അനുദിന ജീവിതത്തിൽ ഞങ്ങൾക്കു ചുറ്റുമുള്ള സന്തോഷങ്ങളെ തിരിച്ചറിയാതെ നിസാരമായ കാര്യങ്ങൾക്കു പോലും ഞങ്ങൾ അസ്വസ്ഥപ്പെടുകയും.. കുറവുകളിലേക്കു നോക്കി അക്ഷമരാവുകയും ചെയ്യുന്നു. അപരന്റെ നോവിന്റെ ആഴമറിയുവോളം എനിക്കു ലഭിച്ചതൊന്നും ദൈവത്തിന്റെ അനുഗ്രഹങ്ങളാണെന്ന് തിരിച്ചറിയാതെ കൂടുതൽ മെച്ചമായതിനു വേണ്ടി ആഗ്രഹിക്കുകയും അത് നേടാനാവാത്തത്തിൽ പരിതപിക്കുകയും ചെയ്യുന്ന ഒരു മനസ്സ് സ്വന്തമായുള്ളിടത്തോളം ഞാനെന്നും അവിടുത്തെ സുകൃതവഴികളിൽ നിന്നും അകലെയായിരിക്കും.

ഈശോയേ.. നൈമിഷികമായ ഭൗതികനേട്ടങ്ങളുടെ വിജയത്തിളക്കത്തെ ആഗ്രഹിക്കാത്ത ഒരു മനസ്സ് എനിക്കു പ്രദാനം ചെയ്യണമേ.. അങ്ങയുടെ തിരുഹിതത്തിനൊത്ത വിധം ജീവിതത്തെ ക്രമപ്പെടുത്താനും.. ദൈവീകാനുഗ്രഹങ്ങളാൽ ആത്മാവിൽ സമ്പന്നരാകാനും ഞങ്ങളെ നിത്യം അനുഗ്രഹിക്കുകയും ചെയ്യണമേ..

ഈശോയുടെ ദിവ്യഹൃദയമേ.. എന്നെ മുഴുവൻ അങ്ങേയ്ക്കുള്ളവനാക്കേണമേ.. ആമേൻ.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s