പുലർവെട്ടം 493

{പുലർവെട്ടം 493}

 
“The trouble with most of us is that we would rather be ruined by praise than saved by criticism.”
– Norman Vincent Peale
 
കാർട്ടൂണുകളോടും കാരിക്കേച്ചറുകളോടും അനിഷ്ടം പുലർത്തുന്ന ഏതൊരു ഭരണാധികാരിയും അപകടം പിടിച്ച ഒരാളാണ്. ഡേവിഡ് ലോ (1908-1971) യെക്കുറിച്ച് വായിച്ചതോർക്കുന്നു. പിന്നീട് രാഷ്ട്രീയനുണകളുടെ പര്യായമായി മാറിയ ജോസഫ് ഗോബെൽസ് ബ്രിട്ടീഷ് അധികാരികളോട് പരാതിപ്പെടുവാൻ മാത്രം പ്രഹരശേഷി ഉണ്ടായിരുന്നു ഡേവിഡ് ലോയുടെ വരകൾക്ക്. ഹിറ്റ്ലറും മുസ്സോളിനിയും ജോസഫ് സ്റ്റാലിനുമൊക്കെയായിരുന്നു അയാളുടെ കാർട്ടൂൺ സ്ട്രിപ്പിലെ കഥാപാത്രങ്ങൾ. ജർമ്മനിയിലുള്ള ഔദ്യോഗിക പരാതിയോടുകൂടി രണ്ട് ഏകാധിപതികളുടെ പേരുകൾ ചേർത്ത് muzzler എന്നൊരു പുതിയ കഥാപാത്രത്തെ സൃഷ്ടിച്ച് മര്യാദക്കാരനായി ! നാസികളുടെ’ ദ ബ്ലാക്ക് ബുക്കിൽ അയാളുടെ പേരുണ്ടായിരുന്നുവെന്ന് യുദ്ധാനന്തരമാണ് ബ്രിട്ടീഷ് ഭരണകൂടത്തിന് മനസ്സിലായത്. അപായപ്പെടുത്താനോ തടവിലാക്കാനോ മുൻപേ കൂട്ടി നാസികൾ കരുതിവച്ചിരുന്ന പേരുകളുടെ സമാഹാരമാണ് ബ്ലാക്ക് ബുക്ക്. നിർദ്ദോഷമായ ഫലിതങ്ങൾ പോലും ഒരാളെ മരണയോഗ്യനാക്കും. ദിനപ്പത്രങ്ങളിലെ കാർട്ടൂൺ മറിച്ചു നോക്കിയാൽ പോലും ഭംഗിയാക്കാമായിരുന്ന ഇവരുടെയൊക്കെ ജീവിതം എന്തൊരു ദുരന്തമായാണ് കത്തിത്തീർന്നത്.
 
എതിർ ശബ്ദങ്ങളെ കാതോർക്കാനാവാത്ത വിധത്തിൽ മുൻവിധികൾ കൊണ്ട് തഴുതിട്ട മനസ്സാണ് നമ്മുടേത്. അപരൻ്റെ ശബ്ദം സംഗീതമാവുകയെന്ന സ്വപ്നസദൃശമായ കാലം ഇനിയും വരാനിരിക്കുന്നതേയുള്ളൂ. അഭിനന്ദനങ്ങളെ കരുതിയിരിക്കണമെന്ന യേശുവിന്റെ താക്കീതിൽ വിമർശനങ്ങൾക്കുള്ള സ്തുതി ഒളിപ്പിച്ചിട്ടുണ്ട്. ഈശ്വരസ്വരത്തിന് കാതോർക്കുന്നതിനെക്കുറിച്ചായിരുന്നു ഈ ദിനങ്ങളിലെ നമ്മുടെ പുലരി ആലോചന. എതിർക്കുന്നവരിലൂടെയും തർക്കിക്കുന്നവരിലൂടെയും തെളിഞ്ഞു വരുന്ന ദൈവനീതിയുടെ മർമ്മരങ്ങളുണ്ട്. കല ആധുനികമെന്ന സംജ്ഞയ്ക്ക് വിധേയമാകുന്നത് പോലും കലാവിമർശനമെന്ന രീതിയുടെ ആവിർഭാവത്തോടുകൂടിയാണെന്ന് ഒക്ടേവിയോപാസിൻ്റെ നിരീക്ഷണമുണ്ട്. അനുദിനം നവീകരിക്കപ്പെടുകയെന്ന സാധ്യതയാണ് വിമർശനങ്ങളെ പ്രതിരോധിക്കുകവഴി ഒരാളിൽ അടഞ്ഞുപോകുന്നത്. വ്യക്തിപരമായ അധിക്ഷേപമോ ആക്രമണമോ ആയി കരുതുന്നിടത്താണ് അതിന്റെ പാളിച്ച.
 
യേശുവിൽ സംഭവിച്ചത് ഇതാണ്. അവനെക്കുറിച്ച് കേട്ടപ്പോൾ നസ്രത്തിൽനിന്ന് ഒരു നന്മയും വരില്ല എന്ന് പറഞ്ഞാണ് നത്താനിയേൽ എന്നൊരാൾ തൻ്റെ ചങ്ങാതിയെ കഠിനമായി നേരിട്ടത്. അയാളെക്കുറിച്ചാണ് പിന്നീട് യേശു ഇങ്ങനെ സാക്ഷ്യപ്പെടുത്തിയത്: ഇതാ കപടതയില്ലാത്ത ഒരു പുതിയ ഇസ്രായേൽ. തൻ്റെ ആത്മാർത്ഥതയെ തെറ്റിദ്ധരിക്കാത്തൊരാൾ എന്ന നിലയിലാണ് യേശു അയാളിൽ മതിപ്പുണ്ടാക്കിയത്. ദിവസത്തിൻ്റെ ഒടുവിൽ എല്ലാം നല്ലതെന്ന് തിരുത്തിയെഴുതുവാൻ കഴിയുന്ന ആ പരമചൈതന്യത്തിൻ്റെ യഥാർത്ഥ കൂടാരമായിട്ടാണ് അയാൾക്ക് അവനെയിപ്പോൾ മനസ്സിലാവുന്നത് : സത്യമായും നീ വരുവാനുള്ളവനാകുന്നു.
 
പിന്നീടൊരിക്കൽ ആരോ അവനെ നല്ലവനായ ഗുരോ എന്ന് വിളിച്ചു. ആ ഒരു വിശേഷണം ഒരു നന്മയും നസ്രത്തിൽനിന്ന് വരില്ല എന്ന് പറഞ്ഞ ആ ചെറുപ്പക്കാരൻ്റെ ഓർമ്മ അവൻ്റെയുള്ളിൽ ഉണർത്തിയിട്ടുണ്ടാവും. പരിമിതികളുള്ള മനുഷ്യനിലനില്പിന് പരിപൂർണ്ണമായും വഴങ്ങുന്ന പദമാണോ നന്മയെന്ന വീണ്ടുവിചാരത്തിൽ അവനിങ്ങനെ വിളിച്ചു പറഞ്ഞു : നിങ്ങളെന്തിനാണ് എന്നെ നന്മയുള്ളവനെന്ന് വിളിക്കുന്നത്. നന്മയുള്ള ഒരാൾ മാത്രം. എന്നിട്ട് ആകാശങ്ങളിലേക്ക് മിഴിയുയർത്തി.
 
വാക്കുകൊണ്ട് മാത്രമാണ് വിമർശനം എന്ന് കരുതരുത്.അതിനേക്കാൾ കഠിനമായ രീതി നിശ്ശബ്ദതയുടേതാണ്.ഒരു വീട്ടങ്കണത്തിൻ്റെ പശ്ചാത്തലത്തിൽ പോലും നിങ്ങൾക്കത് സ്വയം പിടുത്തം കിട്ടാവുന്നതാണ്.
 
– ബോബി ജോസ് കട്ടികാട്
Advertisements
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Advertisement

One thought on “പുലർവെട്ടം 493

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s