പുലർവെട്ടം 494

{പുലർവെട്ടം 494}

 
ഈശ്വരൻ കാലത്തിന്റെ നിയന്താവാണെങ്കിൽ കടന്നുപോകേണ്ടിവരുന്ന ഓരോരോ ഋതുക്കളെ നമ്രതയോടെ സ്വീകരിക്കുകയെന്നതാണ് പ്രധാനം. ദൈവഹിതം ആരാഞ്ഞുള്ള നമ്മുടെ ധ്യാനവിചാരങ്ങളിൽ ഒടുവിലത്തേതാണ് ഇത്.
 
തൊപ്പിയിലെ മഞ്ഞ് എന്നുള്ള പ്രസിദ്ധമായ ഹൈക്കു പോലെ. ഒരാൾ മുളന്തൊപ്പിയുമായി പുലരിയിലേ യാത്ര പോവുകയാണ്.മഞ്ഞുപാളികൾ അതിൽ വന്നുവീഴുന്നുണ്ട്. കാണുന്ന ഭംഗി കൊള്ളുമ്പോഴില്ല. ഒരു ദിവസം അയാൾക്ക് ഇങ്ങനെ അനുഭവപ്പെട്ടിട്ടുണ്ടാവും. ഇത്രയും വലിയ ഭൂമി, ഇത്രയും പരന്ന ആകാശം, ഇത്രയും ചെറിയ ഞാൻ, അതിനേക്കാൾ ചെറിയ എൻ്റെ തൊപ്പി, എന്നിട്ടും കൃത്യമായി ഒരു മഞ്ഞുപാളി അതിനുമീതേ വീഴുന്നെങ്കിൽ അതെൻ്റേതുതന്നെ. ആ നിമിഷം അയാളുടെ ഭാരം ഇല്ലാതെയായി. പരിഹാരമോ ശമനമോ ഇല്ലാത്ത ചിലതിലൂടെ കടന്നുപോയൊരു കാലത്ത്, ഈ ഒരു മൂന്ന് വരി കവിതയോളം സമാധാനം നൽകിയ മറ്റൊരു സുവിശേഷം ഇല്ലായിരുന്നു.
 
പഴയനിയമത്തിൽ വാർദ്ധക്യത്തിലെത്തിയ ദാവീദിനെ ഒരാൾ കണ്ണുപൊട്ടുന്ന ചീത്ത വിളിക്കുന്നു. അയാളെ കൊല്ലാനാഞ്ഞ അനുചരനെ ദാവീദ് തടഞ്ഞു : എന്നോട് അപ്രകാരം സംസാരിക്കണമെന്ന് ദൈവം അവനോട് കല്പിച്ചിട്ടുണ്ടെങ്കിൽ എതിർക്കാൻ ഞാൻ ആരാണ്? ആ ആത്മഗതത്തിന് മീതേ ജ്ഞാനത്തിന്റെ പൊൻപൊടി ആരോ തൂളിയിട്ടുണ്ട്.
 
കുറേക്കൂടി യാഥാർത്ഥ്യബോധത്തോടെ ജീവിതത്തെ അഭിമുഖീകരിക്കുക എന്നതാണ് പ്രധാനം. എല്ലാ രോഗത്തിനും ശമനം ഉണ്ടെന്ന് കരുതുന്ന ഒരു വൈദ്യനും എവിടെയുമുണ്ടാവില്ല. ലളിതമായ ഒരു ആത്മീയ വിചാരത്തിൻ്റെ സാന്ത്വനം അനുഭവിക്കുകയാണ് പ്രധാനം. ഒരാൾ തന്നെത്തന്നെ പൂർണ്ണമായി അവൻ്റെ പാദങ്ങളിൽ അർപ്പിച്ചിട്ടുണ്ടെങ്കിൽ പിന്നെ അയാളുടെ വഴികളിൽ സംഭവിക്കുന്ന മുഴുവൻ കാര്യങ്ങളും അവിടുത്തെ നിശ്ചയത്തിൻ്റെ ഭാഗമാണ്. ഭൂമിയുടെ അതിരുകളിലേക്ക് രണ്ടു സ്നേഹിതരെ അയയ്ക്കുമ്പോൾ അവർക്ക് കൊടുക്കുന്ന ഒരു നിർദ്ദേശമുണ്ട് : ഏത് ഇടത്തിൽ ചെന്നാലും അവിടുത്തെ മേശയിൽ വിളമ്പിവച്ചത് ഭക്ഷിക്കുക – Eat what is set. കേവലം ഭക്ഷണത്തെക്കുറിച്ചുള്ള സൂചനയായി ആരുമിതിനെ ധരിച്ചിട്ടില്ലല്ലോ. ജീവിതം കരുതിവയ്ക്കുന്ന അനുഭവങ്ങളെ കുരിശ് വരച്ച് കുലീനമായി ആഹരിക്കുക.ലക്ഷണമൊത്ത മദ്യപാനം പോലെയാണ് ജീവിതമേശയെ അഭിമുഖീകരിക്കേണ്ടത്. Hold – lift-sip. ക്ലേശാനുഭവങ്ങളുടെ പാനപാത്രം തെല്ലുനേരം മുറുകെപ്പിടിച്ച് അതിലേക്ക് ഉറ്റുനോക്കുക. നിർമ്മമതയോടെ ചില കാര്യങ്ങളെ നിരീക്ഷിക്കുന്നതിൻ്റെ ഭാഗമാണ്. പിന്നെ പ്രാർത്ഥനയുടെ ആകാശത്തിലേക്ക് ഉയർത്തുക. മെല്ലെ മെല്ലെ മൊത്തിക്കുടിക്കുക.
 
കുട്ടികളോട് ഒരിക്കൽ ഇങ്ങനെയാണ് കാട്ടിക്കൊടുത്തത്. തീരെച്ചെറിയ കുട്ടികളാണ്. ആദ്യത്തെ ആളോട് പറഞ്ഞു: ഞാൻ നിന്നെ കസേരയിൽ നിന്ന് ഉയർത്താൻ പോവുകയാണ്. കുട്ടി അടക്കംപൂട്ടി കസേരയോട് ചേർന്നിരുന്നു. കുറച്ച് ബലം പ്രയോഗിക്കേണ്ടി വന്നു.അവൾ പറഞ്ഞു: കൈ ഒടിഞ്ഞത്പോലെയുള്ള വേദന.
 
രണ്ടാമത്തെ കുഞ്ഞിനോട് പറഞ്ഞു: ഞാൻ നിന്നെയും ഉയർത്താൻ പോവുകയാണ്. അവളുടെ കയ്യിൽ തൊട്ടനിമിഷം അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവൾ പൊട്ടിച്ചിരിയോടെ വിരലിൽതൂങ്ങി ചാടിയെഴുന്നേറ്റു.അനന്തരം നൃത്തമാരംഭിച്ചു.
 
– ബോബി ജോസ് കട്ടികാട്
Advertisements

One thought on “പുലർവെട്ടം 494

Leave a comment