ദിവ്യബലി വായനകൾ – Monday of week 11 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 തിങ്കൾ, 14/6/2021

Monday of week 11 in Ordinary Time 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

അങ്ങില്‍ ആശ്രയിക്കുന്നവരുടെ ശക്തികേന്ദ്രമായ ദൈവമേ,
ഞങ്ങളുടെ അപേക്ഷകള്‍ കനിവാര്‍ന്നു ശ്രവിക്കണമേ.
നശ്വരമായ ബലഹീനതയ്ക്ക്
അങ്ങയെക്കൂടാതെ ഒന്നുംതന്നെ ചെയ്യാന്‍ കഴിയാത്തതിനാല്‍,
അങ്ങേ കൃപയുടെ സഹായം എപ്പോഴും നല്കണമേ.
അങ്ങേ കല്പനകള്‍ പിഞ്ചെന്ന്,
ചിന്തയിലും പ്രവൃത്തിയിലും അങ്ങയെ ഞങ്ങള്‍
പ്രസാദിപ്പിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

2 കോറി 6:1-10
ദൈവശുശ്രൂഷകരെപ്പോലെ നമുക്കു വ്യാപരിക്കാം.

സഹോദരരേ, നിങ്ങള്‍ക്കു കൈവന്നിരിക്കുന്ന ദൈവകൃപ വ്യര്‍ഥമാക്കരുതെന്ന് അവിടുത്തെ സഹപ്രവര്‍ത്തകരെന്ന നിലയില്‍ ഞങ്ങള്‍ നിങ്ങളോട് അപേക്ഷിക്കുന്നു. അവിടുന്ന് അരുളിച്ചെയ്യുന്നു: സ്വീകാര്യമായ സമയത്ത് ഞാന്‍ നിന്റെ പ്രാര്‍ഥന കേട്ടു. രക്ഷയുടെ ദിവസത്തില്‍ ഞാന്‍ നിന്നെ സഹായിക്കുകയും ചെയ്തു. ഇതാ, ഇപ്പോള്‍ സ്വീകാര്യമായ സമയം. ഇതാ, ഇപ്പോള്‍ രക്ഷയുടെ ദിവസം.
ഞങ്ങളുടെ ശുശ്രൂഷയില്‍ ആരും കുറ്റം കാണാതിരിക്കേണ്ടതിന് ഞങ്ങള്‍ ആര്‍ക്കും ഒന്നിനും പ്രതിബന്ധം ഉണ്ടാക്കുന്നില്ല. മറിച്ച്, എല്ലാവിധത്തിലും ദൈവത്തിന്റെ ദാസന്മാരാണെന്ന് ഞങ്ങള്‍ അഭിമാനിക്കുന്നു; വലിയ സഹനത്തില്‍, പീഡകളില്‍, ഞെരുക്കങ്ങളില്‍, അത്യാഹിതങ്ങളില്‍, മര്‍ദനങ്ങളില്‍, കാരാഗൃഹങ്ങളില്‍, ലഹളകളില്‍, അധ്വാനങ്ങളില്‍, ജാഗരണത്തില്‍, വിശപ്പില്‍, ശുദ്ധതയില്‍, ജ്ഞാനത്തില്‍, ക്ഷമയില്‍, ദയയില്‍, പരിശുദ്ധാത്മാവില്‍, നിഷ്‌കളങ്കസ്‌നേഹത്തില്‍; സത്യസന്ധമായ വാക്കില്‍, ദൈവത്തിന്റെ ശക്തിയില്‍, വലത്തുകൈയിലും ഇടത്തുകൈയിലുമുള്ള നീതിയുടെ ആയുധത്തില്‍; ബഹുമാനത്തിലും അവമാനത്തിലും, സത്കീര്‍ത്തിയിലും ദുഷ്‌കീര്‍ത്തിയിലും ഞങ്ങള്‍ അഭിമാനിക്കുന്നു. വഞ്ചകരെപ്പോലെ ഞങ്ങള്‍ കരുതപ്പെടുന്നു; എങ്കിലും ഞങ്ങള്‍ സത്യസന്ധരാണ്. ഞങ്ങള്‍ അറിയപ്പെടാത്തവരെ പോലെയാണെങ്കിലും അറിയപ്പെടുന്നവരാണ്; മരിക്കുന്നവരെ പോലെയാണെങ്കിലും ഇതാ, ഞങ്ങള്‍ ജീവിക്കുന്നു. ശിക്ഷിക്കപ്പെട്ടവരെ പോലെയാണെങ്കിലും വധിക്കപ്പെട്ടിട്ടില്ല. ഞങ്ങള്‍ ദുഃഖിതരെ പോലെയാണെങ്കിലും സദാ സന്തോഷിക്കുന്നു; ദരിദ്രരെ പോലെയാണെങ്കിലും അനേകരെ സമ്പന്നരാക്കുന്നു; ഒന്നുമില്ലാത്തവരെ പോലെയാണെങ്കിലും എല്ലാം ആര്‍ജിച്ചിരിക്കുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 98:1bcde,2-3ab,3cd-4

കര്‍ത്താവു തന്റെ വിജയം വിളംബരം ചെയ്തു.

കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍;
അവിടുന്ന് അദ്ഭുതകൃത്യങ്ങള്‍ ചെയ്തിരിക്കുന്നു;
അവിടുത്തെ കരവും വിശുദ്ധ ഭുജവും വിജയം നേടിയിരിക്കുന്നു.

കര്‍ത്താവു തന്റെ വിജയം വിളംബരം ചെയ്തു.

കര്‍ത്താവു തന്റെ വിജയം വിളംബരം ചെയ്തു;
അവിടുന്നു തന്റെ നീതി ജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി.
ഇസ്രായേല്‍ ഭവനത്തോടുള്ള തന്റെ കരുണയും വിശ്വസ്തതയും
അവിടുന്ന് അനുസ്മരിച്ചു.

കര്‍ത്താവു തന്റെ വിജയം വിളംബരം ചെയ്തു.

ഭൂമിയുടെ അതിര്‍ത്തികള്‍ നമ്മുടെ ദൈവത്തിന്റെ വിജയം ദര്‍ശിച്ചു.
ഭൂമി മുഴുവന്‍ കര്‍ത്താവിന് ആനന്ദഗീതം ആലപിക്കട്ടെ!
ആഹ്‌ളാദാരവത്തോടെ അവിടുത്തെ സ്തുതിക്കുവിന്‍.

കര്‍ത്താവു തന്റെ വിജയം വിളംബരം ചെയ്തു.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മത്താ 5:38-42
ഞാന്‍ നിങ്ങളോടു പറയുന്നു: ദുഷ്ടനെ എതിര്‍ക്കരുത്.

അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് അരുളിച്ചെയ്തു: കണ്ണിനുപകരം കണ്ണ്, പല്ലിനുപകരം പല്ല് എന്നു പറഞ്ഞിട്ടുള്ളതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ദുഷ്ടനെ എതിര്‍ക്കരുത്. വലത്തു കരണത്തടിക്കുന്നവന് മറ്റേ കരണംകൂടി കാണിച്ചുകൊടുക്കുക. നിന്നോടു വ്യവഹരിച്ച് നിന്റെ ഉടുപ്പു കരസ്ഥമാക്കാനുദ്യമിക്കുന്നവന് മേലങ്കികൂടി കൊടുക്കുക. ഒരു മൈല്‍ ദൂരംപോകാന്‍ നിന്നെ നിര്‍ബന്ധിക്കുന്നവനോടു കൂടെ രണ്ടു മൈല്‍ ദൂരം പോകുക. ചോദിക്കുന്നവനു കൊടുക്കുക. വായ്പ വാങ്ങാന്‍ ഇച്ഛിക്കുന്നവനില്‍ നിന്ന് ഒഴിഞ്ഞുമാറരുത്.


കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

ദൈവമേ, മനുഷ്യകുലത്തിന്റെയും
സമര്‍പ്പിക്കുന്ന കാഴ്ചദ്രവ്യങ്ങളുടെയും സത്ത,
ഭോജനത്താല്‍ അങ്ങ് പരിപോഷിപ്പിക്കുകയും
കൂദാശയാല്‍ നവീകരിക്കുകയും ചെയ്യുന്നുവല്ലോ.
അവയുടെ സഹായം ഞങ്ങളുടെ ശരീരങ്ങള്‍ക്കും
മാനസങ്ങള്‍ക്കും ഒരിക്കലും നഷ്ടപ്പെടാതിരിക്കാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.


ദിവ്യകാരുണ്യപ്രഭണിതം

സങ്കീ 27:4

ഒരു കാര്യം ഞാന്‍ കര്‍ത്താവിനോട് അപേക്ഷിക്കുന്നു,
ഒരു കാര്യം മാത്രം ഞാന്‍ തേടുന്നു,
എന്റെ ജീവിതകാലം മുഴുവന്‍
കര്‍ത്താവിന്റെ ആലയത്തില്‍ വസിക്കാന്‍ തന്നെ.


Or:
യോഹ 17:11

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
പരിശുദ്ധനായ പിതാവേ,
നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന്
അവിടന്ന് എനിക്കു നല്കിയ അവരെ
അവിടത്തെ നാമത്തില്‍ അങ്ങ് കാത്തുകൊള്ളണമേ.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങള്‍ സ്വീകരിച്ച അങ്ങേ ഈ ദിവ്യഭോജനം
അങ്ങിലുള്ള വിശ്വാസികളുടെ ഐക്യം സൂചിപ്പിക്കുന്നപോലെ,
അങ്ങേ സഭയില്‍ അത് ഐക്യത്തിന്റെ
ഫലമുളവാക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Advertisements

One thought on “ദിവ്യബലി വായനകൾ – Monday of week 11 in Ordinary Time 

Leave a reply to Lucas M Cancel reply