അനുദിന വിശുദ്ധർ | ജൂൺ 10 | Daily Saints | June 10

⚜️⚜️⚜️⚜️ June 10 ⚜️⚜️⚜️⚜️
മെയിന്‍സിലെ വിശുദ്ധ ബാര്‍ഡോ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

982-ല്‍ ജെര്‍മ്മനിയിലെ ഓപ്പര്‍ഷോഫെനിലെ കുലീന കുടുംബത്തിലാണ് വിശുദ്ധ ബാര്‍ഡോ ജെനിച്ചത്. വിശുദ്ധന്‍ വിദ്യാഭ്യാസത്തിന്റെ ആദ്യ പാഠങ്ങള്‍ പഠിച്ചത് ഒരു വയസ്സായ സ്ത്രീയില്‍ നിന്നുമായിരുന്നു. അവര്‍ വിശുദ്ധനെ തന്റെ മടിയിലിരിത്തി അക്ഷരങ്ങളും, സങ്കീര്‍ത്തനങ്ങള്‍ വായിക്കുവാന്‍ പഠിപ്പിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷവും ആ വൃദ്ധ തനിക്ക്‌ നല്‍കിയ നന്മയെ വിശുദ്ധന്‍ ഓര്‍മ്മിക്കുകയും അവരുടെ സംരക്ഷണത്തിനു വേണ്ട കാര്യങ്ങള്‍ ചെയ്യുകയും ചെയ്തു. ഫുള്‍ഡായിലായിരുന്നു വിശുദ്ധന്റെ ശേഷിച്ച വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. അവിടെ വെച്ച് വിശുദ്ധന്‍ ബെനഡിക്ടന്‍ സഭാവസ്ത്രം സ്വീകരിക്കുകയും സ്ഥലത്തെ സര്‍വ്വകലാശാലയിലെ ഒരു അദ്ധ്യാപകനായി തീരുകയും ചെയ്തു. 1029-ല്‍ വിശുദ്ധന്‍ പൗരോഹിത്യ പട്ടം സ്വീകരിച്ചതിനു ശേഷം ചക്രവര്‍ത്തിനിയുമായുള്ള കുടുംബപരമായ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ബാര്‍ഡോ വെര്‍ഡെനാം റൂറിലെ ആശ്രമാധിപനായി നിയമിതനായി.

ഒരിക്കല്‍ വിശുദ്ധന്‍ രാജധാനിയിലായിരിക്കെ മെയിന്‍സിലെ മെത്രാപ്പോലീത്ത, ബാര്‍ഡോയുടെ കയ്യില്‍ അധികാര വടി കാണുവാനിടയായി. ഇതുകണ്ട മെത്രാപ്പോലീത്ത ഇപ്രകാരം പറഞ്ഞു “ആശ്രമാധിപ, ഞാന്‍ വിചാരിക്കുന്നത് ആ വടി നിങ്ങളുടെ കയ്യിലിരിക്കുന്നതിലും നല്ലത് എന്റെ കയ്യിലിരിക്കുന്നതായിരിക്കും എന്നാണ്” ഇതിനു ബാര്‍ഡോ ഇപ്രകാരം മറുപടി കൊടുത്തു “അങ്ങ് അപ്രകാരമാണ് ചിന്തിക്കുന്നതെങ്കില്‍ അങ്ങയെ സംബന്ധിച്ചിടത്തോളം ഇത് ലഭിക്കുക അത്ര ബുദ്ധിമുട്ടേറിയ കാര്യമല്ല”.

തിരികെ തന്റെ താമസസ്ഥലത്തെത്തിയ വിശുദ്ധന്‍ തന്റെ ദാസനെ വിളിച്ച്‌ ആ വടിയും, മറ്റ് പദവിമുദ്രകളും നല്‍കിയിട്ട് അവയെല്ലാം മെത്രാപ്പോലീത്തക്ക് സമ്മാനമായി നല്‍കുവാന്‍ പറഞ്ഞു. 1031-ല്‍ അദ്ദേഹം ഹെര്‍സ്ഫെല്‍ഡിലെ ആശ്രമാധിപനായി, കൂടാതെ മെയിന്‍സിലെ മെത്രാപ്പോലീത്തയുടെ പിന്‍ഗാമിയായി നിര്‍ദ്ദേശിക്കപ്പെടുകയും ചെയ്തു. എന്നിരുന്നാലും മെത്രാപ്പോലീത്തയെന്ന നിലയില്‍ നിര്‍ഭാഗ്യകരമായ ഒരു തുടക്കമായിരുന്നു അദ്ദേഹത്തിന്റേത്.

ഒരു ക്രിസ്തുമസ് ദിവസം രാവിലെ ചക്രവര്‍ത്തിക്ക് മുന്‍പാകെ സുവിശേഷം പ്രസംഗിക്കുമ്പോള്‍ തന്റെ രോഗം കൊണ്ടോ അതോ സഭാകമ്പം കൊണ്ടോ വിശുദ്ധന് നല്ലവണ്ണം പ്രസംഗിക്കുവാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തെ കേട്ട് നിന്നവര്‍ ഏറെ മോശമായി സംസാരിക്കുവാന്‍ തുടങ്ങി. ജര്‍മ്മനിയിലെ ഏറ്റവും പ്രധാനപ്പെട്ട രൂപതയിലെ മെത്രാനായി, ഒരു അറിവില്ലാത്ത ആളെ നിയമിച്ചത്‌ തെറ്റായിപോയെന്ന്‍ ചക്രവര്‍ത്തിക്കും തോന്നി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ബാര്‍ഡോക്ക് വീണ്ടും ചക്രവര്‍ത്തിയുടെ മുന്‍പില്‍ സുവിശേഷം പ്രസംഗിക്കേണ്ടതായി വന്നു.

അദ്ദേഹത്തിന്റെ കൂട്ടുകാര്‍ വിശുദ്ധനെ വിലക്കിയെങ്കിലും വിശുദ്ധന്‍ ഇപ്രകാരമാണ് പറഞ്ഞത്‌ “എല്ലാ മനുഷ്യര്‍ക്കും അവരുടേതായ ഭാരങ്ങള്‍ ചുമക്കേണ്ടതായി വരും” എന്നാണ്. അതിനു ശേഷം അദ്ദേഹം തന്റെ അഗ്നിപരീക്ഷയെ നേരിട്ടു. ഇപ്രാവശ്യം വിശുദ്ധന്‍ വളരെ ഉത്സാഹത്തോടും ആവേശത്തോടും കൂടിയാണ് തന്റെ പ്രസംഗം നടത്തിയത്‌. ഇതില്‍ സന്തുഷ്ടനായ ചക്രവര്‍ത്തി തന്റെ അത്താഴത്തിനിരുന്നപ്പോള്‍ “മെത്രാപ്പോലീത്ത എന്റെ വിശപ്പ്‌ ശമിപ്പിച്ചിരിക്കുന്നു” എന്ന് പറയുകയുണ്ടായി.

പദവികള്‍ ഉണ്ടായിരിന്നെങ്കിലും തന്റെ അവസാനം വരെ ഒരു സന്യാസിയുടേതായ ലാളിത്യത്തിലായിരുന്നു വിശുദ്ധന്‍ ജീവിച്ചിരുന്നത്. വളരെ കര്‍ക്കശമായ ജീവിതരീതിയായിരുന്നു അദ്ദേഹം അനുവര്‍ത്തിച്ചിരിന്നത്. അതിനാല്‍ തന്നെ വിശുദ്ധ ലിയോ ഒമ്പതാമന്‍ പാപ്പാ ജീവിത കാര്‍ക്കശ്യത്തില്‍ കുറച്ച് ഇളവ്‌ വരുത്തുവാന്‍ വിശുദ്ധനോട് ഉപദേശിക്കുക വരെയുണ്ടായി. പാവങ്ങളോടും, അഗതികളോടും, മൃഗങ്ങളോടുമുള്ള വിശുദ്ധന്റെ സ്നേഹം പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്. പക്ഷികളുടെ വലിയൊരു സംരക്ഷകനായിരുന്നു വിശുദ്ധന്‍ അപൂര്‍വ്വം ഇനത്തില്‍പ്പെട്ട പക്ഷികളെ വിശുദ്ധന്‍ ശേഖരിക്കുകയും അവയെ സംരക്ഷിക്കുകയും ചെയ്തു. കൂടാതെ തന്റെ സ്വന്തം പാത്രത്തില്‍ നിന്നും ഭക്ഷിക്കുവാന്‍ അവയെ പരിശീലിപ്പിക്കുകയും ചെയ്തു.

തന്റെ രൂപതയില്‍ വിശുദ്ധ ബാര്‍ഡോ വളരെ കര്‍മ്മോത്സുകനായിരുന്ന അജപാലകനായിരുന്നു. പ്രധാന പുരോഹിതനും, തന്റെ കുഞ്ഞാടുകളെ സംബന്ധിച്ചിടത്തോളം ഒരു യഥാര്‍ത്ഥ പിതാവുമായിരുന്നു വിശുദ്ധന്‍. വിശുദ്ധ മാര്‍ട്ടിന്റെ നാമധേയത്തിലുള്ള വലിയ കത്രീഡലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് വിശുദ്ധനാണ്. നിരവധി ആളുകളെ വിശുദ്ധന്‍ തെറ്റായതും, കാഠിന്യമേറിയതുമായ ശിക്ഷാവിധികളില്‍ നിന്നും സംരക്ഷിച്ചിട്ടുണ്ട്.

മദ്യപാനം തുടങ്ങിയ ദുശീലങ്ങളെ വിശുദ്ധ ബാര്‍ഡോ അതിയായി വെറുത്തിരുന്നു. ജനങ്ങളെ, പ്രത്യേകിച്ച് യുവാക്കളെ ആത്മനിയന്ത്രണത്തിന്റേയും, അച്ചടക്കത്തിന്റേയും, ക്ഷമയുടേയും ആവശ്യകതയെ കുറിച്ച് വിശുദ്ധന്‍ ഉപദേശിക്കുമായിരുന്നു. 1053-ല്‍ മെയിന്‍സില്‍ വെച്ച് അദ്ദേഹം കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. ആഗോള കത്തോലിക്ക സഭ ജൂണ്‍ 10നു വിശുദ്ധന്റെ ഓര്‍മ്മ തിരുനാളായി ആഘോഷിക്കുന്നു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. ജേത്തൂലിയൂസ്. സെരയാലീസ്, അമാന്‍സിയൂസ്, പ്രിമിത്തിയൂസ്

2. ആഫ്രിക്കക്കാരായ അരേസിയൂസും, റൊഗാത്തൂസും

3. റോമന്‍ രക്തസാക്ഷികളായ ബസിലിദെസ്, ത്രിപ്പോസ്, മന്‍റല്‍

4. ഫ്രാന്‍സിലെ ബോഗുമല്ലൂസ്

5. ഔക്സേര്‍ ബിഷപ്പായ സെന്‍സുരിയൂസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 1⃣0⃣
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
പിതാവിന്‍റെ തിരുമനസ്സ് നിറവേറ്റുകയും അവിടുത്തെ സ്തുതിമാത്രം അന്വേഷിക്കുകയും ചെയ്യുന്ന ഈശോ
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

മനുഷ്യവംശത്തെ പാപത്തിന്‍റെ ബന്ധനത്തില്‍ നിന്ന്‍ രക്ഷിക്കുന്നതിനും ദൈവപിതാവിന്‍റെ കോപത്തിനു ശാന്തത വരുത്തുന്നതിനും വേണ്ടി ഈശോ സകല സൗഭാഗ്യങ്ങളാലും സമ്പൂര്‍ണ്ണമായ ദൈവഭവനം വിട്ടുപേക്ഷിക്കുന്നു. പിതാവിന്‍റെ തിരുമനസ്സ് നിറവേറ്റുന്നതിനായി ക്ലേശനിര്‍ഭരമായ ഈ ഭൂമിയിലേക്ക് അവിടുത്തെ യാത്ര ആരംഭിക്കുന്നു. അപമാനങ്ങളും വേദനയും ദാരിദ്ര്യവുമെല്ലാം സ്വര്‍ഗ്ഗപിതാവിന്‍റെ സ്തുതിക്കായും അവിടുത്തെ ഇഷ്ടം പൂര്‍ത്തിയാക്കുന്നതിനായും അത്യന്തം സന്തോഷത്തോടുകൂടെ ഈശോ സ്വീകരിക്കുന്നു. പിതാവിനെപ്പറ്റി പ്രസംഗിക്കുന്നതിനും അവിടുത്തെ മഹത്വം വര്‍ദ്ധിപ്പിക്കുന്നതിനുമായി ജീവിതം മുഴുവന്‍ അവിടുത്തേക്ക് സമര്‍പ്പിക്കുന്നു.

ഈശോയുടെ തിരുഹൃദയത്തില്‍ സ്നേഹമുള്ളവരെ, നമ്മുടെ അദ്ധ്വാനങ്ങള്‍, ദുഃഖങ്ങള്‍, വേദനകള്‍ എന്നുവേണ്ട എല്ലാ ആകുലതകളും സന്തോഷത്തോടെ സഹിക്കുകയാണെങ്കില്‍ ഏറ്റം ലഘുവായ പ്രവൃത്തികള്‍ കൂടെയും ദൈവസന്നിധിയില്‍ വിലയുള്ളതായിത്തീരുകയും സ്വര്‍ഗ്ഗരാജ്യത്തില്‍ വലുതായ സമ്മാനത്തിനു നാം അര്‍ഹരായി ഭവിക്കുകയും ചെയ്യുമായിരുന്നു. ഈശോയുടെ ജീവിതകാലത്ത് അവിടുത്തെ പ്രവൃത്തികള്‍ എപ്രകാരമായിരുന്നുവെന്നു ദിവ്യവചനങ്ങളില്‍ നിന്നു തന്നെ മനസ്സിലാകുന്നതാണ്. “എന്‍റെ പ്രശസ്തി ഞാന്‍ ആഗ്രഹിക്കുന്നില്ല; പിന്നെയോ എന്നെ അയച്ച എന്‍റെ പിതാവിന്‍റെ മഹിമ മാത്രമാണ്. ഞാന്‍ സ്വയം പുകഴ്ത്തുന്നുവെങ്കില്‍ എനിക്കു യാതൊരു മഹത്വവും ഇല്ല. എന്‍റെ പിതാവിന് ഇഷ്ടമുള്ളത് മാത്രം ഞാന്‍ ചെയ്തു കൊണ്ടിരിക്കുന്നു.” അതുകൊണ്ട് മിശിഹായുടെ തിരുഹൃദയത്തെ സ്നേഹിക്കാനാഗ്രഹിക്കുന്ന ആത്മാക്കള്‍ അവരുടെ പ്രവൃത്തിയിലും ചിന്തയിലും എപ്പോഴും ദൈവസ്തുതിയും അവിടുത്തെ ഇഷ്ടവും മാത്രം അന്വേഷിക്കണം. “നിങ്ങള്‍ പ്രഥമമായി ദൈവത്തിന്‍റെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുവിന്‍. അപ്പോള്‍ ഇവയെല്ലാം കൂട്ടിച്ചേര്‍ത്തു നിങ്ങള്‍ക്കു നല്‍കപ്പെടും”
(വി.മത്തായി 6:33).

ജപം
❤️❤️

കൃപയുള്ള കര്‍ത്താവേ! ദൈവപിതാവിന്‍റെ മഹിമയായ ഈശോയെ! അങ്ങേ ജീവിതകാലത്ത് ചെയ്ത എല്ലാ പ്രവൃത്തികളും നിത്യപിതാവിന്‍റെ സ്തുതിക്കും ഞങ്ങളുടെ രക്ഷയ്ക്കും വേണ്ടി സമര്‍പ്പിക്കുകയുണ്ടായി. പാപിയായ ഞാന്‍ എന്‍റെ പ്രവൃത്തികളിലൊക്കെയിലും സ്വന്തബഹുമാനവും മനുഷ്യസ്തുതിയും ഇന്നുവരെ ആഗ്രഹിച്ചു പ്രവര്‍ത്തിച്ചുവെന്നതു വാസ്തവം തന്നെ. ഇനി അവശേഷിക്കുന്ന എന്‍റെ ജീവിതകാലത്തില്‍ ചെയ്യുന്ന അദ്ധ്വാനങ്ങള്‍, ദുഃഖാനര്‍ത്ഥങ്ങള്‍ എന്നിവയെല്ലാം അങ്ങേ പിതാവിന്‍റെ സ്തുതിക്കായി ചെയ്യാന്‍ സന്നദ്ധനായിരിക്കുന്നു. കര്‍ത്താവേ, എന്‍റെ പ്രതിജ്ഞയില്‍ ഉറച്ചു നില്‍ക്കാന്‍ ശക്തി തരണമേ.

പ്രാര്‍ത്ഥന
❤️❤️❤️❤️

കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.

3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി.

സാധുശീലനും ഹൃദയ എളിമയുള്ളവനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ.

ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

കര്‍ത്താവേ! അനുഗ്രഹിക്കണമേ .

മിശിഹായേ! അനുഗ്രഹിക്കണമേ.

കര്‍ത്താവേ! അനുഗ്രഹിക്കണമേ.

മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

ആകാശങ്ങളിലിരിക്കുന്ന ബാവാതമ്പുരാനേ,

ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,

റൂഹാദക്കുദശാ തമ്പുരാനേ,

ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ,

നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ,

ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,

അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ,

ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ,

അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ ,

ദൈവഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ,

ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ,

നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ,

നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ,

സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ,

സകല‍ പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ,

സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ,

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ.

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

— ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ.

പ്രാര്‍ത്ഥിക്കാം
❤️❤️❤️❤️❤️❤️

സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദക്കൂദശായുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍.

സുകൃതജപം
❤️❤️❤️❤️❤️

ഈശോയുടെ തിരുഹൃദയമേ! എന്‍റെ പ്രവൃത്തികളിലൊക്കെയിലും അങ്ങേ സ്തുതിമാത്രം അന്വേഷിപ്പാന്‍ കൃപ ചെയ്യണമേ.

സല്‍ക്രിയ
❤️❤️❤️❤️

ദൈവത്തിന്‍റെ സ്തുതിക്കായി സകലതും ചെയ്യുന്നുണ്ടെന്ന് പ്രതിജ്ഞ ചെയ്യുക.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Advertisements

🌻പ്രഭാത പ്രാർത്ഥന.🌻

മനുഷ്യർ നിങ്ങളുടെ സത്പ്രവൃത്തികൾ കണ്ട് സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുൻപിൽ പ്രകാശിക്കട്ടെ.. (മത്തായി : 5/16)

പരമ പരിശുദ്ധനായ ദൈവമേ..
ആകാശവും ഭൂമിയും കടന്നു പോയാലും മാറ്റമില്ലാതെ തുടരുന്ന നിന്റെ തിരുവചനത്തിൽ ആശ്രയിച്ചു കൊണ്ട് ഈ പ്രഭാതത്തിലും ഞങ്ങളവിടുത്തെ സന്നിധിയിൽ അണഞ്ഞിരിക്കുന്നു.പലപ്പോഴും വാക്കുകളാണ് ഒരുവനെ വളർത്തുന്നതും തളർത്തുന്നതും എന്ന സത്യത്തെ പാടേ വിസ്മരിച്ചു കൊണ്ടുള്ള ഞങ്ങളുടെ പ്രവൃത്തികൾ മൂലം അനേകരുടെ ഹൃദയസമാധാനത്തിനും അഭിമാനത്തിനും കോട്ടം സംഭവിച്ചിട്ടുണ്ട്.. ഒരുവന്റെ ജീവിതത്തിലെ അനിഷ്ടസംഭവങ്ങളും കുറവുകളും അറിഞ്ഞിട്ടും മറ്റൊരാളോടതു പറയാതിരുന്നാൽ ഒരു മനസുഖമില്ലാത്തവരാണ് ഞങ്ങളിൽ പലരും.. ഞാനതു പറഞ്ഞാലും ഇല്ലെങ്കിലും എല്ലാവരും അറിയും.. പിന്നെ ഞാനതു പറഞ്ഞെന്നു കരുതി എന്തു സംഭവിക്കാൻ എന്നു ചിന്തിക്കുന്നിടത്തു നിന്നും എന്നിലെ ദുഷ്പ്രേരണകൾ ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങുകയും.. അപരന്റെ ജീവിതത്തിലെ സന്തോഷത്തിന്റെ ഇത്തിരി വെട്ടം സമാധാനക്കേടിലേക്കും അപമാനഭാരത്തിലേക്കും വഴി മാറി സഞ്ചരിക്കാൻ തുടങ്ങുകയും ചെയ്യും.

ഈശോയേ.. മധുരമായ വാക്കുകളോ പൊള്ളയായ വാഗ്ദാനങ്ങളോ അല്ല.. അപരന്റെ ഇരുളിടങ്ങളിൽ പ്രകാശമാകാനും.. ഏതൊരവസ്ഥയിലും അവനോടുള്ള സ്നേഹവും പരസ്പരബഹുമാനവും കാത്തു സൂക്ഷിക്കാനുമുള്ള വിവേകം നൽകിയരുളേണമേ നാഥാ.. തിരികെ ഒന്നും പ്രതീക്ഷിക്കാത്ത എന്റെ പ്രാർത്ഥനകളും പരസ്നേഹ പ്രവൃത്തിയും കരയുന്ന മറ്റൊരുവനു വേണ്ടി ദൈവസന്നിധിയിൽ ഉയർത്തപ്പെടുന്ന അർത്ഥനയായി പരിണമിക്കുകയും.. അത് അവന് ഏറ്റവും സഹായമായിരിക്കുന്ന അനുഗ്രഹമായി വർത്തിക്കുകയും ചെയ്യുവാൻ കൃപ ചെയ്തരുളേണമേ..

ഈശോയുടെ ദിവ്യഹൃദയമേ.. പാപികളുടെ മേൽ കരുണയായിരിക്കേണമേ.. ആമേൻ.

Advertisements

കര്‍ത്താവു തന്റെ വിശുദ്‌ധ മന്‌ദിരത്തിലുണ്ട്‌;
അവിടുത്തെ സിംഹാസനംസ്വര്‍ഗത്തിലാണ്‌.
അവിടുത്തെ കണ്ണുകള്‍ മനുഷ്യമക്കളെ കാണുന്നു;
അവിടുന്ന്‌ അവരെ സൂക്‌ഷ്‌മമായി നിരീക്‌ഷിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 11 : 4

Advertisements

ഈ പുലരിയിൽ നമുക്ക് പ്രാർത്ഥിക്കാം…🙏
🍒➖➖➖➖➖➖➖➖➖➖➖➖➖🍒
ഇടയനെ വിളിച്ചു ഞാന്‍ കരഞ്ഞപ്പോള്‍
ഉടനവനരുകില്‍ അണഞ്ഞരുളി:
“ഭയന്നൊരു നിമിഷവും തളരരുതേ
ഉറങ്ങുകില്ല, മയങ്ങുകില്ല,
നിന്റെ കാല്‍ വഴുതാനിടയാവുകില്ല”
🌿➖➖➖➖➖➖➖➖➖➖➖➖➖🌿
“കര്‍ത്താവാണു നിന്റെ കാവല്‍ക്കാരന്‍;നിനക്കു തണലേകാന്‍ അവിടുന്നുനിന്റെ വലത്തുഭാഗത്തുണ്ട്‌.”
സങ്കീര്‍ത്തനങ്ങള്‍ 121 : 5
🌿➖➖➖➖➖➖➖➖➖➖➖➖➖🌿
ദൈവമേ, അങ്ങയുടെ തണലിൽ ഞങ്ങളെ കാത്തുകൊള്ളണമേ…പ്രയാസങ്ങളും പ്രതിസന്ധികളും ഏറിവരുന്ന ഈ നാളുകളിൽ അങ്ങ് ഞങ്ങൾക്ക് എപ്പോഴും കൂട്ടായിരിക്കണമേ. അങ്ങേയ്ക്ക് പ്രീതികരമായ ജീവിതം നയിച്ച്, തിന്മയുടെ മധ്യത്തിൽ നിന്നും വിനാശത്തിന്റെ കൊടുങ്കാറ്റിൽ നിന്നും ഞങ്ങളെ അങ്ങ് കാത്തുപരിപാലിക്കട്ടെ. ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും നട്ടുച്ചക്ക് വരുന്ന വിനാശ ത്തെയും നേരിടുവാൻ, ഞങ്ങളുടെ ഭവനങ്ങൾക്ക് ചുറ്റും അങ്ങ് പാളയം അടിച്ച് കാവൽ നിൽക്കണമേ. കർത്താവേ, ഞങ്ങളുടെ സഹായം അങ്ങാണ്, ഞങ്ങളുടെ കോട്ടയും പരിചയും അങ്ങുതന്നെ..! ഞങ്ങളുടെ പാദങ്ങളെ നയിക്കുന്നത് അങ്ങയുടെ കണ്ണുകൾ ആണെന്ന് ഞങ്ങൾ കാണുന്നു… പ്രതികൂലങ്ങളിലും പ്രശ്നങ്ങളുടെ മേലും ഞങ്ങൾക്കായി ഉറങ്ങാതെ കാവൽ നിൽക്കുന്നവൻ. നന്ദി ഈശോയേ, നാളിതുവരെ ഞങ്ങളുടെ ജീവിതത്തിൽ ചൊരിഞ്ഞ നിരവധിയായ അനുഗ്രഹങ്ങൾക്കും സംരക്ഷണങ്ങൾക്കും ഒത്തിരി നന്ദി. ഇനിയും മുന്നിലേക്കുള്ള ജീവിതയാത്രയിൽ അങ്ങ് ഞങ്ങളോടൊപ്പം താങ്ങും തണലുമായി എപ്പോഴും ഉണ്ടായിരിക്കണമേ… അനുഗ്രഹിക്കണമേ.
പരിശുദ്ധ അമ്മെ മാതാവേ പ്രാർത്ഥിക്കണമേ.
ആമ്മേൻ.
🍒➖➖➖➖➖➖➖➖➖➖➖➖➖🍒

Leave a comment