അനുദിന വിശുദ്ധർ | ജൂൺ 11 | Daily Saints | June 11

⚜️⚜️⚜️⚜️ June 11 ⚜️⚜️⚜️⚜️
വിശുദ്ധ ബാര്‍ണബാസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

ലെവി ഗോത്രത്തില്‍ പെട്ടവനായിരുന്നു വിശുദ്ധ ബാര്‍ണബാസ്. സൈപ്രസായിരുന്നു വിശുദ്ധന്റെ ജന്മദേശം. യേശുവിന്റെ മരണത്തിനു ശേഷം ഉടനെ തന്നെ വിശുദ്ധന്‍ ക്രിസ്തീയ വിശ്വാസം സ്വീകരിക്കുകയും ജെറുസലേമിലെ ആദ്യകാല ക്രിസ്തീയ സമൂഹത്തിലെ ഒരംഗമായി തീരുകയും ചെയ്തു. വിശുദ്ധന്റെ പ്രത്യേകം പരാമര്‍ശിക്കേണ്ടതായ ആദ്യത്തെ പ്രവര്‍ത്തി അദേഹം തനിക്കുള്ളതെല്ലാം വിറ്റ്‌ ആ പണം മുഴുവന്‍ അപ്പസ്തോലന്‍മാരുടെ കാല്‍ക്കല്‍ അടിയറ വെച്ചുവെന്നതാണ്. പുതുതായി വിശ്വാസത്തിലേക്ക്‌ വന്ന വിശുദ്ധ പൗലോസുമായി അദ്ദേഹം പെട്ടെന്ന് തന്നെ സൌഹൃദത്തിലായി.

ആദ്യകാല മതപീഡകനായിരുന്ന വിശുദ്ധ പൗലോസിനെ മറ്റുള്ള അപ്പസ്തോലന്മാര്‍ വിശ്വസിക്കാതിരുന്ന അവസരത്തില്‍ വിശുദ്ധ ബാര്‍ണബാസാണ് മാനസാന്തരപ്പെട്ട വിശുദ്ധ പൗലോസിനെ മറ്റുള്ള അപ്പസ്തോലന്‍മാര്‍ക്ക്‌ പരിചയപ്പെടുത്തി കൊടുത്തത്. യേശുവിനു വേണ്ടി സാക്ഷ്യം വഹിക്കുവാനുള്ള വിശുദ്ധ പൗലോസിന്റെ കഴിവിനെ ആദ്യമായി തിരിച്ചറിഞ്ഞ വിശുദ്ധ ബാര്‍ണബാസിനെ, ആഗോള സഭയില്‍ എക്കാലവും സ്മരണാര്‍ഹനാക്കുന്നു.

വിശുദ്ധ ബാര്‍ണബാസായിരുന്നു വിശുദ്ധ പൗലോസിനെ ടാര്‍സുസില്‍ നിന്നും സുവിശേഷ പ്രഘോഷണത്തിനായി അന്തിയോക്കിലേക്ക് കൊണ്ട് വന്നത്. ക്രിസ്തുവിനു ശേഷം ഏതാണ്ട് 45-48 കാലയളവില്‍ ഇരുവരുമൊരുമിച്ചാണ് ആദ്യ സുവിശേഷ പ്രഘോഷണ യാത്ര നടത്തിയത്‌. ബാര്‍ണബാസായിരുന്നു ആ യാത്രയുടെ നായകന്‍ എന്ന് അനുമാനിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ വാക്കുകളും മാന്യതയും ആകര്‍ഷകത്വമുള്ളതുമായിരുന്നു. അതിനാല്‍ തന്നെ ലിസ്ട്രായിലെ നിവാസികള്‍ അദ്ദേഹത്തെ അവരുടെ ജൂപ്പിറ്റര്‍ ദേവനായാണ് കരുതിയിരിന്നത്.

ജെറുസലേം യോഗത്തില്‍ അദ്ദേഹം വിശുദ്ധ പൗലോസിനൊപ്പം സന്നിഹിതനായിരുന്നു (ca.50). അവര്‍ രണ്ട് പേരും തങ്ങളുടെ രണ്ടാമത്തെ സുവിശേഷ പ്രചാരണ യാത്രക്കായി തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടക്കാണ് അവര്‍ക്കിടയില്‍ മര്‍ക്കോസിനെ ചൊല്ലി അഭിപ്രായ ഭിന്നത ഉടലെടുക്കുന്നത്. അതേ തുടര്‍ന്ന് രണ്ടുപേരും വിവിധ സ്ഥലങ്ങളിലേക്ക്‌ പോയി. ബര്‍ണബാസ് മര്‍ക്കോസിനേയും കൂട്ടികൊണ്ട് സൈപ്രസിലേക്കാണ് പോയത്‌. അതിനു ശേഷമുള്ള കാര്യങ്ങള്‍ അപ്പസ്തോലിക പ്രവര്‍ത്തനങ്ങളിലോ, ആധികാരികമായ മറ്റ് രേഖകളിലോ പരാമര്‍ശിച്ച് കാണുന്നില്ല.

വിശുദ്ധ പൗലോസിന്റെ എഴുത്തുകളില്‍ ഒന്നില്‍ നിന്നും നമുക്ക്‌ മനസ്സിലാക്കാന്‍ കഴിയുന്നത് ബര്‍ണബാസ് സ്വന്തം പ്രയത്നത്താലാണ് ജീവിച്ചതെന്നാണ് (1 കൊറിന്തോസ്‌ 9:5-6). വിശുദ്ധ ബാര്‍ണബാസ് മരണപ്പെടുന്നതിന്റെ സമയവും സ്ഥലവും എങ്ങും രേഖപ്പെടുത്തിയിട്ടുള്ളതായി കാണുന്നില്ല. 488-ല്‍ അദ്ദേഹത്തിന്റെ ശരീരം സലാമിനായില്‍ കണ്ടതായി പറയപ്പെടുന്നു. പുരാതനകാലം മുതല്‍ തന്നെ സഭയുടെ ആരാധനാ ക്രമത്തില്‍ വിശുദ്ധ ബാര്‍ണബാസിന്റെ നാമം ചേര്‍ക്കപ്പെട്ടിട്ടുണ്ട്.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. ഫെലിക്സും ഫോര്‍ത്തുനാത്തൂസും

2. ബ്രിട്ടനിലെ ഹെറെബാള്‍ഡ്

3. ട്രെവിസോയിലെ പരീസിയൂസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 11
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
നിത്യപിതാവിന്‍റെ തിരുമനസ്സ് നിറവേറ്റുവാന്‍ ഈശോയുടെ ദിവ്യഹൃദയം കാണിക്കുന്ന തീക്ഷ്ണത
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

മനുഷ്യാവതാരം എന്ന മഹാരഹസ്യം ഈശോയ്ക്ക് അവിടുത്തെ പിതാവിന്‍റെ തിരുമനസ്സിനോടുള്ള വിധേയത്വം തെളിവായി പ്രകാശിപ്പിക്കുന്നു. കഷ്ടതകളും വേദനകളും സര്‍വ്വോപരി അപമാനവും ഉണ്ടാകുമെന്നറിഞ്ഞിട്ടും എല്ലാം സ്വീകരിക്കുവാന്‍ സന്നദ്ധനായി ഈശോ മനുഷ്യനായിത്തീരാന്‍ സമ്മതം നല്‍കുന്നു. മനുഷ്യസ്വഭാവം സ്വീകരിച്ചു ലോകത്തില്‍ പിറന്ന ദിവസം മുതല്‍ മരണം വരെ പിതാവിന്‍റെ ഇംഗിതത്തിനനുസരണവും കൃത്യമായും എല്ലാം നിര്‍വ്വഹിക്കുന്നു. മനുഷ്യരക്ഷ എന്ന മഹോന്നതകര്‍മ്മം പിതാവ് നിശ്ചയിച്ച രീതിയില്‍ അനുഷ്ഠിക്കുവാനാണ് അവിടുന്ന്‍ ഒരുങ്ങുന്നത്. സ്വാര്‍ത്ഥതയോ അനുസരണക്കുറവോ അവിടുന്ന്‍ പ്രദര്‍ശിപ്പിക്കുന്നില്ല. ഈശോയുടെ ഈ അനുസരണം നമുക്കെല്ലാം മാതൃകയാണ്.

ജീവിതത്തിലുണ്ടാകുന്ന സങ്കടങ്ങളിലും ക്ലേശങ്ങളിലും ആശ്വാസവും ആനന്ദവും സമാധാനവും കണ്ടെത്തുവാനുള്ള പ്രധാന മാര്‍ഗ്ഗം എല്ലാം ദൈവിക പരിപാലനയില്‍ സമര്‍പ്പിക്കുകയെന്നതാണ്. മനുഷ്യര്‍ക്കുണ്ടാകുന്ന എല്ലാ പ്രയാസങ്ങളും വേദനകളും തീര്‍ത്തും ആകസ്മികമായിട്ടല്ല സംഭവിക്കുന്നത്. നിത്യപിതാവിന്‍റെ നിശ്ചയവും ദൈവിക കരങ്ങളുടെ പ്രവര്‍ത്തനവും അതിനുള്ളില്‍ നമുക്കു ദര്‍ശിക്കാം. ഉലയില്‍ ഉരുക്കിയ സ്വര്‍ണ്ണം കറ തീര്‍ന്നതായിത്തീരു‍ന്നതു പോലെ വിഷമതകളുടെ മൂശയില്‍ സംശുദ്ധമാക്കപ്പെട്ട ആത്മാക്കള്‍ പുണ്യജീവിതത്തിന്‍റെ ഉന്നതശ്രേണിയിലേക്ക് കുതിച്ചു കയറുകയാണ് ചെയ്യുന്നത്.

സന്താപങ്ങളും വേദനകളും സഹിക്കാന്‍ ഭയപ്പെടുന്നവര്‍ സ്വര്‍ഗ്ഗത്തിനും ഭൂമിക്കും മദ്ധ്യേ കുരിശില്‍ തൂങ്ങിക്കിടക്കുന്ന സര്‍വ്വത്തിന്‍റെയും നാഥനായ ഈശോയിലേക്കു കണ്ണുകള്‍ ഉയര്‍ത്തട്ടെ. നമ്മെ മുഴുവനായും ദൈവത്തിനു സമര്‍പ്പിക്കുവാന്‍ സംശയിക്കേണ്ട. ആകാശത്തിലെ പറവകളെയും ഭൂമിയിലെ മൃഗങ്ങളെയും വയലിലെ പുഷ്പങ്ങളെയും പരിപാലിക്കുന്ന കാരുണ്യവാനായ ദൈവം, നമ്മെയും പരിപാലിക്കും. സര്‍വ്വചരാചരങ്ങളേയും പരിപാലിക്കുന്ന ദൈവം സ്വന്ത ഛായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യരെ ഉപേക്ഷിക്കുമെന്ന് വിചാരിക്കുന്നത് കഠിനമായ തെറ്റുതന്നെയാണ്.

അനുസരണത്തിന്‍റെ ആദര്‍ശമായ ഈശോയുടെ ജീവിതം എല്ലാവര്‍ക്കും ഒരു മാതൃകയാണ്. ഗത്സമന്‍ പൂവനത്തില്‍ മാനസിക പീഡകളുടെ ആധിക്യത്താല്‍ രക്തം വിയര്‍ത്തു അവിടുന്നു തളര്‍ന്നു വീണു. വസ്ത്രം രക്തം കൊണ്ട് നനഞ്ഞു. ഭൂമി രക്തത്താല്‍ കുതിര്‍ന്നു. ഭയപരവശനായി അവിടുന്നു പാറമേല്‍ വീണുപോയി. അതിഭീകരമായ ആ വേദനകള്‍ക്കിടയില്‍ നിസ്സഹായനായ അവിടുന്നു പ്രാര്‍ത്ഥിച്ചു: “പിതാവേ! എന്‍റെ പോലെയല്ല, അവിടുത്തെ തിരുമനസ്സു പോലെ സംഭവിക്കട്ടെ.” ആത്മസമര്‍പ്പണത്തിന്‍റെ ഏറ്റം ഉദാത്തമായ ഉദാഹരണമാണിത്. ഇത്രയ്ക്ക് സമ്പൂര്‍ണ്ണവും ഉജ്ജ്വലവുമായ ഒരു ത്യാഗം ലോകം ദര്‍ശിച്ചിട്ടില്ല.

കാല്‍വരിയിലെ കുരിശില്‍ മണ്ണിനും വിണ്ണിനും മദ്ധ്യേ കടന്നുകൊണ്ട് ജീവിതത്തിന്‍റെ അവസാന നിമിഷങ്ങളില്‍ അവിടുന്ന്‍ ചെയ്ത പ്രാര്‍ത്ഥന ഏറ്റം അര്‍ത്ഥവത്താണ്. “പിതാവേ! അങ്ങേ കരങ്ങളില്‍ എന്‍റെ ആത്മാവിനെ സമര്‍പ്പിക്കുന്നു” എല്ലാം പൂര്‍ത്തിയായപ്പോള്‍ ശിരസ്സ്‌ ചായിച്ച്‌ അവിടുന്നു മരിക്കുന്നു. പിതാവിന്‍റെ ഇഷ്ടം നിവര്‍ത്തിക്കുകയായിരുന്നു ഈശോയുടെ മനുഷ്യാവതാരോദ്ദേശം. പിതാവ് നിശ്ചയിച്ച സമയം അവിടുന്നു ലോകത്ത് പിറന്നു. പിതാവിന്‍റെ പദ്ധതിക്കനുസരണം അവിടുന്നു പ്രവര്‍ത്തിച്ചു. അവസാനം ദൗത്യത്തിന്‍റെ പൂര്‍ത്തിയില്‍ അവിടുന്നു മരിച്ചു. മനുഷ്യര്‍ക്കെല്ലാം മാതൃകയാണ് അവിടുത്തെ ജീവിതം. നമ്മുടെ ജീവിതത്തിലുണ്ടാകുന്ന പ്രയാസങ്ങളുടെയും പ്രശ്നങ്ങളുടെയും പിന്നില്‍ അദൃശ്യമായ ദൈവകരങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുള്ള വിശ്വാസത്തോടെ നമുക്കു ജീവിക്കാം.

ജപം
❤️❤️

ഞങ്ങളുടെ സമാധാനവും ആശ്വാസവുമായ ഈശോയുടെ ദിവ്യഹൃദയമേ! അങ്ങേ ഞങ്ങള്‍ ആരാധിക്കുന്നു. പൂര്‍ണ്ണഹൃദയത്തോടെ അങ്ങേ ഞങ്ങള്‍ സ്നേഹിക്കുന്നു. കൃപ നിറഞ്ഞ ഈശോയെ! അങ്ങേ പിതാവിന്‍റെ തിരുമനസ്സിനെ നിറവേറ്റുന്നതിനായി കഠിന പീഡകളും കുരിശുമരണം കൂടെയും സഹിച്ചുവല്ലോ. കര്‍ത്താവേ! ഞങ്ങളും ഞങ്ങള്‍ക്കുണ്ടാകുന്ന കുരിശുകളായ സങ്കടങ്ങള്‍ എല്ലാം നല്ല ക്ഷമയോടും സന്തോഷത്തോടും കൂടി സഹിക്കുവാന്‍ അനുഗ്രഹം ചെയ്യേണമേ

പ്രാര്‍ത്ഥന
❤️❤️❤️❤️

കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.

3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി.

സാധുശീലനും ഹൃദയ എളിമയുള്ളവനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ.

ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

കര്‍ത്താവേ! അനുഗ്രഹിക്കണമേ .

മിശിഹായേ! അനുഗ്രഹിക്കണമേ.

കര്‍ത്താവേ! അനുഗ്രഹിക്കണമേ.

മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

ആകാശങ്ങളിലിരിക്കുന്ന ബാവാതമ്പുരാനേ,

ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,

റൂഹാദക്കുദശാ തമ്പുരാനേ,

ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ,

നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ,

ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,

അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ,

ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ,

അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ ,

ദൈവഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ,

ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ,

നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ,

നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ,

സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ,

സകല‍ പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ,

സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ,

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ.

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

— ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ.

പ്രാര്‍ത്ഥിക്കാം
❤️❤️❤️❤️❤️❤️

സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദക്കൂദശായുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍.

സുകൃതജപം
❤️❤️❤️❤️❤️

ഈശോയുടെ ദിവ്യഹൃദയമേ! അങ്ങേ തിരുമനസ്സനുഷ്ഠിക്കുവാന്‍ എനിക്ക് വരം നല്‍കണമേ.

സല്‍ക്രിയ
❤️❤️❤️❤️

ദൈവതിരുമനസ്സിനു നിന്നില്‍ നിറവേറുന്നതിനായി വിശുദ്ധ കുര്‍ബാനയ്ക്കു ഒരു വിസീത്ത കഴിക്കുക.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Advertisements

🌻പ്രഭാത പ്രാർത്ഥന🌻

മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ..അങ്ങനെ തന്നെ നിങ്ങൾ അവരോടും പെരുമാറുവിൻ.. (ലൂക്കാ :6/31)

സർവ്വശക്തനായ ദൈവമേ..
പരമാർത്ഥഹൃദയർ അവിടുത്തെ മുഖം ദർശിക്കുമെന്നുള്ള വിശ്വാസത്തിൽ ശരണപ്പെട്ട് ഈ പ്രഭാതത്തിലും തിരുനാമസങ്കീർത്തനങ്ങളോടെ ഞങ്ങൾ അവിടുത്തെ തിരുമുൻപിൽ അണഞ്ഞിരിക്കുന്നു. പലപ്പോഴും അധികമായി സ്നേഹിച്ചു ഹൃദയത്തോടു ചേർത്തു പിടിച്ച പ്രിയപ്പെട്ടവരുടെ പരിഗണന ലഭിക്കാതെ ജീവിതത്തിൽ തളർന്നു പോകുന്നവരുണ്ട്.. മാതാപിതാക്കളിൽ നിന്നും ഞാനാഗ്രഹിച്ച സ്നേഹവും വാത്സല്യവും കിട്ടാതെ വന്നതുകൊണ്ടാണ് ഞാൻ പുറമെയുള്ള സൗഹൃദങ്ങളെ ആശ്രയിച്ചത് എന്നു പരിഭവിക്കുന്ന മക്കളും.. ജീവിതപങ്കാളിയുടെ അവഗണനയിൽ മനം നൊന്താണ് ഞാൻ മരണത്തെ പോലും ഒരു നിമിഷത്തേക്ക് ആഗ്രഹിച്ചു പോയത്.. എന്റെ കുഞ്ഞുമക്കളുടെ മുഖം ഓർത്തു മാത്രമാണ് ഞാനിന്നും പിടിച്ചു നിൽക്കുന്നത് എന്നു ഹൃദയം തകർന്നു വിലപിക്കുന്ന കുടുംബജീവിതങ്ങളും ഇന്നും ഞങ്ങൾക്കു ചുറ്റുമുണ്ട്..

ഈശോയേ… സ്നേഹം പങ്കുവയ്ക്കാനും എനിക്കു ചുറ്റുമുള്ളവരെ പരിഗണിച്ചു ചേർത്തു പിടിക്കാനുമുള്ള മനസ്സ് എന്റെ തിരക്കുകളെ കൂട്ടുപിടിച്ച് ഇനിയും ഞാൻ നഷ്ടപ്പെടുത്താതിരിക്കട്ടെ.. ബന്ധങ്ങളുടെ മൂല്യം നഷ്ടപ്പെടുത്തി സ്നേഹത്തിൽ പോലും കാപട്യം നിറയ്ക്കുന്ന ഈ ലോകത്ത് നിഷ്കളങ്കമായ ഹൃദയത്തോടെയും.. കറയറ്റ സ്നേഹത്തോടെയും പരസ്പരം മനസ്സിലാക്കി ജീവിക്കാനുള്ള കൃപ സമൃദ്ധമായി ചൊരിഞ്ഞു ഞങ്ങളെ അനുഗ്രഹിക്കേണമേ..
ഈശോയുടെ തിരുഹൃദയമേ.. എന്റെ പ്രവൃത്തികളിലൊക്കെയിലും അങ്ങേ സ്തുതി മാത്രം അന്വേഷിപ്പാൻ കൃപ ചെയ്യണമേ.. ആമേൻ.

Advertisements

നിങ്ങളുടെ ജീവിതം ദ്രവ്യാഗ്രഹത്തില്‍നിന്നു സ്വതന്ത്രമായിരിക്കട്ടെ. ഉള്ളതുകൊണ്ടു തൃപ്‌തിപ്പെടുവിന്‍. ഞാന്‍ നിന്നെ ഒരു വിധത്തിലും അവഗണിക്കുകയോ ഉപേക്‌ഷിക്കുകയോ ഇല്ല എന്ന്‌ അവിടുന്നു പറഞ്ഞിട്ടുണ്ടല്ലോ.
ഹെബ്രായര്‍ 13 : 5

Leave a comment